മാനേജർമാരെ അടയാളപ്പെടുത്തുക അവരുടെ സ്ഥാനമാണ്, ലീഡർമാരെ അടയാളപ്പെടുത്തുക അവരുടെ ബോധമാണ്. ഒരു സാധാരണ മാനേജരിൽനിന്നും അസാധാരണ ലീഡറിലേക്കുള്ള വളർച്ച നിശ്ചയിക്കുന്നത് അവരുടെ ശ്രദ്ധയാണ്. ശ്രദ്ധയോടെ കേൾക്കാനുള്ള കഴിവ്. വെറും കേൾക്കലല്ലത്. കേൾവിക്കപ്പുറത്തുള്ള ധ്വനി പിടിച്ചെടുക്കലാണ്. മറ്റൊന്ന് നിരീക്ഷണമാണ്. വെറും കാഴ്ചപ്പുറത്തുള്ളത് കാണലല്ല. അത് അകക്കണ്ണിന്റെ വെളിച്ചത്തിൽ കാഴ്ചയ്ക്കപ്പുറവും കാണുകയാണ്.

നമുക്ക് ഒരു തെറ്റിദ്ധാരണയുണ്ട്, ഒച്ചവെയ്ക്കലാണ് നേതൃലക്ഷണമെന്ന്. നമ്മുടെ വിദ്യാലയങ്ങളിൽ പ്രസംഗമത്സരം മത്സരയിനങ്ങളിൽ ഒരു അവിഭാജ്യഘടകമാണ്. ഒരു നല്ലമനുഷ്യനെ, നേതാവിനെ സൃഷ്ടിക്കുക പ്രസംഗമല്ല. കേൾക്കാനുള്ള ക്ഷമയാണ്, കരുത്താണ്. ക്ഷമ ഉണ്ടാവുക കരുത്തിൽനിന്നാണ്. ദുർബലരുടെ ആയുധമല്ല ക്ഷമ. നിങ്ങളൊരാളെ ശ്രദ്ധിക്കുന്നത് അയാൾക്ക് മറുപടി പറയാൻ മാത്രമാണെങ്കിൽ അതല്ല ശ്രദ്ധ.

വിഷയത്തെപ്പറ്റി സ്വന്തമായ ഒരഭിപ്രായമോ നിരീക്ഷണമോ ഒപ്പിക്കാനുള്ള കേൾവിയാണെങ്കിൽ ശ്രദ്ധ അതുമല്ല. ഇപ്പറഞ്ഞ ഒന്നിനുവേണ്ടിയുമല്ലാതെ സ്വയം മറന്ന് കേൾക്കുന്നതിനാണ് ശ്രദ്ധ എന്നു പറയുക. സത്യത്തിൽ മത്സരം മറിച്ചാണ് വേണ്ടത്. ഏറ്റവും നന്നായി ശ്രദ്ധ നിലനിർത്താനാവുന്നവരെയാണ് കണ്ടെത്തേണ്ടത്. ലോകത്തെ മാറ്റിയത് ആരുടെയും വാക്കുകളല്ല. പലരുടെയും ശ്രദ്ധയാണ്, പ്രസംഗമല്ല. ലോകത്തെ ഏറെ സുന്ദരമാക്കിയത് പ്രവൃത്തിയാണ്. നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ കാലഹരണപ്പെട്ട ടൂളുകളെ മാറ്റി കാലാനുസൃതമാവേണ്ടതാണ്.

വാക്കുകളെ അതിന്റെ ലക്ഷ്യത്തെ, വാക്കുകളിൽ നിഴലിക്കുന്ന വികാരങ്ങളെ, എല്ലാം കേൾക്കുമ്പോഴാണ് അത് ശ്രദ്ധയാവുന്നത്. മൗനമാണ് ശ്രദ്ധയുടെ ഭാഷ. ഒരു മൃദുശലഭം പരുക്കൻ പാറപ്പുറത്തേക്ക് പാറിവീഴുന്ന ശബ്ദം അനുഭവവേദ്യമാണോ? മനസ്സിനെ ആ നിശ്ശബ്ദതയിലേക്ക് കൊണ്ടുവരുമ്പോഴാണ് ശ്രദ്ധ സാധ്യമാവുന്നത്. വാചാടോപങ്ങളിലല്ല, വാഗ്മിതത്വത്തിലുമല്ല, ആരുടെയും നിരീക്ഷണങ്ങളാലുമല്ല, ലോകം മാറുന്നത് പ്രവൃത്തിയിലൂടെയാണ്.

Content Highlights: Leaders and managers, Career Guidance column by IIMK director