മരപ്പണി മുതല്‍ അക്കൗണ്ടന്റ് വരെയായി മലയാളികള്‍ കേരളത്തിന് പുറത്ത് ജോലിചെയ്യുന്നുണ്ടെങ്കിലും മലയാളി പ്രൊഫഷണലുകളില്‍ ഏറ്റവും ബ്രാന്‍ഡ് വാല്യൂ ഉള്ളത് നമ്മുടെ നേഴ്സുമാര്‍ക്കാണ്. ഇന്ത്യയില്‍ വീരശൂരപരാക്രമികളായ ആണുങ്ങള്‍ പോലും പോകാന്‍ മടിച്ചിരുന്ന ചമ്പല്‍പ്രദേശത്തും, തന്നാട്ടുകാര്‍ പോലും പുറത്തേക്ക് പോയിരുന്ന പഞ്ചാബിലെ ഭീകരവാദകാലത്തും മലയാളി പെണ്‍കുട്ടികള്‍ നഴ്‌സുമാരായി അവിടെയൊക്കെ ഉണ്ടായിരുന്നു. അമേരിക്കയിലും യൂറോപ്പിലും മാത്രമല്ല, ലിബിയയിലും ഇറാഖിലുംവരെ അവര്‍ ഇപ്പോഴും ജോലി ചെയ്യുന്നു. 

സമ്പന്നതയുടെ മധ്യത്തിലും യുദ്ധഭൂമിയുടെ നടുവിലും ആണെങ്കിലും മലയാളി നഴ്‌സുമാരുടെ അര്‍പ്പണ മനോഭാവം, ആത്മാര്‍ത്ഥത, പ്രൊഫഷണലിസം ഇവയെല്ലാം ബഹുമാനിക്കപ്പെടുന്നു. നോബല്‍ കമ്മറ്റിയൊക്കെ ചില വര്‍ഷങ്ങളില്‍ വ്യക്തികള്‍ക്കല്ലാതെ പ്രസ്ഥാനങ്ങള്‍ക്ക് സമ്മാനം നല്‍കാറുണ്ട്. അതുപോലെ നമ്മുടെ സര്‍ക്കാര്‍ എന്നെങ്കിലും ഒരു കാലത്ത് ഏതെങ്കിലുമൊരു വിഭാഗത്തിന് ഭാരതരത്‌നം സമ്മാനിക്കാന്‍ തീരുമാനിച്ചാല്‍ അതില്‍ എന്റെ ഒന്നാമത്തെ നോമിനേഷന്‍ മലയാളി നേഴ്സുമാരെ തന്നെയാണ്. 

കാര്യം ഇതൊക്കെയാണെങ്കിലും മിഥ്യാഭിമാനികളായ മലയാളിസമൂഹം നേഴ്സുമാര്‍ക്കും അവരുടെ തൊഴിലിനും വേണ്ടത്ര ബഹുമാനവും അംഗീകാരവും ഇനിയും നല്‍കിയിട്ടില്ല. പണ്ടൊക്കെ നേഴ്സാകുവാന്‍ പോകുന്നതു തന്നെ മോശമായി കണ്ടിരുന്നു. ഇപ്പോള്‍ അതെല്ലാം മാറിവരുന്നു. എന്നാല്‍ നഴ്സുമാരെ കല്യാണം കഴിച്ച് വിദേശത്ത് പോകുന്നവരെപ്പറ്റിയും നേഴ്‌സ് ആകാന്‍ പോകുന്ന ആണ്‍കുട്ടികളെ പറ്റിയും ഇപ്പോഴും മലയാളികള്‍ വിലകുറച്ച് സംസാരിക്കുന്നത് ജീവിതത്തിലാണെങ്കിലും സിനിമയില്‍ ആണെങ്കിലും എന്നെയേറെ ദേഷ്യപ്പെടുത്താറുണ്ട്. നമ്മുടെ ഔദ്യോഗിക സംവിധാനങ്ങളിലും എന്‍ജിനീയര്‍മാര്‍ക്കോ ഡോക്ടര്‍മാര്‍ക്കോ ഒപ്പം നഴ്‌സുമാരുടെ തൊഴിലിന് അംഗീകാരമോ വരുമാനമോ ലഭിക്കാത്തതും, വര്‍ഷാവര്‍ഷം പത്മശ്രീ ഒക്കെ ഡോക്ടര്‍മാര്‍ നേടിയെടുക്കുമ്പോള്‍ ഒരിക്കല്‍ പോലും നേഴ്സുമാര്‍ അതിന്റെ പരിധിയില്‍ വരാത്തതും എന്നെ സങ്കടപ്പെടുത്തുന്നുണ്ട്. ചുമ്മാതല്ല, മധ്യതിരുവിതാംകൂര്‍ പ്രദേശത്ത് കേരളത്തിലെ ജനസംഖ്യ കുറഞ്ഞുവരുന്നത്. വേണ്ട അംഗീകാരം ലഭിക്കാത്ത നാടിനോട് അവര്‍ കാലുകൊണ്ട് വോട്ട് ചെയ്യുകയാണ് ( Voting with their feet എന്ന പ്രയോഗം അറിയാത്തവര്‍ ഒന്ന് ഗൂഗിള്‍ ചെയ്തുനോക്കുക). 

