ന്റെ ബാച്ച്‌മേറ്റ്‌ന്റെ കുട്ടികളൊക്കെ സയന്‍സും എക്കണോമിക്‌സും ഒക്കെ പഠിക്കാനായി ഗുവാഹട്ടിയിലും ഡല്‍ഹിയിലുമൊക്കെയുണ്ട്. ഇവരില്‍ പലരും എന്നോട് അഭിപ്രായം ചോദിച്ചിട്ടാണ് തീരുമാനം എടുത്തതും. പഠനവിഷയങ്ങള്‍ എന്‍ജിനീയറിംഗില്‍ മാത്രമായി ചുരുക്കരുതെന്നും പറ്റിയാല്‍ കുട്ടികളെ കേരളത്തിന് പുറത്തുവിട്ട് പഠിപ്പിക്കണമെന്നും എപ്പോഴും പറയുന്നതിനാല്‍ ഇതെന്നെ ഏറെ സന്തോഷിപ്പിക്കുന്നു.

എന്നാല്‍ എന്നെ വിഷമിപ്പിക്കുന്ന ഒരുകാര്യം കൂടിയുണ്ട്. ഈ കുട്ടികളൊക്കെ അവധിക്ക് നാട്ടില്‍ വരുന്നത് വിമാനത്തിലാണ്. ഇതൊരു കുശുമ്പ് ചിന്തയല്ലേ, അച്ഛനുമമ്മക്കും പണമുണ്ടെങ്കില്‍ മക്കള്‍ വിമാനത്തില്‍ യാത്രചെയ്യട്ടെ എന്ന് നിങ്ങള്‍ക്ക് തോന്നാം. പക്ഷെ ഞാന്‍ ചിന്തിക്കുന്നത് അങ്ങനെയല്ല.

ഇന്ത്യയിലെ ട്രെയിന്‍യാത്ര ഏറെ അനുഭവങ്ങളിലൂടെയുള്ള ഒരുയാത്ര  കൂടിയാണ്. കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ മാറിവരുന്നത് ഭൂപ്രകൃതി മാത്രമല്ല, ഭാഷ, ഭക്ഷണം, സംസ്‌കാരം, വസ്ത്രധാരണരീതി  ഇവയെല്ലാമാണ്. ഇന്ത്യയെ  അറിയാന്‍ ഗാന്ധിജി പുസ്തകം വായിക്കുകയല്ല ട്രെയിനില്‍ കയറി നാടൊട്ടുക്ക് സഞ്ചരിക്കുകയാണ് ചെയ്തത്. വിമാനത്താവളങ്ങളില്‍ കാണുന്ന ഇന്ത്യയല്ല ജോസഫ് അലക്‌സ് പറഞ്ഞ അനുഭവങ്ങളുടെ ഇന്ത്യ.

വിവിധ ഭാഷയും സംസ്‌കാരവും മാത്രമല്ല ട്രെയിന്‍യാത്രയിലെ അനുഭവങ്ങള്‍. ആളുകളുമായുള്ള ചങ്ങാത്തത്തിന് ഒരവസരം കൂടിയാണ്. നമ്മുടെ കമ്പാര്‍ട്ട്‌മെന്റില്‍ ആരാണ് സഹയാത്രികരായി വന്നെത്തുകയെന്ന് നമുക്കൊരു നിശ്ചയവുമില്ല. ഓരോ തവണയും ടിക്കറ്റെടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ആയിരിക്കണേ അടുത്ത സീറ്റില്‍ വരുന്നത് എന്നൊക്കെ ആഗ്രഹിക്കാറുണ്ടെങ്കിലും അങ്ങനെയൊന്നുമല്ല സംഭവിക്കാറ്. സര്‍ദാര്‍ജിമാരോ സൈനികരോ ആയി എത്രയോ നാടുകളില്‍ നിന്നും തൊഴിലുകളില്‍ നിന്നും ഉള്ളവരെ ഞാന്‍ പരിചയപ്പെട്ടിരിക്കുന്നു. കൂടെ യാത്ര ചെയ്യുന്നത് ആരായിരുന്നാലും കുറെ സമയം കഴിയുമ്പോള്‍ നമ്മള്‍ അവരുമായി സംസാരിച്ച്, പരസ്പരം അനുഭവങ്ങളൊക്കെ പങ്കുവെക്കും. ചിലപ്പോഴൊക്കെ ആ സൗഹൃദം യാത്രക്കപ്പുറവും നീണ്ടേക്കാം. മൂന്നുമണിക്കൂര്‍ വിമാനയാത്രയില്‍ അതിനുള്ള സാധ്യത വളരെ കുറവാണ്.

