എന്റെ അച്ഛനുമമ്മയും അധികം വിദ്യാഭ്യാസമുള്ളവരായിരുന്നില്ല. നാലാംക്ലാസില്‍ ഫീസ് കൊടുക്കാന്‍ പറ്റാത്തതിനാല്‍ അച്ഛന് ക്ലാസ്സില്‍ പോയില്ല. ആലുവയിലെ പ്രമുഖരായ തരകന്മാരുടെ തോട്ടത്തില്‍ റബര്‍വെട്ടാന്‍ പോയി. അതായിരുന്നു അച്ഛന്റെ ജീവിതത്തിന്റെ തുടക്കം. പിന്നെ ശിവരാത്രി മണപ്പുറത്ത് ചായക്കടയായി, ഇന്ത്യന്‍ അലൂമിനിയം കമ്പനിയില്‍ തൊഴിലാളിയായി, ഫാക്ട് കാന്റീനില്‍ സൂപ്പര്‍വൈസറായി പന്ത്രണ്ടു മുതല്‍ അറുപത് വയസ്സുവരെ നീണ്ട തൊഴില്‍ ജീവിതം. അമ്മയാണെങ്കില്‍ വീട്ടിലെ ആവശ്യങ്ങള്‍ക്ക് വെള്ളം സംഭരിക്കാന്‍ വേറെ ആളില്ലാത്തതിനാല്‍ അഞ്ചാംക്ലാസില്‍ പഠനം നിര്‍ത്തി. തൊഴിലും ജീവിതവും ഇന്നും തുടരുന്നു.
പൊതുവെ വിപ്ലവകാരികളൊന്നും ആയിരുന്നില്ല എന്റെ മാതാപിതാക്കള്‍. എന്നാല്‍ ഇന്നാലോചിക്കുമ്പോള്‍ അവരുടെ കാലത്തിന് മുമ്പേയുള്ള ഒരുകാര്യം അവര്‍ ചെയ്തു. എന്റെ സഹോദരിമാരുടെ വിദ്യാഭ്യാസം. നാല് സഹോദരിമാരാണ് എനിക്ക്. എല്ലാവരും വിദ്യാഭ്യാസവും ജോലിയും നേടണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. മൂന്നു സഹോദരിമാര്‍ ബിരുദവും ഒരാള്‍ ബിരുദാനന്തര ബിരുദവും നേടി.
അച്ഛന് ചേച്ചിമാരോ ഞങ്ങള്‍ ആണ്മക്കളോ പഠിക്കണമെന്ന് വലിയ നിര്‍ബന്ധമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ എല്ലാവരും സന്തോഷമായിരിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. ചേച്ചിമാരുടെ കാര്യത്തില്‍ പ്രത്യേകിച്ചും. സ്കൂളില്‍നിന്നും ഏതു വിനോദയാത്രക്കും അച്ഛന് ചേച്ചിമാരെ വിടുമായിരുന്നു. യാത്രചെയ്യാനും, ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാനും, ഹോസ്റ്റലില്‍ നിന്നു പഠിക്കാനുമൊന്നും അച്ഛന് എതിരായിരുന്നില്ല.
'ഇവരെയൊക്കെ കല്യാണം കഴിക്കുന്നവര്‍ ഏതു തരക്കാരായിരിക്കുമെന്നറിയില്ലല്ലോ. അപ്പോള്‍ എന്റെയടുത്തുള്ള അത്രയും നാള് അവര്‍ക്ക് എല്ലാ അവസരവും സ്വാതന്ത്ര്യവും നല്‍കണം' - എന്നതായിരുന്നു അച്ഛന്റെ ലൈന്‍.
എന്റെ മൂത്ത ചേച്ചിക്ക് ഇപ്പോള്‍ അറുപത് വയസ്സായി. കേരളത്തിലെ മാതാപിതാക്കള്‍ ഒക്കെ ഏറെ മാറി. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുക എന്നതിപ്പോള്‍ സര്‍വ്വസാധാരണം ആണ്. പക്ഷെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇപ്പോഴും കേരളത്തില്‍ തുല്യരല്ല. ആണ്‍കുട്ടികള്‍ക്ക് പൊതുവെ പതിനഞ്ചോ പതിനാറോ വയസ്സായാല്‍ കൂട്ടുകൂടാനും, പുറത്തുപോകാനും, കേരളത്തിന് പുറത്ത് (ഇന്ത്യക്ക് പുറത്തോ) സഞ്ചരിക്കാനും പഠിക്കാനുമൊക്കെയുള്ള അവസരം മാതാപിതാക്കള്‍ നല്കുന്നു.
