സുവ്യക്തത, സഹാനുഭൂതി, സംഭാവന - സമൂഹത്തിന്റെ അതിജീവനത്തിന്റെ ആണിക്കല്ലുകളാണവ. ചിന്തകളുടെ ഉള്ളടക്കത്തില്‍ നിന്നല്ല, വ്യക്തത ഉണ്ടാവുക അവബോധത്തിന്റെ ലേസര്‍മൂര്‍ച്ചയില്‍ നിന്നാണ്. വ്യക്തിയുടെ കേവലമായ സാങ്കേതികവൈദഗ്ധ്യത്തെ അസാധാരണമായ നേതൃപാടവമായി ഉയര്‍ത്തിയെടുക്കുക സഹാനുഭൂതിയാണ്. അതില്ലാത്ത വൈദഗ്ധ്യം വിനാശകരവുമായേക്കാം. ഒരാളുടെ യഥാര്‍ഥ സംഭാവന ചെയ്യുന്നതിന്റെ നെടുനീളന്‍ ലിസ്റ്റല്ല, മറിച്ച് ആ ദൗത്യങ്ങളുടെ മൂല്യത്തെ സമൂഹം എങ്ങിനെ അടയാളപ്പെടുത്തുന്നു എന്നതാണ്. സംഭാവന ചെയ്ത കാര്യങ്ങളുടെ ലിസ്റ്റിനപ്പുറത്തേക്ക് കടക്കുകയും അതു സംഭാവന ആവുകയും ചെയ്യുക അപ്പോള്‍ മാത്രമാണ്.

സ്വയം മാറാന്‍ മടിയുള്ളവരാണ് നമ്മള്‍. പാന്‍ഡമിക് കടപുഴക്കിയത് നമ്മുടെ ആ ശീലത്തെയാണ്. തകര്‍ത്തെറിഞ്ഞത് പരമ്പരാഗത രീതികളെയുമാണ്. എല്ലാമുണ്ടായിട്ടും ഇന്നേവരെ ചിന്തിക്കുക കൂടി ചെയ്യാത്ത രീതികളിലേക്ക് മാറേണ്ടിയും വന്നു. പഴയ ജീവിത സമ്പ്രദായങ്ങളെ അതിജീവനത്തിന്റെ പുതിയ ചിന്തകള്‍ തിരുത്തി. ഒഴിവാക്കാമായിരുന്നു യാത്രകള്‍ക്കായി സമയവും ഊര്‍ജവും ചെലവിട്ട നാം ഇന്ന് അതൊക്കെയും ഏതെങ്കിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ചെയ്യുന്നു.

ഏതെങ്കിലും സ്റ്റേഷനില്‍ വന്നുചേരേണ്ട തീവണ്ടിയെയും കാത്തിരുന്നവര്‍ക്ക് സ്റ്റേഷനും തീവണ്ടിയുമില്ലാതെ സ്വന്തം ലോകത്തെ വീടകത്ത് സാധ്യമാക്കാനും കാര്യങ്ങള്‍ ക്ഷിപ്രസാധ്യമാക്കാനും കഴിയുന്നു. സ്വന്തംവീട് ഓഫീസും ഫാക്ടറിയുമാവുമ്പോള്‍ മാറിയത് പഴയ മോഡലുകളാണ്. കാലദേശ സങ്കല്പങ്ങളെ പുതുക്കിപ്പണിത ബോധത്തിന്റെ പുതിയ മാതൃകകളെ നമുക്ക് സ്വാഗതംചെയ്യാം.

മഹാമാരിയുടെ നല്ലവശം, പ്രതികൂലാവസ്ഥയിലെ അനുകൂലഘടകം അതാണ്. നിങ്ങള്‍ എവിടെയായിരുന്നാലും ചെറുതെങ്കിലും നന്മനിറഞ്ഞ കാര്യങ്ങള്‍ ചെയ്യുക. ഈ ചെറിയ ചെറിയ കാര്യങ്ങള്‍ ഒന്നായി ചേരുമ്പോഴാണ് അതു ലോകത്തെ മാറ്റിമറിക്കുന്നത് എന്നു പറഞ്ഞത് നോബേല്‍ ജേതാവും പുരോഹിതനും പ്രക്ഷോഭകനുമായ ഡെസ്മണ്ട് ടുട്ടുവാണ്. കാലം നമ്മോട് ആവശ്യപ്പെടുന്നതും അതാണ്.

Content Highlights: Covid-19 pademic which totally changed the world order, IIMK directors column, career guidance