- ജോലിക്ക് അപേക്ഷിച്ചവർ- 9011
- അഭിമുഖത്തിന് പങ്കെടുത്തവർ- 6646
- ജോലി വാഗ്ദാനം സ്വീകരിച്ചവർ- 3815
- ഇന്ത്യൻ കമ്പനികൾ വാഗ്ദാനംചെയ്ത കൂടിയ വാർഷികശമ്പളം- 22.50 ലക്ഷം രൂപ.
- വിദേശകമ്പനികളുടെ വാഗ്ദാനം 36 ലക്ഷം രൂപ.
- ബാക്കിയുള്ളവരുടെ ശരാശരി വാർഷിക ശമ്പള വാഗ്ദാനം- 7.43 ലക്ഷം രൂപ
ഐ.ടി., എൻജിനിയറിങ് മേഖലകളിലെ ജോലിക്കായി നടത്തിയ പ്ലേസ്മെന്റിന്റെ കണക്കല്ല ഇത്. ഇക്കൊല്ലം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) നടത്തിയ കാമ്പസ് പ്ലേസ്മെന്റ് പ്രോഗ്രാമിന്റെ ബാക്കിപത്രമാണിത്. ജോലി വാഗ്ദാനം ലഭിക്കാത്തവർ നിരാശരാകേണ്ട സാഹചര്യവുമില്ല. മറ്റ് സ്ഥാപനങ്ങളിൽ ജോലിക്കോ അല്ലെങ്കിൽ സ്വയം പ്രാക്ടീസോ തിരഞ്ഞെടുക്കാം. മോഹശമ്പളവും ധനകാര്യ മാനേജ്മെന്റ് കരിയറും ലക്ഷ്യമിടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒന്നാണ് ചാർട്ടേഡ് അക്കൗണ്ടൻസി (സി.എ.).
പഠനം പ്രയാസമാണെന്ന് കരുതുന്നവർ ഓർക്കുക. കുറഞ്ഞചെലവിൽ പഠനം പൂർത്തിയാക്കാനും മികച്ചശമ്പളം നേടാനും കഴിയുന്ന മറ്റൊരു പ്രൊഫഷണൽ കോഴ്സ് ഇല്ലെന്ന കാര്യം. പരിശീലനത്തിന് ഐ.സി.എ.ഐ. യുടെ ചാപ്റ്ററുകളെ ആശ്രയിക്കാം. അവിടുന്നുകിട്ടുന്ന സ്റ്റഡി മെറ്റീരിയൽ കൊണ്ടുമാത്രം കാര്യങ്ങൾ മുന്നോട്ടോടില്ല. ചിട്ടയൊപ്പിച്ച് സ്വയംപഠനം നടത്തിയാൽ നാലുവർഷംകൊണ്ട് ജയിക്കാം. കൊമേഴ്സ് പഠിച്ചവർക്കേ സി.എ. പഠനത്തിൽ ശോഭിക്കാനാകൂ എന്നധാരണയും ശരിയല്ല.
സി.എ. ജോലി എവിടെയൊക്കെ
ഓഡിറ്റിങ്, അക്കൗണ്ടിങ്, കോർപ്പറേറ്റ് ഫിനാൻസ്, ബിസിനസ് നിയമം, ടാക്സേഷൻ തുടങ്ങിയ മേഖലകളിലാകും പ്രവർത്തനം. സ്ഥാപനങ്ങളുടെ അക്കൗണ്ട് എഴുതുക, ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് തയ്യാറാക്കുക, വിവിധ നികുതി റിട്ടേണുകൾ തയ്യാറാക്കുന്നതടക്കമുള്ള ടാക്സേഷൻ ജോലികൾ, കമ്പനി രൂപവത്കരണവും ലിക്വിഡേഷനുമായും ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇവയൊക്കെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ജോലികളിൽപെടുന്നതാണ്. മണി മാനേജർ, ഫിനാൻസ് പ്ലാനർ, ഫിനാൻഷ്യൽ അനലിസ്റ്റ്, അക്കൗണ്ടൻസി വിദഗ്ധൻ, കോർപ്പറേറ്റ് മാനേജർ, നിക്ഷേപവിദഗ്ധൻ തുടങ്ങി വിവിധ തലങ്ങളിൽ ജോലിചെയ്യാം.