നേഴ്സിങ് പ്രൊഫഷനില്‍ ഇപ്പോഴും കേരളത്തില്‍ സാച്ചുറേഷനൊന്നും ആയിട്ടില്ല. ഇന്ത്യയിലെ കാര്യമാണെങ്കില്‍ പറയാനുമില്ല. ഇംഗ്ലണ്ടില്‍ ഉള്‍പ്പടെ നമ്മുടെ നഴ്‌സുമാര്‍ ജോലി ചെയ്യുന്ന മിക്ക നാടുകളിലും വളരെയധികം ഷോര്‍ട്ടേജ് ഉള്ള ജോലിയാണിത്. റോബോട്ടുകള്‍ എടുത്തുകൊണ്ട് പോകാന്‍ സാധ്യത കുറവുള്ള ജോലിയും ആണിത്. പക്ഷെ അടുത്ത കാലത്ത് കൂടുതല്‍ നഴ്‌സിങ് കോളേജ് ഒക്കെ വന്നതിനാല്‍ ഈ രംഗത്ത് ഒരു സര്‍പ്ലസ് ഉള്ളതായി തോന്നാം. സ്വകാര്യ ആസ്പത്രികളിലെ ശമ്പളം ദയനീയമാണ്. ഇതുകൊണ്ടു തന്നെ ഈ തൊഴിലിലേക്ക് തിരിയാന്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് മടി കൂടി വരുന്നുമുണ്ട്. ഇത് മാറേണ്ടതാണ്. ഇനിയും കേരളത്തിന് പുറത്ത് ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും എത്രയോ അവസരങ്ങളുള്ള തൊഴിലാണ് നഴ്‌സിങ്. 

ഞാന്‍ മനസ്സിലാക്കുന്നിടത്തോളം ശരിക്കും വിദ്യാഭ്യാസം ലഭിച്ച നേഴ്സുമാര്‍ ഏറെ കൂടുതലുള്ളതല്ല നമ്മുടെ പ്രശ്‌നം. ഡോക്ടറുടെ യോഗ്യത എന്തെന്ന് രോഗികളും മറ്റുള്ളവരും ശ്രദ്ധിക്കുമ്പോള്‍ നേഴ്സുമാരുടെ യോഗ്യതയുടെ കാര്യത്തില്‍ നമുക്കൊരു ശ്രദ്ധയുമില്ല. ഇതിന്റെ പരിണിതഫലം എന്തെന്നുവെച്ചാല്‍ ഒരു യോഗ്യതയുമില്ലാത്തവരോ മുഴുവന്‍ യോഗ്യതയില്ലാത്തവരോ ഒക്കെത്തന്നെ 'സിസ്റ്റേഴ്‌സ്' ആയി ആസ്പത്രികളിലുണ്ട്. ഇങ്ങനെയുള്ളവരെക്കൊണ്ട് യോഗ്യതയുള്ളവരുടെ പണി ചെയ്യിക്കും എന്നതുകൊണ്ട് യോഗ്യതയുള്ളവരെ ആവശ്യത്തിനു നിയമിക്കാതെയും നിയമിക്കുന്നവര്‍ക്ക് ആവശ്യത്തിന് ശമ്പളം നല്‍കാതെയും സ്വകാര്യ ആസ്പത്രികള്‍ ചൂഷണം നടത്തുന്നു. ഇതുമാറി ശരിയായ യോഗ്യതയുള്ളവരെ മാത്രമേ നിയമിക്കൂ എന്നുവന്നാല്‍ നമ്മുടെ നേഴ്സുമാരുടെ ജോലിസാധ്യത കൂടും എന്നുമാത്രമല്ല, അവരുടെ ബാര്‍ഗൈനിങ് പവറും ശന്പളവും കൂടുകയും ചെയ്യും.