train

ഇന്നലെ ഞാന്‍ ഈ വിഷയം ജനീവയിലെ മലയാളി സുഹൃത്തുക്കളുടെ ഒരു വെടിവട്ടത്തില്‍ പങ്കുവച്ചു. അപ്പോള്‍ ഇവിടെ ഇന്റര്‍നാഷണല്‍ ട്രേഡ് ലോ പ്രാക്ടീസ് ചെയ്യുന്ന ദീപക് ഒരു കഥ പറഞ്ഞു. ദീപക്കും മൂന്നു സുഹൃത്തുക്കളും ഒരുമിച്ചാണ് കല്‍ക്കട്ടയില്‍ നാഷണല്‍ ജുഡിഷ്യല്‍ അക്കാദമിയില്‍ ചേരാന്‍ പോയത്. അവരുടെ അച്ഛന്മാരും കൂടെയുണ്ട്. ട്രെയിനിലാണ് യാത്ര. കുട്ടികളെ അവിടെയാക്കി തിരിച്ചുപോരാന്‍ നേരത്ത് അതിലൊരു പയ്യന്‍ അച്ഛനോട് പറഞ്ഞുവത്രേ 

'അപ്പാ, ഇവിടെ നിന്നും വിമാനം ഒക്കെ ഉണ്ട് കേട്ടോ, വേണമെങ്കില്‍ ഞാന്‍ അവധിക്ക് അതിലും വരാം'

'ഓ, നീയിപ്പോ ഓടി വന്നിട്ട് അവിടെ എന്ത് മലമറിക്കാനാണ്, പതുക്കെ നാടൊക്കെ കണ്ട് ട്രെയിനില്‍ വന്നാല്‍ മതി' എന്ന് അപ്പന്‍. കൊട് കൈ എന്ന് ഞാന്‍... 

കൊച്ചിയില്‍ നിന്നും കാണ്‍പൂരിലേക്ക് പോകാന്‍ അന്ന് ഒറ്റ ട്രെയിനെ ഉള്ളൂ, കൊച്ചിന്‍-ഗോരഖ്പൂര്‍ എക്‌സ്പ്രസ്. ഈ എക്‌സ്പ്രസ്സ് ഒക്കെ പേരിലും ടിക്കറ്റ് ചാര്‍ജിലും മാത്രമേ ഉള്ളൂ. അന്‍പത്തി രണ്ടു മണിക്കൂര്‍ യാത്രയാണ് കാണ്‍പൂരിലേയ്ക്ക്, അതിനിടക്ക് പോത്തിനെ കേറ്റി ഉള്ള ഗുഡ്‌സ് ട്രെയിന്‍ വന്നാലും ഈ എക്‌സ്പ്രസ്സ് പിടിച്ചിടും. രണ്ടര ദിവസം ഏടുക്കാതെ ഈ യാത്ര കഴിയാറില്ല. ഇത്തരം ഒരു ട്രെയിന്‍ യാത്രയിലാണ് 1986ല്‍ ഞാന്‍ കൊല്ലംകാരനായ  മാത്യൂസിനെ കണ്ടുമുട്ടുന്നത്. യൂണിയന്‍ കാര്‍ബൈഡില്‍ ജോലിയുള്ള അദ്ദേഹം ഭോപ്പാലിലേക്ക് പോവുകയാണ്. ഭോപ്പാല്‍ ദുരന്തമൊക്കെ കാരണം ഫാക്ടറി അടച്ചുപൂട്ടിയിരുന്നു. കുറച്ചുപേര്‍ മാത്രം കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ ബാക്കിയുണ്ട്, മാത്യുവും.