പഠനം ഇങ്ങനെ
പ്ലസ്ടു ജയിച്ചവർക്ക് ഫൗണ്ടേഷൻ കോഴ്സിന് അപേക്ഷിക്കാം. ഫീസ് 9000 രൂപ. പേപ്പറുകളുടെ എണ്ണം നാല്. പത്താംക്ലാസ് ജയിച്ചവർക്ക് ഫൗണ്ടേഷൻ കോഴ്സിന് അപേക്ഷിക്കാൻ മുമ്പ് അവസരം നൽകിയിരുന്നു. ഇത് പുനഃസ്ഥാപിക്കുന്നത് ഐ.സി.എ.ഐ. ആലോചിക്കുന്നുണ്ട്.
ഫൗണ്ടേഷൻ ജയിച്ചവർക്ക് ഇന്റർമീഡിയറ്റ് കോഴ്സിന് അപേക്ഷിക്കാം. എട്ടുമാസമാണ് പഠനം. രണ്ടുഗ്രൂപ്പുകളിലായി എട്ടുവിഷയങ്ങൾ പഠിക്കണം. ഒപ്പം 15 ദിവസത്തെ ഓറിയന്റേഷൻ കോഴ്സുണ്ടാകും. നൂറുമണിക്കൂർ ഐ.ടി. പരിശീലനം നിർബന്ധം. ഏതെങ്കിലും ഗ്രൂപ്പ് ജയിച്ചാൽ പ്രായോഗിക പരിശീലനത്തിനായി ആർട്ടിക്കിൾഷിപ്പിന് രജിസ്റ്റർ ചെയ്യാം. പ്രാക്ടീസ് നടത്തുന്ന ചാർട്ടേഡ് അക്കൗണ്ടന്റിന്റെ കീഴിലാകണം പരിശീലനം. ഇതിന് സ്റ്റൈപ്പന്റും ലഭിക്കും. മൊത്തം ഫീസ്- 26,500 രൂപ. ആർട്ടിക്കിൾഷിപ്പ് രജിസ്ട്രേഷൻ ഫീസ് 1000 രൂപ. പ്രായോഗിക പരിശീലനത്തിനിടയ്ക്ക് ഒന്നാംവർഷവും രണ്ടാംവർഷവും പരീക്ഷയുണ്ടാകും. 55 ശതമാനം മാർക്കുണ്ടെങ്കിൽ ബി.കോംകാർക്കും 60 ശതമാനം മാർക്കുണ്ടെങ്കിൽ മറ്റ് ബിരുദധാരികൾക്കും നേരിട്ട് ഇന്റർമീഡിയറ്റിന് ചേരാം.
ഇന്റർമീഡിയറ്റ് കഴിഞ്ഞാൽ ഫൈനലിലേക്ക്. ആർട്ടിക്കിൾഷിപ്പ് രണ്ടരവർഷം പൂർത്തിയാക്കിയവർക്കേ ഫൈനൽ പരീക്ഷ എഴുതാനാകൂ. രണ്ടുഗ്രൂപ്പുകളിലായി എട്ടുവിഷയങ്ങളാണ് പഠിക്കേണ്ടത്. ഇതിൽ ആറാമത്തെ പേപ്പറിൽ ആറ് വിഷയങ്ങളിലൊന്നിൽ സ്പെഷ്യലൈസ് ചെയ്യാം. 30 ദിവസത്തെ അഡ്വാൻസ് ഇന്റഗ്രേറ്റഡ് കോഴ്സ് ഓൺ ഐ.ടി. ആൻഡ് സോഫ്റ്റ്സ്കിൽസ് പരിശീലനവും ഇതിനിടയ്ക്ക് പൂർത്തിയാക്കണം. മൊത്തം ഫീസ് 36,500 രൂപ. ഫൈനൽ പരീക്ഷ ജയിക്കുകയും ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കുകയും ചെയ്തവർക്ക് ഐ.സി.എ.ഐ. അംഗത്വത്തിന് അപേക്ഷിക്കാം. ഫൈനൽ പരീക്ഷ ജയിച്ചാൽ അസോസിയേറ്റ് ചാർട്ടേഡ് അക്കൗണ്ടന്റ് (എ.സി.എ.) അംഗത്വം ലഭിക്കും. തുടർച്ചയായി അഞ്ചുവർഷം പ്രാക്ടീസ് ചെയ്തിട്ടുള്ളവർക്കും പത്തുവർഷം നിർദിഷ്ട കമ്പനികളിൽ ജോലിചെയ്തിട്ടുള്ളവർക്കും ഫെലോ ചാർട്ടേഡ് അക്കൗണ്ടന്റ് (എഫ്.സി.എ.) അംഗത്വവും ലഭിക്കും.
