പുതുവഴി തേടുന്നതുപോലെത്തന്നെ പ്രധാനമാണ് വഴിമുട്ടാതെ നോക്കലും. ഭാവിപ്രവചനത്തിലൂടെ സാധ്യമാവുന്ന ഒന്നല്ലത്. ഭാവി ഇതായിരിക്കും എന്ന ഉപദേശമാണ് ആദ്യം തള്ളിക്കളയേണ്ടത്. അങ്ങനെ പ്രവചിക്കാവുന്ന ഒന്നല്ല ഭാവി. അനിശ്ചിതത്വത്തിന്റെ, സംഭവ്യതയുടെയും അസംഭവ്യതയുടെയും സൗന്ദര്യമാണ് ഭാവി. ഭാവി എന്തായാലും അതു നേരിടാനായി പ്രാപ്തരാവേണ്ടവരാണ് നാം. വ്യക്തികളും സമൂഹവും സ്ഥാപനങ്ങളും വായിക്കേണ്ടത് കാലത്തിന്റെ ചുമരെഴുത്തുകളാണ്. പുഴ വഴി ചോദിക്കാത്തതുപോലെയാണ് ഭാവി. ചിലപ്പോള്‍ മാറിയൊഴുകും, അതിന്റെ വഴിക്കുപോവും.

ആഗോള വിദ്യാഭ്യാസഭൂപടത്തില്‍ കോഴിക്കോടിനെ അടയാളപ്പെടുത്തുന്ന ഐ.ഐ.എമ്മിന്റെ ശ്രദ്ധേയമായ നേട്ടങ്ങള്‍ നോക്കൂ. ഭൂമിശാസ്ത്രപരമായി ഒരു വിദൂരഗ്രാമത്തിലെ കുന്നിന്‍മുകളിലെ സ്ഥാപനത്തിന് മുന്നോട്ടുള്ള പ്രയാണം ഏതര്‍ഥത്തിലും മലകയറ്റം തന്നെയായിരുന്നു. ഫാക്കല്‍റ്റിയെ കിട്ടുക പ്രയാസമുള്ളിടത്ത് 30 ശതമാനം വനിതകളുണ്ട്. ബോര്‍ഡില്‍ 40 ശതമാനം വനിതകളുണ്ട്. 54 ശതമാനം വിദ്യാര്‍ഥികള്‍ വനിതകളാണ്. കാലം ആവശ്യപ്പെടുന്നവ നിറവേറ്റപ്പെടുമ്പോഴാണ് ഭാവിയിലേക്കായി ഒരു സമൂഹം തയ്യാറെടുക്കുന്നത്. അവിടെ ഭാവി വിഷയമാവുന്നില്ല, പ്രതിസന്ധിയുമാവുന്നില്ല.

അന്നാരും അതേപ്പറ്റി ചിന്തിക്കാത്ത കാലത്ത്, 2001-ല്‍ വിവിധ സ്ഥലങ്ങളിലെ സ്റ്റുഡിയോകളിലൂടെ ഇന്ററാക്ടീവ് ഡിസ്റ്റന്‍സ് ലേണിങ് ഒരുക്കിയത് ചരിത്രനേട്ടം. കാലത്തിന്റെ ചുവരെഴുത്തില്‍ ആയൊരു ഉയര്‍ച്ചയുടെ ആവശ്യം കൃത്യമായിരുന്നു. വിദ്യാഭ്യാസം എവിടെയും സ്തംഭനാവസ്ഥയിലെത്തിയപ്പോള്‍ ഞങ്ങളുലഞ്ഞില്ല. ക്ലാസുകള്‍ മുടങ്ങിയില്ല. സ്വയം മികവിന്റെ മുദ്രകളായി.

ചിന്തകളിലെ തെളിമ, പ്രവൃത്തിയിലെ സുതാര്യത, ഉയര്‍ന്ന നീതിമൂല്യ ബോധം, സഹാനുഭൂതി ഒക്കെയും നയിച്ച തിരഞ്ഞെടുപ്പുകളായിരുന്നു അവ. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കാലികമായ പ്രസക്തി നിരന്തരം സ്വയം വീണ്ടെടുക്കുന്നിടത്തോളമാണ്, പരിഷ്‌കരിച്ചെടുക്കുന്നിടത്തോളവും. ഭാവിയിലെ ഒഴിവുകള്‍ക്ക് അനുയോജ്യമായ സമൂഹത്തെ സൃഷ്ടിക്കുകയല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം; പരമാവധി പൂര്‍ണമനുഷ്യരെ കടഞ്ഞെടുക്കുകയാണ്.

Content Highlights: IIMK directors column, education and future, career guidance