'ഞാനൊരു നാടകകൃത്തും കൂടിയാണ്.' മാത്യൂസ് ആദ്യമേ പറഞ്ഞു.

'ഭോപ്പാല്‍ ദുരന്തത്തെപ്പറ്റി ഞാനൊരു നാടകമെഴുതിയിട്ടുണ്ട്. 'മിക്ക് (mic)' എന്നാണതിന്റെ പേര്'. മീതൈല്‍ ഐസോ സയനേറ്റ്  എന്ന ഭോപ്പാലില്‍ ആളെക്കൊന്ന വാതകത്തിന്റെ പേരാണത്.

'അപകടം നടക്കുമ്പോള്‍ എന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു. അതുകൊണ്ടു ഞാന്‍ എന്റെ മോനും മിക്ക് എന്നാണ് പേരിട്ടത്' മാത്യൂസ് പറഞ്ഞു. കമ്പനിയില്‍ നിന്നൊക്ക ഇതിന് വലിയ എതിര്‍പ്പാണ്, 'എന്റെ മകന്റെ പേര് മാറ്റണം എന്ന് വരെ കമ്പനി പറഞ്ഞു'.  

നാടകത്തിന്റെ കഥ മാത്യൂസിന്റെ ജീവിതവുമായി കൂടിക്കുഴഞ്ഞ് കിടക്കുന്നതാണ്. ആളുകളെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലി കൊടുക്കുന്ന ഒരു പോസ്റ്റ് മാസ്റ്റര്‍ ഒക്കെ ഉണ്ട് കഥയില്‍. ബാക്കി ഞാന്‍ ഓര്‍ക്കുന്നില്ല. ഇത് നാടകം ആയോ, മാത്യൂസ് ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ, മിക്കിന്റെ ജീവിതം എന്തായി, ഇതൊന്നും അറിയില്ല.

പക്ഷെ അന്ന് അദ്ദേഹം പറഞ്ഞ ഒരു കാര്യം ഞാന്‍ മറന്നിട്ടില്ല.

'അനിയാ, ഒരുകാര്യം ഞാന്‍ പറയാം, എന്തുവന്നാലും അനിയന്‍ ജീവിതത്തില്‍ ഒരു നാടകക്കമ്പനി തുടങ്ങരുത്. ഇത്രയും വലിയ തലവേദന വേറെയില്ല. ഞങ്ങള്‍ കൊല്ലംകാര്‍ക്ക് ഇതൊരു വീക്ക്‌നസ്സ് ആണ്. അങ്ങനെ ഞാന്‍ ഒന്ന് തുടങ്ങി പൊട്ടിപ്പാളീസായി പാപ്പരായി നാടുവിട്ട ആളായതുകൊണ്ട് പറയുകയാണ്.'

റാംജിറാവ് സ്പീക്കിങ് ഒന്നും അന്ന് റിലീസായിട്ടില്ല. പക്ഷെ, ഒരു നാടകക്കമ്പനിയുടെ എല്ലാ ദുരിതങ്ങളും അദ്ദേഹം പറഞ്ഞുതന്നു. സിദ്ദിക്കോ ലാലോ  ഒക്കെ ഞങ്ങളുടെ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നോ എന്ന് അതിലെ ചില ഡയലോഗ് കേള്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്.

വാസ്തവത്തില്‍ എനിക്ക് നാടകക്കമ്പനി തുടങ്ങാന്‍ അതുവരെ പ്ലാനൊന്നുമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ പലരും 'ചേട്ടാ ഒരു സിനിമ ഒക്കെ എടുക്കണം' എന്നൊക്ക പറയുമ്പോള്‍ ഞാന്‍ മാത്യൂസിനെ ഓര്‍ക്കും, അദ്ദേഹത്തിന്റെ ഉപദേശവും.

ഞാന്‍ പറഞ്ഞുവന്നത് ഗുണപരമായ കരിയര്‍ ഉപദേശങ്ങള്‍ എവിടെനിന്നും വരാം. നമ്മള്‍ എപ്പോഴും ചെവി കൊടുത്തിരിക്കണമെന്ന് മാത്രം.

