താണ്ട് മുഴുവനായും അടച്ചിട്ട ലോകമാണ്. ഇന്ന് ആ ലോകത്തെ ഏകോപിപ്പിക്കുന്നതും എല്ലാവരെയും ചേര്‍ത്തുപിടിക്കുന്നതും ശാസ്ത്രമാണ്. ഗതകാല ബോധം ഇഹകാല പ്രശ്‌നപരിഹാരങ്ങള്‍ക്കു മതിയാവുകയില്ല. പുതിയൊരു ബോധത്തിന്റെ വിത്തു വിതയ്ക്കപ്പെടേണ്ടത് പുതിയതലമുറയിലാണ്. കോവിഡ് അടിവരയിട്ടു പോവുന്ന ഒരു സത്യമാവുമത്- നമുക്ക് വേണ്ടത് വൈവിധ്യങ്ങളെ ആഘോഷിക്കുന്ന ഒരു പുതിയ ലോകമാണ്. ജീവശാസ്ത്രപരമായ പ്രത്യേകതകളോ, സ്വത്വരാഷ്ട്രീയമോ, വിശ്വാസപ്രമാണങ്ങളോ അല്ല, വേണ്ടത് അഭിപ്രായങ്ങളുടെയും ലോകവീക്ഷണങ്ങളുടെയും വൈവിധ്യമാണ്.  

തുറന്ന മനസ്സുമായി വിദ്യാലയങ്ങളിലേക്കു പോവേണ്ടവരാണ് വിദ്യാര്‍ഥികള്‍, സകല കേവലവാദങ്ങളെയും അതിന്റെയെല്ലാം പ്രായോജകരെയും അകറ്റിനിര്‍ത്തേണ്ടവര്‍. ഏതെങ്കിലും ഒരു ചിന്താഗതി, ആശയം അല്ലെങ്കില്‍ മറ്റെന്തെങ്കിലും മോശമാണെന്നോ എതിര്‍ക്കപ്പെടേണ്ടതാണെന്നോ കേള്‍ക്കുമ്പോള്‍ അതങ്ങനെത്തന്നെ വിശ്വസിക്കുന്നവര്‍ വിദ്യാര്‍ഥികള്‍ എന്ന വാക്കിന്റെ പരിധിയില്‍ വരുന്നില്ല. ഏതു മേഖലയിലുമുള്ള പഠനമാവട്ടെ, മുന്നേറാന്‍ വേണ്ടതു വിമര്‍ശനാത്മകമായ ചിന്തയാണ്. ആരെന്തുതന്നെ പറയുമ്പോഴും അതു ശരിയോ എന്നു വിമര്‍ശനാത്മകമായി വിലയിരുത്താന്‍ തോന്നുന്ന പ്രവണതയാണു ബോധം. മറ്റൊരു ശരാശരി തലയിലൂടെയല്ലാതെ ശരിതെറ്റുകളെ സ്വയമറിയാനുള്ള കഴിവാണത്.

പഠനകാലത്തു നാട്ടിലെ മഹാദാരിദ്ര്യം കണ്ടു അതു മാറ്റുകയാവണം തങ്ങളുടെ മുന്‍ഗണന എന്നു പറഞ്ഞതു വിശ്വസിച്ചു, അവശരെയും അഗതികളെയും സഹായിക്കാനായി പുറപ്പെടുന്ന വിദ്യാര്‍ഥിയോടു ഒരു അധ്യാപിക നിര്‍ദേശിച്ചത് ആദ്യം പോയി നല്ല നിലയില്‍ പഠിച്ചു ബിരുദം നേടൂ, പിന്നെ നല്ല വേതനമുള്ള ജോലി നേടൂ. ശേഷം തനിക്കവരെ സഹായിക്കാനുള്ള വഴി കണ്ടെത്തൂ എന്നാണ്. മുപ്പതുകളിലും നാല്പതുകളിലുമുള്ള ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന തന്റെതന്നെ പൂര്‍വ വിദ്യാര്‍ഥികളുടെ ജീവിതാനുഭവത്തില്‍നിന്നുള്ള പാഠമാണ് അധ്യാപിക പുതിയ വിദ്യാര്‍ഥികളുമായി പങ്കുവെച്ചത്.  

ചിന്തിച്ചുനോക്കൂ, വിദ്യാര്‍ഥിയുടെ കൈയിലെ പരിമിതമായ വിഭവങ്ങള്‍ തീരുന്നതോടെ സഹായിക്കാന്‍ പോയവനും സഹായിക്കപ്പെട്ടവരും തമ്മില്‍ അന്തരമില്ലാതാവുന്നു. സഹായം സുസ്ഥിരമാവുന്നില്ല. സ്വയം സഹായിക്കപ്പെടേണ്ടവരുടെ വിഭാഗത്തിലേക്കു അറിയാതെ സ്വയം തള്ളിയിടുകയും ചെയ്യുന്നു. പഠനവേളയില്‍ ഏറ്റവും വേണ്ടത് സ്വയം സഹായമാണ്. അതു പഠിച്ചുവളരുകയാണ്. പഠനമെന്ന സ്വയംസഹായമാണ് പിന്നീടു പരസഹായത്തിനുള്ള സ്ഥിരനിക്ഷേപമായി മാറേണ്ടത്. കാലം ആവശ്യപ്പെടുമ്പോള്‍ നൂറുകളും ആയിരങ്ങളും കോടികളുമായി മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസനിധികളിലേക്കൊഴുകുന്നതും അങ്ങനെ നേടിയ അറിവിന്റെ സ്ഥിരനിക്ഷേപത്തിന്മേലുള്ള പലിശകളാണ്. 

വിദ്യാര്‍ഥികളെ അങ്ങനെ ഉപദേശിച്ച മഹതിയാണ് അയാന്‍ ഹിര്‍സി അലി. ഏറെ ക്രൂരതകള്‍ക്കു വിധേയമായി, ഒടുവില്‍ സൊമാലിയയില്‍നിന്ന് രക്ഷപ്പെട്ട് കൈവെച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച, പില്‍ക്കാലത്തു ഡച്ച് പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഹിര്‍സി അലി.

(കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടറാണ് ലേഖകന്‍)

Content Highlights: Importance of critical thinking during covid 19 lock down period