'ചേട്ടന്‍ ഈ ലോകത്തെ എല്ലാ ജോലികളെയും പറ്റി എഴുതിയിട്ടും ഐക്യരാഷ്ട്ര സഭയില്‍ ഒരു ജോലി കിട്ടുന്നതെങ്ങനെയാണെന്ന് എന്താണ് എഴുതാത്തത്? അതൊക്ക വലിയ ബുദ്ധിമുട്ടായതുകൊണ്ടാണോ, അതോ ഞങ്ങള്‍ ഒക്കെക്കൂടി അങ്ങോട്ട് വന്നു ചേട്ടന് പണി തരും എന്നോര്‍ത്തിട്ടാണോ ?'

ഇത് രണ്ടുമല്ല കാരണം. ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് ഞാന്‍ ഈ വിഷയത്തെപ്പറ്റി എഴുതിയിരുന്നു, ഇനിയുമെഴുതിയാല്‍ ഇവിടുത്തെ പഴയ ആളുകള്‍ക്ക് ബോറടിക്കുമല്ലോ എന്ന് കരുതി ആവര്‍ത്തിക്കാതിരുന്നതാണ്. ചോദിച്ച സ്ഥിതിക്ക് ഒന്നുകൂടി എഴുതാം. ഐക്യരാഷ്ട്ര സഭയില്‍ ജോലി കിട്ടുക എന്നത് ആര്‍ക്കും ഒരു സ്വപ്നമാണ്. യുദ്ധത്തിന്റെയും ദുരന്തത്തിന്റെയും നടുക്ക് ആളുകള്‍ക്ക് സേവനം നല്കാനുള്ള സാധ്യത,  ലോകത്ത് പലയിടത്തും സഞ്ചരിക്കാനുള്ള അവസരം, നല്ല ശമ്പളം, ജോലിയുടെ മാന്യത, പല നാട്ടുകാരോടൊത്ത് ജോലി ചെയ്യുന്ന അനുഭവം... ഇതെല്ലാം ഐക്യരാഷ്ട്ര സഭയിലെ ജോലിയെ ആകര്‍ഷകമാക്കുന്നു.

ഐക്യരാഷ്ട്ര സഭ എന്നത് ഒറ്റ സ്ഥാപനമല്ല.  ഇപ്പോഴത്തെ ഐക്യരാഷ്ട്ര സഭ സ്ഥാപിക്കുന്നതിനു മുന്‍പേയുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടന തൊട്ട് ഐക്യരാഷ്ട്ര യൂണിവേഴ്‌സിറ്റി വരെ അമ്പതിലധികം സ്ഥാപനങ്ങള്‍ ചേര്‍ന്ന ഒരു സംവിധാനമാണ് ഐക്യരാഷ്ട്ര സഭ. എന്നാല്‍ ഈ സ്ഥാപനങ്ങളില്‍ വരുന്ന ഒഴിവുകളെല്ലാം ക്രോഡീകരിച്ച് നിയമനം നടത്തുവാന്‍ നമ്മുടെ പി.എസ്.സി. പോലൊരു സംവിധാനം ഇപ്പോള്‍ നിലവിലില്ല. അതിനാല്‍ ഐക്യരാഷ്ട്രസഭയില്‍ ജോലി വേണമെന്നുള്ളവര്‍ ഈ സ്ഥാപനങ്ങളുടെയെല്ലാം വെബ് സൈറ്റിലും പത്രമാസികകളിലും സ്ഥിരമായി ശ്രദ്ധിക്കണം.  ഇതു ക്രോഡീകരിക്കുന്ന പല വെബ് സൈറ്റുകള്‍ ലഭ്യമാണെങ്കിലും ഒന്നും പൂര്‍ണ്ണവും ഔദ്യോഗികവുമല്ല. അങ്ങനൊരു വെബ് സൈറ്റ് ആണിത്(http://unjobs.org).

