2003 - ലാണ് ഞാന്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ എത്തുന്നത്. വന്ന് രണ്ടാഴ്ചക്കകം മോന്റെ മുടി വെട്ടാനായി ഒരു പാര്‍ലറില്‍ പോയി. ഏകദേശം ഇരുപത്തഞ്ച് വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ് മുടി വെട്ടുന്നത്. ചെന്നപാടെ അവര്‍ മോനൊരു ചോക്ലേറ്റ് കൊടുത്തു. എനിക്ക് കാപ്പിയും. മുടി വെട്ടി പോരാന്‍ നേരത്ത് മോന്റെ കവിളില്‍ ഒരുമ്മയും കൊടുത്തു.
''ഇവിടെ ആണുങ്ങളുടെ മുടിവെട്ടുന്ന സ്ഥലം വല്ലതുമുണ്ടോ?'' ഞാന്‍ ചോദിച്ചു.
''ഞാന്‍ തന്നെ വെട്ടാമല്ലോ.'' എന്ന് പെണ്‍കുട്ടി
എന്റെയുള്ളില്‍ ലഡ്ഡു പൊട്ടി. ചോക്ലേറ്റ്, കാപ്പി, ഉമ്മ എല്ലാം ചേര്‍ന്ന പാക്കേജാണല്ലോ!
അന്ന് തൊട്ടിന്നുവരെ ജനീവയില്‍ മുടി വെട്ടുന്നത് പെണ്കുട്ടികളുടെയടുത്താണ്. എനിക്ക് പക്ഷെ, കാപ്പി മാത്രമേ കിട്ടിയുളളൂ കേട്ടോ. എന്നാലും കുഴപ്പമില്ല, വളരെ പ്രൊഫഷണല്‍ ആണ് കാര്യങ്ങള്‍. ആകെയുള്ള കുഴപ്പം, നാട്ടിലെ പോലെ ഓടിയങ്ങോട്ട് ചെല്ലാന്‍ പറ്റില്ല. കുറഞ്ഞത് ഒരാഴ്ച്ച മുന്‍പെങ്കിലും ബുക്ക് ചെയ്യണം. മുടി വെട്ടുന്നതിനു മാത്രം കൂലി 45 ഫ്രാങ്കാണ്, ഏകദേശം 3000 രൂപ. ഇപ്പോള്‍ മുടി കറുപ്പിക്കലും കൂടിയായപ്പോള്‍ രൂപ 6000.
എപ്പോഴും യാത്രയായതിനാല്‍ ജനീവയില്‍ മാത്രമല്ല മുടിവെട്ടാറ്. ലണ്ടനിലോ ബാങ്കോക്കിലോ ജപ്പാനിലോ ഇന്ത്യയിലോ ഒക്കെ സൗകര്യമനുസരിച്ച് ചെയ്യും. ലോകത്തെവിടെയായാലും അത് സ്വിറ്റ്സര്ലാന്ഡിലേക്കാള് കുറവാണ്. ഞാന്‍ ഇടക്കിടക്ക് നാട്ടില്‍ പോകുന്നതിന്റെ ഒരു കാരണം ജനീവയിലെ മുടി വെട്ടലിന്റെ മുടിഞ്ഞ കൂലിയാണെന്ന് വരെ ഓഫീസില്‍ അസൂയക്കാര് പറയും. അതില്‍ അല്പം സത്യവുമുണ്ട്. ഡല്‍ഹിയില്‍ ഐ.ഐ.ടി. കാംപസില്‍ ഇപ്പോഴും 20 രൂപക്ക് മുടിയും വെട്ടി ഒരു മസാജും തന്നുവിടും. എറണാകുളത്ത് 600 രൂപ കൊടുത്താല്‍ മുടി വെട്ടലും കറുപ്പിക്കലും ഒക്കെ നടക്കും, ബാക്കി 5400 രൂപ കൊണ്ട് എന്തെല്ലാം ചെയ്യാം.