കഴിഞ്ഞയാഴ്ച  മുഴുവന്‍ നമുക്ക് തിരഞ്ഞെടുക്കാവുന്ന ജോലികളെപ്പറ്റിയാണല്ലോ പറഞ്ഞത്. ഇനി ആര്‍ക്കിടെക്ച്ചറിനെ പറ്റി എഴുതണം, എംബിഎയെ പറ്റി എഴുതണം എന്നെല്ലാം പലരും പറഞ്ഞിട്ടുണ്ട്. സമയം കിട്ടിയാല്‍ എഴുതാം. പക്ഷെ ഇന്ന് നാടകക്കമ്പനി പോലെ നമ്മള്‍ പോയി തല വെച്ചുകൊടുക്കരുതാത്ത ചില ജോലികളെപ്പറ്റി പറയാം.

അനുഭവത്തില്‍ നിന്നും തുടങ്ങാം. ആറ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ആളാണ്. അതും കേരളത്തിലെ ബെസ്റ്റ് പബ്ലിഷര്‍മാര്‍ വഴി. അതില്‍ തന്നെ ബെസ്റ്റ് റോയല്‍റ്റി റേറ്റ് തരാം എന്ന് പറഞ്ഞതും ആണ്. പക്ഷെ ഞാന്‍ അഞ്ചു പൈസ പോലും ഇത് വരെ വാങ്ങിയിട്ടില്ല. കാരണം ഉണ്ട്. 

ക്രിയേറ്റീവ് റൈറ്റിങ് അല്ലെങ്കില്‍ കവിത, നോവല്‍, ചെറുകഥ തുടങ്ങിയ എഴുത്തുപണിക്ക് കേരളത്തില്‍ വലിയ വരുമാനസാധ്യത ഒന്നുമില്ല. കേരളം സമ്പൂര്‍ണ സാക്ഷരതയൊക്കെയുള്ള സ്ഥലമാണ്. എന്നാല്‍ കാശുകൊടുത്ത് പുസ്തകം വാങ്ങുന്ന സ്വഭാവം നമുക്ക് കമ്മിയാണ്. കേരളത്തിലെ മലയാള പുസ്തക കച്ചവടത്തിന്റെ എണ്‍പത് ശതമാനവും ലൈബ്രറികള്‍ക്ക് വേണ്ടിയാണ്. കേരളത്തിലെ സൂപ്പര്‍ താര എഴുത്തുകാര്‍ പോലും അവരുടെ  ബുക്കുകള്‍ പത്തും പതിനഞ്ചും പ്രിന്റിലായി അന്‍പതിനായിരമോ അറുപതിനായിരമോ കോപ്പികള്‍ മാത്രമാണ് വില്‍ക്കുന്നത്. പേരുകേട്ട എഴുത്തുകാര്‍ പോലും പതിനായിരത്തിനു താഴെ മാത്രം കോപ്പികള്‍ വില്‍ക്കുന്നവരാണ്. പേരൊന്നും കേള്‍ക്കാത്തവര്‍ അഞ്ഞൂറ് കോപ്പികള്‍ പോലും വിറ്റു തീര്‍ക്കുന്നില്ല. 