എന്നാല്‍, ഇതേ ആവശ്യങ്ങള്‍ക്ക് തുല്യഅവകാശം പെണ്‍കുട്ടികള്‍ക്ക് പലയിടത്തും ലഭിക്കാതെ പോകുന്നു. കേരളത്തിലെ കോളേജുകളില്‍ ഭൂരിഭാഗവും പെണ്കുട്ടികളായിട്ടും, ഇന്ത്യക്ക് പുറത്ത് പഠനത്തിന് പോകുന്നവരില്‍ ഒരു ചെറിയ ശതമാനമേ പെണ്കുട്ടികളുള്ളൂ. കേരളത്തിന് പുറത്ത് ജോലിക്ക് അവസരങ്ങള്‍ വരുമ്പോള്‍ പോലും മാതാപിതാക്കള്‍ക്ക് പെണ്മക്കളെ പുറത്തയക്കാന്‍ മടിയാണ്.
അതിന്റെ ഫലമോ കൂടുതല്‍ കഴിവുള്ള പെണ്‍കുട്ടികള്‍ വീട്ടിലിരിക്കുമ്പോള്‍ ആണ്‍കുട്ടികള്‍ അവസരങ്ങള്‍ ഉപയോഗിച്ച് മുന്നേറുന്നു. വിദ്യാഭ്യാസത്തില്‍ കാണുന്ന മികവനുസരിച്ച് സമൂഹത്തില്‍ മുന്നേറാന്‍ സ്ത്രീകള്‍ക്ക് പറ്റാതെ പോകുന്നു. സ്ത്രീകളുടെ മുഴുവന്‍ അറിവും കഴിവും ഉപയോഗിക്കാതിരിക്കുന്നതിന്റെ നഷ്ടം അവര്‍ക്ക് വ്യക്തിപരമായി മാത്രമല്ല, പക്ഷെ സമൂഹത്തിന് മൊത്തമാണ്.
പക്ഷെ, നമ്മുടെ സമൂഹമിപ്പോള്‍ സ്ത്രീകള്‍ക്ക് അനുകൂലമായ ഏറെ നയങ്ങള്‍ ഒക്കെ ഉള്ള സ്ഥലമാണ്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനോ ജോലിക്കോ എതിരെ അധികം നിയമങ്ങള്‍ ഒന്നുമില്ല. ആര്‍മിയില്‍ പോലും ജോലി ചെയ്യുന്നതിനും പകലോ രാത്രിയോ ജോലിയെടുക്കുന്നതിനും ഒക്കെയുള്ള സ്ത്രീകളുടെ അവകാശം സര്‍ക്കാരും കോടതിയും അംഗീകരിച്ചുവരികയാണ്. അസ്വാതന്ത്ര്യങ്ങള്‍ ഏറെയും ഏര്‍പ്പെടുത്തുന്നത് കുടുംബത്തില്‍ നിന്നാണ്. ഇതിന് പല കാരണങ്ങളുമുണ്ട്.
- കേരളത്തിനു പുറത്ത് പെണ്‍കുട്ടികളെ അയച്ചാല്‍ അവര്‍ക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാലോ എന്ന സ്വാഭാവിക ഭയം.
- പെണ്‍കുട്ടികളെ എത്രയൊക്കെ പഠിപ്പിച്ചാലും കല്യാണം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ തൊഴിലിനും തൊഴില്സ്ഥലത്തിനും അനുസരിച്ച് ജീവിതം മാറുന്നതിനാല്‍ വലിയ നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ അര്‍ത്ഥമില്ല എന്ന തോന്നല്‍.
- പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചയക്കാന്‍ വന്‍തുക വേണ്ടിവരുന്നതിനാല്‍ പഠിപ്പിക്കാന്‍ കൂടി പണം ചെലവാക്കേണ്ടിവരുന്നത് അധിക ചിലവാണെന്ന ചിന്ത.
- പെണ്‍കുട്ടികളെ പഠിപ്പിച്ചാല്‍ അതുകൊണ്ട് കുടുംബത്തിന് ഗുണമുണ്ടാകില്ല എന്നും ആണ്‍കുട്ടികളാണെങ്കില്‍ അതാണ് കുടുംബത്തിന് നല്ലത് എന്നുമുള്ള കണക്കുകൂട്ടല്‍.
- പെണ്‍കുട്ടികള്‍ക്ക് അധികസ്വാതന്ത്ര്യം നല്കിയാലോ പുറത്തുവിട്ടു പഠിപ്പിച്ചാലോ അധികം പഠിപ്പിച്ചാലോ ഒക്കെ അവര്‍ക്ക് യോജിച്ച കല്യാണം നടക്കാന്‍ ബുദ്ധിമുട്ടാകുമെന്ന ചിന്ത.
