ഫുട്ബോൾ ഒരു സിംഫണിയാണെങ്കിൽ, അവിടെ മൊസാർട്ട് മാറഡോണയാണ്. ലെജൻഡുകൾ ജനിക്കുന്നത് ചില മാന്ത്രിക നിമിഷങ്ങളിലാണ്. ചടുലമായ നീക്കങ്ങളുടെ വിസ്മയ നിമിഷങ്ങളിൽ ആ കാലുകളിൽനിന്ന് പറന്നുപോവുന്ന പന്തിലൂടെ നമ്മെ ആവേശത്തിന്റെ കൊടുമുടി കയറ്റിയ പ്രതിഭയെ അനശ്വരമാക്കുന്നത് അങ്ങനെയുള്ള നിമിഷങ്ങളാണ്. ദൈവത്തിന്റെ കൈയൊപ്പ് എന്ന് ആ പ്രതിഭാശാലിയിലെ വിനയം അടയാളപ്പെടുത്തുന്ന മാന്ത്രിക നിമിഷങ്ങൾ. ലെജന്റുകളെ അനശ്വരരാക്കുന്നത് ജീവിച്ച വർഷങ്ങളല്ല. അവർ നമുക്കായി സംഭാവനചെയ്യുന്ന നിമിഷങ്ങളാണ്.
എനിക്ക് ഫുട്ബോളിനോടുള്ള പ്രണയം മാറഡോണ കാരണമാണ്. ഫുട്ബോൾ ഒരു മതംതന്നെയായ ബംഗാളിന്റെയും കേരളത്തിന്റെയും എത്രയെത്ര യുവഹൃദയങ്ങളെയാണ് ആ ഫുട്ബോൾ മാന്ത്രികൻ തഴുകിയുണർത്തിയത്. മാർക്സും മോഹൻബഗാനും മാറഡോണയും തെരുവുകളെ ഭരിച്ച ബെംഗാളിനെയും കേരളത്തെയും കൂട്ടിയിണക്കുന്ന മതമാണ് ഫുട്ബോൾ, മാറഡോണ ദൈവവും.
ഒരു പന്ത് കാണുന്നത്, അതിനു പിന്നാലെ ഓടുന്നതുമാണ് എന്നെ ലോകത്തിലെ ഏറ്റവും സന്തുഷ്ടനാക്കുന്നത് എന്നു പറഞ്ഞത് മാറഡോണയിലെ ജീനിയസാണ്. ആ ലക്ഷ്യബോധം നമ്മിലേക്ക് പകർത്തുന്ന ഊർജം ചെറുതല്ല. തന്റെ തെറ്റുകളെ അത്രമേൽ തുറന്ന മനസ്സോടെ കണ്ടതിൽനിന്ന് വന്ന വാക്കുകൾ നോക്കൂ. ലോകത്തിലെ ഏറ്റവും മനോഹരവും ആരോഗ്യകരവുമായ കായിക വിനോദമാണ് സോക്കർ. എന്റെ തെറ്റുകൾക്ക് സോക്കർ പിഴയൊടുക്കേണ്ടതില്ല. അത് പന്തിന്റെ തെറ്റല്ല. ആ പ്രതിഭ നമുക്കായി വിട്ടുപോവുന്ന പാഠങ്ങളാണത്.
ദൈവം എന്നെങ്കിലും ഫുട്ബോൾ കളിക്കുകയാണെങ്കിൽ മാറഡോണയെ പ്രതിയോഗിയായി കാണാൻ ആഗ്രഹിക്കുകയില്ല. അത്രമേൽ ദൈവം സ്നേഹിക്കുന്നവരെ, അവൻ നേരത്തേ കൊണ്ടുപോവുന്നു എന്നു കേട്ടിട്ടുണ്ട്. പുൽത്തകിടിയിലെ മാന്ത്രികതയ്ക്കായി നമ്മുടെ ഹൃദയങ്ങൾ തുടിക്കുവോളം മാറഡോണ, താങ്കൾക്കു മരണമില്ല.
Content Highlights: IIMK directors column, Diego Maradona, the football legend, career guidance