അപൂര്‍വമായ സിദ്ധികളുടെ സമ്മേളനമാണ് ജേര്‍സി ഗ്രിഗോറകിന്റെയും ആനിയേലയുടെയും ജീവിതം. പോളണ്ടില്‍നിന്ന് യു.എസിലേക്ക് കുടിയേറിയ രാഷ്ട്രീയ അഭയാര്‍ഥികളായ പ്രണയികള്‍. പിന്നീട് ഒരു ലോക റെക്കോഡോടെ നാലു ലോക വെയറ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പുകള്‍ നേടിയ ചരിത്രമാണ് ഗ്രിഗോറകിന്റേത്. ഒരുപടി മുന്നിലായി ആനിയേല ആറു ലോക റെക്കോഡുകളോടെ അഞ്ചു ലോക ചാമ്പ്യന്‍ഷിപ്പുകളുമായി. രണ്ടുപേരും ലോകമറിയുന്ന കോച്ചുകള്‍. എഴുത്തിന്റെ മേഖലകളിലും നിറഞ്ഞുനില്‍ക്കുന്നു. ആയാസമേറിയ തിരഞ്ഞെടുപ്പുകളാണ് ജീവിതം അനായാസമാക്കുന്നത്. അനായാസമായ തിരഞ്ഞെടുപ്പുകളാവട്ടെ ജീവിതം ആയാസകരമാക്കുന്നു- ഗ്രിഗോറകിന്റെ നിരീക്ഷണമാണ്.
അഭയാര്‍ഥികളായിരുന്ന കൗമാരകാലത്തേ വസ്ത്രങ്ങളെന്നോണം ഒഴിച്ചുകൂടാത്തതായിരുന്നു അവര്‍ക്ക് പുസ്തകങ്ങളെന്ന് ഗ്രിഗോറക്. ദ ഹാപ്പി ബോഡി എന്ന പുസ്തകത്തിന്റെ കരാര്‍ ഒരു ഗോസ്റ്റ് റൈറ്റര്‍ക്ക് നല്‍കിയതായിരുന്നു ഗ്രിഗോറികും അനിയേലയും. രചനാസൗന്ദര്യം പ്രതീക്ഷയ്ക്കൊത്ത് ഇല്ലാതായപ്പോള്‍ അവരിരുവരും ക്രിയേറ്റീവ് റൈറ്റിങ്ങില്‍ പോസ്റ്റ്ഗ്രാജ്വേഷന്‍ നേടി. സൃഷ്ടികളൊക്കെയും അവരങ്ങനെ ഹിറ്റാക്കിയെടുത്തു. പുസ്തകങ്ങളാണ് നമ്മെ മനുഷ്യരാക്കുന്നത് എന്ന് ഗ്രിഗോറക്.
സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ മെഡിസിന്‍ കോഴ്സ് വിട്ട് താങ്ങാവുന്ന ഒരു കോഴ്സിനാണ് അവന്‍ ചേര്‍ന്നത്. അധ്യാപകന്‍ കുട്ടികളെ സ്വാഗതംചെയ്തു പറഞ്ഞു: ''ഇതുവരെ നന്നായി പഠിച്ചു. ലോകം ആവശ്യപ്പെട്ടത് ചെയ്തു. അടുത്ത നാല് വര്‍ഷം നിങ്ങളെ സ്വയം ചിന്തിക്കാന്‍ പ്രാപ്തരാക്കുകയാണ് ഞങ്ങളുടെ ദൗത്യം. അതില്‍ നമ്മള്‍ വിജയിക്കുകയാണെങ്കില്‍, ലോകം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തത് നിങ്ങള്‍ കാഴ്ചവെക്കും. ഞങ്ങള്‍ക്കത് കഴിയുന്നില്ലെങ്കില്‍ മറ്റുള്ളവരെ പകര്‍ത്തി, പഴയതിന്റെ തനിയാവര്‍ത്തനമായി നിങ്ങള്‍ ജീവിക്കും. എന്റെ വാക്കുകള്‍ ഗൗരവമായി എടുക്കുക, കഠിനമായി പഠിക്കുക, ഭാവനാശേഷിയെ തുറന്നുവിടുക. ഒരുദിവസം നിങ്ങള്‍ ഒരു പുതിയൊരു ലോകം രൂപകല്പന ചെയ്യും. ഞങ്ങള്‍ ജീവിക്കുന്നതിനെക്കാള്‍ മികച്ചതായിരിക്കുമതെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു''. ആ അധ്യാപകന്‍ വിജയിച്ചു, വിദ്യാര്‍ഥിയും.
Content Highlights: How to make success in life, IIMK Director's Column