യുദ്ധം മുതല്‍ സമാധാനം വരെ, ദുരന്തം മുതല്‍ ആരോഗ്യ പരിപാലനം വരെ, പോസ്റ്റല്‍ സര്‍വീസ് തൊട്ടു ശൂന്യാകാശം വരെയുള്ള കാര്യങ്ങളില്‍ ഐക്യരാഷ്ട്ര സഭക്ക് താല്പര്യമുണ്ട്. അതുകൊണ്ടുതന്നെ ലോകത്തെ വിവിധ വിഷയങ്ങളില്‍ ഉന്നത പരിശീലനം ലഭിച്ചവര്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ വിവിധ സ്ഥാപനങ്ങളില്‍ ജോലിക്ക് സാധ്യതയുണ്ട്. ഐക്യരാഷ്ട്ര സഭക്ക് ലോകത്താകമാനം 193 അംഗരാജ്യങ്ങളുണ്ട്. അവിടുത്തെ ഓരോ ആളുകള്‍ക്കും അവിടെ ജോലിക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്, അവരതു ചെയ്തു കൊണ്ടുമിരിക്കുന്നു. അതുകൊണ്ടുതന്നെ ഐക്യരാഷ്ട്ര സഭയില്‍ ജോലി കിട്ടുക എന്നത് അത്ര എളുപ്പമല്ല.

എങ്കിലും താല്പര്യമുള്ളവര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ജോലി കിട്ടാനുള്ള സാധ്യത കൂടും എന്നു ഞാന്‍ പറയും. ലോകത്ത് രണ്ടോ അതിലധികമോ സ്ഥലത്ത് ജോലി ചെയ്തിട്ടുള്ള, ഇംഗ്ലീഷ് അല്ലാത്ത യു.എന്‍. ഭാഷകള്‍ ഏതെങ്കിലുമൊക്കെ അറിഞ്ഞിരിക്കുന്ന ആളുകള്‍ക്ക്  ജോലി കിട്ടാനുള്ള സാധ്യത കൂടും. ഐക്യരാഷ്ട്ര സഭയില്‍ ഏതു ജോലിക്കും സ്ത്രീകള്‍ക്ക് മുന്‍ഗണനയുണ്ട്. അതുകൊണ്ട് പെണ്‍കുട്ടികള്‍  തീര്‍ച്ചയായും അപേക്ഷിക്കണം.

ഐക്യരാഷ്ട്ര സഭയില്‍ ജോലി പല ഗ്രേഡില്‍ പല തരത്തിലുണ്ട്. പൊതുവെ പറഞ്ഞാല്‍ പ്രൊഫഷണല്‍ ആയിട്ടുള്ളവര്‍ക്ക് P ജോലികളും, ഓഫീസ് ജോലി ചെയ്യുന്നവര്‍ക്ക് G ജോലികളുമാണ് ലഭിക്കുക. ജോലികളില്‍തന്നെ ഡിഗ്രി കഴിഞ്ഞാല്‍ ഉടന്‍ അപേക്ഷിക്കാവുന്നവ (P2) മുതല്‍ 15 വര്‍ഷം പരിചയം വേണ്ട P5 വരെയുണ്ട്. G ജോലികളിലും ഇത്തരം തരംതിരിവുണ്ട്.

മുരളി തുമ്മാരുകുടിയുടെ 'എന്തു പഠിക്കണം എങ്ങനെ തൊഴില്‍ നേടാം' വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

എല്ലാത്തരം ജോലികളിലും സ്ഥിരമായിട്ടുള്ളതും താല്ക്കാലികമായിട്ടുള്ളതും ഉണ്ട്. സ്ഥിരമായിട്ടുള്ള ജോലികള്‍ മിക്കവാറും സ്ഥാപനങ്ങളുടെ വെബ്‌സൈറ്റില്‍ കൂടിയാണ് നിയമനം നടക്കുന്നത്. താല്‍ക്കാലിക ജോലികള്‍ക്ക് അത് നിര്‍ബന്ധമല്ല. പുതിയതായി ബിരുദാനന്തര ബിരുദം നേടിയവരെ 'യംഗ് പ്രൊഫഷണല്‍' ആയി തരഞ്ഞെടുക്കുന്ന ഒരു സംവിധാനമുണ്ട് യു.എന്നില്‍.

