ന്റെ ചെറുപ്പകാലത്ത് വെങ്ങോലയില്‍ ആശുപത്രി പോയിട്ട് ഡോക്ടര്‍മാര്‍ പോലുമുണ്ടായിരുന്നില്ല. ഒരുമാതിരി അസുഖങ്ങളൊക്കെ ചികില്‍സിക്കുന്നത് അമ്മ തന്നെയാണ്. ആടലോടകം, കരിംജീരകം തുടങ്ങിയ അങ്ങാടിമരുന്നുകള്‍ വീട്ടില്‍ത്തന്നെയുണ്ട്. ഇഞ്ചിയും, കുരുമുളകും, തുളസിയിലയുമിട്ട കഷായത്തില്‍ തീരും ഒരുവിധം പനിയൊക്കെ. തലവേദനയാണെങ്കില്‍ വെള്ളക്ക (മെച്ചിങ്ങ)  യില്‍ ഒരു കുരുമുളകൊക്കെ വെച്ച് കല്ലിലരച്ച് നെറ്റിയിലിടും. 

വയറിളക്കത്തിന് പുതിനയിട്ട കട്ടന്‍ചായ, വയറിളക്കാനായി വാളന്‍പുളിയുടെ നാരിട്ട് തിളപ്പിച്ച വെള്ളം ഇത്യാദി ചികിത്സകളൊക്കെ ചെയ്യുന്നത് അമ്മ തന്നെയാണ്. അതുകൊണ്ടുതന്നെ അന്‍പത് വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും പനി വന്നാല്‍  ഡോക്ടറെ കാണുന്നതിനു മുന്‍പ് അമ്മയെയാണ് വിളിക്കുന്നത്. 

ലോകത്തെ എല്ലാ അമ്മമാരും ഇതുപോലുള്ള ഡോക്ടര്‍മാരാണെന്നാണ് എന്റെ വിശ്വാസം. ആദ്യത്തെ ജിപി യാണ് 'അമ്മ'.  പല്ലുവേദനയെടുക്കുന്ന കുഞ്ഞു അമ്മയുടെ അടുത്തേക്ക് ഓടിയെത്തുന്നത് പോലെ നമ്മുടെ വിഷമസന്ധിയിലാണ് നാം ഡോക്ടറുടെ സഹായം തേടുന്നത്. അതുകൊണ്ടുതന്നെയാണ് ഡോക്ടര്‍മാരുടെ പെരുമാറ്റം നമുക്ക് സാന്ത്വനമായി മാറേണ്ടത്. അതുകൊണ്ട് തന്നെയാണ് ലോകത്തെവിടെയും 'നിങ്ങള്‍ ബഹുമാനിക്കുന്ന അഞ്ചു പ്രൊഫഷന്‍ ഏതെന്ന്'  ആരോടു ചോദിച്ചാലും അതിലൊന്ന് ഡോക്ടറുടെയായിരിക്കുന്നത്.. 

വൈദ്യശാസ്ത്രത്തിന് ഏതാണ്ട് മാനവസംസ്‌കാരത്തിന്റെയത്ര തന്നെ പഴക്കമുണ്ട്. ഇന്ത്യയിലെയും, ചൈനയിലെയും, ബാബിലോണിയയിലെയും, ഈജിപ്തിലെയും, ഗ്രീസിലെയുമൊക്കെ സംസ്‌കാരങ്ങളോട് ചേര്‍ന്ന് വൈദ്യശാസ്ത്രമേഖലയുമുണ്ടായിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി കരുതപ്പെടുന്ന ഹിപ്പോക്രാറ്റ് ബിസി അഞ്ചാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്. 
രോഗങ്ങളെ അടിസ്ഥാനപരമായി തരംതിരിക്കുന്നതിലും രോഗനിര്‍ണയത്തിന്റെ രീതികളുമൊക്കെയായി അദ്ദേഹത്തിന്റെ സംഭാവനകള്‍ ഇന്നും വൈദ്യശാസ്ത്രരംഗത്ത് നിലനില്‍ക്കുന്നു.