എന്തുകൊണ്ടാണ് സ്വിറ്റ്സര്‍ലാന്‍ഡില്‍ മുടി വെട്ടുന്നതിന് ഇത്രയും ചാര്‍ജ്ജാകുന്നത്? മുടി വെട്ടുന്ന ആളുകളുടെ ക്ഷാമം കൊണ്ടാണെങ്കില്‍ എന്തുകൊണ്ട് 20 രൂപക്ക് മുടിവെട്ടുന്നവര്‍ ഡല്‍ഹിയില്‍ നിന്നും കൂട്ടമായി സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് എത്തിപ്പറ്റുന്നില്ല? ഈ ചോദ്യം ഉയരുന്നത് മുടി വെട്ടുന്നവരുടെ കാര്യത്തില്‍ മാത്രമല്ല. ലോകത്ത് തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള സ്ഥലമാണ് സ്വിറ്റ്സര്‍ലന്‍ഡ്.
ഏതാണ്ട് 1,50,000 രൂപയാണ് ജനീവയിലെ മിനിമം വേതനം. മിക്കവാറും ജോലിക്കൊക്കെ അതായത് പ്ലംബറോ ഇലക്ട്രിഷ്യനോ എന്തുമാകട്ടെ, ഇതിന്റെ രണ്ടോ മൂന്നോ ഇരട്ടി വരുമാനമുണ്ട്. അതേസമയം ബംഗ്ലാദേശ് മുതല്‍ പോളണ്ട് വരെ മെക്സിക്കോ മുതല്‍ നേപ്പാള്‍ വരെ എത്രയോ സ്ഥലങ്ങളില്‍ ഇതിന്റെ പത്തിലൊന്നു പോലും കൂലി കിട്ടാതെ, പണിയറിയാമെങ്കിലും ജോലി കിട്ടാതെ ആളുകള്‍ കഷ്ടപ്പെടുന്നു. എന്ജിനീയര്മാരായാലും നഴ്സുമാരായാലും യൂറോപ്യന്‍ രാജ്യങ്ങളില്‍ തൊഴിലില്ലായ്മ ഏറെ കുറവും ശമ്പളം കൂടുതലുമാണ്. ജനാധിപത്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ ആണിനും പെണ്ണിനും കല്യാണം കഴിച്ചവര്‍ക്കും കഴിക്കാത്തവര്‍ക്കും സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും അല്ലാത്തവര്‍ക്കും എല്ലാം തുല്യാവകാശങ്ങളാണ്. മനോഹരമായ പ്രകൃതിയാണ്, ശാന്തശീലരായ ജനതയാണ്. ചുമ്മാതല്ല യൂറോപ്പിലേക്ക് കുടിയേറാന്‍ ആളുകള്‍ ശ്രമിക്കുന്നത്. എന്നാലും എന്തുകൊണ്ടാണവര്‍ക്ക് യൂറോപ്പിലേക്ക് എളുപ്പത്തില്‍ വരാന്‍ പറ്റാത്തത്?
നാല് കാര്യങ്ങളാണ് യൂറോപ്പിലെ തൊഴില്‍ മേഖലയില്‍ എത്തിച്ചേരാന്‍ അത്യാവശ്യം വേണ്ടത്.
1 . വര്‍ക്ക് പെര്‍മിറ്റ്.
2 . വിസ.
3 . തൊഴില്‍ അനുസരിച്ചുള്ള പഠനവും പരിചയവും സര്‍ട്ടിഫിക്കേഷനും.
4 . ഭാഷ.
