മരണത്തെപ്പറ്റി സംസാരിക്കാന്‍ ആര്‍ക്കും ഇഷ്ടമല്ല. ഒരു വില്ലെഴുതി സൂക്ഷിക്കുന്നതോ മരണത്തെപ്പറ്റി സംസാരിക്കുന്നതോ പോലും മരണത്തെ വിളിച്ചുവരുത്തും എന്ന തെറ്റിദ്ധാരണയാണ് ഇതിന്റെ പിന്നിലെ മനഃശ്ശാസ്ത്രം.

ഒരുലക്ഷം ആളുകള്‍ ഒറ്റയടിക്ക് ഒരു മിനിറ്റിനുള്ളില്‍ മരിച്ച ദുരന്തങ്ങള്‍ പോലും നേരിട്ടു കണ്ടിട്ടുള്ളതു കൊണ്ടാകണം എനിക്ക് അത്തരം പേടിയില്ലാത്തത്. മരണത്തെപ്പറ്റി ചിന്തിക്കാറും വായിക്കാറും എഴുതാറുമുണ്ട്. അങ്ങനെയൊരിക്കല്‍ 'മരണ' ഗവേഷണത്തിനിടക്കാണ് ഞാന്‍ മരണത്തെപ്പറ്റിയുള്ള കോഴ്‌സില്‍ എത്തിപ്പെടുന്നത്. 

അതെ, യേല്‍ യൂണിവേഴ്‌സിറ്റിയില്‍ മരണത്തെപ്പറ്റി ഒരു കോഴ്‌സുണ്ട് . ഫിലോസഫി പ്രൊഫസ്സര്‍ ഷെല്ലി കഗാന്‍ ആണ് ക്‌ളാസെടുക്കുന്നത്. മരണത്തെപ്പറ്റി, ആത്മഹത്യയെപ്പറ്റി, ആത്മാവിനെപ്പറ്റി, മരണഭയത്തെപ്പറ്റി, ആത്മാവിന്റെ അനശ്വരതയെപ്പറ്റി ഒക്കെയാണ് ക്‌ളാസ്സുകള്‍. ഓരോന്നും ശരാശരി അന്‍പത് മിനിറ്റ് വെച്ച് മൊത്തം ഇരുപത്തിയാറ് ലെക്ചര്‍ ഉണ്ട്.

ഇതൊന്നും പഠിക്കാന്‍ യേല്‍ യൂണിവേഴ്‌സിറ്റി വരെ പോകേണ്ട  കാര്യമില്ല. വെങ്ങോലയിലിരുന്നും അദ്ദേഹത്തിന്റെ ലെക്ചര്‍ കേള്‍ക്കാം. കാരണം ക്‌ളാസുകള്‍ വീഡിയോ ആക്കി യൂണിവേഴ്‌സിറ്റി തന്നെ ഇന്റര്‍നെറ്റില്‍ ഇട്ടിട്ടുണ്ട്.

തപാല്‍ വഴി കാര്യങ്ങള്‍ പഠിപ്പിക്കുന്ന ഏര്‍പ്പാടിന് ഏതാണ്ട് തപാല്‍ സംവിധാനത്തിന്റെയത്ര പഴക്കമുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റിന്റെ വരവോടെയാണ് വിദൂരപഠനം സര്‍വ്വസാധാരണമാകുന്നത്. ലോകത്തെവിടെയും നമ്മുടെ കോഴ്‌സുകള്‍ എത്തിക്കാം എന്നു വന്നതോടെ വിദൂരപഠനത്തിന്റെ ചിലവ് തീരെ കുറഞ്ഞു. ആളെ കൂട്ടാന്‍ യൂണിവേഴ്‌സിറ്റികള്‍ മത്സരബുദ്ധിയോടെ ശ്രമിച്ചപ്പോള്‍  കോഴ്സുകള്‍ മിക്കവാറും ഫ്രീയുമായി. 