എല്ലാ വര്‍ഷവും ഈ തെരഞ്ഞെടുപ്പുണ്ട്. എന്നാല്‍, എല്ലാ വര്‍ഷവും എല്ലാ രാജ്യത്തുനിന്നുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ അവസരമില്ല. ഐക്യരാഷ്ട്ര സഭക്കകത്ത് രാജ്യങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനായി പലപ്പോഴും കുറച്ച് രാജ്യങ്ങളിലെ ഉദ്യോഗാര്‍ത്ഥികളെ മാത്രമേ പരിഗണിക്കാറുള്ളൂ.അതുകൊണ്ട് ഓരോ വര്‍ഷവും ഇത് ശ്രദ്ധിക്കണം(https://careers.un.org/lbw/home.aspx?viewtype=NCE&lang=en-US).

ഐക്യരാഷ്ട്ര സഭയുടെ മിക്കവാറും ഓഫീസുകളില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ഉണ്ട്. സ്ഥാപനത്തിന് പുറത്തുള്ളവര്‍ക്ക് ഇതിനെപ്പറ്റി അറിയാനും അന്താരാഷ്ട്രമായ ഒരു സാഹചര്യത്തില്‍ ജോലി ചെയ്യാനുമുള്ള അവസരമാണിത്. പക്ഷെ ഇതിന് ശമ്പളം ഇല്ല. ഇന്റേണ്‍ഷിപ്പില്‍നിന്നു നേരിട്ട് യു.എന്നില്‍ ജോലി കൊടുക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട്. എന്നാലും സാധിക്കുന്നവര്‍ എല്ലാം ഇന്റേണ്‍ഷിപ്പിന് ശ്രമിക്കണം എന്ന് തന്നെയാണ് എന്റെ നിര്‍ദേശം(https://careers.un.org/lbw/home.aspx?viewtype=ip).

ഐക്യരാഷ്ട്രസഭ ആസ്ഥാനമായ ന്യൂയോര്‍ക്ക്, പിന്നെ ജനീവ, വിയന്ന, പ്രാദേശിക കേന്ദ്രങ്ങളായ ബാങ്കോക്ക്, പനാമ, ബഹറൈന്‍, നെയ്റോബി എന്നിങ്ങനെയുള്ള സ്ഥലങ്ങളില്‍ വലിയ ഓഫീസുകളുണ്ട്. കൂടാതെ, ലോകത്തെ മിക്കവാറും രാജ്യങ്ങളില്‍ ആ രാജ്യത്തിനു വേണ്ടിയുള്ള ഓഫീസുകളും, ഇവിടെയെല്ലാം ജോലിസാധ്യതകളുമുണ്ട്. സംഘര്‍ഷ പ്രദേശമായ സിറിയയില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ളവരേക്കാള്‍ കൂടുതലാളുകള്‍ സമാധാനത്തിന്റെ  കേന്ദ്രമായ സ്വിറ്റ്‌സര്‍ലാന്റില്‍ ഉണ്ടാകുമെന്നത് സ്വാഭാവികമാണല്ലോ. അതുകൊണ്ട് ജോലിക്ക് അപേക്ഷിക്കുന്നവര്‍ കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അപേക്ഷിക്കാന്‍  ശ്രദ്ധിക്കണം.