മനുഷ്യന്, പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കും രാജാക്കന്മാര്‍ക്കും വൈദികര്‍ക്കുമൊക്കെ യുദ്ധകാലത്തും സമാധാനകാലത്തും ഒരുപോലെ വേണ്ടിയിരുന്ന സേവനമായിരുന്നതിനാല്‍ വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ച നൂറ്റാണ്ടുകളിലൂടെ തുടര്‍ന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ സര്‍വകലാശാലകള്‍ ആരംഭിച്ച കാലത്തുതന്നെ വൈദ്യവും അവിടെ പഠനവിഷയമായി.

ഇതൊക്കെയാണെങ്കിലും ഏതാണ്ട് ഇരുന്നൂറു വര്‍ഷം മുന്‍പുവരെ വൈദ്യശാസ്ത്രം, കൂടുതല്‍ വൈദ്യവും കുറച്ച് ശാസ്ത്രവുമായിരുന്നു. ഓരോ രോഗത്തിനും അതിന്റെ ലക്ഷണങ്ങള്‍ക്കെതിരെ പല ചികിത്സകള്‍ നടത്തും. യുദ്ധ രംഗത്തെ ഡോക്ട്ടര്‍മാര്‍ സര്‍ജറിയൊക്കെ മൊത്തമായി നടത്തും. പക്ഷെ രോഗത്തേക്കാളും കഷ്ടത്തിലായിരിക്കും പലപ്പോഴും ചികിത്സക്ക് ശേഷം രോഗിയുടെ അവസ്ഥ. ഈ അവസ്ഥയൊക്കെ മാറാന്‍ തുടങ്ങിയത് രോഗനിര്‍ണ്ണയം ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിത്തുടങ്ങിയതില്‍ പിന്നെയാണ്.

രോഗാണുക്കളാണ് രോഗമുണ്ടാക്കുന്നതെന്ന് മനസ്സിലാക്കിയപ്പോള്‍ അതിനെതിരെ പ്രതിരോധിക്കാനും മുന്‍കരുതല്‍ വാക്‌സിനേഷന്‍ എടുക്കാനുമൊക്കെയുള്ള സംവിധാനങ്ങളുണ്ടായി. രോഗം എന്തെന്ന് മനസ്സിലായപ്പോള്‍ അതിനെതിരെ കൃത്യമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് മറുമരുന്നുകള്‍ കൊടുക്കാന്‍ പറ്റി. 

വെള്ളത്തില്‍ക്കൂടിയാണ് ചില രോഗങ്ങള്‍ പടരുന്നതെന്ന് മനസ്സിലാക്കിയപ്പോള്‍ കുടിവെള്ളത്തിന്റെ ശുദ്ധീകരണത്തില്‍ ശ്രദ്ധചെലുത്തി ശതകോടി ജനങ്ങളെ രക്ഷിക്കാന്‍ സാധിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ ആന്റി ബയോട്ടിക്കും കൂടി വന്നപ്പോള്‍ ആധുനിക വൈദ്യശാസ്ത്രത്തിന് രോഗങ്ങളുടെ നേരെ പ്രയോഗിക്കാന്‍ ആവനാഴിയില്‍ അമ്പുകള്‍ ഏറെയായി.

ആധുനിക വൈദ്യം (Modern medicine) ശാസ്ത്രത്തില്‍ അധിഷ്ഠിതവും ശാസ്ത്രത്തെ പിന്തുടരുന്നതുമായതിന്റെ ഏറ്റവും വലിയ ഗുണം എന്തെന്ന് വച്ചാല്‍ ഇരുപതാം നൂറ്റാണ്ടിലെ എക്‌സ്‌റേ തൊട്ട് അള്‍ട്രാ സൗണ്ട് വരെ ടെലിവിഷന്‍ തൊട്ട് കംപ്യൂട്ടര്‍ വരെ പുതിയ ഓരോ ശാസ്ത്രസാങ്കേതിക മുന്നേറ്റവും ആധുനിക വൈദ്യശാസ്ത്രം അവരുടെ രംഗത്ത് ഉപയോഗിക്കുന്നതില്‍ വിമുഖത കാട്ടിയില്ല. മനുഷ്യചരിത്രത്തിലെ ശാസ്ത്രത്തിന്റെ മനുഷ്യനന്മക്കായുള്ള  പ്രയോഗത്തിന്റെ ഉജ്ജ്വല ചിത്രമാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റേത്. ഇത് എല്ലാ മനുഷ്യരാശിയുടെയും പൊതുസ്വത്താണ്.