ഓരോ കുടുംബത്തിലും ഓരോ കാരണമാകാം. അല്ലെങ്കില്‍ പല കരണങ്ങളാകാം. മാതാപിതാക്കളുടെ വീക്ഷണത്തില്‍ നിന്ന് നോക്കിയാല്‍ ഇന്നത്തെ സമൂഹത്തില്‍ ഇത് പലതും വസ്തുതയുമാണ്. അതേസമയം എന്റെ തലമുറയില്‍ ഒക്കെ ഉള്ള മാതാപിതാക്കള്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തുല്യമായി കാണുന്നവര്‍ ആണ്. പലപ്പോഴും വ്യക്തമായി ചിന്തിക്കാത്തതുകൊണ്ടോ അല്ലെങ്കില്‍ നമ്മുടെ സമൂഹത്തിന്റെ ചില ചട്ടക്കൂടുകളില്‍ നിന്ന് ചിന്തിക്കുന്നത് കൊണ്ടോ ആണ് അവരും ഇപ്പോഴും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പറ്റിയുള്ള തീരുമാനങ്ങള്‍ പില്ക്കാല വിവാഹജീവിതത്തെപ്പറ്റിയുള്ള ആശങ്കകളുടെ അടിസ്ഥാനത്തില്‍ ആക്കുന്നത്. ഇത് മാറ്റാന്‍ സമയമായി.
കേരളത്തിനു പുറത്തുവരുന്ന മലയാളി പെണ്‍കുട്ടികള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന വിധത്തിലാണ് പെരുമാറുന്നതും അവരുടെ പ്രൊഫഷനില്‍ ശോഭിക്കുന്നതും എന്ന് നിങ്ങള്‍ തന്നെ ശ്രദ്ധിച്ചാല്‍ അറിയാം. കേരളത്തിലെപ്പോലെ സമൂഹത്തിന്റെ അനാവശ്യമായ കണ്ണ് അവരിലില്ലാത്തതും അവരുടെ യാത്രകള്‍ക്കും താമസത്തിനുമൊന്നും ജോലിക്കും വസ്ത്രത്തിനും ഒന്നും കേരളത്തിലെ പോലെ മറ്റാളുകളുടെ ചിന്തയും സമയവും കാലവും നോക്കേണ്ടതില്ല എന്നതുമൊക്കെ അവരെ കൂടുതല്‍ സ്വതന്ത്രരാക്കുന്നു.
ആ സ്വാതന്ത്ര്യത്തില്‍ അവര്‍ പഠനത്തിലും തൊഴിലിലും ആത്മവിശ്വാസത്തോടെ നന്നായി ശോഭിക്കുന്നു. കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി മറ്റു നാടുകളില്‍ തിളങ്ങുന്നു. ഇത് നാല്‍പ്പതു കൊല്ലം മുന്‍പ് യൂറോപ്പില്‍ എത്തിയ നമ്മുടെ നേഴ്സുമാരയായലും ഇപ്പോള്‍ ബെംഗളൂരുവില്‍ ജീവിക്കുന്ന ഐടി തലമുറയായാലും ശരിയാണ്.
പെണ്‍കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ സ്വാഭാവികമായി വികസിപ്പിക്കാന്‍ പറ്റിയ ഒരു സ്ഥലമല്ല കേരളം. കേരളത്തിലെ കോളേജ് ലൈബ്രറികളില്‍ തൊട്ട് ലേഡീസ് ഹോസ്റ്റലുകളില്‍ വരെ പെണ്‍കുട്ടികള്‍ക്ക് അനാവശ്യമായ നിയന്ത്രണങ്ങളാണ്. അമ്പലപ്പറമ്പില്‍ തൊട്ട് പൊതുഗതാഗത സംവിധാനത്തില്‍ വരെ അവര്‍ക്കെതിരെ കടന്നുകയറ്റം പതിവാണ്. പൊതുവേദികള്‍ സ്ത്രീകള്‍ ഇപ്പോഴും അപൂര്‍വമാണ്, സദസ്സില്‍ നിന്നും അവരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കാന്‍ അധികം ആര്‍ക്കും താല്‍പ്പര്യമോ സമയമോ ഇല്ല. വഴിയേ പോകുന്ന സ്ത്രീകളെ തുറിച്ചു നോക്കുന്നതോ കമന്റടിക്കുന്നതോ ഒരു തെറ്റായി പോലും ആളുകള്‍ കരുതുന്നില്ല. അറിഞ്ഞോ അറിയാതെയോ നടക്കുന്ന ഈ വിവേചനങ്ങള്‍ ഒന്നും ഉടനെയൊന്നും മാറുമെന്ന് എനിക്ക് തോന്നുന്നില്ല.