ഐക്യരാഷ്ട്ര സഭയുടെ ഓരോ രാജ്യത്തെ ഓഫീസിലും ആ രാജ്യത്തേക്ക് വേണ്ടി മാത്രം നാഷണല്‍ സ്റ്റാഫ് എന്ന പേരില്‍ നിയമനമുണ്ട്. അന്താരാഷ്ട്ര നിയമനങ്ങളേക്കാള്‍ ശമ്പളം കുറവാണെങ്കിലും രാജ്യത്തെ ശരാശരി ശമ്പളത്തേക്കാള്‍ മികച്ചതായിരിക്കും ഇത്. ഐക്യരാഷ്ട്ര സഭയില്‍ ജോലി ചെയ്യുന്നതിന്റെ മറ്റെല്ലാ ഗുണങ്ങളും ഉണ്ടാവുകയും ചെയ്യും. ഒരു രാജ്യത്തെ ആളുകള്‍ക്കു മാത്രം അപേക്ഷിക്കാവുന്നതുകൊണ്ട് മത്സരം കുറവായിരിക്കുകയും ചെയ്യും.

ഐക്യരാഷ്ട്രസഭയില്‍ കുറച്ചുനാളെങ്കിലും സേവനം അനുഷ്ഠിക്കണം എന്നുള്ളവര്‍ക്കു വേണ്ടി ഒരു 'ഐക്യരാഷ്ട്ര വാളണ്ടിയര്‍ സര്‍വീസ്' ഉണ്ട്. ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ചെറിയ ഒരു അലവന്‍സോടു കൂടി ഈ ജോലി ചെയ്യാം. ജോലി വളരെ മികച്ചതാണെങ്കിലും ശമ്പളം കുറവായിരിക്കും. അതുകൊണ്ടുതന്നെ അപേക്ഷകരും കുറവാണ്(https://www.unv.org).

ഐക്യരാഷ്ട്ര സഭയിലെ അവസാനത്തെ തരം ജോലിസാധ്യത കണ്‍സള്‍ട്ടന്റ് ആയിട്ടാണ്. ഓരോ വര്‍ഷവും ആയിരക്കണക്കിന് കണ്‍സള്‍ട്ടന്റുമാരെയാണ് ഐക്യരാഷ്ട്ര സഭ തെരഞ്ഞെടുക്കുന്നത്. എന്നാലിത് ദിവസക്കൂലിയുള്ള താല്‍ക്കാലികമായ ജോലിയാണ്. എങ്കിലും മികച്ച വരുമാനം, വ്യത്യസ്തമായ ജോലി, മറ്റു രാജ്യങ്ങളില്‍ സഞ്ചരിക്കാനുള്ള സാധ്യത എന്നിങ്ങനെ ഇതും നല്ലൊരു തൊഴിലവസരം നല്‍കുന്നു. 

ഐക്യരാഷ്ട്ര സഭയുടെ പോലെ തന്നെ ലോകത്ത് വ്യാപിച്ചു കിടക്കുന്ന സര്‍ക്കാരിതര സ്ഥാപനങ്ങള്‍ ഉണ്ട്(റെഡ് ക്രോസ്സ്, അതിരുകളില്ലാത്ത ഡോക്ടര്‍മാര്‍ http://www.msf.org, എന്നിങ്ങനെ). ഇവരെല്ലാം ഹെഡ് ക്വാര്‍ട്ടറിലും ഫീല്‍ഡിലും യു എന്നും ആയി ചേര്‍ന്നാണ് പലപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍നിന്നു ഐക്യരാഷ്ട്ര സഭയിലേക്ക് എത്താന്‍ ഏറെ സാധ്യതകളുണ്ട്.