ആധുനിക ശാസ്ത്രസാങ്കേതികവിദ്യകള്‍ സമന്വയിപ്പിക്കുന്നതിനാലും മനുഷ്യനെ അവന്റെ ഏറ്റവും ദുര്‍ബലമായ നിമിഷത്തില്‍ സഹായിക്കാന്‍ പറ്റും എന്നതിനാലും ലോകത്തെവിടെയും മിടുക്കന്മാരും മിടുക്കികളുമായ കുട്ടികളാണ് ഇപ്പോള്‍ വൈദ്യശാസ്ത്രം പഠിക്കാന്‍ മുന്നോട്ടുവരുന്നത്. സമൂഹം മൊത്തം നല്‍കുന്ന ബഹുമാനത്തിന് പുറമെ പൊതുവില്‍ ഉയര്‍ന്ന വരുമാനവും ഇവര്‍ക്ക് ലഭിക്കുന്നു.

ഇനിയുള്ള കാലത്ത് കരിയര്‍ തെരഞ്ഞെടുക്കുന്നത് വിഷയത്തിലുള്ള താല്‍പര്യത്തിനപ്പുറം വരുംലോകത്തെ തൊഴില്‍സാധ്യത അനുസരിച്ചാകണമെന്ന് ഒരിക്കല്‍ ഞാന്‍ പറഞ്ഞല്ലോ. വൈദ്യശാസ്ത്രം ഒരു തൊഴിലായി തെരഞ്ഞെടുക്കുന്നതില്‍ എന്റെ ഉപേദശം നേരെ തിരിച്ചാണ്. തൊഴിലിനോട് താല്‍പര്യവും രോഗിയോട് എംപതിയുമില്ലാതെ ഈ രംഗത്തേക്ക് വരാതിരിക്കുന്നതാണ് നല്ലത്. 

ഇതിന് മൂന്നു കാരണങ്ങളുണ്ട്.

1. ലോകത്ത് ഒരിടത്തും  തന്നെ സമൂഹത്തിനാവശ്യമുള്ള അത്രയും ഡോക്ടര്‍മാരെ സമൂഹം പഠിപ്പിച്ചെടുക്കുന്നില്ല. അപ്പോള്‍ പഠിച്ച ഫീല്‍ഡില്‍ത്തന്നെ പണിയെടുക്കുക എന്നത് ഡോക്ടര്‍മാര്‍ക്ക് വലിയ ബുദ്ധിമുട്ടല്ല. കേരളത്തില്‍ ഏതു പഠനശാഖയെടുത്താലും പഠിച്ചു പാസ്സായവരെല്ലാം അതേ ഫീല്‍ഡില്‍ പണിയെടുക്കുന്ന കൂടുതല്‍ ശതമാനം പേരുള്ളത് വൈദ്യശാസ്ത്രരംഗത്തായിരിക്കും.

2. മോഡേണ്‍ മെഡിസിനില്‍ ഒരു ബിരുദം നേടുന്ന പ്രക്രിയ ലോകമെമ്പാടും വലിയ ബുദ്ധിമുട്ടുള്ളതാണ്.  ഇന്ത്യയില്‍ ആണെങ്കില്‍ അഞ്ചുവര്‍ഷത്തെ പഠനം, അതില്‍ അനവധി വിഷയങ്ങളുണ്ടെന്ന് മാത്രമല്ല, പകലും രാത്രിയും ജോലി, പലപ്പോഴും വിശ്രമമില്ലാതെ, ആവശ്യമായ സൗകര്യങ്ങളില്ലാതെ, ചിലപ്പോഴെങ്കിലും രോഗികളുടെയും ബന്ധുക്കളുടെയും പലതരം സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ ഒക്കെയാണ് മെഡിസിന്‍ പഠിക്കുന്ന കുട്ടികള്‍ കടന്നുപോകുന്നത്.

