ഈ കോവിഡുകാലം കടന്നുപോവുക പലരെയും അവരുടെ സിദ്ധികളെപ്പറ്റി ഓര്‍മപ്പെടുത്തിക്കൊണ്ടു കൂടിയാണ്. സ്വയം കണ്ടെത്തലിന്റെയും വീണ്ടെടുക്കലിന്റെയും നാളുകളില്‍ ശില്പികളല്ലാത്തവരുടെ മനോഹര ശില്പങ്ങള്‍, വരയ്ക്കാത്തവരുടെ വരകളും സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. കിടമത്സരങ്ങളുടെ ലോകമാണ്, അവിടെ ജയിക്കാന്‍ കഠിനമായ പരിശ്രമം ആവശ്യമാണ്. ഏതാണ്ടെല്ലാവര്‍ക്കും സ്ഥിരമായി കിട്ടുന്ന ഒരുപദേശം അതാണ്. എന്നാല്‍, ഓരോ വ്യക്തിയും മറ്റൊരാളില്‍നിന്ന് വ്യത്യസ്തരാണ്, ജീവശാസ്ത്രപരമായും ചിന്തകളാലും കാഴ്ചപ്പാടുകളാലും കഴിവുകളാലും ഒക്കെയും.
ആ വൈവിധ്യമാണ് സമൂഹത്തിന്റെ സൗന്ദര്യവും. സര്‍ഗാത്മകമായ വൈവിധ്യത്തെ അറിയാതെ സാമ്യത്തെ മാത്രം എടുക്കുമ്പോഴാണ് മത്സരമാണ് വേണ്ടതെന്ന ബോധമുണ്ടാവുന്നത്. സൂക്ഷിച്ചുനോക്കിയാല്‍ മത്സരവിജയം സാമര്‍ഥ്യത്തെയാണ് ആശ്രയിക്കുന്നത്. സര്‍ഗശേഷി മത്സരശേഷിയുമായി യോജിച്ചു പോവുന്നതല്ല. സൃഷ്ടിപരത മറ്റുള്ളവരുമായി മത്സരിച്ചു തെളിയിക്കേണ്ട ഒന്നല്ല. സ്വന്തംഭാവനയുടെയും ചിന്തയുടെയും കഴിവിന്റെയും ലോകത്തെ ഏകോപനം മാത്രമാണത്. പരിമിതികള്‍ നിശ്ചയിക്കുന്ന ലോകമാണ് മത്സരങ്ങളുടേതെങ്കില്‍ സൃഷ്ടിപരതയുടെ ലോകം പരിമിതികളറിയാത്തതാണ്.
പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങുന്നവര്‍ ഭാവനാദരിദ്രരാണെന്ന ഓസ്‌കര്‍ വൈല്‍ഡ്. മത്സരിച്ചു ജയിക്കാനിറങ്ങുന്നയാള്‍ ആദ്യം പണയപ്പെടുത്തുക സ്വന്തം സവിശേഷതകളെയാണ്. മത്സരിക്കാന്‍ വേണ്ടത് സാമര്‍ഥ്യം മാത്രമാണ്. അവിടെ നമ്മള്‍ മറികടക്കുന്നതു നമ്മുടെ കഴിവിന്റെ പരിമിതികളെയല്ല, മറിച്ച് മറ്റൊരാളുടെ കഴിവിനെയാണ്. മുന്നിലുള്ളയാള്‍ എതിരാളിയായി മാറുകയാണ്, എതിരാളിയെ മറികടക്കാന്‍ വേണ്ടതു സാമര്‍ഥ്യമാണ്, സൃഷ്ടിപരമായ കഴിവല്ല. അതിസാമര്‍ഥ്യം വിനാശകരമാണ്, അതു വ്യക്തികളെത്തന്നെ നശിപ്പിക്കും. പട്ടാളത്തിനൊരു യുദ്ധതന്ത്രമുണ്ട്, പിന്‍വാങ്ങുമ്പോള്‍ ശത്രുക്കള്‍ക്കു ഉപയോഗിക്കാന്‍ പറ്റിയേക്കാവുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ അതിനെ നശിപ്പിച്ചുപോവുന്ന ഒരു രീതി.
സാമര്‍ഥ്യത്തിനു ബന്ധം ഏറെയും സംഹാരത്തോടാണ്, സൃഷ്ടിയോടല്ല. മത്സരം ഊര്‍ജം ചോര്‍ത്തിക്കളയുമ്പോള്‍ സൃഷ്ടിപരത ഊര്‍ജദായകമാണ്. മത്സരത്തിനായി നമ്മള്‍ കഷ്ടപ്പെട്ടു തയ്യാറെടുക്കുകയാണ്. മത്സരിക്കുകയല്ലാതെ മറ്റു രക്ഷയില്ല എന്നതുകൊണ്ടാണത്. സൃഷ്ടിപരതയുടെ മേഖലകളില്‍ നമ്മള്‍ അതിനായി പ്രചോദിതരാവുകയാണ്. ആദ്യത്തേതു മടുപ്പിക്കുന്ന അധ്വാനമായി തോന്നും. രണ്ടാമത്തേത് ഒട്ടുമേ വിരസമല്ലാത്ത വിനോദമായും തോന്നും.
ആദ്യത്തേത് പലവക നിബന്ധനകളാല്‍ നിയന്ത്രിതമാണ്. അവിടെ പ്രായം, കാലം, ഇടം പിന്നെയും ഒട്ടേറെ കാണാച്ചരടുകള്‍ കുരുക്കുകള്‍ മുറുക്കും. സൃഷ്ടിപരതയുടെ ലോകത്തു ഇതൊന്നുമില്ല. പ്രചോദിതരായ വ്യക്തികള്‍ മാത്രം. സൃഷ്ടിപരതയെ അതിമനോഹരമായി സ്റ്റീവ് ജോബ്‌സ് വിശദീകരിച്ചിട്ടുണ്ട് -ക്രിയേറ്റിവിറ്റി എന്നാല്‍, കാര്യങ്ങള്‍ ബന്ധിപ്പിക്കുക മാത്രമാണ്. വളരെ ക്രിയേറ്റീവായ ആളുകളോട് അവരെങ്ങനെയാണ് അത് ചെയ്തുതീര്‍ത്തത് എന്നു ചോദിച്ചാല്‍ അവര്‍ പെട്ടുപോകും. അവര്‍ക്കു കുറ്റബോധം തോന്നിപ്പോവും. കാരണം അവര്‍ സത്യത്തില്‍ ഒന്നും ചെയ്തിട്ടില്ല മറിച്ച് അവര്‍ എന്തോ കണ്ടു എന്നതു മാത്രമാണ്.
(കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടറാണ് ലേഖകന്‍)
Content Highlights: Competitions will destroy the real you, career guidance, Covid-19