ഐക്യരാഷ്ട്ര സഭയില്‍ ജോലിക്ക് താല്പര്യമുള്ളവര്‍ ആദ്യം ചെയ്യേണ്ടത് https://inspira.un.org/ എന്ന വെബ് സൈറ്റില്‍ പോയി ബയോഡാറ്റ ഉണ്ടാക്കുക എന്നതാണ്. ശ്രദ്ധിച്ചും സമയമെടുത്തും ചെയ്യേണ്ട ഒന്നാണിത്. ഇതില്‍ കൊടുക്കുന്ന വിവരങ്ങള്‍ സത്യസന്ധമായിരിക്കണമെങ്കിലും സ്വന്തം കഴിവുകളേയോ നേട്ടങ്ങളേയോ കുറച്ചു കാണിക്കേണ്ടതില്ല. അതിനുശേഷം ആഴ്ചയില്‍ ഒരിക്കലെങ്കിലും പറ്റിയ ജോലി, അത് കണ്‍സള്‍ട്ടന്റ് തൊട്ട് സ്ഥിരം ജോലി പോലെ എന്തും ആകാം, അപേക്ഷിച്ചു കൊണ്ടിരിക്കുക.
  
പി.എസ്.സി. പോലെ ഒരു സംവിധാനം ഇല്ലാത്തതിനാല്‍ അപേക്ഷകരെ കൃത്യമായി കാര്യങ്ങള്‍ അറിയിക്കാനുള്ള സംവിധാനമില്ലാത്തതിനാല്‍ പത്ത് അപേക്ഷകള്‍ തള്ളിപ്പോയതുകൊണ്ട് പതിനൊന്നാമത് അപേക്ഷിക്കാതിരിക്കരുത്. 193 രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ആളുകളാണ് അതിനുവേണ്ടി ശ്രമിക്കുന്നത് എന്ന് ഓര്‍ക്കുക.

ലോക ബാങ്ക് ഗ്രൂപ്പിലെ സ്ഥാപനങ്ങളിലെ ജോലിയുടെ കാര്യത്തിലും മിക്കവാറും ഇതുപോലെ ഒക്കെയാണ്. യംഗ് പ്രൊഫഷണല്‍, നാഷണല്‍ സ്റ്റാഫ്, കണ്‍സല്‍ട്ടന്റ് ഒക്കെ. അവരുടെ വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ് (http://web.worldbank.org/WBSITE/EXTERNAL/EXTJOBSNEW/0,,pagePK:8454306~theSitePK:8453353,00.html).
  
ഇന്ത്യയിലെ ഐ.എ.എസ്. ഓഫിസര്‍മാക്കും മറ്റു പല സിവില്‍ സര്‍വീസുകളില്‍ ഉള്ളവര്‍ക്കും പലകാരങ്ങങ്ങളാല്‍ ചെറിയകാലത്തേക്ക് ഐക്യരാഷ്ട്ര സഭയിലും ലോക ബാങ്കിലും ജോലി ചെയ്യാനോ അവരുമായി അടുത്ത് ബന്ധപ്പെടാനോ അവസരം കിട്ടാറുണ്ട്. നമ്മുടെ സിവില്‍ സര്‍വീസ്  ഉദ്യോഗസ്ഥര്‍ ഒക്കെ വേള്‍ഡ് ക്ളാസ്സ് ആയതിനാല്‍(ഇത് ഞാന്‍ തമാശക്ക് പറയുന്നതല്ല) അവരില്‍ ഏറെ പേര്‍ക്ക് പില്‍ക്കാലത്ത് ബാങ്കിലും യു.എന്നിലും നീണ്ട കാലത്തെ കോണ്‍ട്രാക്ടുകള്‍ ലഭിക്കാറുണ്ട്. കേരളത്തിലെ സിവില്‍ സര്‍വീസുകാര്‍ ഒന്ന് ശ്രദ്ധിക്കണേ.