3. അതേസമയം മെഡിസിനില്‍ ഒരു അടിസ്ഥാന ബിരുദമെന്നത് ഏതാണ്ട് ഒരു വിലയുമില്ലാത്ത ക്വാളിഫിക്കേഷനായി വരുന്നു. കേരളത്തിലൊക്കെ  ഗ്രാമങ്ങളില്‍പ്പോലും സ്‌പെഷലൈസ് ചെയ്ത ഡോക്ടര്‍മാരെയാണ് ആളുകള്‍ അന്വേഷിക്കുന്നത്. അപ്പോള്‍ അഞ്ചുവര്‍ഷം പഠനം കഴിഞ്ഞാല്‍ പിന്നെയും രണ്ടോ മൂന്നോ വര്‍ഷം കൂടി പിജി പഠനം കഴിഞ്ഞാലേ പ്രാക്ടീസ് എങ്കിലും തുടങ്ങാനാവൂ. 

അതും കഴിഞ്ഞ് നാലോ അഞ്ചോ വര്‍ഷം കൂടിയെടുക്കും ഒന്നു പേരെടുത്തുവരാന്‍. അതേസമയം എന്‍ജിനീയറിങ്ങിന് പോയവര്‍ അപ്പോഴേക്ക് 'ഒന്നുരണ്ട് ഓണ്‍ സൈറ്റൊക്കെ നടത്തി, 'ഓസം' എന്നൊക്കെ അമേരിക്കന്‍ ആക്‌സന്റില്‍ പറഞ്ഞു തുടങ്ങിക്കാണും.

ഞാന്‍ പറാഞ്ഞുവരുന്നത് വൈദ്യശാസ്ത്രം വളരെ ബഹുമാനിക്കപ്പെടുന്ന പഠനശാഖയൊക്കെയാണെങ്കിലും വ്യക്തിപരമായി ഒരു ബഹുമാനമൊക്കെ കിട്ടിവരാന്‍ ഒരു മുപ്പത്തിയഞ്ചു വയസ്സെങ്കിലുമാകും. അതുകൊണ്ടുതന്നെ മാനസികമായും സാമ്പത്തികമായും നല്ല സ്റ്റാമിന ഉള്ളവര്‍ വേണം ഈ പണിക്കിറങ്ങാന്‍. 

വൈദ്യശാസ്ത്രപഠനം തുടങ്ങുന്നതിനു മുന്‍പ് കുട്ടികള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പഠിപ്പിക്കുന്ന ആധുനിക വൈദ്യശാസ്ത്രം അടിസ്ഥാനമായി ഒന്നു തന്നെയാണെങ്കിലും ഒരു രാജ്യത്തെ മെഡിക്കല്‍ ഡിഗ്രി പൊതുവെ മറ്റൊരു രാജ്യത്ത് അംഗീകരിക്കപ്പെടുകയില്ല. റൊമേനിയയിലും ചൈനയിലുമൊക്കെ മെഡിസിന്‍ കഴിഞ്ഞ് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുവാന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പ്രത്യേകപരീക്ഷ കടമ്പയുള്ളതായി നിങ്ങള്‍ക്കറിയാം. അതേസമയം ഇന്ത്യയിലെ ഒന്നാം നമ്പര്‍ മെഡിക്കല്‍ കോളേജില്‍ പഠിച്ചിറങ്ങിയതായാലും ലോകത്തൊരിടത്തും നേരിട്ടുപോയി നമുക്ക് പ്രാക്ടീസ് ചെയ്യാന്‍ പറ്റില്ല. 