ഇതൊന്നും നേടാനത്ര എളുപ്പമല്ല. പശ്ചിമ യൂറോപ്പിലെ പോപ്പുലേഷന്‍ പിരമിഡില്‍ പ്രായമുള്ളവര്‍ കൂടുകയാണ്. അപ്പോള്‍ അവിടുത്തെ സമ്പദ് വ്യവസ്ഥ നിലനിര്‍ത്തണമെങ്കില്‍ പുറംനാടുകളില്‍നിന്ന് കുറച്ചൊക്കെ കുടിയേറ്റം അനുവദിച്ചേ പറ്റൂ. എന്നാല്‍ ഓസ്ട്രേലിയയിലും കാനഡയിലുമൊക്കെയുള്ളതു പോലെ ഒരു പോയിന്റ് സിസ്റ്റമൊക്കെ വെച്ച് അവര്‍ക്കാവശ്യമുള്ള തൊഴിലുകളിലുള്ളവര്‍ക്ക് ലോകത്തെവിടെനിന്നും അപേക്ഷിച്ച് സ്ഥിരതാമസത്തിനുള്ള അനുമതി കൊടുക്കുന്ന ഒരു സംവിധാനം ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലില്ല(യു.കെയിലെ കാര്യം പിന്നീടൊരിക്കല്‍ പറയാം). അതായത് ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് യൂറോപ്പിലെത്തിച്ചേരാന്‍ എളുപ്പവഴികളില്ല.
മുരളി തുമ്മാരുകുടിയുടെ 'എന്തു പഠിക്കണം എങ്ങനെ തൊഴില്‍ നേടാം' വാങ്ങാന്‍ ക്ലിക്ക് ചെയ്യുക
തല്ക്കാലം വളരെ കുറച്ചു മാര്‍ഗ്ഗങ്ങളാണ് യൂറോപ്പിലെ തൊഴില്‍ മാര്ക്കറ്റിലെത്തിപ്പറ്റാന് ഇന്ത്യക്കാര്‍ക്കുള്ളത്. ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളോ കമ്പനികളോ നിങ്ങളുടെ സേവനം ആവശ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് അവിടെനിന്നും ശരിയാക്കി നിങ്ങളെ യൂറോപ്പിലേക്ക് ക്ഷണിക്കുന്നു. ഇങ്ങനെയാണെങ്കില്‍ സാധാരണഗതിയില്‍ വിസക്ക് വലിയ ബുദ്ധിമുട്ടുണ്ടാവില്ല. ഇതാണേറ്റവും എളുപ്പവഴിയെങ്കിലും വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ഈ അവസരം കിട്ടാറുള്ളൂ.
രണ്ടാമത് യൂറോപ്പില്‍ ഓഫീസുള്ള, ഇന്ത്യയില്‍നിന്നോ മറ്റു രാജ്യങ്ങളില്‍നിന്നോ ഉള്ള ഏതെങ്കിലും കമ്പനികള്‍ നിങ്ങളെ യൂറോപ്പില്‍ തല്‍ക്കാലത്തേക്ക് പോസ്റ്റ് ചെയ്ത് താല്ക്കാലത്തേക്കുള്ള വര്‍ക്ക് പെര്‍മിറ്റും വിസയും എല്ലാം അവര്‍ തന്നെ അറേഞ്ച് ചെയ്യും. ഇതിനും വലിയ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്.
ഈ രണ്ടു തരത്തിലും വരുന്നവരുടെ പങ്കാളികള്‍ക്ക് പലപ്പോഴും ഇവിടെ വിസ കിട്ടുമെങ്കിലും ജോലി ചെയ്യാനുള്ള വര്‍ക്ക് പെര്‍മിറ്റ് കിട്ടില്ല. ഇത് ഭാവിയില്‍ വലിയ വിഷമമുണ്ടാക്കും.