പുറംരാജ്യങ്ങളില്‍ പ്രത്യേകിച്ചും യൂറോപ്പിലൊക്കെ ഏറെ ബഹുമാനിക്കപ്പെടുന്ന ജോലിയാണ് നേഴ്സുമാരുടേത്. അതിനനുസരിച്ചുള്ള ശമ്പളവും അവര്‍ക്കവിടെയുണ്ട്. എന്നാല്‍ ഡോക്ടര്‍മാരുടെ പോലെതന്നെ പുറംനാടുകളില്‍ വരാന്‍ പരിശീലനത്തിന്റെയും ലൈസന്‍സിന്റെയും ഭാഷയുടേയുമൊക്കെ ആവശ്യമുണ്ട്. സ്വിറ്റ്സര്‍ലന്‍ഡില്‍ തന്നെ ജര്‍മ്മന്‍ സംസാരിക്കുന്ന പ്രദേശങ്ങളില്‍ വളരെയധികം മലയാളി നഴ്‌സുമാര്‍ ഉള്ളപ്പോള്‍ ഫ്രഞ്ച് സംസാരിക്കുന്ന പ്രദേശങ്ങളില്‍ അവര്‍ തീരെ ഇല്ല. സ്വിറ്റ്സര്‍ലന്‍ഡില്‍ വരുന്ന ഭൂരിഭാഗം നഴ്‌സുമാരും ജര്‍മ്മനിയിലോ ആസ്ട്രിയയിലോ വന്ന് ജര്‍മ്മന്‍ ഭാഷ പഠിച്ചതിനു ശേഷമാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ എത്തുന്നത്. ഇന്ത്യയില്‍ നിന്നും ഫ്രാന്‍സിലേക്ക് വലിയ തോതില്‍ നഴ്‌സുമാര്‍ പോകാത്തതിനാല്‍ ഫ്രഞ്ച് പഠിച്ച് സ്വിറ്റ്സര്‍ലന്‍ഡില്‍ എത്താന്‍ അവര്‍ക്ക് അവസരം ലഭിക്കുന്നില്ല. അപ്പോള്‍ അടിസ്ഥാന പരിശീലനത്തിലല്ല, ഇംഗ്ലീഷില്‍ പ്രാവീണ്യമില്ലായ്മ, മറ്റു ഭാഷകള്‍ പഠിക്കാനുള്ള അവസരക്കുറവ്, മറ്റു രാജ്യങ്ങളിലെ രജിസ്‌ട്രേഷന്‍ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത ഇതൊക്കെയാണ് നമ്മുടെ കുട്ടികളെ പിന്നോട്ട് വലിക്കുന്നത്. 

എനിക്ക് വ്യക്തിപരമായി അധികം അറിവുള്ള മേഖല അല്ല ഇത്. അതുകൊണ്ട് തന്നെ പൊതുവില്‍ ചില നിര്‍ദേശങ്ങള്‍ ആണ് ഇവിടെ തരുന്നത്. 

1 . നഴ്‌സിങ് മേഖലയില്‍ ഇപ്പോള്‍ നമ്മള്‍ കാണുന്ന തിരക്കും ശംബളക്കുറവും മറ്റു പ്രശ്‌നങ്ങളും എല്ലാം താല്‍ക്കാലികവും കേരളത്തില്‍ മാത്രം ഉള്ളതുമാണ്. കേരളത്തിന് പുറത്ത് ഇന്ത്യയിലും ലോകത്ത് മറ്റിടങ്ങളിലും നഴ്‌സുമാരുടെ ആവശ്യം കൂടിവരികയാണ്. 

2 . നല്ല അധ്യാപകരും ഏറെ രോഗികളും ഉള്ള കോളേജില്‍ പഠിക്കുക എന്നതാണ് പ്രധാനം. കേരളത്തിന് പുറത്തായാല്‍ കൂടുതല്‍ നല്ലത്. 

3. പഠിക്കുന്നത് കേരളത്തിന് അകത്തായാലും പുറത്തായാലും ഇംഗ്‌ളീഷ് നന്നായി കൈകാര്യം ചെയ്യാന്‍ പഠിക്കുക. ഇതിനു വേണ്ടി ട്യൂഷന് പോയാലും കുഴപ്പമില്ല. 

