വിദ്യാഭ്യാസം എന്നതു ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം കുട്ടികളിലും മുതിർന്നവരിലുമുള്ള ഏറ്റവും മികച്ചതിനെ കണ്ടെത്തുകയാണ്. അതു കേവല സാക്ഷരതയല്ല. വിദ്യാർഥികളെ അവരുടെ കഴിവുകളിലേക്കു നയിക്കുകയും അവർ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ പൊതുനന്മയ്ക്കുള്ള നിക്ഷേപമാക്കുകയും ചെയ്യുന്നതാവണം വിദ്യാഭ്യാസം.
വ്യക്തിത്വ നിർമിതി ആന്തരികമായി നടക്കേണ്ട ഒന്നാണ്. സ്വന്തം കൈകൾക്കല്ലാതെ മറ്റൊരു കൈകകൾക്കും സാധ്യമല്ലാത്ത കൃത്യം. നേടിയ അറിവുകൾ, കഴിവുകൾ ഒക്കെയും ത്രാസിന്റെ ഒരുതട്ടിലും സത്യവും വിശുദ്ധിയും മറുതട്ടിലും തൂങ്ങട്ടെ. ഉറപ്പായും താഴ്ന്നുനിൽക്കുക സത്യവിശുദ്ധികളുടെ തട്ടായിരിക്കും എന്നദ്ദേഹം ഓർമിപ്പിക്കുന്നു.
ധാർമികചിന്തകളെ കുറിച്ചുള്ള അറിവുകൾ ദൈനംദിന ജീവിതത്തിലേക്കു പകർത്തുന്നതിൽ പരാജയപ്പെട്ടാൽ നമ്മളന്നോളം നേടിയ സകല അറിവുകളും പാണ്ഡിത്യവും വൃഥാവിലായിപ്പോവും. സത്യത്തിന്റെയും വിശുദ്ധിയുടെയും നല്ല പാഠങ്ങൾ പകർന്നുനൽകാതെ, ലോകത്തെ മറ്റു മുഴുവൻ അറിവുകളും പകരുന്ന അധ്യാപകർ സമൂഹത്തെ ഒറ്റുകൊടുക്കുകയാണെന്നും അവർ വിദ്യാർഥികളെ സർവനാശത്തിലേക്കു നയിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. സ്വഭാവശുദ്ധിയില്ലാത്ത അറിവിനെ ഗാന്ധിജി കാണുന്നത് ലോകത്തിലെ ഏറ്റവും അപകടകരമായ തിന്മയായിട്ടാണ്.
ഇന്ത്യയുടെ ഭാവി ഗാന്ധിജി കണ്ടത് വിദ്യാർഥികളിലായിരുന്നു. വിദ്യാലയങ്ങളിൽനിന്നും കലാലയങ്ങളിൽനിന്നുമിറങ്ങി പൊതുജീവിതത്തിലേക്കു പ്രവേശിക്കുന്ന വിദ്യാർഥികളെയാണു അദ്ദേഹം ഇന്ത്യയിലെ ദരിദ്രകോടികളെ നയിക്കാൻ അനുയോജ്യരായി കണ്ടത്. ആ ഒരു ഉത്തരവാദിത്വത്തെക്കുറിച്ചു കൃത്യമായ ബോധമുണ്ടാകാനും അതു ജീവിതത്തിൽ ഉടനീളം പ്രദർശിപ്പിക്കാനുമാണ് അദ്ദേഹം വിദ്യാർഥികളെ ആഹ്വാനംചെയ്തത്. ഗൃഹജീവിതവും ഗ്രാമജീവിതവുമായി ഐക്യപ്പെടാത്ത വിദ്യാഭ്യാസ രീതികൾ പാപ്പരായ ഇന്ത്യയുടെ ആവശ്യകതകൾക്ക് അനുയോജ്യമോ എന്നദ്ദേഹം സന്ദേഹിച്ചു.
വിദ്യാർഥികൾ മാരകമായ ലഹരികൾക്കു പിന്നാലെ പോവുന്ന കാലഘട്ടത്തിൽ ഓർക്കണം, ഗാന്ധിജി വിദ്യാർഥികളോട് ആഹ്വാനം ചെയ്തത് വ്യക്തികളെ അടിമകളാക്കുന്ന സകലവസ്തുക്കളും ഉപേക്ഷിക്കാനാണ്, ചായയും കാപ്പിയും വരെ. വിദ്യാർഥിജീവിത കാലമത്രയും ഒരു സന്ന്യാസിയായി, ലക്ഷ്യത്തിലേക്കുള്ള തപസ്സുപോലെ വിദ്യാർഥി കാലം ഫലപ്രദമായി ചെലവിടാനാണ് അദ്ദേഹം ഉപദേശിച്ചത്. അച്ചടക്കം പുറത്തുനിന്നും അടിച്ചേൽപ്പിക്കേണ്ടിവരുന്ന ഒന്നാവരുത്, വിദ്യാർഥികൾ അത് സ്വയം വരിക്കുന്നതാവണം. ഗാന്ധിമാർഗത്തിൽ ഒരു ചായ കുടിക്കാനുള്ള തോന്നൽ, ചായ നമ്മളെ അടിമയാക്കുന്നു എന്നതാണ്. അവിടെ സ്വാതന്ത്ര്യമെന്നാൽ ചായ കുടിക്കുകയല്ല, ചായയെ ഉപേക്ഷിച്ചു സ്വതന്ത്രമാവുകയാണ്. ഗാന്ധിമാർഗത്തിൽ ലക്ഷ്യവും മാർഗവും ഒരുപോലെ വിശുദ്ധമാവണം.
(കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടറാണ് ലേഖകന്‍)