മൂന്നാമത്തെ മാര്‍ഗ്ഗം യൂറോപ്പില്‍ ഏതെങ്കിലും യൂണിവേഴ്സിറ്റികളിലോ മറ്റു സ്ഥാപനങ്ങളിലോ വിദ്യാഭ്യാസത്തിനായി വരിക എന്നതാണ്. നിങ്ങളുടെ കോഴ്സിന്റേയും നിങ്ങള്‍ താമസിക്കുന്ന രാജ്യത്തിന്റെയും രീതികളനുസരിച്ച് പഠനത്തിനിടക്ക് തന്നെ നിങ്ങള്‍ക്ക് കുറച്ചു മാസം, അല്ലെങ്കില്‍ ആഴ്ചയില്‍ കുറച്ചു ദിവസം തൊഴില്‍ ചെയ്യാനവസരം കിട്ടും. പഠനം കഴിഞ്ഞാല്‍ ഒന്നോ രണ്ടോ വര്‍ഷം കൂടി യൂറോപ്പില്‍നിന്ന് തൊഴിലന്വേഷിക്കാനുള്ള അവകാശവും. ഇതൊന്നും സ്വാഭാവികമായി ഉണ്ടാകുകയില്ല. നിങ്ങള്‍ ചെയ്യുന്ന ജോലിക്കും കമ്പനിക്കും രാജ്യത്തിനും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
എങ്ങനെയെങ്കിലും യൂറോപ്പിലെത്തിയിട്ടോ വര്‍ക്ക് പെര്മിറ്റുണ്ടായിട്ടോ മാത്രം കാര്യമില്ല. ഡോക്ടര്‍ മുതല്‍ മുടി വെട്ട് ജോലിക്കുവരെ യൂറോപ്പില്‍ കര്‍ശനമായ പരിശീലന സര്ട്ടിഫിക്കേഷന് നിബന്ധനകളുണ്ട്. നാട്ടിലെ ഉന്നതബിരുദമുള്ള ഡോക്ടര്‍ ആണെങ്കില്‍ പോലും ജര്‍മ്മനിയില്‍ ജോലി ചെയ്യാന്‍ പറ്റില്ല.
മൂന്നുവര്‍ഷം 'shoot of hair'ലൊക്കെ പഠിച്ചിട്ടാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ ആളുകള്‍ വെട്ടാന്‍ വരുന്നത്. 6000 രൂപ വാങ്ങുന്നത് ചുമ്മാതല്ല. അപ്പോള്‍ നമ്മുടെ കയ്യിലുള്ള ക്വാളിഫിക്കേഷന്‍ ഇവിടെ അംഗീകരിക്കപ്പെട്ടതാണോ എന്ന് നമ്മള് അന്വേഷിച്ചു കണ്ടുപിടിക്കണം. യൂറോപ്പില്‍നിന്നു ലഭിച്ച പരിശീലനമാണെങ്കില്‍ അക്കാര്യത്തില്‍ എളുപ്പമായി.
ഇനി നമുക്ക് വിസയും വര്‍ക്ക് പെര്‍മിറ്റും അവിടെ അംഗീകരിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കിലും പ്രശ്നം തീരുന്നില്ല. ഓരോ യൂറോപ്യന്‍ നാട്ടിലും ഓരോ ഭാഷയാണ്. ആ നാടുകളിലെ ഭാഷ അറിഞ്ഞിരിക്കണം എന്നത് പല ജോലിക്കും നിര്‍ബന്ധമാണ്.
ചുരുക്കിപ്പറഞ്ഞാല്‍ ഗള്‍ഫ് പോലെ എളുപ്പത്തിലോ കാനഡ പോലെ അല്പം ബുദ്ധിമുട്ടിയോ ക്രാക്ക് ചെയ്യാന്‍ പറ്റുന്ന ഒന്നല്ല യൂറോപ്പിലെ തൊഴില്‍ മാര്‍ക്കറ്റ്. അതേസമയം ഇനി വരുന്ന കാലത്ത് യൂറോപ്പില്‍ സാങ്കേതിക വിദഗ്ദ്ധര്‍ക്കും നഴ്സുമാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനുമെല്ലാം തൊഴിലവസരങ്ങള്‍ കൂടിവരികയാണ്. ഏതെങ്കിലുമൊക്കെ സമയത്ത് വര്‍ക്ക് പെര്‍മിറ്റില്‍ കുറച്ച് അയവു വന്നുകൂടായ്കയില്ല. ചില നിര്‍ദേശങ്ങള്‍ ഇപ്പോഴേ നല്‍കാം.