4 . ഇംഗ്‌ളീഷിന് പുറമെ ഹിന്ദി, ബംഗാളി, ജര്‍മ്മന്‍, അറബിക്, ഫ്രഞ്ച്, സ്പാനിഷ് എന്നിങ്ങനെ ഏതെങ്കിലുമൊരു ഭാഷ കൂടി നന്നായി പഠിക്കുക. 

4 . നഴ്‌സിങ് മേഖലയിലെ പുതിയ വിഷയങ്ങള്‍ അറിയുക, പറ്റുന്നത്ര കോണ്‍ഫറന്‍സുകളില്‍ ഒക്കെ പങ്കെടുക്കുക. 

5 . ഓണ്‍ലൈന്‍ ആയി പഠിക്കാനുള്ള അവസരങ്ങള്‍ ഉപയോഗിക്കുക, പറ്റുമ്പോള്‍ എല്ലാം അതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കുക. 

6 . ഇന്ത്യക്കുപുറത്തുള്ള രെജിസ്‌ട്രേഷന്‍ നിയമങ്ങള്‍ അറിയാന്‍ ശ്രമിക്കുക, അതിനു വേണ്ട പരിശീലനവും പഠനവും ശ്രദ്ധിച്ചു നടത്തുക. 

7 . പുറത്തു ജോലിചെയ്യുന്ന നഴ്‌സുമാരും ആയി സമൂഹ മാധ്യമങ്ങള്‍ വഴിയോ അല്ലാതെയോ ബന്ധം സ്ഥാപിച്ച് തൊഴില്‍ സാധ്യതകളെ പറ്റിയും വെല്ലുവിളികളെ പറ്റിയും കൂടുതല്‍ അറിയുക.

ഈ വിഷയത്തില്‍ കൂടുതല്‍ അറിവുള്ളവരെ ഞാനെന്റെ Networking and Mentoring പേജില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അവരോട് ചോദിച്ചു കാര്യങ്ങള്‍ മനസ്സിലാക്കുക. https://www.facebook.com/MTNetworking/

ഇനി നാട്ടുകാരോടും എനിക്കൊരു കാര്യം പറയാനുണ്ട്. നമ്മുടെ നേഴ്സുമാര്‍ നമ്മുടെ അഭിമാനമാണ്. ലോകത്തെവിടെയും നമ്മുടെ നാടിന്റെ പേരവര്‍ ഉയര്‍ത്തിയിട്ടുണ്ട്, ലോകത്തെ ഏതെങ്കിലും ഒരു കോണില്‍ ഒരു അസുഖവും ആയി ആസ്പത്രിയില്‍ എത്തുമ്പോള്‍ ഒരു മലയാളി നഴ്‌സിനെ കാണുന്നത് എത്ര ആശ്വാസകരം ആണെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. സാധാരണ പക്ഷെ ആസ്പത്രിക്കിടക്കയില്‍ എത്തുമ്പോഴാണ് നമ്മള്‍ മാലാഖമാര്‍ എന്നൊക്കെ പറയുന്നതിന്റെ അര്‍ത്ഥം മനസ്സിലാകുന്നത്. അവരെ മനസ്സിലാക്കാന്‍ നമ്മള്‍ വീല്‍ചെയറില്‍ എത്തുന്നത് വരെ കാത്തിരിക്കേണ്ട, ഇപ്പോഴേ അറിയൂ, ബഹുമാനിക്കാന്‍ പഠിക്കൂ.

ഈ പരമ്പരയുടെ മുന്‍ലക്കങ്ങള്‍ 

1. അതിരുകളില്ലാത്ത ലോകം, മതിലുകളുയരുന്ന ലോകം 

2. ചാട്ടത്തിലെങ്ങാനും പിഴച്ചുപോയാല്‍ 

3. മൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റര്‍ 

4. ഈ കുട്ടിക്ക് ഒരു ജീവിതം കൊടുക്കൂ....

5. ഈ എന്‍ജിനീയര്‍മാര്‍ക്കെന്താ കൊമ്പുണ്ടോ?

6വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍

7. ഞങ്ങള്‍ വക്കീലന്മാരെന്താ മോശാ?

8. എന്തുവന്നാലും നാടകക്കമ്പനി തുടങ്ങരുത്‌