ബിസിനസുകൾ നിലച്ചു, തെരുവുകൾ വിജനമായി, ഓഫീസുകൾ മുതൽ കോർപ്പറേറ്റു ലീഡർമാർവരെ വീടുകളിൽനിന്നു പ്രവർത്തിക്കുന്നു. ലോകംതന്നെ നിശ്ചലമായ പ്രതീതി. ലോകത്തെ രക്ഷിക്കാൻ സ്വയം അടച്ചിരിക്കുക എന്നൊരു മാർഗത്തെപ്പറ്റി നമ്മൾ ആദ്യമായി ചിന്തിക്കുകയാവണം. ഈ ദുരവസ്ഥ അവശേഷിപ്പിക്കുന്നത് ഒട്ടേറെ അവസരങ്ങളാണ്. താറുമാറായ സമ്പദ്‌വ്യവസ്ഥ, മാറേണ്ട മനോഭാവം, പുനരവലോകനംവേണ്ട വിദ്യാഭ്യാസം, മാറേണ്ട പഠനരീതികൾ- പ്രശ്നങ്ങൾ ഒട്ടറെയാണ്. പരിഹാരത്തിനുള്ള ശുഭമുഹൂർത്തവും ഇതാണ്. ദുരന്തങ്ങളെ അവസരങ്ങളായി മാറ്റേണ്ടവരാണ് പ്രതിഭാശാലികളായ നേതാക്കൾ. 

രണ്ടാംലോകയുദ്ധശേഷം ഒട്ടേറെ രാഷ്ട്രങ്ങളിൽ സംഭവിച്ച ലോക്ഡൗണിൽ താഴുവീണത് എത്രയോ വിദ്യാലയങ്ങൾക്കും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുമാണ്. ഇന്നൊരു വൈറസ് ലോകത്തെ അടച്ചിട്ടതുപോലെ അന്ന്‌ യുദ്ധം ലോകത്തെ ദൈനംദിന വ്യവഹാരങ്ങളത്രയും താറുമാറാക്കി. നമ്മുടെ വിദ്യാഭ്യാസരീതിയെ പുനഃസഘടിപ്പിക്കുന്നതിനെപ്പറ്റി, എന്തിനു വേണ്ടിയാവണം നമ്മൾ നമ്മുടെ വിദ്യാർഥികളെ തയ്യാറാക്കുന്നത് എന്നതിനെ പറ്റിയെല്ലാം ചോദ്യങ്ങളുയരേണ്ട സമയമാണിത്. വിദൂരപഠനത്തിലും പഠിപ്പിക്കലിലും വമ്പിച്ച പരീക്ഷണങ്ങൾ നടത്താനുള്ള അവസരവും.

ഡിജിറ്റൽ സാങ്കേതികവിദ്യകളെ ഉപയോഗിച്ച് വിദൂരവിദ്യാഭ്യാസ മേഖലയെ സമൂലമായി പരിവർത്തനം ചെയ്യുന്നതിനായി ഐ.ഐ.എം. കോഴിക്കോട് തുടക്കമിട്ടത് ഇന്റർനെറ്റിന്റെ പ്രാരംഭകാലത്തുതന്നെയാണ്. 2001-’02 - ൽ ആ കാലഘട്ടത്തിലെ സമാനതകളില്ലാത്ത നേട്ടമായിരുന്നു അത്. ഭൂമിശാസ്ത്രപരവും ഭൗതികവുമായ പരിമിതികളെ ഒരുപരിധിവരെ റദ്ദുചെയ്യുകയാണ് ആധുനിക സാങ്കേതികവിദ്യകൾ എന്നു മനസ്സിലാക്കി ആദ്യമായി അതിലേക്കു മാറിയവരാണു ഞങ്ങൾ. ഈ പ്രതിസന്ധിയിലും ഞങ്ങൾക്കു പതർച്ചയില്ലാത്തത് ഏതാണ്ടു രണ്ടുദശാബ്ദം മുന്നേ ഞങ്ങൾ നടത്തിയ പരീക്ഷണവിജയം തരുന്ന ആത്മവിശ്വാസമാണ്. 

അക്കാദമിക് കലണ്ടറിൽ മാറ്റംവരുത്തുക മാത്രമല്ല, നിലവിലെ സാഹചര്യം ആവശ്യപ്പെടുന്നത് പുതിയ പഠനരീതികളും അധ്യാപനവും പ്രബോധനരീതികളുമാണ്. ചെറിയ തുടക്കങ്ങൾതന്നെ അടിസ്ഥാനപരമായ മാറ്റങ്ങളിലേക്ക് നയിക്കും. ബിസിനസുകൾക്കും അവരുടെ പ്രവർത്തനങ്ങളുടെ ഭാവി സുഗമമാക്കാനായി സമാനരീതിയിൽ സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി മാറാവുന്നതാണ്. പലഘട്ടങ്ങളിലും എടുക്കാൻ മടിച്ച എന്തുമാത്രം തീരുമാനങ്ങളാണ് ദ്രുതഗതിയിൽ നമ്മൾ ഇപ്പോൾ കൈക്കൊള്ളുന്നത്? 

വൈറസ് ലോകമെമ്പാടുമായി 25 ദശലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുമെന്നാണ് ഐ.എൽ.ഒ.യുടെ കണക്ക്. അതു മറ്റു സാമൂഹിക ദുരന്തങ്ങളിലേക്കും പ്രക്ഷോഭങ്ങളിലേക്കും നയിക്കുന്ന സാഹചര്യവും ഉണ്ടാക്കാം. എല്ലാറ്റിനെയും മറികടക്കാൻ ബോധപൂർവമായ പ്ലാനിങ് ഓരോ വ്യക്തിയുടെയും സ്ഥാപനത്തിന്റെയും കടമയാണ്, ആവണം. നമുക്കു നല്ല മനുഷ്യരായി ജയിച്ചുകയറാം.

(കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടറാണ് ലേഖകന്‍)

Content Highlights: Let's make covid 19 lockdown period as a time for opportunity, IIMK Director's Column