ഈ നൂറ്റാണ്ടിന്റെ ആദ്യം അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ  സാങ്കേതിക സര്‍വ്വകലാശാലയായ എംഐടി അവരുടെ സിലബസും കോഴ്സുകളുമെല്ലാം Open courseware എന്ന പ്രോജക്ട്  പ്രകാരം ഫ്രീയായി  ഇന്റെര്‍നെറ്റിലിടാന്‍ തീരുമാനിച്ചത് ഈ രംഗത്തെ വിപ്ലവമായിരുന്നു. താമസിയാതെ open educational resources (OER) എന്നത് ഒരു പ്രസ്ഥാനം തന്നെയായി മാറി. നല്ല അധ്യാപകരൊന്നും  ഇല്ലാതിരുന്ന ഒട്ടേറെ രാജ്യങ്ങളിലെ കുട്ടികള്‍ക്ക് ഇതേറെ പ്രയോജനകരമായി. ലോകത്തെ പല സര്‍വ്വകലാശാലകളിലെയും സിലബസുകള്‍ കാലോചിതമായി പരിഷ്‌ക്കരിക്കപ്പെടാനും ഇത് കാരണമായി.

എന്നാല്‍ ഓണ്‍ലൈന്‍ പഠനരംഗത്തെ ഏറ്റവും വിപ്ലവകരമായ മാറ്റം ഉണ്ടാകുന്നത്, സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ആയിരുന്ന പ്രൊഫസര്‍ സെബാസ്റ്റ്യന്‍ തൃണ്‍ ഒരു പരീക്ഷണമെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ കംപ്യൂട്ടര്‍സയന്‍സ് കോഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുന്ന അതേസമയത്തു തന്നെ ലോകത്ത് മറ്റുള്ളവര്‍ക്കും ചേര്‍ന്ന് പഠിക്കാനുള്ള ഒരവസരമുണ്ടാക്കിയപ്പോഴാണ്. അഞ്ഞൂറോ ആയിരമോ പേര്‍ കോഴ്‌സിനു ചേരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. എന്നാല്‍ ഒരുലക്ഷത്തി അന്‍പതിനായിരം പേരാണ് ആ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്തത്. 

കോഴ്‌സിന്റെ വിജയത്തെത്തുടര്‍ന്ന് അദ്ദേഹം സ്റ്റാന്‍ഫഡിലെ ജോലി രാജിവെച്ച് Udacity എന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസസ്ഥാപനം തുടങ്ങി. Massive  Open Online Courses (MOOC) എന്ന പേരിലറിയപ്പെടുന്ന വിദൂരവിദ്യാഭ്യാസ വിപ്ലവത്തിന്റെ ആദ്യവിജയമായിരുന്നു അത്.

മുരളി തുമ്മാരുകുടിയുടെ 'എന്തു പഠിക്കണം എങ്ങനെ തൊഴില്‍ നേടാം' വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഇന്നിപ്പോള്‍ ലോകത്ത് ധാരാളം MOOC പ്ലാറ്റ്ഫോമുകളുണ്ട്. അതില്‍ ദശലക്ഷക്കണക്കിന് കുട്ടികളാണ് ആയിരക്കണക്കിന് വിഷയങ്ങള്‍ പഠിക്കുന്നത്. ലോകത്തെ പ്രമുഖമായ യൂണിവേഴ്‌സിറ്റികളെല്ലാം തന്നെ ഈ രംഗത്ത് ശ്രദ്ധിക്കുന്നുണ്ട്. ഓണ്‍ലൈന്‍ കോഴ്‌സിനോട് വിമുഖത പുലര്‍ത്തിയിരുന്ന യൂണിവേഴ്‌സിറ്റി മുത്തശ്ശിയായ ഓക്‌സ്ഫഡും ഈ വര്‍ഷം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങാന്‍ തീരുമാനിച്ചു. ലോകബാങ്കിലും ഐക്യരാഷ്ട്രസഭക്കും അവരുടെ തന്നെ MOOC കോഴ്സുകളുണ്ട്. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ നടത്തിയ കോഴ്‌സിന് നൂറ്റിഎണ്‍പത്തി മൂന്നു രാജ്യങ്ങളില്‍ നിന്നായി പന്തീരായിരം പേരാണ് രജിസ്റ്റര്‍ ചെയ്തത്. 