ചുരുക്കം ചില രാജ്യങ്ങളില്‍ (ഗള്‍ഫിലൊക്കെ) അവിടുത്തെ ചെറിയ ഒരു പരീക്ഷ എഴുതി ലൈസന്‍സ് എടുക്കാം. ഇംഗ്ലണ്ടില്‍ പഴയ കൊളോണിയല്‍ കണക്ഷന്‍ വെച്ച് PLAB (Professional and Linguistic Assessment Board) എഴുതി കുറച്ച് അധ്വാനിച്ചാല്‍ കയറിപ്പറ്റാം. അമേരിക്കയിലാകുമ്പോള്‍ പരീക്ഷയെഴുതി ഇന്റേണ്‍ഷിപ്പൊക്കെയായി പിന്നെയും വര്‍ഷങ്ങള്‍ വേണ്ടിവരും. യൂറോപ്പ്യന്‍ രാജ്യങ്ങളിലാകട്ടെ നിയമവും ഭാഷയും ഒക്കെ കാരണം ഏറെക്കുറെ അസാധ്യം തന്നെയാണ് ഇന്ത്യന്‍ ഡോക്ടര്‍മാരുടെ പ്രാക്ടീസ്.

ഇത് വാസ്തവത്തില്‍ കഷ്ടമാണ്. പത്തുവര്‍ഷം പഠനവും അതിനുമേല്‍ പ്രവൃത്തിപരിചയവുമുള്ള ഡോക്ടര്‍മാരോട് രണ്ടുമണിക്കൂര്‍ പരീക്ഷയെഴുതി വൈദഗ്ദ്ധ്യം തെളിയിക്കാന്‍ പറയുന്നത് അപമാനകരവും മണ്ടത്തരവുമാണ്. ലോകത്തെ മെഡിക്കല്‍ കൗണ്‍സിലുകളൊക്കെ പരസ്പരം ചര്‍ച്ച ചെയ്ത് യൂറോപ്യന്‍ രാജ്യങ്ങള്‍ പരസ്പരം ചെയ്യുന്നതുപോലെ സിലബസ് ഹാര്‍മോണൈസേഷന്‍ ഒക്കെ നടത്തി മെഡിക്കല്‍ ഡിഗ്രികള്‍ പോര്‍ട്ടബിളാക്കേണ്ടതാണ്.  

പക്ഷെ, തല്‍ക്കാലം അങ്ങനെയല്ല, അടുത്തിടെയൊന്നും ആകുന്ന മട്ടുമില്ല. എന്തിന്, ഇന്ത്യന്‍ മെഡിക്കല്‍ ഡിഗ്രികള്‍ ഏതൊക്കെ രാജ്യത്ത് വിലയുള്ളതാണ്? ഏതൊക്കെ കടമ്പകള്‍ കടന്നാല്‍ മറ്റിടങ്ങളില്‍ പ്രാക്ടീസ് ചെയ്യാം? എന്നൊക്കെയുള്ള വിവരങ്ങള്‍ പോലും ഒരു സ്ഥലത്തും ക്രോഡീകരിച്ച് ഞാന്‍ കണ്ടിട്ടില്ല. (അങ്ങനെ ഉണ്ടെങ്കില്‍ ആരെങ്കിലും ഒന്ന് ഷെയര്‍ ചെയ്യാമോ)  മെഡിസിന്‍ ഒരു പ്രൊഫഷനായി എടുക്കുന്നവര്‍ ഈ പ്രശ്‌നം പ്രത്യേകം മനസ്സില്‍ വെക്കേണ്ടതാണ്. മറുനാടുകളില്‍ താമസിക്കുന്നവരില്‍ നിന്ന് കല്യാണാലോചനകള്‍ വരുമ്പോഴും തങ്ങളുടെ ഉന്നതഡിഗ്രി പാഴായിപ്പോകുമോ എന്ന കാര്യം ഡോക്ടര്‍മാര്‍ ശ്രദ്ധിക്കണം.

ഇത്രയൊക്കെ പറഞ്ഞിട്ടും ഈ ഫീല്‍ഡില്‍ നില്‍ക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ചില പൊടികൈകള്‍ പറഞ്ഞുതരാം. 