മലയാളത്തില്‍ ഒരു പുസ്തകത്തിന് ശരാശരി നൂറു രൂപ മുതല്‍ മുന്നൂറു രൂപ വരെയാണ് വില. അതില്‍ പന്ത്രണ്ട് മുതല്‍ പതിനഞ്ച് ശതമാനം മാത്രമാണ് റോയല്‍റ്റിയായി എഴുത്തുകാരന് കിട്ടുന്നത്. അതായത് നൂറ്റിയമ്പത് രൂപയുടെ ഒരു പുസ്തകം വിറ്റാല്‍ എഴുത്തുകാരന് കിട്ടുന്നത് വെറും പതിനെട്ട് അല്ലെങ്കില്‍ ഇരുപത്തിരണ്ട് രൂപ. ആയിരം ബുക്ക് വിറ്റാല്‍ ഇരുപതിനായിരം രൂപ കിട്ടും. കേരളത്തില്‍ ക്രിയേറ്റിവ് ആയി എഴുതി പുസ്തകം പബ്ലിഷ് ചെയ്തിട്ടുള്ള ആറായിരം പേരുടെ ലിസ്റ്റ് എന്റെ കയ്യില്‍ ഉണ്ട്. അതില്‍ ഒരു വര്‍ഷം ശരാശരി പതിനായിരം രൂപക്ക് മുകളില്‍ റോയല്‍റ്റി കിട്ടുന്ന ആയിരം പേര്‍ പോലുമില്ല. കേരളത്തിലെ ഒരു ചെറുനഗരത്തിന്റെ മൂലയിലും രാവിലെ വന്നു നില്‍ക്കുന്ന 'നാക ലേബര്‍' എന്ന അണ്‍സ്‌കില്‍ഡ് പണിക്കാരന് ഒരു മാസത്തില്‍ ഇതില്‍ കൂടുതല്‍ വരുമാനം ഉണ്ട്. മൂന്നുകോടിയിലധികം ജനസംഖ്യയുള്ള ഒരു ഭാഷക്ക് അപമാനകരമായ സത്യമാണിത്!. 'മലയാളത്തിലെ എഴുത്തുകാരന്‍ ആണെന്നൊക്കെ' ഞാന്‍ ഓഫീസില്‍ മേനി പറയും. പക്ഷെ റോയല്‍റ്റി മേടിച്ചാല്‍ അത് ഔദ്യോഗികം ആയി ഡിക്ലയര്‍ ചെയ്യണം. ഒരു വര്‍ഷത്തില്‍ എനിക്ക് 'നാനൂറു ഡോളര്‍' റോയല്‍റ്റി ഉണ്ടെന്ന് പറയാനുള്ള അപമാനം കൊണ്ടാണ് ഇത് വരെ ഞാന്‍ റോയല്‍റ്റി മേടിക്കാന്‍ പോകാത്തത്.

writing

ക്രിയാത്മകമായ എഴുത്ത് ഒരു സിദ്ധി തന്നെയാണ്. അതുള്ളവര്‍ അത് പ്രയോഗിക്കുകയും ഇല്ലാത്തവര്‍ അതുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. പക്ഷെ തല്‍ക്കാലം അതുകൊണ്ട്  ജീവിച്ചുപോകാന്‍ പറ്റില്ലെന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളു, എഴുത്തൊന്നും നിര്‍ത്തരുത്. 

എന്നാല്‍ എഴുത്തുപണി കൊണ്ട് ജീവിക്കാന്‍ മറ്റു പല മാര്‍ഗങ്ങളുമുണ്ട്. ഉദാഹരണത്തിന്, യാതൊരു ക്രിയേറ്റിവിറ്റിയും വേണ്ടാത്ത എഴുത്തുകള്‍, പി എസ് സി പരീക്ഷാ സഹായി, ലൈംഗിക ജീവിതം ആനന്ദകരമാക്കുന്നതെങ്ങനെ?, ജീവിതവിജയത്തിന് പത്തു പൊടിക്കൈകള്‍, എന്നൊക്കെ തലക്കെട്ടുള്ള പുസ്തകങ്ങള്‍ ലക്ഷക്കണക്കിനാണ് വിറ്റുപോകുന്നത്. പുസ്തകം പ്രിന്റ് ചെയ്യുന്നവര്‍ക്ക് പേപ്പറും മഷിയും എല്ലാം ക്ലാസിക് ആണെങ്കിലും കൊച്ചു പുസ്തകം ആണെങ്കിലും ഒരുപോലെ ആണ്. അപ്പോള്‍ ഏതാണോ കൂടുതല്‍ വിറ്റഴിയുന്നത് അവിടെയാണ് അവര്‍ക്ക് ലാഭം, എഴുതുന്നവര്‍ക്കും!. മലയാളത്തില്‍ എഴുതി കാശുണ്ടാക്കണം എന്ന് തോന്നുമ്പോള്‍ ഞാന്‍ വെണ്മണിക്കവിതകളുടെ പിന്തുടര്‍ച്ചയായി തുമ്മാരുകുടി കഥകള്‍ എഴുതും എന്ന് പ്ലാന്‍ ഇട്ടിട്ടുണ്ട്.