യൂറോപ്പില്‍ ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ചില നിര്‍ദേശങ്ങള്‍:
യൂറോപ്യന്‍ രാജ്യങ്ങളില്‍ തൊഴിലാളികള്‍ക്ക് ക്ഷാമമുള്ള തൊഴിലുകള്‍ എന്തെന്നും ആ തൊഴിലുകളില്‍ എത്തിപ്പറ്റാനുള്ള യോഗ്യത (ബിരുദം, തൊഴില്‍ പരിചയം, സര്ട്ടിഫിക്കേഷന്, ഭാഷ) എന്തെന്നും ഇന്റര്‍നെറ്റ് വഴിയും അവിടങ്ങളില്‍ ജീവിക്കുന്നവരോട് ചോദിച്ചും മനസ്സിലാക്കുക.
ഏതു രാജ്യങ്ങളിലാണോ നമ്മള് നേടിയ പഠിത്തവും തൊഴില്‍ പരിശീലനവും ഡിമാന്റിലുള്ളത് എന്നതനുസരിച്ച് അവിടത്തെ ഭാഷ പഠിക്കുക, വേണ്ട സര്ട്ടിഫിക്കേഷന് നേടാന്‍ ശ്രമിക്കുക.
ഇന്ത്യയിലോ ഗള്‍ഫിലോ ജോലി ചെയ്യുമ്പോള്‍ യൂറോപ്യന്‍ കമ്പനികളിലോ യൂറോപ്പില്‍ ബ്രാഞ്ചുള്ള ഇന്ത്യന്‍/ ഗള്‍ഫ്/ മറ്റു നാടുകളിലെ കമ്പനികളിലോ തൊഴില്‍ നേടാന്‍ ശ്രമിക്കുക. അങ്ങനെ കമ്പനിയുടെ റഡാര്‍ സ്ക്രീനില്‍ എത്തിപ്പറ്റിയാല്‍ ഉടന്‍ തന്നെ ഭാഷാപഠനം ആരംഭിക്കുക. യൂറോപ്പില്‍ എത്തിയാല്‍ നമുക്ക് ഉപകാരമാകുമെന്ന് മാത്രമല്ല, ആ നാടുമായി സമന്വയിക്കാന്‍ നമ്മള് ശ്രമിക്കുമെന്നതിന്റെ സൂചന കൂടിയാണിത്.
ഇന്ത്യയിലോ ഗള്‍ഫിലോ ജോലി ചെയ്യുന്നവര്‍ സാധിക്കുമ്പോളൊക്കെ തൊഴില്‍ പരിശീലനത്തിനായോ കോണ്ഫറന്സിനായോ ഇതൊന്നുമല്ലെങ്കില്‍ ടൂറിസ്റ്റായെങ്കിലും യൂറോപ്പ് സന്ദര്‍ശിക്കുക.
യൂണിവേഴ്സിറ്റി വഴിയാണെങ്കിലും ക്ലയന്റ് വഴിയാണെങ്കിലും കസ്റ്റമര്‍ വഴിയാണെങ്കിലും സുഹൃത്തുക്കള്‍ വഴിയാണെങ്കിലും യൂറോപ്പില്‍ നെറ്റ്വര്ക് വര്‍ധിപ്പിക്കുക.
എത്ര ചെറിയ സമയത്തേക്കാണെങ്കിലും യൂറോപ്പില്‍ ഒരു തൊഴിലവസരം കിട്ടിയാല്‍ ഉടന്‍ സ്വീകരിച്ച് ആ സാഹചര്യം മുതലാക്കുക.