വിവരങ്ങൾക്ക് www.icai.org
പ്ലേസ്മെന്റ് വിശേഷങ്ങൾ
കഴിഞ്ഞ ആറുമാസത്തിനുള്ളിൽ സി.എ. പരീക്ഷ ജയിച്ച സമർഥർക്ക് ജോലി ഉറപ്പാക്കാൻ ഐ.സി.എ.ഐ.യുടെ കീഴിലുള്ള കമ്മിറ്റി ഫോർ മെമ്പേഴ്സ് ഇൻ ഇൻഡസ്ട്രി ആൻഡ് ബിസിനസ് (സി.എം.ഐ.ആൻഡ് ബി.) ആണ് പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നത്. രാജ്യത്തെ വിവിധസ്ഥലങ്ങളിൽ ഫെബ്രുവരി-മാർച്ച്, സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിലാണ് പ്ലേസ്മെന്റ് ക്യാമ്പ് നടത്തുക. അതിനായി രജിസ്റ്റർ ചെയ്യണം. ഇവർക്ക് ആദ്യം ഓറിയന്റേഷൻ ക്ലാസ് നല്കും.
കേരളത്തിൽ കൊച്ചിമാത്രമാണ് പട്ടികയിലുള്ളത്. രാജ്യത്തെയും വിദേശത്തെയും മുൻനിര കമ്പനികളാകും മിടുക്കരെ റാഞ്ചാനായി കളത്തിലുണ്ടാകുക. മൂന്നു തവണത്തെ പ്ലേസ്മെന്റ് കണക്കെടുത്താൽ 1327 പേർക്കാണ് ഒൻപതുലക്ഷം രൂപയ്ക്കുമേൽ വാർഷിക ശമ്പള വാഗ്ദാനം ലഭിച്ചത്, അതും കരിയറിന്റെ തുടക്കത്തിൽ. വിവരങ്ങൾക്ക്: www.cmib.icai.org
വിദേശത്തുപോകാം
വിദേശത്ത് ജോലിചെയ്യാൻ താത്പര്യമുള്ളവർക്ക് ഒക്ടോബർ 18 മുതൽ 21 വരെ ചെന്നൈ, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നുണ്ട്. കമ്മിറ്റി ഫോർ എക്സ്പോർട്ട് ഓഫ് സി.എ. സർവീസ് ആൻഡ് ഡബ്ല്യു.ടി.ഒ. നടത്തുന്ന ഡ്രൈവിന് സെപ്റ്റംബർ 27 വരെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. അക്കൗണ്ടന്റുമാരുടെ ധാരാളം ഒഴിവുകളുള്ളതിനാൽ ഇന്റർമീഡിയറ്റ് ജയിച്ചവർക്കും അവസരമുണ്ട്.
പണച്ചെലവില്ലാതെ പഠനം
ജി.എസ്.ടി., വാല്വേഷൻ, ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി തുടങ്ങിയ നൂതനമേഖലകളുടെ വരവോടെ സി.എ. കരിയറിന് സാധ്യതയേറുകയാണ്. ഏറ്റവും ചുരുങ്ങിയ ചെലവിൽ പഠിക്കാവുന്ന പ്രൊഫഷണൽ കോഴ്സാണിത്. മിക്കവർക്കും കോഴ്സ് ഫീസിനെക്കാൾ കൂടുതൽ തുക ആർട്ടിക്കിൾഷിപ്പ് ചെയ്യുമ്പോൾ സ്റ്റൈപ്പന്റായി കിട്ടും. അതിനാൽ പണച്ചെലവില്ലാതെ തന്നെ കോഴ്സ് പൂർത്തിയാക്കാം.
-ബാബു എബ്രഹാം കള്ളിവയലിൽ (ഐ.സി.എ.ഐ. സെൻട്രൽ കൗൺസിൽ അംഗം, ബോർഡ് ഓഫ് സ്റ്റഡീസ് മുൻ ചെയർമാൻ)
Content Highlights: Career Prospects of Chartered Accountant