എഴുതാനുള്ള കഴിവ് കൊണ്ട് വേറെയും നല്ല വരുമാന മാര്‍ഗങ്ങളുണ്ട്.  കേരളത്തില്‍ അധികമാര്‍ക്കും അറിയാത്ത ഒരു തൊഴില്‍മേഖലയാണ് കോപ്പി എഡിറ്റിംഗ് എന്നത്. ഇംഗ്ലീഷിലോ മലയാളത്തിലോ നമ്മള്‍ എഴുതുന്നത്, അതൊരു ജോലി അപേക്ഷയാണെങ്കിലും പ്രോജക്ട് പ്രൊപ്പോസല്‍ ആയാലും , ബുക്കായാലും, യൂസര്‍ മാനുവലായാലും ഭാഷാപരമായി ഒരു തെറ്റുമില്ലാതെ, കുത്തും കോമയും പാരഗ്രാഫും വ്യാകരണവും സ്‌പെല്ലിങ്ങുമൊക്കെ  ശരിയാക്കിത്തരുന്ന പരിപാടിക്കാണ് കോപ്പി എഡിറ്റിംഗ് എന്നു പറയുന്നത്. ഇംഗ്ലീഷ് കോപ്പി എഡിറ്റിംഗിന് ലോകത്ത് വന്‍ സാധ്യതകളാണുള്ളത്. ഇന്റര്‍നെറ്റിന്റെ കാലത്ത് നമുക്ക് നാട്ടില്‍ ഇരുന്നു ചെയ്യാവുന്ന പണിയാണ്. നമ്മളുടെ ഇംഗ്ലീഷ് ഉച്ഛാരണം മോശമാണെന്ന കാര്യം കോപ്പി എഡിറ്റിങ്ങിനെ ബാധിക്കുന്നില്ല. ഞാന്‍ ജനീവയില്‍ ഇരുന്ന് ഇംഗ്ലീഷില്‍ എന്തെഴുതിയാലും കോപ്പി എഡിറ്റ് ചെയ്യുന്നത് തൃപ്പൂണിത്തുറയില്‍ ഇരുന്ന് മാലതിയാണ്. ഒരു പേജിന് നൂറു രൂപയില്‍ താഴെ ചെലവ് വരും. കേരളത്തില്‍ ഇംഗ്ലീഷ് നന്നായി, കൃത്യമായി, എഴുതാന്‍ അറിയാവുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ്. പുറത്തേക്കൊക്കെ പഠിക്കാനോ ജോലിക്കോ ഒക്കെ ഒരു അപേക്ഷ എഴുതുമ്പോള്‍ അതില്‍ ഭാഷയില്‍ തെറ്റുണ്ടെങ്കില്‍ അത് വലിയൊരു കല്ലുകടിയാണ്. ആശയപരമായി എത്ര നല്ലതാണെങ്കിലും ഇടക്കിടക്ക് തെറ്റ് വന്നാല്‍ വായിക്കുന്നവര്‍ അതെടുത്ത് ചവറ്റുകുട്ടയില്‍ ഇടും. അത് കൊണ്ട് തന്നെ പുറത്തേക്ക് അപേക്ഷ ഒക്കെ അയക്കുന്നവര്‍ അവരുടെ മോട്ടിവേഷന്‍ ലെറ്റര്‍ ഒക്കെ പ്രൊഫഷണല്‍ ആയി കോപ്പി എഡിറ്റ് ചെയ്യിക്കാന്‍ ശ്രദ്ധിക്കണം. ഇതൊരു തൊഴില്‍ സാധ്യതയായി കേരളത്തില്‍ വളരട്ടെ.