യൂറോപ്യന്‍ രാജ്യങ്ങള്‍ ഇടക്കൊക്കെ ചില മൈഗ്രേഷന്‍ അവസരങ്ങള്‍ പ്രഖ്യാപിക്കാറുണ്ട്. പണ്ട് യു.കെയിലുണ്ടായിരുന്നതു പോലത്തെ high skilled migration program, ജര്‍മ്മനി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബ്ലൂ കാര്‍ഡ് എന്നിങ്ങനെ. ബ്രെക്സിറ്റിന്റെ സാഹചര്യത്തില്‍ യൂറോപ്പിലും യു.കെയിലും പല തൊഴിലുകളിലും ഇന്ത്യക്കാര്‍ക്ക് അവസരങ്ങള്‍ കൂടാന്‍ പോവുകയാണ്. ഇതെല്ലാം എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കുക.
ഭാഷ പഠിച്ചതിനുശേഷം വേണം യൂറോപ്യന്‍ യൂണിവേഴ്സിറ്റികളില്‍ ഉപരിപഠനത്തിന് പോകാന്‍. മിക്കവാറും യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപരിപഠനം ഫ്രീയോ തീരെ ചെലവ് കുറഞ്ഞതോ ആണ്. ഭാഷയും കൂടി അറിയാമെങ്കില്‍ എന്തെങ്കിലും ജോലി ചെയ്ത് ചെലവിനുള്ള പണം കണ്ടെത്താം. പഠനം കഴിഞ്ഞാല്‍ ഇക്കാരണം കൊണ്ട് തൊഴില്‍ സാധ്യത ഏറുകയും ചെയ്യും. പക്ഷെ പല കുട്ടികളും ഇവിടെ വന്നതിന് ശേഷമാണ് ഭാഷ പഠിക്കാന്‍ ശ്രമിക്കുന്നത്. അപ്പോള്‍ രണ്ടു കൊല്ലം കഴിയുമ്പോള്‍ അവര്‍ക്ക് ആവശ്യത്തിനുള്ള പ്രാവീണ്യം ആയിട്ടുണ്ടാവില്ല, പിന്നെ ജോലി കിട്ടാതെ നിരാശയാവുകയും ചെയ്യും.
യൂറോപ്പില്‍ പഠനത്തിനോ ജോലിക്കോ ആയി എത്തിപ്പറ്റിയ ആദ്യത്തെ കുറച്ചുനാള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നേക്കാം. അതിനു മുമ്പെ, അത്യാവശ്യം പിടിച്ചുനില്‍ക്കാനുള്ള സാമ്പത്തിക ഭദ്രതയും നേടാന്‍ ശ്രമിക്കുക.
യൂറോപ്പില്‍ സന്ദര്‍ശനത്തിന് വന്ന് ഇവിടുത്തെ മനോഹരമായ പ്രകൃതിയും മറ്റു സൗകര്യങ്ങളുമൊക്കെ കണ്ട്, പ്രത്യേകിച്ച് സ്വിറ്റ്സര്ലാന്ഡൊക്കെ ഭൂമിയിലെ പറുദീസയാണെന്നാണ് മലയാളികളുടെ പൊതുധാരണ. അതുകൊണ്ട് അങ്ങനെയുള്ളവര്‍ക്കായി കുറച്ചുകാര്യങ്ങള്‍ കൂടി പറയാം.
യൂറോപ്പ് ഭൂമിയിലെ പറുദീസയൊന്നുമല്ല. ലോകത്തെ മറ്റെല്ലാ സ്ഥലങ്ങളെയും പോലെ ഗുണവും ദോഷവും ഇവിടെയുമുണ്ട്.
ഇന്ത്യയിലും ഗള്‍ഫിലും പോലെ വളരെ കുറഞ്ഞ ചെലവില്‍ ഒന്നും നടക്കില്ല എന്നതാണ് യൂറോപ്പിലെ ഏറ്റവും പ്രധാനമായ കാര്യം. വലിയ ശമ്പളമൊക്കെ ഉണ്ടെങ്കിലും അതനുസരിച്ച് ടാക്സ് നിരക്കും ഉയര്‍ന്നതാണ്. എന്ത് തൊഴിലിനും വലിയ കൂലിയുള്ളതിനാല് മുടിവെട്ടാന്‍ മാത്രമല്ല, നമ്മുടെ വീടിന്റെ കതക് അറിയാതെ പൂട്ടിപ്പോയാലും 5000 രൂപ ഗോപിയാണ്.