എന്താണീ MOOC? അതില്‍ ചേരുന്നതെങ്ങനെ? അതില്‍നിന്നും നമുക്ക്  സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുമോ? കിട്ടിയാല്‍ത്തന്നെ അതിന് സാധുതയുണ്ടോ? അത് തൊഴിലിന് അടിസ്ഥാനമാണോ? എത്ര ചെലവ് വരും? എന്നിങ്ങനെ പല ചോദ്യങ്ങള്‍ നിങ്ങള്‍ക്കുണ്ടാകും. ഈ വിഷയത്തെ പറ്റി രണ്ടു വര്‍ഷം മുന്‍പ് ഞാന്‍ തയാറാക്കിയ പേപ്പര്‍ ഇവിടെ വായിക്കാം, പൊതുവായ ചില കാര്യങ്ങള്‍ ഇവിടെ പറയാം.

1. UDACITY യെക്കൂടാതെ ലോകത്തിപ്പോള്‍ ധാരാളം MOOC പ്ലാറ്റ്ഫോമുണ്ട്. Coursera (https://www.coursera.org/), edX, Futurelearn (https://www.futurelearn.com/)  ഇവയൊക്കെയാണ് ഞാന്‍ ഫോളോ ചെയ്യുന്നത്. ഇന്ത്യാ ഗവണ്മെന്റ് SWAYAM എന്നൊരു പ്ലാറ്റ്ഫോം ഉണ്ടാക്കിയിട്ടുണ്ട്. വേറെയും പ്ലാറ്റ്ഫോമുകള്‍ ഉണ്ട്, ഞാന്‍ പേരെടുത്തു പറയുന്നില്ല എന്നേ ഉള്ളൂ.

2. ലോകത്തില്‍ നമുക്ക് ചിന്തിക്കാവുന്ന ഏതാണ്ട് എല്ലാ വിഷയത്തിലും തന്നെ ഇപ്പോള്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ ലഭ്യമാണ്. ആദ്യമൊക്കെ ആര്‍ട്ട്‌സും കണക്കും കംപ്യൂട്ടര്‍ സയന്‍സും മാത്രമായിരുന്നെങ്കില്‍, ഇപ്പോള്‍ എന്‍ജിനീയറിംഗും മെഡിസിനും വരെ MOOC ആയി ലഭ്യമാണ്. 

3. ഏതു വിഷയത്തിലും ഈ കോഴ്‌സുകള്‍ നമുക്ക് സൗജന്യമായി പഠിക്കാന്‍ പറ്റും. പക്ഷെ സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍  ചില കോഴ്‌സിനും, ചില പ്ലാറ്റ്ഫോമിലുമൊക്കെ ചെറിയ തുക (നൂറു ഡോളറിലും താഴെ) ഫീസ് ഉണ്ട്.

4. താല്‍ക്കാലമെങ്കിലും MOOC പ്ലാറ്റ്ഫോമുകള്‍ കോഴ്സുകള്‍ പ്രത്യേകം പ്രത്യേകമായിട്ടാണ് പഠിപ്പിക്കുന്നത്. അതൊക്കെ കൂട്ടിയിണക്കി ഒരു ഡിഗ്രിയാക്കുന്ന പണി അവര്‍ ഇതുവരെ തുടങ്ങിയിട്ടില്ല. ഓരോ രാജ്യങ്ങളിലെ 'യൂണിവേഴ്‌സിറ്റി' നിയമങ്ങളും, ബിരുദം നല്‍കാനുള്ള അവകാശപ്രശ്‌നങ്ങളും ഒക്കെയാണ് ഇതിനു കാരണം.