ലോക ബാങ്കിനും ഐക്യരാഷ്ട്ര സഭക്കും പല പരിശീലന കേന്ദ്രങ്ങളുമുണ്ട് (ഐക്യരാഷ്ട്ര സര്‍വകലാശാല https://unu.edu), വേള്‍ഡ് ബാങ്ക് ഇന്‍സ്റ്റിട്യൂട്ട് (https://olc.worldbank.org), (UN Institute for Training and Research),  UN Institute for Training and Research http://www.unitar.org).  ഇതില്‍ പഠിക്കുന്നത് കൊണ്ട് യു.എന്‍. ജോലികള്‍ക്ക് പ്രത്യേക പരിഗണന ഒന്നുമില്ലെങ്കിലും ഞാന്‍ മുമ്പ് പറഞ്ഞ പല കാര്യങ്ങളും (യാത്ര ചെയ്യാനുള്ള അവസരം, മറ്റു രാജ്യക്കാരുമായുള്ള പരിചയം, ഭാഷകള്‍ പഠിക്കാനുള്ള അവസരം ഒക്കെ ഇതിന്റെ കൂടെ തരമാക്കാം, അത് അന്താരാഷ്ട്ര ജോലികള്‍ക്ക് എല്ലാം സഹായകമാകും).

ഐക്യരാഷ്ട്ര സഭയിലെ ജോലി ഏറെ ആകര്‍ഷകത്വം ഉള്ളതാണെങ്കിലും അതിന്റേതായ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് കൂടി മനസ്സിലാക്കുക. സംഘര്‍ഷഭൂമിയിലേക്ക് എപ്പോള്‍ വേണമെങ്കിലും പോകേണ്ടിവരും എന്നതും ഏതു സമയവും യാത്രയായതിനാല്‍ വീട് എപ്പോഴും ഒരു സംഘര്‍ഷഭൂമിയായിരിക്കും എന്നതുമാണ് സത്യം. ഇത്  എന്റെ വ്യക്തിപരമായ അനുഭവം മാത്രമല്ല.

ഈ പരമ്പരയുടെ മുന്‍ലക്കങ്ങള്‍ 

1. അതിരുകളില്ലാത്ത ലോകം, മതിലുകളുയരുന്ന ലോകം 

2. ചാട്ടത്തിലെങ്ങാനും പിഴച്ചുപോയാല്‍ 

3. മൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റര്‍ 

4. ഈ കുട്ടിക്ക് ഒരു ജീവിതം കൊടുക്കൂ....

5. ഈ എന്‍ജിനീയര്‍മാര്‍ക്കെന്താ കൊമ്പുണ്ടോ?

6വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍

7. ഞങ്ങള്‍ വക്കീലന്മാരെന്താ മോശാ?

8. എന്തുവന്നാലും നാടകക്കമ്പനി തുടങ്ങരുത്‌

9. നേഴ്‌സിങ്ങിന്റെ സാധ്യതകള്‍ അവസാനിക്കുന്നില്ല 

10. 'ബമാമ'യുടെ കോളേജ് ജീവിതം

11. ഇംഗ്ലീഷ് ഒരു ഭാഷയാണ്, ബുദ്ധിയുടെ അളവുകോലല്ല, പക്ഷേ

12. തപാല്‍ വഴി നീന്തല്‍ പഠിക്കാമോ

13. മുടിവെട്ടും ഇറച്ചിവെട്ടും....! യൂറോപ്പിലെ തൊഴില്‍ സാദ്ധ്യതകള്‍

14. ബുദ്ധിയുള്ളവരെ ഉദ്ധരിക്കുന്നത് ബുദ്ധിയില്ലാത്തവര്‍

15. ബയോഡേറ്റയെ ആര്‍ക്കാണ് പേടി 

16. വിദ്യാധനവും വിദേശത്തെ പഠനവും

17. തോറ്റ എന്‍ജിനീയര്‍മാരുടെ ഭാവി

18. വിദേശജീവിതവും രണ്ടാമത്തെ പാസ്‌പോര്‍ട്ടും

19. കണ്‍സള്‍ട്ടന്റാകാം, നാട്ടിലിരുന്ന് ഡോളര്‍ വാങ്ങാം

20. തൊഴില്‍ കമ്പോളത്തിലെ രണ്ടാമൂഴം

21. രാഷ്ട്രീയം ഒരു നല്ല തൊഴിലാണോ?

22. പിഎച്ച്ഡി യില്‍ നിന്നും പിഡിഎഫിലേക്ക്