ജ്ഞതയ്ക്കു നൽകേണ്ടിവരുന്ന വലിയ വിലയെക്കുറിച്ച് ധാരണയില്ലാത്തവർക്ക് വിദ്യാഭ്യാസം ചെലവേറിയതാണ്. അടുത്തകാലത്താണ്, എം.ബി.എ. ബിരുദധാരിയായ യുവാവ് സ്വയമാശ്വസിച്ചു. ദൈവത്തിനു നന്ദിയും പറഞ്ഞു- ഒരുവിധം പഠനം പൂർത്തിയാക്കി, പോയിക്കിട്ടിയത് വിരസമായ പഠനനാളുകളാണ്. ഭാഗ്യം, അതിനു ചെലവായതിനു കണക്കുമില്ല.

അറിവിന്റെ ചെലവിനെപ്പറ്റി പറഞ്ഞു. പക്ഷേ, അജ്ഞതയുടെ വില കണക്കുകൂട്ടി നോക്കിയിട്ടുണ്ടോ?

'ഇല്ല', ഒരല്പം അമ്പരപ്പുള്ളിലൊതുക്കി അദ്ദേഹം പറഞ്ഞു. അറിവിനുള്ള ചെറിയ ചെലവിനെപ്പറ്റി പറയുന്നവർ അറിവില്ലായ്മയുടെ വലിയ വിലയുടെ കണക്കെടുപ്പ് നടത്തുന്നില്ല. ദൂരെയെങ്ങുമല്ല, നമ്മുടെ ഇരുചെവികൾക്കിടയിലുള്ള തലസ്ഥാനത്തു സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റിയുള്ള സ്വന്തം അജ്ഞതയെ ഒന്നു നോക്കാം.

നമ്മുടെ മനസ്സിനെക്കുറിച്ചുള്ള, കാമനകളെക്കുറിച്ചുള്ള അജ്ഞത ജീവിതത്തെ മുഴുവൻ നശിപ്പിക്കുന്ന, വലിയ വിലകൊടുക്കേണ്ട, അപകടകരമായ ഒന്നായി മാറുന്നതെങ്ങനെ എന്നു പരിശോധിക്കാം. ജീവിതത്തിൽ പൂർത്തീകരിക്കപ്പെടാതെ കിടക്കുന്ന അഭിലാഷങ്ങൾ ഒരാളെ എങ്ങനെ നശിപ്പിക്കും എന്നാലോചിക്കണം.

അണകെട്ടപ്പെട്ട അഭിലാഷങ്ങളിലാണ് അസൂയ വേരാഴ്ത്തുക എന്നതിനെപ്പറ്റിയും പലരും അജ്ഞരാണ്. നിറവേറ്റപ്പെടുന്ന അഭിലാഷങ്ങൾ തെളിനീർ പ്രവാഹങ്ങളാവുമ്പോൾ, തടവിലാക്കപ്പെടുന്നവ അസൂയയുടെ മലിനജലസംഭരണികളായി മാറുന്നു. അസൂയ വിദ്വേഷത്തിലേക്ക്, ദ്രോഹബുദ്ധിയിലേക്ക് നയിക്കുന്നു. സ്വയം തിരിച്ചറിഞ്ഞ് മാറ്റിയില്ലെങ്കിൽ വിദ്വേഷം എളുപ്പം കോപമായി മാറുന്നു. കോപം ആദ്യം കടന്നാക്രമിക്കുക നിങ്ങളുടെതന്നെ തീർപ്പുകളെയാണ്. അതു പാളുന്നിടത്ത് അവസാനിക്കുക നിങ്ങളുടെതന്നെ കരിയറുമാണ്.

അദ്ദേഹത്തോട് സ്വകാര്യമായി ഞാൻ പറഞ്ഞു. ഈ നിമിഷംവരെയും എന്റെ സ്കൂൾവിദ്യാഭ്യാസം പൂർത്തിയായതായി എനിക്കു തോന്നിയിട്ടില്ല. ജീവിത വിദ്യാലയത്തിൽനിന്ന് ഓരോ ദിവസവും പഠിക്കാൻ ഞാൻ ശ്രമിക്കുന്നത് പുതിയ പാഠങ്ങളാണ്. എന്റെ തന്നെ സ്വയംപരിഷ്കരിച്ച പതിപ്പിറക്കാൻ.

Content Highlights: Knowledge and desires Career guidance column by IIMK Director