മറ്റുള്ള തൊഴിലുകള്‍ക്ക് വലിയ കൂലിയായതിനാല്‍ വീട്ടിലെ പാചകവും വീട് വൃത്തിയാക്കുന്നതും മാത്രമല്ല, പ്ലംബിങ്ങും മരപ്പണിയുമടക്കം മലയാളികള്‍ ജീവിതത്തില്‍ ഇന്നുവരെ ചെയ്തിട്ടില്ലാത്ത പണികള്‍ വരെ ചെയ്യേണ്ടിവരും. ഗള്‍ഫിലെ പോലെ ഗാര്‍ഡനിംഗും ഡ്രൈവിങ്ങും പ്ലംബിങ്ങും എല്ലാം വേറെ ആളുകളെക്കൊണ്ട് ചെയ്യിക്കാം എന്നുവെച്ചാല്‍ 30% ടാക്സും കൊടുത്ത് ബാക്കിയുള്ള ശമ്പളം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസമാണ്.
കാലാവസ്ഥയാണ് യൂറോപ്പിലെ അടുത്ത വില്ലന്‍. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള തണുപ്പുകാലത്ത് മഴയും തണുപ്പും ഇരുട്ടും കൂടി നമ്മുടെ തല പെരുക്കാന്‍ തുടങ്ങും. ഇത് വിഷാദരോഗമുണ്ടാക്കുന്നതും മദ്യപാനത്തിലേക്ക് ആളുകളെ അടുപ്പിക്കുന്നതുമൊക്കെ സാധാരണമാണ്.
യൂറോപ്പിലെ നിയമങ്ങളും ചുറ്റുപാടുമെല്ലാം സ്ത്രീ-പുരുഷ സമത്വത്തിന് ഏറെ പ്രാധാന്യം നല്‍കുന്നതാണ്. അതുകൊണ്ടുതന്നെ യൂറോപ്പിലെത്തുന്ന മലയാളി കുടുംബത്തിന് അന്നുവരെയുണ്ടായിരുന്ന അധികാര സമവാക്യങ്ങള്‍ ഏറെ നാള് നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സാധിക്കില്ല. മലയാള സിനിമയാണ് നിങ്ങളുടെ ആണത്തത്തെപ്പറ്റിയുള്ള സങ്കല്പമെങ്കില് പിന്നെ അവര്‍ ഈ വഴിക്ക് വരാതിരിക്കുന്നതാണ് നല്ലത്.
