വ്യക്തത, ക്ലാരിറ്റി എന്നിവ ജീവിതത്തിന്റെ സ്വാഭാവികമായ അവസ്ഥയാണ്. രുചിയേറ്റാന്‍ ചേര്‍ക്കുന്നവ ഭക്ഷണത്തിന്റെ സ്വാഭാവികരുചിയെ ഹനിക്കുന്നതുപോലെ ലേശം തെറ്റിദ്ധാരണയും ആഗ്രഹങ്ങളും ഇല്ലാതാക്കുക വ്യക്തതയെയാണ്. മനഃശക്തി ആസക്തിയുടെ നിഴലിലാവുമ്പോഴാണ് വ്യക്തത നഷ്ടമാവുന്നത്. മനഃശക്തിയും (ഇച്ഛ) ആസക്തിയും (തൃഷ്ണ) കൃത്യമായി മനസ്സിലാക്കപ്പെടേണ്ടതാണ്. 

നമുക്ക് ഒരു ചോക്ലേറ്റുകൂടി കഴിക്കണമെന്നു തോന്നുന്നു. നമുക്കറിയാം ചോക്ലേറ്റിന്റെ രുചി നാവില്‍ ഒരല്പനേരവും എളിയില്‍ ഒരായുഷ്‌കാലത്തേക്കുമാണെന്ന സത്യം. എങ്കിലും ആഗ്രഹത്തിന് വഴങ്ങി ഒരെണ്ണംകൂടി കഴിക്കുന്നു. തൃഷ്ണയുടെ പ്രകാശനമാണത്. വീണ്ടുമൊരെണ്ണം കൂടിയെന്ന ആഗ്രഹത്തെ വിജയകരമായി നമുക്കു പ്രതിരോധിക്കാന്‍ കഴിഞ്ഞെങ്കിലോ? ഇച്ഛാശക്തിയുടെ വിജയമാണത്. നൈമിഷികമായ നാവിലെ രുചിമാത്രമാണ് നഷ്ടമാവുന്നത്. നേട്ടമോ? നാവില്‍ നിന്നിറങ്ങി എളിയില്‍ അടിയുന്ന ദുര്‍മ്മേദസ്സ് ഇല്ലാതാവുന്നു. അമിതമായ ഉപയോഗത്തിന്റെ ദൂഷ്യം വ്യക്തമാണെങ്കിലും മോഹം മനസ്സിനെ കീഴടക്കുകയാണ്. മോഹമെന്ന മനസ്സിലെ മാലിന്യമാണ് വ്യക്തത ഇല്ലാതാക്കുന്നത്. ആ മാലിന്യം സംസ്‌കരിച്ചാല്‍ വീണ്ടെടുക്കാവുന്നതാണ് നമ്മുടെ മുഴുവന്‍ കര്‍മശേഷിയും.

മറ്റൊന്ന് കാത്തിരിക്കാനുള്ള മനസ്സാണ്. കാത്തിരിപ്പ് ഒരു കലയാണ്. കോവിഡില്‍നിന്നുമുള്ള മോചനത്തിന് എത്ര ക്ഷമയോടെയാണ് നാം കാത്തിരിക്കുന്നത്. ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ഥ കാത്തിരിപ്പിന്റെ വേദപുസ്തകമാണ്. ചിന്തകളിലൂടെ, കഠിനവ്രതങ്ങളിലൂടെ, കാത്തിരിപ്പുകളിലൂടെ ജീവിതത്തിലെ സങ്കീര്‍ണമായ വെല്ലുവിളികളെ എങ്ങനെ നേരിടാമെന്ന് സിദ്ധാര്‍ഥ പഠിപ്പിക്കുന്നു. ക്ഷമയുടെ ചുറ്റമ്പലത്തെ അത്രയും വലംവെച്ച ശേഷമേ തൃഷ്ണയുടെ ശ്രീകോവിലിലേക്ക് പ്രവേശനമുണ്ടാവൂ.

ആ കാത്തിരിപ്പ് കഠിനാധ്വാനമാണ്. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങള്‍, ലോകത്തെ ഏറ്റവും സുന്ദരമായതത്രയും പ്രകാശനത്തിനായി അതിന്റേതായ സമയം എടുക്കുന്നു. എത്രയോ പരിണാമവര്‍ഷങ്ങളുടെ കാത്തിരിപ്പിലൂടെയാണ് പ്രകൃതി ഒരു പുഷ്പത്തിന്റെ ആകാരപൂര്‍ണത സാധ്യമാക്കുന്നത്. കാലമേറുമ്പോഴും മൊണാലിസയുടെ പുഞ്ചിരിക്ക് പ്രായമേറുന്നേയില്ല. ചിന്തകളില്‍ വ്യക്തത വരട്ടെ, കാത്തിരിക്കാനുള്ള ക്ഷമയും...

Content Highlights: IIMK directors column, career guidance, the power of waiting, success mantra