എല്ലാവരെയും പ്രീതിപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ സ്വയം സന്തോഷമെന്തെന്ന് അറിയാത്തവരാവും സദാ മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി നടക്കുന്നവര്‍. അതുകൊണ്ടു സ്വന്തം സന്തോഷം ബലികഴിച്ചു നമ്മുടേതല്ലാത്ത ഒരു ജീവിതം കഴിച്ചുകൂട്ടുന്നതിലും എത്രയോ നല്ലത് സസന്തോഷം നമ്മളായിത്തന്നെ ജീവിക്കുകയാണ്. നമ്മുടെ ജീവിതത്തിന് ഒരര്‍ഥമുണ്ടാവുന്നത് നാം ജീവിക്കുന്നുണ്ട് എന്നു നമുക്കുതന്നെ തോന്നുമ്പോഴാണ്. ആ തോന്നലുണ്ടാവുക നമുക്ക് അത്രമാത്രം ഇഷ്ടമേറിയ ഉദ്യമങ്ങളില്‍ വ്യാപരിക്കുമ്പോഴാണ്. തീക്ഷ്ണമായ ആഗ്രഹങ്ങളെ പിന്തുടരുമ്പോഴാണ്.
മൂന്നുതവണ പുലിറ്റ്‌സര്‍ കരസ്ഥമാക്കിയ വിഖ്യാത പത്രപ്രവര്‍ത്തകനും പത്രാധിപരുമൊക്കെയായ ഹെര്‍ബര്‍ട് ബയാര്‍ഡ് സ്വോപിന്റെ വിഖ്യാതമായൊരു നിരീക്ഷണമുണ്ട്. സദാ വിജയത്തിലേക്കു നയിക്കുന്ന ഒരു സൂത്രവാക്യം നല്‍കാന്‍ എനിക്കു കഴിയില്ല എങ്കിലും സദാ പരാജയപ്പെടാനുള്ള ഒരു സൂത്രവാക്യമുണ്ട്- എല്ലാവരെയും എല്ലായ്പ്പോഴും പ്രീതിപ്പെടുത്താനായി ശ്രമിക്കുക. ഒന്നാലോചിച്ചു നോക്കൂ, മറ്റൊരാളെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നത് സത്യത്തില്‍ ആത്മഹത്യാപരമാണ്. കാരണം ഇല്ലാതാവുന്നത് നമ്മളാണ്, നമ്മുടെ സ്വത്വമാണ്, സത്യവുമാണ്.
അവര്‍ നമ്മളെക്കുറിച്ച് എന്തായിരിക്കും ചിന്തിക്കുക എന്നാലോചിച്ചിട്ടാണ് നമ്മളൊരാളെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നത്. സത്യത്തില്‍ അങ്ങനെ അന്യായമായൊരു പ്രീതിപ്പെടുത്തലില്‍ പുളകിതരാവുന്നവര്‍ കൊള്ളാത്തവരാണ്. അവരുടെ നന്മയെ കുറിച്ചല്ലാതെ മറ്റൊരാള്‍ക്കു നന്മ ചെയ്യാനുള്ളൊരു ബോധം അവരില്‍ പ്രതീക്ഷിക്കരുത്. നമ്മളിലാണെങ്കില്‍ അതെന്തുമാത്രം സമ്മര്‍ദവും നിരാശയും ഒക്കെയാണുണ്ടാക്കുന്നത് എന്നാലോചിച്ചുവോ?
മറ്റൊരാള്‍ നമ്മളെക്കുറിച്ചു നല്ലതു ചിന്തിക്കണം എന്നുകരുതി ചെയ്തുകൂട്ടുന്നതത്രയും നിരാകരിച്ചുകളയുന്നത് നമ്മളെന്താണെന്നു നിര്‍വചിക്കുന്ന നമ്മുടെ വ്യക്തിത്വ സവിശേഷതകളെയാണ്. നമുക്കു നയിക്കാന്‍ കഴിയുന്ന ജീവിതത്തെക്കാള്‍ ചെറിയൊരു ജീവിതത്തിലേക്ക് ഒതുങ്ങുന്നതില്‍ മോഹിപ്പിക്കുന്ന യാതൊന്നുമില്ലെന്നു പറഞ്ഞത് നെല്‍സണ്‍ മണ്ടേലയാണ്. ലക്ഷ്യത്തിലേക്കുള്ള പ്രയാണം പകരുന്ന നിര്‍വൃതിക്കു തുല്യമായി ലോകത്തു മറ്റൊന്നില്ല. പാഷന്‍ ഉത്കടമായ അഭിലാഷം മാത്രമല്ല, അനിവാര്യമായ സഹനം കൂടിയാണ്.
മറ്റുള്ളവരുടെ അഭിനന്ദനങ്ങള്‍ക്കായി സ്വന്തം അഭിനിവേശങ്ങള്‍ക്കു കടിഞ്ഞാണിട്ടവരല്ല, ആ അഭിനിവേശങ്ങളില്‍ ജീവിതം കൊരുത്തവരാണു ലോകത്തെ കൂടുതല്‍ സുന്ദരമാക്കിയത്. നിങ്ങള്‍ക്കതു സ്വപ്നംകാണാന്‍ കഴിയുമെങ്കില്‍, അതു പ്രാവര്‍ത്തികമാക്കാനും കഴിയും എന്നു പറഞ്ഞയാള്‍ അവിടെ നിര്‍ത്തിയില്ല. നമ്മുടെ എല്ലാ സ്വപ്നവും സത്യമായി വരും, പക്ഷേ, അതിന്റെ പിന്നാലെ അലയാനുള്ള ധൈര്യം നമുക്കുണ്ടാവണം എന്നു കൂട്ടിച്ചേര്‍ത്തു. പറഞ്ഞതു വാള്‍ട്ട് ഡിസ്‌നിയാണ്. ഇന്നും കുട്ടികളെ മാത്രമല്ല, ആബാലവൃദ്ധം ജനങ്ങളെയും പിടിച്ചു തനിക്കുമുന്നിലിരുത്തുന്ന മിക്കി മൗസിന്റെ ഉപജ്ഞാതാവ്. 1928 മുതല്‍ മിക്കി ചിരിപ്പിക്കുന്നു. ചിരി കാലാതീതമാണ്, ഭാവനയ്ക്ക് പ്രായമില്ല, സ്വപ്നങ്ങള്‍ എന്നന്നേക്കുമെന്ന് ഡിസ്‌നി.
(കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടറാണ് ലേഖകന്‍)
Content Highlights: Importance of Being Yourself for Success, IIMK Director Column