കോപ്പി എഡിറ്റിങ്ങിന് മലയാളത്തിലും വലിയ സാധ്യത ഉണ്ട്. പക്ഷെ പ്രമുഖ പത്രങ്ങളില്‍ ഒഴിച്ച് പ്രൊഫഷണല്‍ ആയിട്ടുള്ള ആളുകള്‍ ഇവിടെയും കുറവാണ്. ഫ്രീലാന്‍സ് ആയി മലയാളത്തില്‍ കോപ്പി എഡിറ്റിങ് ചെയ്യുന്നവര്‍ അതിലും കുറവ്. മൂന്നു വര്‍ഷം എടുത്തു എനിക്ക് അങ്ങനെ ഒരാളെ കണ്ടുപിടിക്കാന്‍. ഇപ്പോള്‍ ഞാന്‍ എഴുതുന്നതെല്ലാം തന്നെ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് ഒരാള്‍ കോപ്പി എഡിറ്റ് ചെയ്യാറുണ്ട്. ഡല്‍ഹിയിലും കൊച്ചിയിലും ആയി സമയം പങ്കുവയ്ക്കുന്ന സിന്ധുവാണ് എന്റെ ഫേവറിറ്റ് കോപ്പി എഡിറ്റര്‍. മലയാളത്തില്‍ പല പുസ്തകങ്ങളും വായിക്കുമ്പോള്‍ അതൊക്ക ആരെങ്കിലും നന്നായി കോപ്പി എഡിറ്റ് ചെയ്തിരുന്നെങ്കില്‍ എന്ന് ഞാന്‍ വിചാരിക്കാറുണ്ട്. പ്രൊഫഷണല്‍ ആയി കോപ്പി എഡിറ്റ് ചെയ്യുന്നവര്‍ ഒരു ചെറിയ വെബ്‌സൈറ്റ് ഒക്കെ ഉണ്ടാക്കി മുന്‍കൂര്‍ റേറ്റ് എല്ലാം ഫിക്‌സ് ചെയ്ത് തുടങ്ങിയാല്‍ വീട്ടിലിരുന്നും ചെയ്യാവുന്ന പണിയാണിത്.  

തൊഴില്‍ ജീവിതത്തിന് തയ്യാറെടുക്കുന്നവര്‍ ലക്ഷ്യം വെക്കരുതാത്ത ചില രംഗങ്ങള്‍ കൂടിയുണ്ട്. സിനിമയില്‍ അഭിനയിക്കുക, ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടുക, ഒളിമ്പ്യനാകുക എന്നിങ്ങനെ. ഇതൊന്നും നല്ല തൊഴിലല്ലാത്തതിനാലല്ല, മറിച്ച് അവിടെ എത്തിപ്പറ്റാനുള്ള സാധ്യതക്കുറവ് കൊണ്ടാണ് ഇവയില്‍ നിന്നും ഞാന്‍ കുട്ടികളെ പിന്തിരിപ്പിക്കുന്നത്. ഇപ്പോഴത്തെ നിലയില്‍ ചുരുങ്ങിയത് ഒരു ഐ.പി.എല്ലില്‍ എങ്കിലും കളിക്കാന്‍ പറ്റിയാലേ എങ്ങനെയെങ്കിലും ആ തൊഴില്‍ കൊണ്ട് ജീവിച്ചു പോകാന്‍ പറ്റൂ. ഒരു വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏതാണ്ട് രണ്ടു കോടി കുഞ്ഞുങ്ങള്‍ ആണ് ഉണ്ടാകുന്നത്. അതില്‍ പകുതി ആണ്‍കുട്ടികള്‍ ആണെന്ന് വക്കുക. നല്ല പരിശീലനം കൊടുത്താല്‍ ഇന്ത്യന്‍ ടീമില്‍ അല്ലെങ്കില്‍ ഐ.പി.എല്ലില്‍ എങ്കിലും എത്താന്‍ കഴിവുള്ള ഏറെ കുട്ടികള്‍  ഈ കോടി പയ്യന്മാരില്‍ കാണും. പക്ഷെ, ഒരു വര്‍ഷം ശരാശരി പത്തോ ഇരുപതോ പേര്‍ക്കാണ് ടീമിലെത്താന്‍ അവസരം കിട്ടുന്നത്. അതായത്, സാധ്യത എന്നത് ഒരു ലക്ഷത്തില്‍ ഒന്നിലും താഴെയാണ്. അത് കൊണ്ട് തന്നെ ടീമില്‍ എത്താന്‍ ടാലന്റ് മാത്രം പോരാ, ഭാഗ്യവും ബന്ധങ്ങളും ഒക്കെ വേണം.

