ലീഡര്‍ എന്നപദം വിശാലാര്‍ഥത്തിലാണ്. സ്‌കൂള്‍ ലീഡര്‍, കോര്‍പ്പറേറ്റ് ലീഡര്‍, പൊളിറ്റിക്കല്‍ ലീഡര്‍, നാഷണല്‍ ലീഡര്‍, വേള്‍ഡ് ലീഡര്‍ ഒക്കെയും ധാരാളമായി കേള്‍ക്കുന്നതാണ്. ലോകത്തെ എല്ലാ ലീഡേഴ്‌സും നല്ല ലേണേഴ്‌സാണ്. അത്രമാത്രം വെല്ലുവിളികളുടേതാണ് പുതിയ ലോകം. ആ വെല്ലുവിളികളെ അവര്‍ നേരിടുക വെളിപാടുകളാലല്ല, കൃത്യമായ ടൂളുകളും വീക്ഷണങ്ങളും കൊണ്ടുതന്നെയാണ്.  

ഒരു ആര്‍ട്ടിസ്റ്റിന്റെ കൈയിലെ പലതരം ബ്രഷുകള്‍പോലെയാണ് നേതാക്കള്‍ക്ക് വ്യത്യസ്ത സമീപനങ്ങള്‍. പലവഴിയില്‍ ഒരു പ്രശ്‌നത്തെ നോക്കിക്കാണാം, പരിഹരിക്കാം. ഏറ്റവും നല്ല നേതാവിന്റെ പ്രശ്‌നപരിഹാരം ഏറ്റവും നല്ല ശില്പിയുടെ ശില്പം പോലെ ആകര്‍ഷകമാവും; ആഘോഷിക്കപ്പെടും.

ലീഡര്‍ഷിപ്പ് ഒരേസമയം രണ്ടുമാണ്. വീക്ഷണങ്ങളും ദര്‍ശനങ്ങളും ഒരു പകുതിയിലും മറുപകുതിയില്‍ കൃത്യമായ നിര്‍വഹണവും അതാവശ്യപ്പെടുന്നു. വെറും നിര്‍വഹണം മനുഷ്യനെ മെഷീനാക്കും. ചെയ്യുന്നതെല്ലാം യാന്ത്രികമാവും. നേതാവിന്റെ ഊര്‍ജമെന്നത് ഒരുപാടുപേരുടെ ഊര്‍ജമാണ്. അത് മൊബിലൈസ് ചെയ്യുകതന്നെയാണ് ലീഡര്‍ഷിപ്പ്. 

എല്ലാ മനുഷ്യരും വ്യത്യസ്തരാണ്. വിദ്യാര്‍ഥികളായി കടന്നുവരുന്നവരെ ലീഡര്‍മാരായി തിരിച്ചുവിടുകയാണ് ഞങ്ങള്‍. സ്വന്തം ഇമേജുകളുടെ തടവറകളാണ് പലര്‍ക്കും വിനാശകരമാവുന്നത്. മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവ് നിര്‍ണായകമാണ്. അതേറെയും ഒരാളുടെ വ്യക്തിഗുണങ്ങളെ ആശ്രയിച്ചിരിക്കും.

പലരുടെയും പരാതി റിസോഴ്‌സസുകളെക്കുറിച്ചാണ്. എന്നാല്‍, അതിനുമീതെയാണ് ആസ്പിരേഷന്‍സ്. ഇല്ലായ്മകളുടെ പരിമിതികളെ കടന്നുമറിയാനുള്ള പോളുകളാണ് തീവ്രാഭിലാഷങ്ങള്‍. അറിവ് കരുത്താണ്, മനോഭാവം കരുത്തേറിയതും. തനിച്ചൊരു ചെന്നായയ്ക്ക് വേട്ട എളുപ്പമല്ലെന്നതുപോലെയാണ് കാര്യങ്ങള്‍. സമന്വയത്തിന്റെ വഴിയാണ് ലീഡര്‍ഷിപ്പ്. എല്ലാവരും നേതാക്കളായി ജനിക്കുന്നില്ല. ഒരു കലാകാരനിലെ നൈസര്‍ഗികമായ കഴിവെന്നപോലെ, ലീഡര്‍ഷിപ്പിനാവശ്യമായ ചില ഗുണങ്ങള്‍ ഉണ്ടാവണമെന്നേയുള്ളൂ. ബാക്കി പണി കാമ്പസുകളുടേതാണ്. സഹപാഠിക്കൂട്ടങ്ങള്‍, അധ്യാപകര്‍ ഒക്കെയും ആ കഴിവുകളെ വളര്‍ത്തിയെടുക്കാനുള്ള ടൂളുകളാവണം.

(കോഴിക്കോട് ഐ.ഐ.എം ഡയറക്ടറാണ് ലേഖകന്‍)

Content Highlights: Leadership quality development in campuses, IIMK Director's Column