മിക്കവരുടെയും പരാതി സ്വന്തം കഴിവുകളെ അറിയാന്‍ കഴിയുന്നില്ലെന്നാണ്. സ്വന്തം കഴിവുകളിലേക്കുള്ള ദിശാസൂചിയാണ് അറിയാനുള്ള ആഗ്രഹം. നമുക്കു കൂടുതലറിയാനുള്ള, അതിയായ താത്പര്യം തോന്നുന്ന കാര്യങ്ങളെപ്പറ്റി സ്വയം ചോദിച്ചുനോക്കൂ. അതു നിങ്ങളെ നയിക്കുക നിങ്ങളുടെ കഴിവുകളിലേക്കായിരിക്കും അഭിനിവേശങ്ങളിലേക്ക്.

ഭാവിവീടിനുള്ള നല്ലിടം പോലെ ഭാവിജീവിതം ആ അഭിനിവേശത്തിനു ചുറ്റിലുമായി പടുത്തുയര്‍ത്തൂ. വിരസമാവുകയില്ല ജീവിതം, തൊഴിലിടങ്ങളില്‍ ശ്വാസംമുട്ടേണ്ടിവരികയുമില്ല. മറിച്ചൊരു സ്വാഭാവിക ശ്വാസോച്ഛ്വാസത്തിന്റെ അനായാസത അനുഭവിക്കുകയുമാവാം. ഒരോ നിമിഷത്തെയും ശ്വസനം നാമറിയാത്തതുപോലെ.

ജോലി ജീവിക്കാന്‍ വേണ്ടിയെന്ന തോന്നലുളവാകുന്നില്ല, മറിച്ച് ശ്വാസം കണക്കേ അത് ജീവിതത്തിന്റെ ഭാഗമാവുകയാണ്. എനിക്ക് പ്രത്യേക സിദ്ധികളൊന്നുമില്ല, ഉള്ളത് കൗതുകകരമായ അഭിനിവേശം മാത്രമാണെന്ന് ഐന്‍സ്‌റ്റൈന്‍.

തുറന്നമനസ്സിന് ആശയങ്ങളെ മികച്ച രീതിയില്‍ ബന്ധിപ്പിക്കുക സാധ്യമാണ്. തുറന്നമനസ്സ് തന്നെ സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്കുള്ള പാതി ഉത്തരമാണ്. അവിടെ അറിയാനുള്ള ആഗ്രഹം അദ്ഭുതങ്ങള്‍ സൃഷ്ടിക്കും. നൂതനമായ ആശയങ്ങളിലേക്ക്, ശൈലിയിലേക്ക്, സൃഷ്ടികളിലേക്ക് അതു നയിക്കും.

ഒരു കുഞ്ഞിന്റെ ജനനവേളയില്‍ ഒരമ്മയ്ക്ക് എറ്റവും മികച്ചൊരു സമ്മാനം ദൈവമാതാവില്‍ നിന്നും കുഞ്ഞിനായി ആവശ്യപ്പെടാമെങ്കില്‍, ആ സമ്മാനം ജിജ്ഞാസയായിരിക്കണം എന്നു പറഞ്ഞിരുന്നു എലനോര്‍ റൂസ്‌വെല്‍റ്റ്. അറിയാനുള്ള ആഗ്രഹം ഇന്‍ബില്‍റ്റാണ്, അതറിയുന്നില്ലെന്നതാണ് പ്രശ്‌നം.

നമുക്ക് മനോഹരമായ അനുഭവങ്ങള്‍ പ്രദാനംചെയ്യുന്ന എന്തിനുപിന്നിലും ചില്ലറ നിഗൂഢതകളുണ്ടാവും. കലയുടെയും ശാസ്ത്രത്തിന്റെയും ഉറവിടം ആ നിഗൂഢതകളിലേക്കുള്ള അന്വേഷണമാണ്. നിഗൂഢതകള്‍ അനാവരണം ചെയ്യാനുള്ള ശ്രമമാണ് സൃഷ്ടിപരതയിലേക്കു നയിക്കുന്നത്. കലയുടെയും ശാസ്ത്രത്തിന്റെയും വളര്‍ച്ചയ്ക്കുപിന്നില്‍ അതാണ്. അല്പം ഭയത്തോടുകൂടിയാണെങ്കിലും ജീവിതത്തിന്റെ നിഗൂഢതയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയും ജിജ്ഞാസയുമാണ് മതങ്ങള്‍ക്കു കൂടി കാരണമായത് എന്ന് ഐന്‍സ്‌റ്റൈന്‍.

Content Highlights: IIMK Directors Column, Mystery in life, career guidance