കോവിഡ് ശരീരത്തെ മാത്രമല്ല മനസ്സിനെയും കടന്നാക്രമിക്കുകയാണ്. മനുഷ്യനെ സാമൂഹികജീവിയാക്കുന്നത് ശരീരത്തിലുപരിയായി മനോവ്യാപാരങ്ങളാണ്. ശരീരം ഐസൊലേഷനിലാവുമ്പോള്‍ മനസ്സ് വെന്റിലേറ്ററിലേക്കു പോവുന്ന ഒരവസ്ഥ ഉണ്ടാകരുത്. ഇന്നുവരെയില്ലാത്ത ഒരവസ്ഥയിലേക്കു വൈറസ് നമ്മളെ കൊണ്ടുചെന്നെത്തിക്കുമ്പോള്‍ പരിഹാരവും തീര്‍ച്ചയായും ഇന്നുവരെ ചിന്തിക്കാത്തതാവുക സ്വാഭാവികമാണ്. 

മനുഷ്യത്വം എന്നതു മനുഷ്യനു സഹജീവികളുമായുള്ള അടുപ്പത്തില്‍നിന്നും ഉരുത്തിരിയുന്ന ഒരു ബോധമാണ്. വൈറസ് ആവശ്യപ്പെടുന്നത് അകല്‍ച്ചയാണ്. സാമൂഹികമായ അകല്‍ച്ച. മാത്രമല്ല, സ്വയം ഒറ്റപ്പെടുത്തലും. ചുരുങ്ങിയ പ്രതിസന്ധിയല്ല സാമൂഹികജീവിയെന്ന നിലയില്‍ നമ്മള്‍ നേരിടുന്നത്.  

സാഹചര്യം അറിഞ്ഞുള്ള കൃത്യമായ ഭക്ഷണവും വെള്ളവും ഔഷധങ്ങളും ശരീരത്തെ ഒരു പരിധിവരെ നിലനിര്‍ത്തും. ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതി ഒരു പരിധിവരെ കാലദേശങ്ങളെത്തന്നെ പുനര്‍നിര്‍വചിക്കുന്ന തരത്തിലുള്ളതാണ്, ഓഫീസിലിരുന്നു ചെയ്യുന്ന കാര്യങ്ങള്‍ ഐസൊലേഷന്‍ റൂമിലുമിരുന്നു ചെയ്യാവുന്ന ഒരന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയാണു വേണ്ടത്. എന്നും കണ്ടുമുട്ടുന്ന, ഊഷ്മളമായി അഭിവാദ്യംചെയ്യുന്ന ബന്ധങ്ങളത്രയും ഒരു മെസേജിലൂടെയോ ഒരു കോളിലൂടെയോ നിത്യേന പുതുക്കിയെടുക്കാവുന്നതേയുള്ളൂ. 

ബഹിരാകാശ യാത്രികരുടെ, അന്റാര്‍ട്ടിക്കയില്‍ ജീവിതം തള്ളിനീക്കുന്ന ഗവേഷകരുടെ, ഏകാന്തതടവിലിരിക്കുന്ന വ്യക്തികളുടെയൊക്കെയും മാനസികാവസ്ഥ പഠനവിധേയമാക്കിയ ശാസ്ത്രം പറയുന്നത് അത്തരം ഏകാന്തതയുടെ അപാരതീരങ്ങളിലെ അനുഭവങ്ങള്‍ പുതിയ വെളിച്ചത്തിലേക്കും തിരിച്ചറിവുകളിലേക്കും വ്യക്തികളെ നയിക്കുമെന്നാണ്. കൂടുതല്‍ ജ്ഞാനികളാക്കുമെന്നാണ്. എഴുത്തിന്റെയും വായനയുടെയും ലോകത്തെ ഉണര്‍ത്തിവിടണം. എന്തുകൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് മനോഹരമായ ഒരു കത്തെങ്കിലും എഴുതി ഗതകാലത്തെ ഒന്നു പുനര്‍സൃഷ്ടിച്ചുകൂടാ? 

പണ്ടുകാലത്തു കപ്പലുകളിലെ ക്വാറന്റൈനില്‍ പെട്ടുപോവുന്നവരുടെ മാനസികാവസ്ഥ പഠിച്ചവര്‍ കണ്ടെത്തിയത് രണ്ടു വസ്തുതകളാണ്. ഒന്ന്, പുറത്ത് എന്താണു നടക്കുന്നതെന്നറിയാത്ത അവസ്ഥ. രണ്ടാമതായി വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളില്ലാത്ത അവസ്ഥ. സുതാര്യവും സുസ്ഥിരവും സുഗ്രാഹ്യവുമായ രീതിയിലുള്ള ആശയവിനിമയം നടക്കട്ടെ. സര്‍ക്കാരിന്റെ കരുതല്‍ കൂടെയുണ്ടെന്നത് ചില്ലറ ആത്മവിശ്വാസമല്ല ഉണ്ടാക്കുക. ഒറ്റപ്പെടല്‍ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കാതിരിക്കണം. അലസമാനസം പിശാചിന്റെ ആലയം എന്നു പഴമൊഴി. ഉത്കണ്ഠയും വിഷാദവുമൊക്കെയാണ് പിശാചിന്റെ പണിയായുധങ്ങള്‍. ശാന്തമായ ജീവിതത്തിന്റെ ഏകതാളവും ഏകാന്തതയും സൃഷ്ടിപരമായ മനസ്സിനെ ഉണര്‍ത്തുന്നു എന്നു പറഞ്ഞതു ഐന്‍സ്റ്റൈയിനാണ്. ഭൗതികലോകത്തെ അടച്ചിടല്‍ സര്‍ഗാത്മകലോകത്തേക്കുള്ള തുറന്നിടല്‍ ആവട്ടെ. 

(കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടറാണ് ലേഖകന്‍)

Content Highlights: Lets take lock down period for creative works