1. നല്ല കുട്ടികള്‍ പഠിക്കുന്നതും നല്ല അധ്യാപകര്‍ ഉള്ളതും ഏറെ രോഗികള്‍ വരുന്നതും ആയ കോളേജാണ് പഠിക്കാനായി തിരഞ്ഞെടുക്കേണ്ടത്. വലിയ കെട്ടിടങ്ങളോ എസി ഹോസ്റ്റലോ ഒന്നുമായിരിക്കരുത് അതിന്റെ മാനദണ്ഡം

2. ഒരു പിജി എടുക്കേണ്ടി വരുമെന്ന് ആദ്യമേ കൂട്ടുക. അത് എന്തായിരിക്കണം എന്ന് വിഷയത്തിലെ താല്പര്യവും ജീവിത ശൈലീ താല്പര്യങ്ങളും നോക്കി വേണം തീരുമാനിക്കാന്‍ 

3. മെഡിസിനും എഞ്ചിനീയറിങ്ങും തമ്മിലുള്ള അതിരുകള്‍ കുറഞ്ഞു വരികയാണ്. ഡോക്ടര്‍മാര്‍ എല്ലാം പഠനകാലത്തു തന്നെ സാങ്കേതിക വിദ്യകളില്‍ ഉള്ള ഡെവലപ്‌മെന്റ് ശ്രദ്ധിക്കണം. നമ്മുടെ കരിക്കുലം ഒക്കെ അതുള്‍പ്പെടുത്തി വരാന്‍ ഏറെ സമയം എടുക്കും. അതുകൊണ്ട് ഓണ്‍ലൈന്‍ ആയി വരുന്ന അനവധി മെഡിക്കല്‍ കോഴ്‌സുകള്‍ ഉണ്ട്, ഫ്രീ ആയി പഠിക്കാവുന്നത്. അത് കുറെ ഒക്കെ പോയി പഠിച്ചെടുക്കണം.

4. തൊഴില്‍ ജീവിതത്തില്‍ ഏതെങ്കിലും കാലത്തൊക്കെ കുറച്ചു നാള്‍ പുറം രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ ശ്രമിക്കണം. പുതിയ സാങ്കേതിക വിദ്യകളിലെ അറിവ് മാത്രമല്ല, ആരോഗ്യപരിപാലനത്തിന്റെ വേറിട്ട രീതികള്‍ ഒക്കെ അറിയാന്‍ പറ്റുമല്ലോ. നമ്മുടെ പരിധികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് കുറച്ചൊക്കെ സിസ്റ്റംസ് നമ്മുടെ നാട്ടിലും മാറ്റാന്‍ ശ്രമിക്കണം. ഇന്ത്യക്ക് പുറത്ത് ഏതൊക്കെ രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യാന്‍ എളുപ്പത്തില്‍ അനുമതി കിട്ടും എന്ന് കണ്ടുപിടിച്ച് വേണം പുറത്തേക്ക് പോകുവാനുള്ള പദ്ധതി ആസൂത്രണം ചെയ്യാന്‍. 

5. പുറത്ത് പഠിക്കാന്‍ പറ്റാത്തവര്‍ മീറ്റിങ്ങുകള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും ഹൃസ്വകാല ട്രെയിനിങ്ങുകള്‍ക്കും ഒക്കെയായി എങ്ങനെയും പുറം രാജ്യം സന്ദര്‍ശിക്കണം. അവിടുത്തെ രീതികള്‍ അറിയാന്‍ ശ്രമിക്കുകയും വേണം. 

6. നെറ്റ്‌വര്‍ക്കിങ് എന്നത് ഡോക്ടര്‍മാരുടെ തൊഴിലിന്റെ ഭാഗമാണ് അതുകൊണ്ടു പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ല എന്ന് തോന്നുന്നു. എന്നാലും ഇന്ത്യക്കകത്തും പുറത്തുമുള്ള ഡോക്ടര്‍മാരുമായി പ്രൊഫഷണല്‍ ബന്ധം സ്ഥാപിക്കാനും നില നിര്‍ത്താനും ശ്രമിക്കണം. 

