തോ ഭാവനാലോകവുമായി, സര്‍ഗവ്യാപാരങ്ങളുമായിമാത്രം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നായാണ് പലരും ക്രിയേറ്റിവിറ്റിയെ, സൃഷ്ടിപരതയെ കാണുന്നത്. സങ്കീര്‍ണമായ ഈ ലോകം ആരില്‍നിന്നും ആവശ്യപ്പെടുന്നത് ക്രിയേറ്റിവിറ്റിയാണ്. മേഖലകളേതെന്നില്ലാതെ നിത്യജീവിത വ്യവഹാരങ്ങളിലെ പൂര്‍ണത, വിജയം ഒക്കെയും ആശ്രയിച്ചിരിക്കുന്നത് ക്രിയേറ്റിവിറ്റിയെ ആണ്. 

എന്തെങ്കിലും സൃഷ്ടിക്കാനുള്ള ആഗ്രഹം മനുഷ്യസഹജമാണ്. ആ സൃഷ്ടിപരമായ പ്രവര്‍ത്തനം സര്‍ഗാത്മകമാവുക ഒട്ടേറെ ഘടകങ്ങള്‍ കൂടിച്ചേരുമ്പോഴാണ്. എല്ലാ കുട്ടികളും ആര്‍ട്ടിസ്റ്റുകളായി ജനിക്കുന്നു, വളര്‍ച്ചയില്‍ പക്ഷേ, ആര്‍ട്ടിസ്റ്റുകളായി തുടരാനാവാത്തതാണ് പ്രശ്നമെന്ന നിരീക്ഷണം പിക്കാസോവിന്റേതാണ്.  

എല്ലാവരിലും ഉള്ള ഘടകങ്ങള്‍ തന്നെയാണ് സര്‍ഗാത്മകതയുടെ ചേരുവകളും. ഒന്നും ഇറക്കുമതി ചെയ്യേണ്ടതായിട്ടില്ല. ആദ്യമായി വേണ്ടത് ലേശം ധൈര്യമാണ്. തെറ്റിപ്പോയാലോ എന്ന പേടി ഒഴിവാക്കാനുള്ളത്ര അളവില്‍ മതി. പിന്നെ കര്‍മനിരതമാവാനുള്ള ഊര്‍ജം. കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ത്വര. ഇത്രയുമുണ്ടെങ്കില്‍ ഭാവന ഒപ്പമുണ്ടാവും. ദൊരോത്തി പാര്‍ക്കറുടെ വാക്കുകളില്‍ വന്യമായ മനസ്സും അച്ചടക്കമുള്ള കണ്ണുമാണ് ക്രിയേറ്റിവിറ്റി. മനസ്സ് സ്വതന്ത്രമാവുകയും കാഴ്ച കൃത്യമാവുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നതാണ് അദ്ഭുതപ്പെടുത്തുന്ന സൃഷ്ടികള്‍, അതെന്തായാലും എവിടെയായാലും ഏതു മേഖലയിലായാലും ഏതു കാലത്തായാലും. 

സങ്കീര്‍ണമായ ലോകത്ത് എന്തിനാണ് ക്രിയേറ്റിവിറ്റി എന്നു ചോദിച്ചാല്‍, സങ്കീര്‍ണതയ്ക്ക് പരിഹാരമാണത്. ക്രിയേറ്റിവിറ്റി എന്നാല്‍, വ്യത്യസ്തമായി ചെയ്യുക എന്നല്ല അനായാസമായി ചെയ്യുക എന്നാണ്. ആ അന്യൂനമായ അനായാസതയാണ് സത്യത്തില്‍ ക്രിയേറ്റിവിറ്റി.  അതുണ്ടാവണമെങ്കില്‍ വേണ്ടഘടകങ്ങളാണ് മുകളിലുള്ളത്. എല്ലാം എല്ലാവരിലുമുണ്ട്. വേണ്ടത് ക്രിയേറ്റീവ് ആവാനുള്ള, ചെയ്യുന്നതിലത്രയും സ്വന്തം മികവിന്റെ മുദ്രകള്‍ പതിപ്പിക്കുവാനുള്ള അഭിലാഷം ഉണ്ടാവുകയാണ്. ഒരു സുന്ദരനിമിഷത്തിനായുള്ള കാത്തുനില്‍പ്പല്ല അതുകിട്ടിയ നിമിഷത്തെ സുന്ദരമാക്കുന്ന ദൗത്യമാണ്. സൃഷ്ടിപരമാവട്ടെ ഓരോ നിമിഷവും.  

(ഐ.ഐ.എം കോഴിക്കോട് ഡയറക്ടറാണ് ലേഖകന്‍)

Content Highlights: How to develop creativity, IIMK Director's Column, Success Mantra