5. എന്നാല്‍ MOOC വഴി ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പല യൂണിവേഴ്‌സിറ്റികളും അവരുടെ ഡിഗ്രി പ്രോഗ്രാമില്‍ ക്രെഡിറ്റ് പോയന്റ് നല്‍കുന്നുണ്ട്.  

6. പല കമ്പനികളും MOOC വഴി ലഭിച്ച യോഗ്യതകള്‍ ജോലിക്കും പ്രമോഷനുമൊക്കെ അടിസ്ഥാനമാക്കുന്നുമുണ്ട്. ജോലിയുള്ള സമയത്തു തന്നെ  ഒരു പ്രത്യേകകാര്യം പഠിക്കാന്‍ MOOC ആണ് ഉത്തമം എന്ന് കമ്പനികള്‍ തിരിച്ചറിയുകയാണ്, പ്രത്യേകിച്ചും ലോകത്തെ പല രാജ്യങ്ങളിലായി പരന്നുകിടക്കുന്ന ആയിരക്കണക്കിന് ജോലിക്കാര്‍ ഉള്ള കമ്പനികള്‍. സുരക്ഷ ഉള്‍പ്പടെ പല വിഷയങ്ങളും ഐക്യരാഷ്ട്ര സഭ ഞങ്ങളെ പഠിപ്പിക്കുന്നത് ഓണ്‍ലൈന്‍ വഴിയാണ്. ലോകത്താര്‍ക്കും ഫ്രീ ആയി എടുക്കാവുന്ന procurement വിഷയത്തില്‍ ഉള്ള ഓണ്‍ലൈന്‍ കോഴ്സുകള്‍ ലോകബാങ്കും നടത്തുണ്ട് (വേറെ പലതും ഉണ്ടവിടെ https://olc.worldbank.org/

7. MOOC അല്ലാതെ ഓണ്‍ലൈനായി ഡിഗ്രി പഠിപ്പിക്കുന്ന വേറെയും നല്ല യൂണിവേഴ്‌സിറ്റികളുണ്ട്. Georgia Tech അവരുടെ കംപ്യൂട്ടര്‍ സയന്‍സ് ബിരുദം ഇപ്പോള്‍ ഓണ്‍ലൈനായി പഠിപ്പിക്കുന്നുണ്ട് (https://www.omscs.gatech.edu/). ഓക്‌സ്ഫഡ് ഇതിനുള്ള ശ്രമത്തിലാണ്.

8. ഓണ്‍ലൈനായി മാത്രം പഠിപ്പിച്ച് ഡിഗ്രി നല്‍കുന്ന പേരുകേട്ട സ്ഥാപനങ്ങളുമുണ്ട്. ഇംഗ്ലണ്ടിലെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (http://www.open.ac.uk/) ഇതിന് ഉദാഹരണമാണ്. ഇന്ത്യയിലെ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിക്കും (IGNOU) ഇതുപോലെ കോഴ്സുകളുണ്ട്.

ലോകത്തുള്ള എല്ലാ മനുഷ്യരും അവര്‍ ഏതു പ്രായക്കാരായാലും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തൊട്ട് പിഎച്ഡി കഴിഞ്ഞവര്‍ വരെ ഒരുവര്‍ഷത്തില്‍ ഒരു ഓണ്‍ലൈന്‍ കോഴ്സെങ്കിലും ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. ഒരുദിവസം മുതല്‍ മൂന്നുമാസം വരെ നീണ്ടുനില്‍ക്കുന്ന, പവര്‍പോയന്റ് പ്രസന്റേഷന്‍ ഉണ്ടാക്കുന്നത് മുതല്‍ കോണ്‍ട്രാക്ടുകള്‍ എങ്ങനെ തയ്യാറാക്കണം എന്നുവരെയുള്ള വിഷയങ്ങളിലിപ്പോള്‍ ഫ്രീയായി ഓണ്‍ലൈന്‍ കോഴ്സുകള്‍ ലഭ്യമാണ്. 