ഗള്‍ഫില്‍നിന്നു വരുന്നവര്‍ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഗള്‍ഫില്‍ വരുമാന നികുതിയില്ല. അതേസമയം അവിടെ എത്ര കാലം നിന്നാലും ഗള്‍ഫ് രാജ്യങ്ങള്‍ സാധാരണ ഗതിയില്‍ പൗരത്വം നല്‍കാറുമില്ല. അതിനാല്‍ പരമാവധി പണം സമ്പാദിച്ച് നാട്ടിലെത്തിക്കാം എന്നാണ് ഒരു ശരാശരി മലയാളിയുടെ ചിന്താഗതി. ഇതേ ചിന്തയുമായി യൂറോപ്പില്‍ വന്നാല്‍ കഷ്ടപ്പെടും. ഗള്‍ഫിലെ മൂന്നിരട്ടി ശമ്പളം കിട്ടിയാലും യൂറോപ്പില്‍നിന്നു സമ്പാദിച്ച് നാട്ടില്‍ ഫ്ളാറ്റും പറമ്പുമൊക്കെ വാങ്ങാം എന്നു കരുതിയാല്‍ പിന്നെ യൂറോപ്പിലെ ദാരിദ്ര്യരേഖക്ക് താഴെ ജീവിച്ചു പഠിക്കേണ്ടിവരും. പകരം ഇവിടെ കൂടുതല്‍ കാലം നില്‍ക്കണമെന്നും പറ്റിയാല്‍ സ്ഥിരതാമസമാക്കണമെന്നും ചിന്തിച്ചുതന്നെ തുടങ്ങുക. അപ്പോള്‍ സൗകര്യം കിട്ടിയാലുടനെ ഇവിടുത്തെ ഭാഷ പഠിക്കാനും വീടു വാങ്ങാനും ഇവിടത്തെ രീതികളുമായി ഇണങ്ങിപ്പോകാനുമൊക്കെ തുടങ്ങും. ഓരോ ഫ്രാങ്കിനെയും രൂപയാക്കി അളന്നുനോക്കി ചെലവാക്കുന്ന സ്വഭാവം മാറുകയും ചെയ്യും. അപ്പോഴാണ് യൂറോപ്യന്‍ ജീവിതത്തില്‍ ഒരു 'ക്വാളിറ്റി ഓഫ് ലൈഫ്' ഒക്കെ ഉണ്ടാകുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ വിസിറ്റ് വിസയുമായി വന്ന് 'മുങ്ങി' നടന്ന് എന്തെങ്കിലും തൊഴിലൊക്കെ ചെയ്തു ജീവിക്കുന്നത് അപൂര്‍വമല്ല. റോമിലും പാരീസിലുമൊക്കെ അനവധി മലയാളികള്‍ ഇങ്ങനെ ജീവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കേരളത്തില്‍ എന്‍ജിനീയറിങ് കഴിഞ്ഞു യൂറോപ്പില്‍ ഇറച്ചിക്കടയില്‍ അസിസ്റ്റന്റ് ആയി കൂടിയ ഒരു മലയാളിയുടെ കഥ ഞാനൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. 'നാട്ടില്‍ ഏത് എഞ്ചിനീയര്ക്കാ ചേട്ടാ മാസം ഒന്നര ലക്ഷം രൂപ ശമ്പളം കിട്ടുന്നത്?' എന്നാണ് പുള്ളി എന്നോട് ചോദിച്ചത്. കാര്യം സത്യമാണെങ്കിലും ഞാന്‍ ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കാറില്ല. നമ്മുടെ പഠനത്തിനും പരിശീലനത്തിനും അനുസരിച്ച ജോലി കിട്ടാതെ എല്ലാക്കാലത്തും അപകര്‍ഷതാബോധവുമായി ജീവിക്കാനാണ് ഇക്കൂട്ടരുടെ വിധി.
ഈ പരമ്പരയുടെ മുന്‍ലക്കങ്ങള്‍
1. അതിരുകളില്ലാത്ത ലോകം, മതിലുകളുയരുന്ന ലോകം
2. ചാട്ടത്തിലെങ്ങാനും പിഴച്ചുപോയാല്‍
3. മൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റര്‍
4. ഈ കുട്ടിക്ക് ഒരു ജീവിതം കൊടുക്കൂ....
5. ഈ എന്‍ജിനീയര്‍മാര്‍ക്കെന്താ കൊമ്പുണ്ടോ?
6. വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍
7. ഞങ്ങള്‍ വക്കീലന്മാരെന്താ മോശാ?
8. എന്തുവന്നാലും നാടകക്കമ്പനി തുടങ്ങരുത്
9. നേഴ്സിങ്ങിന്റെ സാധ്യതകള്‍ അവസാനിക്കുന്നില്ല
11. ഇംഗ്ലീഷ് ഒരു ഭാഷയാണ്, ബുദ്ധിയുടെ അളവുകോലല്ല, പക്ഷേ
12. തപാല്‍ വഴി നീന്തല്‍ പഠിക്കാമോ