അതെ സമയം പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും അവസരങ്ങളും ഉള്ള നഗരങ്ങള്‍ ഇന്ത്യയില്‍ തന്നെ പലതുണ്ട്. വികസിതരാജ്യങ്ങളില്‍ പൊതുവെ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ കൂടുതലും നിയന്ത്രണങ്ങള്‍ കുറവും ആണ്. മുമ്പ് പറഞ്ഞപോലെ അവിടെ എത്തിപ്പറ്റിയാല്‍ നമ്മുടെ കുട്ടികള്‍ ഏറെ ശോഭിക്കുന്നു ഉണ്ട്. അപ്പോള്‍ വാസ്തവത്തില്‍ നിങ്ങളുടെ മിടുക്കരായ പെണ്‍കുട്ടികള്‍ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സഹായമിതാണ്, അവരെ എത്രയും വേഗം കേരളത്തിന് പുറത്ത്, പറ്റിയാല്‍ ഇന്ത്യക്ക് പുറത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ ബഹുമാനവും സ്വാതന്ത്ര്യവും കിട്ടുന്ന നഗരങ്ങളില്‍ പഠിക്കാന്‍ വിടുക.
ആണ്‍കുട്ടികള്‍ കേരളത്തിലായാലും കുഴപ്പം ഒന്നുമില്ല, പക്ഷെ പെണ്‍കുട്ടികളുടെ ഭാവി കൂടുതല്‍ ശോഭനമാകുന്നത് അവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ഉള്ള സ്ഥലങ്ങളില്‍ അവരെ പഠിക്കാനും ജീവിക്കാനും അനുവദിക്കുമ്പോള്‍ ആണ്. പ്രത്യേകിച്ചും ദുബായില്‍ ഒക്കെ ഉള്ള മലയാളികള്‍ അവരുടെ പെണ്‍കുട്ടികളെ പഠിക്കാനായി നാട്ടില്‍ വിടുന്നത് അവരുടെ സ്വാതന്ത്ര്യത്തെയും സ്വപ്നങ്ങളെയും നിയന്ത്രിക്കുന്നതിന് തുല്യമാണ്. അത് വേണ്ട.
തൊഴില്‍ജീവിതത്തിന് നിങ്ങളുടെ പെണ്‍കുട്ടികളെ സജ്ജരാക്കുമ്പോള്‍ കേരളത്തിന് പുറത്തോ, ഇന്ത്യക്കു പുറത്തോ നിങ്ങളുടെ സാമ്പത്തികസ്ഥിതി അനുസരിച്ച് നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ അവസരം കിട്ടിയാല്‍, അതിനവരെ അനുവദിക്കുമെന്ന് ചെറുപ്പത്തിലേ വാക്കുകൊടുക്കുക. അവസരം വരുമ്പോള്‍ വാക്ക് പാലിക്കുക.
രണ്ടാമത്, പെണ്‍കുട്ടികള്‍ കോളേജില്‍ ആയിരിക്കുമ്പോഴോ പഠിച്ചിറങ്ങുമ്പോഴോ അവരെ വിവാഹം ചെയ്തയക്കാന്‍ ധൃതികൂട്ടരുത്. അവര്‍ ആവശ്യത്തിന് പഠിക്കട്ടെ, എന്നിട്ട് എന്തെങ്കിലും തൊഴില്‍ തേടട്ടെ, കുറച്ചൊക്കെ സ്വന്തമായി യാത്രചെയ്യട്ടെ. എന്നിട്ടു മതി വിവാഹം. പെണ്‍കുട്ടികള്‍ക്ക് നിങ്ങള്‍ ഒരു ജീവിതം നല്‍കുന്നത് അപ്പോഴാണ്, അല്ലാതെ ഏറ്റവും വേഗത്തില്‍ വിവാഹം കഴിപ്പിച്ചയക്കുമ്പോള്‍ അല്ല. പെണ്‍കുട്ടികളുടെ ചക്രവാളങ്ങള്‍ വിശാലമാകട്ടെ! അതുകൊണ്ട് അവര്‍ക്ക് നന്മയേ വരൂ, നിങ്ങള്‍ക്കും, സമൂഹത്തിനും.
ഈ പരമ്പരയുടെ മുന്‍ലക്കങ്ങള്‍ -
1. അതിരുകളില്ലാത്ത ലോകം, മതിലുകളുയരുന്ന ലോകം
2. ചാട്ടത്തിലെങ്ങാനും പിഴച്ചുപോയാല്‍