പക്ഷെ, ഇന്ത്യയിലും കേരളത്തിലുമിപ്പോഴുള്ള വിദ്യാര്‍ത്ഥികളോട് ഒരുകാര്യം ആദ്യമേ പറയാം. ഇന്ത്യയിലെ  യൂണിവേഴ്‌സിറ്റി സംവിധാനം കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ കുറ്റിയിടിച്ച് കറങ്ങുകയാണ്. നമ്മുടെ യൂണിവേഴ്‌സിറ്റികളെല്ലാം വിദൂരപഠനത്തില്‍ ഡിഗ്രി കൊടുത്തിട്ട് ജോലിയാവശ്യത്തിന് അതുമായി ചെല്ലുന്നവരെ രണ്ടാംകിടക്കാരായാണ് കാണുന്നത്. ഇന്ത്യയിലെ ഏറ്റവും നല്ല പുതിയ അക്കാദമിക് സംവിധാനങ്ങളിലൊന്നായ Indian Institute of Scientific Education and Research (IISER) ല്‍ നിന്നും നല്‍കുന്ന അഞ്ചുവര്‍ഷ ബിരുദാനന്തര ബിരുദം നമ്മുടെ പിഎസ്‌സി, സര്‍ക്കാര്‍ ജോലികള്‍ക്ക് ഇനിയും അംഗീകരിച്ചിട്ടില്ല! ഐഐടിയില്‍ നിന്നും ഒരു സെമസ്റ്റര്‍ കഴിഞ്ഞ് ഏതെങ്കിലും കാരണവശാല്‍ ഒരാള്‍ക്ക് പഠനം നിര്‍ത്തി കേരളത്തില്‍ എത്തേണ്ടിവന്നാല്‍ അവിടെ പഠിച്ച ഒരു കോഴ്‌സും നമ്മുടെ യൂണിവേഴ്‌സിറ്റികളില്‍ ക്രെഡിറ്റായി എടുക്കുകയുമില്ല. ഇങ്ങനെയുള്ള സംവിധാനങ്ങള്‍ നിലനില്‍ക്കുന്നിടത്ത് Coursera യുടെ സര്‍ട്ടിഫിക്കറ്റിന് ക്രെഡിറ്റോ, Georgia Tecവന്റെ ഡിഗ്രികൊണ്ട് ജോലിയോ കിട്ടില്ല എന്നുറപ്പിക്കാം. 

എന്നാലും നമ്മുടെ കുട്ടികള്‍ പഠനത്തിനിടക്ക് അവര്‍ പഠിക്കുന്ന വിഷയങ്ങളോ, ഭാഷയോ, അവര്‍ക്ക് താല്പര്യമുള്ള വിഷയങ്ങളോ MOOC ആയി നിര്‍ബന്ധമായും പഠിക്കണമെന്നാണ് എന്റെ ഉപദേശം. ഇതിന് പല കാരണങ്ങളുണ്ട്.

1. നല്ല അധ്യാപകരില്‍ നിന്നും ഓരോ വിഷയത്തിന്റെയും അടിസ്ഥാനതത്വങ്ങള്‍ മനസ്സിലാക്കിയെടുക്കാന്‍ പറ്റും.

2. നാം പഠിക്കുന്ന വിഷയങ്ങളില്‍ ലോകം എന്താണ് പഠിക്കുന്നതെന്നറിഞ്ഞ് അതുമായി താരതമ്യം ചെയ്യാനും വേണ്ടവര്‍ക്ക് ക്യാച്ച് അപ്പ് ചെയ്യാനും സാധിക്കും.  

3. ലോകത്തെ മറ്റു രാജ്യങ്ങളിലെ കുട്ടികളുമായി ബന്ധം സ്ഥാപിക്കാനും സാധിക്കും. ഈ പഠിതാക്കള്‍ പലരും കുട്ടികളോ, കോളേജ് വിദ്യാര്‍ത്ഥികളോ ആയിരിക്കണമെന്നില്ല. ജോലിക്കാരും പ്രായമുള്ളവരും ഒക്കെയാകും. വലിയൊരു നെറ്റ് വര്‍ക്കിങ്ങാണിത്.