ഏറെ ഗ്ലാമര്‍ ഉള്ളതും എന്നാല്‍ ചുരുക്കം ചിലര്‍ക്ക് മാത്രം ശോഭിക്കാന്‍ പറ്റുന്നതുമായ ഏതു പ്രൊഫഷണല്‍ രംഗവും ഇതുപോലെ ലോട്ടറിയാണ്. ഈ പ്രൊഫഷനുകളില്‍ അധികാരമോ വരുമാനമോ ഒക്കെ കൂടുന്നതോടെ അവിടെ എത്താന്‍ കഴിവിലും പ്രധാനം ചരടുവലികള്‍ ആണെന്ന് വരും. അപ്പോള്‍ ആ രംഗത്ത്  വലിയ ബന്ധു ബലമോ സാമ്പത്തികമായ വന്‍ അടിത്തറയോ ഒന്നുമില്ലെങ്കില്‍ നമ്മുടെ കുട്ടികളെ എത്ര കഴിവുണ്ടെങ്കിലും ഇത്ര വലിയ ലോട്ടറിപ്പണിക്ക് വിട്ടുകൊടുക്കുന്നത് ശരിയല്ല. ഏതു തൊഴിലിനെ പറ്റി ചിന്തിക്കുമ്പോഴും ഇക്കാര്യം എപ്പോഴും മനസ്സില്‍ വക്കുക. ഏതെങ്കിലും ഒരു തൊഴില്‍ കൊണ്ട് കേരളത്തില്‍ ഒരു ആയിരം പേരെങ്കിലും ജീവിക്കുന്നതായി നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ ആ തൊഴിലിലേക്ക് കുട്ടികളെ പറഞ്ഞു വിടാതിരിക്കുന്നതാണ് ബുദ്ധി.

എന്നുവെച്ച് ക്രിയേറ്റിവ് റൈറ്റിങ്ങും ക്രിക്കറ്റ് കളിയും രാഷ്ട്രീയവും ഒന്നും ഉപേക്ഷിക്കേണ്ട കാര്യമില്ല കേട്ടോ. അതെല്ലാം ധൈര്യമായി കൊണ്ടുനടക്കുകയും പറ്റുമ്പോള്‍ ഒക്കെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും വേണം. സ്‌കൂളിനോ സ്റ്റേറ്റിനോ വേണ്ടി കളിയ്ക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കരുത്. കോളേജിലും പഞ്ചായത്തിലും ഒക്കെ പറ്റിയാല്‍ ഇലക്ഷന് നില്‍ക്കുകയും വേണം. എന്നാല്‍ അതുകൊണ്ട് ഒരു ഭാവിജീവിതം കരുപ്പിടിപ്പിക്കാമെന്ന ശുഭപ്രതീക്ഷ വേണ്ട. സ്വപ്നങ്ങള്‍ സാധിച്ചാല്‍ നന്ന്. സാധിച്ചില്ലെങ്കില്‍ സുരക്ഷിതമായി താഴേക്ക് ചാടാന്‍ പറ്റുന്ന ഒരു സേഫ്റ്റിനെറ്റ് നേരത്തെ കണ്ടുവെച്ചേക്കണം.

നാടകക്കമ്പനി എന്തായാലും വേണ്ട.

ഈ പരമ്പരയുടെ മുന്‍ലക്കങ്ങള്‍ 

1. അതിരുകളില്ലാത്ത ലോകം, മതിലുകളുയരുന്ന ലോകം 

2. ചാട്ടത്തിലെങ്ങാനും പിഴച്ചുപോയാല്‍ 

3. മൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റര്‍ 

4. ഈ കുട്ടിക്ക് ഒരു ജീവിതം കൊടുക്കൂ....

5. ഈ എന്‍ജിനീയര്‍മാര്‍ക്കെന്താ കൊമ്പുണ്ടോ?

6വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍

7. ഞങ്ങള്‍ വക്കീലന്മാരെന്താ മോശാ?