ലോകമെമ്പാടുമുള്ള 150 കോടിയോളം കുട്ടികളെയാണ് കോവിഡ് മാരകമായി ബാധിച്ചത്. ആകെ വിദ്യാര്‍ഥിസമൂഹത്തിന്റെ 87 ശതമാനം വരുമിത്. അവരോടൊപ്പം കോവിഡ് വീട്ടിലിരുത്തിയത് ആറുകോടി അധ്യാപകരെയുമാണ്. വിദ്യാഭ്യാസമേഖലയില്‍ ഒരു ത്രിമാന മാറ്റമാണ് വന്നത്. അലങ്കോലമായ ആദ്യ അവസ്ഥ, പിന്നെ പഠനം ഡിജിറ്റലായി, ഇപ്പോഴതിന്റെ വൈവിധ്യവത്കരണമാണ്. ഇന്നത്തെ മാത്രമല്ല, നാളത്തെയും പ്രതീക്ഷ സാങ്കേതികവിദ്യയില്‍ തന്നെയാണ്. അതിന്റെ തികവിലും മികവിലും. 

പണ്ടേ പരമ്പരാഗത രീതിയെ ടെക്‌നോളജിയുമായി കൂട്ടിയിണക്കി വെര്‍ച്വല്‍ ക്ലാസ്‌റൂമുകള്‍ ഒരുക്കിയ ഞങ്ങളെ സംബന്ധിച്ചിടത്തോളം മാറ്റം വളരെ എളുപ്പമായിരുന്നു. ഭൂമിശാസ്ത്രപരമായ, ഭൗതികമായ പരിമിതികളെ മറികടക്കാന്‍ സാങ്കേതികവിദ്യയ്ക്ക് സാധ്യമാവുമെന്ന തിരിച്ചറിവിലേക്ക് ഞങ്ങളാദ്യമേ വന്നത് ഒരനുഗ്രഹമായി.

ഡിജിറ്റല്‍ വിദ്യാഭ്യാസവും മുഖ്യധാരാ വിദ്യാഭ്യാസവും സംയോജിപ്പിച്ച ഒരു രീതിയിലേക്ക് ലോകം മാറിയേക്കാം. പഴമയും പുതുമയും കൈകോര്‍ക്കുന്ന, രണ്ടിന്റെയും നന്മകള്‍ സമ്മേളിക്കുന്ന ഒന്ന്. പ്രതിസന്ധികളില്‍ അവസരം കണ്ടെത്തുന്നവര്‍ക്കുള്ളതാണ് അതിജീവനം. ലോകത്തിന്റെ വാതിലുകള്‍ കൊട്ടിയടപ്പിച്ച കോവിഡ് ജനലുകള്‍ വഴി ചില്ലറ അവസരക്കാഴ്ചകള്‍ ഒരുക്കിയിട്ടുണ്ട്. 

ഓണ്‍ലൈന്‍ പഠനരീതിയും മുഖാമുഖ പഠനരീതിയും സംയോജിതമായി നടപ്പാവുന്നതാവണം ഭാവിവിദ്യാഭ്യാസം. സ്ഥലകാലവേഗമൊന്നും വഴിമുടക്കാത്ത വിദ്യാഭ്യാസരീതി ഏവര്‍ക്കും ലഭ്യമാക്കാവുന്നതാണ്. വിദ്യാഭ്യാസം ഒരവകാശമായി കാണുന്ന രാജ്യത്തിന് കോവിഡ് പ്രതിസന്ധി തുറന്നിടുന്നത് പുതിയ സാധ്യതകളാണ്. പുതിയ വിദ്യാഭ്യാസനയം വിപ്ലവകരമായൊരു മാറ്റമാണ്.

5-24 വയസ്സിലുള്ള 50 കോടി ജനതയുമായി ലോകത്തെ ഏറ്റവും വലിയ സമൂഹമായി നമ്മളുണ്ടാവുമെന്നാണ് ഇന്ത്യാ ബ്രാന്‍ഡ് ഇക്വിറ്റി ഫൗണ്ടേഷന്റെ ഗവേഷണഫലം കാണിക്കുന്നത്. അമേരിക്ക കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ ഇ-ലേണിങ് വിപണി ഇന്ത്യയായിരിക്കും എന്നും. ഓണ്‍ലൈനും ഓഫ്‌ലൈനും സഹശയിക്കുന്ന പുതിയ കാലത്തിന്റെ നളന്ദതക്ഷശിലകളിലേക്ക് ലോകം ഒഴുകിയെത്തട്ടെ.

Content Highlights: Future will explore old and new things in the world, career guidance column by IIMK Director