7. ഏതെങ്കിലും കാരണവശാല്‍ (വിവാഹം മൂലമോ) നമ്മുടെ ഡിഗ്രിയെ അംഗീകരിക്കാത്ത സ്ഥലങ്ങളില്‍ എത്തിയാല്‍ വൈദ്യശാസ്ത്രവുമായി
 ബന്ധപ്പെട്ട, എന്നാല്‍ ക്ലിനിക്കല്‍ ജോലി ചെയ്യേണ്ടാത്ത രംഗങ്ങളില്‍ (ഗവേഷണം, പബ്ലിക് ഹെല്‍ത്ത്) ജോലിക്ക് ശ്രമിക്കാവുന്നതേയുള്ളു

8. ഓസ്‌ട്രേലിയയിലും കാനഡയിലും യൂറോപ്പിലുമൊക്കെ പബ്ലിക് ഹെല്‍ത്ത്, ഒക്കുപ്പേഷണല്‍ ഹെല്‍ത്ത്, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ ഒരു മാസ്റ്റേഴ്‌സ് ഒക്കെയെടുത്താല്‍ ഡോക്ടര്‍മാരുടെ തൊഴിലുമായി ബന്ധപ്പെട്ട് പിടിച്ചുനില്‍ക്കാം. ആ വഴി ചിലപ്പോള്‍ ക്ലിനിക്കല്‍ രംഗത്തേക്കുള്ള അവസരം കൂടുകയും ചെയ്യും.

9. അന്താരാഷ്ട്ര സംഘടനകള്‍ (WHO, മെഡിസിന്‍ സാന്‍സ് ഫ്രോണ്ടിയേഴ്‌സ്), അന്താരാഷ്ട്ര കമ്പനികള്‍ എന്നിവരൊക്കെ ചിലപ്പോള്‍ ഡോക്ടര്‍മാരെ ജോലിക്കെടുക്കാറുണ്ട്. ഇവരൊക്കെ ചില എക്സ്റ്റന്‍ഷന്‍ ഒക്കെ മേടിച്ചുവെച്ചിട്ടുമുണ്ട്. അന്താരാഷ്ട്ര രംഗത്തേക്കുള്ള ഒരു വഴിയാണിത്.

ഒരുകാര്യം കൂടി പറഞ്ഞവസാനിപ്പിക്കാം. മിക്കവാറും ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ ഒരു ബിരുദാനന്തര ബിരുദമെടുത്താല്‍ കേരളത്തിലെ തൊഴില്‍ മേഖലക്ക് നിങ്ങള്‍ക്ക്  ആവശ്യത്തില്‍ക്കൂടുതല്‍ ക്വളിഫിക്കേഷനായി (educated out of the Kerala employment market). മെഡിസിന്‍ ഇതിനൊരു അപവാദമാണ്. ഏറ്റവും ആധുനികമായ വൈദ്യശാസ്ത്ര ശാഖയിലുള്ളവര്‍ക്കും  തിരിച്ചുവന്ന് ജോലിചെയ്യാനുള്ള അവസരമിപ്പോള്‍ കേരളത്തിലുണ്ട്. 

അത് കൂടിക്കൊണ്ടിരിക്കുകയുമാണ്. അതിനാല്‍ ലോകം മുഴുവന്‍ പ്രാക്ടീസ് ചെയ്യാന്‍ പറ്റിയില്ലെങ്കിലും ലോകത്ത് എവിടെ പഠിച്ച കാര്യവും കേരളസമൂഹത്തില്‍ ഉപകാരപ്പെടുത്താന്‍ നിങ്ങള്‍ക്ക് അവസരമുണ്ട്. ഇത് ബഹുഭൂരിപക്ഷം എന്‍ജിനീയറിങ് സയന്‍സ് ശാഖകള്‍ക്ക് ഉള്ളതല്ല. അതിന്റെ ഒരു കുശുമ്പുണ്ട് കേട്ടോ..

ഈ പരമ്പരയുടെ മുന്‍ലക്കങ്ങള്‍ 

1. അതിരുകളില്ലാത്ത ലോകം, മതിലുകളുയരുന്ന ലോകം 

2. ചാട്ടത്തിലെങ്ങാനും പിഴച്ചുപോയാല്‍ 

3. മൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റര്‍ 

4. ഈ കുട്ടിക്ക് ഒരു ജീവിതം കൊടുക്കൂ....

5. ഈ എന്‍ജിനീയര്‍മാര്‍ക്കെന്താ കൊമ്പുണ്ടോ?