നേരിയ വിമര്‍ശനങ്ങളില്‍പ്പോലും ആത്മവിശ്വാസം ഇല്ലാതായിപ്പോവുന്നവരുണ്ട്. ഒന്നാലോചിച്ചാല്‍ മതി, നിങ്ങള്‍ ഏറ്റവും സ്വാദേറിയൊരു പാനീയവുമായി നട്ടുച്ചയ്ക്കു പ്രത്യക്ഷപ്പെട്ടാല്‍പ്പോലും ഈ ലോകത്തു അതിഷ്ടമല്ലാത്തവരുണ്ടാവും. ലോകം അങ്ങനെയാണ്. നമ്മുടെ ശരികളെ വിശ്വസിക്കുക, മറ്റുള്ളവരുടെ ധാരണകളെ അറിയുക, എല്ലാം ഉള്‍ക്കൊള്ളുക, മുന്നോട്ടുപോവുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പലരെയും വല്ലാതെ തളര്‍ത്തിക്കളയുന്നതു കാണാം. 

അതിപ്രശസ്തയായ ഒരു നടി ഒരിക്കല്‍ ഒരഭിമുഖത്തില്‍ പറയുകയുണ്ടായി: 'പലരും എന്നില്‍ ചൊരിയുന്ന അധിക്ഷേപങ്ങളത്രയും അരയന്നത്തിനു മേല്‍ പതിക്കുന്ന വെള്ളം പോലെയാണെനിക്ക്. ഞാനതൊന്നങ്ങു കുടഞ്ഞുകളയും'. അവരുടെ കണ്ണില്‍ ലോകം മുഴുവന്‍ രണ്ടു കൈയുംനീട്ടി സ്വീകരിക്കുന്ന പലതും ശരാശരി നിലവാരം മാത്രമുള്ളതായിരുന്നു, പരമബോറും. ആ ശരാശരികളുടെ ലോകത്ത് തികച്ചും ശരിയാണെന്ന ബോധം നമുക്കുണ്ടാവുമ്പോള്‍ ജലാശയത്തിലെ വെള്ളത്തിനു നനയ്ക്കാനാവാത്ത അരയന്നംപോലെ നമുക്കു നിലനില്‍ക്കുക സാധ്യമാണ്. അക്ഷോഭ്യരായി അധിക്ഷേപങ്ങളെ നേരിടാന്‍ കഴിയുമ്പോഴും വിമര്‍ശനങ്ങളെ മുന്നോട്ടേക്കുള്ള പ്രയാണത്തിനുള്ള ഇന്ധനമാക്കി മാറ്റാന്‍ കഴിയുമ്പോഴുമാണ് അതു സാധ്യമാവുക. 

പരാജയങ്ങള്‍ക്ക് ഒരാളെ മഹത്ത്വത്തിലേക്കു നയിക്കാം. പഴികളില്‍ പതറിപ്പോയെങ്കില്‍ തീര്‍ന്നു. അതിതീവ്രമായ ആഗ്രഹങ്ങളുണ്ട്, പരിശ്രമവും. പക്ഷേ, കൃത്യമായി അതിനുവേണ്ട നൈസര്‍ഗികമായ കഴിവുകള്‍ ഇല്ലെന്നു വരുന്ന ഘട്ടം ചില വഴിമാറലുകളുണ്ട്. മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ബാലേ സുന്ദരിയുടെ പ്രേരണ കാരണമാണ് ഒരു ബാലേ നര്‍ത്തകിയാവണം എന്നവള്‍ തീരുമാനിച്ചത്. പക്ഷേ, ഒരു ബലേറിനയായി ശോഭിക്കാന്‍ തടസ്സമായ ചില പരിമിതികള്‍ അവള്‍ മനസ്സിലാക്കുന്നു. മറ്റൊരു നാട്യരൂപത്തിലേക്ക് അവള്‍ കളംമാറുന്നത് 19-ാമത്തെ വയസ്സിലാണ്. അവള്‍ അവിടെ കിരീടംവെക്കാത്ത റാണിയായി. കൊള്ളാത്തൊരു ബാലെ നര്‍ത്തകി അല്ലായിരുന്നെങ്കില്‍ നല്ലൊരു ബേര്‍ലെസ്‌ക് നര്‍ത്തകിയായി ലോകം തന്നെ അറിയുമായിരുന്നുവോ എന്നു സംശയം പ്രകടിപ്പിച്ചിരുന്നു പിന്നീട് ഡിറ്റ വോണ്‍ ടീസ്. ഒരു പഴിയില്‍ പൊഴിയാനുള്ളവരല്ല പ്രതിഭകള്‍.

(കോഴിക്കോട് ഐ.ഐ.എം. ഡയറക്ടറാണ് ലേഖകന്‍)

Content Highlights: How to handle difficult situations, Success Mantra, IIMK Director's Column