4. ഇംഗ്ലീഷ് ഭാഷയില്‍ അറിവ് വര്‍ധിക്കും, അത് എഴുതാനുള്ള  അവസരവും ആത്മവിശ്വാസവും വര്‍ധിക്കും.

5. നമ്മുടെ കഴിവുകള്‍ മറ്റുള്ളവരെ അറിയിക്കാനും അവരുടേതുമായി താരതമ്യം ചെയ്യാനും പറ്റും. ഇതുവഴിയായിരിക്കും ഉപരിപഠനത്തിനൊക്കെ താല്പര്യവും അവസരവുമുണ്ടാകുന്നത്. 

6. നമ്മള്‍ ഇന്ത്യക്ക് പുറത്ത് പഠിക്കാനോ ജോലിക്കോ അപേക്ഷിക്കുമ്പോള്‍ നമ്മുടെ പരിധികള്‍ക്കപ്പുറത്ത്, ലോകത്തിന്റെ രീതികള്‍ക്കനുസരിച്ച് അറിവ് സമ്പാദിക്കാന്‍ നിങ്ങള്‍ ശ്രമിച്ചു എന്നതുതന്നെ നിങ്ങള്‍ക്ക് വലിയ ക്രെഡിറ്റാകും.

7. ഏതെങ്കിലുമൊക്കെ കാലത്ത് ഇവിടുത്തെ മാവും പൂക്കും. അപ്പോഴേക്കും നിങ്ങളുടെ മാവില്‍ മാങ്ങ പഴുത്തിട്ടുണ്ടാകും.

അതുകൊണ്ട് മക്കളെ, ഇന്നുതന്നെ Courcera, Udacity, Edx, Futurelearn  ഇവയിലൊക്കെ ഒന്നു കയറിനോക്കണം. ജനുവരി മാസമല്ലേ, പുതുവര്‍ഷ റെസല്യൂഷന്‍ എടുക്കാന്‍ ഇനിയും സമയമുണ്ടല്ലോ. അപ്പോള്‍ ഈ വര്‍ഷം ഒരു MOOC വിഷയമെങ്കിലും പഠിക്കുമെന്ന് പ്രതിജ്ഞയെടുക്കുക.

ലോകത്തിന്റെ അതിര്‍ത്തികള്‍ തകരാന്‍ പോകുന്നത് MOOC പോലെയുള്ള  സാങ്കേതികവിദ്യകളില്‍ കൂടിയാണ്. അതിപ്പഴേ മാസ്റ്റര്‍ ചെയ്യുക. 

ഈ പരമ്പരയുടെ മുന്‍ലക്കങ്ങള്‍ 

1. അതിരുകളില്ലാത്ത ലോകം, മതിലുകളുയരുന്ന ലോകം 

2. ചാട്ടത്തിലെങ്ങാനും പിഴച്ചുപോയാല്‍ 

3. മൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റര്‍ 

4. ഈ കുട്ടിക്ക് ഒരു ജീവിതം കൊടുക്കൂ....

5. ഈ എന്‍ജിനീയര്‍മാര്‍ക്കെന്താ കൊമ്പുണ്ടോ?

6വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍

7. ഞങ്ങള്‍ വക്കീലന്മാരെന്താ മോശാ?

8. എന്തുവന്നാലും നാടകക്കമ്പനി തുടങ്ങരുത്‌

9. നേഴ്‌സിങ്ങിന്റെ സാധ്യതകള്‍ അവസാനിക്കുന്നില്ല 

10. 'ബമാമ'യുടെ കോളേജ് ജീവിതം

11. ഇംഗ്ലീഷ് ഒരു ഭാഷയാണ്, ബുദ്ധിയുടെ അളവുകോലല്ല, പക്ഷേ