വൈദ്യശാസ്ത്രത്തിന്റെ അത്രയും പഴക്കമില്ലെങ്കിലും ഏറെ പാരമ്പര്യമുള്ള തൊഴിലാണ് വക്കീലുദ്യോഗം. യേശുക്രിസ്തുവിനെ പീലാത്തോസിന്റെയടുത്ത് വിചാരണക്കെത്തിച്ചപ്പോള്‍ അദ്ദേഹത്തിന് വക്കീല്‍ ഒന്നുമുണ്ടായിരുന്നില്ല. സ്വന്തം ഭാഗം അദ്ദേഹം കാര്യമായി വാദിച്ചുമില്ല. പക്ഷെ വെറും മൂന്നു നൂറ്റാണ്ടിനകം ഏഥന്‍സില്‍ നാടുവാഴികളുടെയടുത്ത് എത്തുന്ന കുറ്റവാളികള്‍ക്ക് അവരുടെ ഭാഗം വാദിക്കാന്‍ വേണമെങ്കില്‍ ഒരു സുഹൃത്തിനെ കൊണ്ടുവരാം എന്ന നിയമമുണ്ടായി. 

ഇങ്ങനെ വരുന്ന സുഹൃത്ത് പണം വാങ്ങരുതെന്നുമായിരുന്നു നിയമം. എന്നാല്‍, വലിയ താമസമില്ലാതെ മിടുക്കന്മാരും വാദിക്കാന്‍ കഴിവുമുള്ള ചിലരും എല്ലാവരുടെയും 'സുഹൃത്തായി' ചമഞ്ഞ് വാദം തുടങ്ങി. ക്രമേണ കാശ് മേടിക്കാന്‍ പാടില്ലാ എന്നത് എല്ലാവരും സൗകര്യപൂര്‍വം മറന്നു. എഡി നാലാം നൂറ്റാണ്ടോടെ വക്കാലത്ത് നടത്തി പണം സമ്പാദിക്കുന്നവര്‍ ഏഥന്‍സിലും റോമിലുമെല്ലാം സാധാരണമായി.

പതിമൂന്നാം നൂറ്റാണ്ടിലാണ് ഫ്രാന്‍സിലും ഇറ്റലിയിലുമൊക്കെ ആദ്യത്തെ ലോ കോളേജ് വന്നത്. ഇന്ത്യയില്‍ ഒരു ലോ കോളേജ് വരാന്‍ പിന്നെയും ആറു നൂറ്റാണ്ടുകളെടുത്തു. 1855 ലാണ് മുംബൈയില്‍ ആദ്യത്തെ ലോ കേളേജ് നിലവില്‍ വരുന്നത്. ഇപ്പോള്‍ മൂന്നും അഞ്ചും വര്‍ഷത്തെ ഡിഗ്രികള്‍ നല്‍കുന്ന അറുന്നൂറിലേറെ ലോ കോളേജുകള്‍ ഇന്ത്യയിലുണ്ട്. ഓരോ മൂന്നുമാസം കൂടുമ്പോഴും നൂറുകണക്കിന് വക്കീലന്മാരാണ് കേരളത്തില്‍ എന്റോള്‍ ചെയ്യുന്നത്.

അക്രമം നടത്തിയ ഏതൊരാള്‍ക്കും ധൈര്യമായി സമീപിക്കാവുന്ന ഒരേയൊരാളേ ലോകത്തുള്ളു. അത്‌ വക്കീലാണ്. അറ്റോര്‍ണിക്ലയന്റ്  പ്രിവിലേജ് പ്രകാരം കൊലക്കുറ്റമോ, ബലാല്‍സംഗമോ, നികുതിവെട്ടിപ്പൊ എന്തുമാകട്ടെ നമ്മള്‍ വക്കീലിനോട് പറയുന്നത് അയാള്‍ പുറത്തുപറയാന്‍ പാടില്ല. അതിനാരും അവരെ നിര്‍ബന്ധിക്കാനും പാടില്ല. ഇവിടെയാണ് സാധാരണ ജനത്തിന് വക്കീലാന്മാരോടുള്ള കലിപ്പ് തുടങ്ങുന്നത്. അതിക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരെ പോലും എന്തുകൊണ്ട് വക്കീലന്മാര്‍ നിയമത്തിന്റെ പഴുതുപയോഗിച്ച് രക്ഷപെടുത്താന്‍ ശ്രമിക്കുന്നു ?. കേരളത്തിലും പലപ്പോഴും ഈ ചോദ്യം ആളുകള്‍ ചോദിക്കാറുണ്ടെങ്കിലും വക്കീലന്മാര്‍ പൊതുവെ ഇതിനു മറുപടി പറയാറില്ല.

'നിയമവാഴ്ച' അല്ലെങ്കില്‍ 'rule of law' എന്നത് ജനാധിപത്യം പോലെ മനുഷ്യസംസ്‌കാരത്തിന്റെ പുരോഗതിയുടെ ഒരു നാഴികക്കല്ലാണ്. ഇപ്പോള്‍ നമ്മള്‍ 'സ്വാഭാവികമായി' കരുതുന്ന നിയമവാഴ്ചയുടെ സംവിധാനങ്ങള്‍ ഒന്നും തന്നെ 'സ്വാഭാവികമോ' ദൈവ ദത്തമോ അല്ല. ഒരാള്‍ കുറ്റവാളി ആണെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയാല്‍ പിന്നെ അയാളെ തല്ലാനോ കൊല്ലാനോ ഒന്നും ആരും അധികം ആലോചിച്ചിരുന്നില്ല. ആദ്യം ജനക്കൂട്ടം, പിന്നെ നാട്ടു പ്രമാണിമാര്‍ പിന്നെ നാടുവാഴികളും രാജാക്കന്മാരും എല്ലാം തന്നെ ഈ വിചാരണയും ശിക്ഷയും  നിയമത്തിന്റെയോ കോടതി സംവിധാനത്തിന്റെയോ പിന്തുണ ഇല്ലാതെ പെട്ടെന്ന് നടപ്പിലാക്കിയിരുന്നു. 

യേശുക്രിസ്തുവിന്റെ കാര്യം എടുത്താല്‍ തന്നെ ഒരു ദിവസം രാത്രി അറസ്‌റ് ചെയ്തു പിറ്റേന്ന് വൈകുന്നതിന് മുന്‍പ് തന്നെ വിചാരണയും ശിക്ഷ നടപ്പാക്കലും കഴിഞ്ഞു. കേരളത്തിലും നാടുവാഴികള്‍ക്ക് കൊല്ലിനും കൊലക്കും ഉള്ള അവകാശം ഇല്ലാതായിട്ട് അധികം നൂറ്റാണ്ടുകള്‍ ഒന്നും ആയിട്ടില്ല. ഇങ്ങനെയുള്ള മനുഷ്യാവകാശ ലംഘനത്തിന്റെ കാലഘട്ടത്തില്‍ നിന്നാണ് ഏതൊരു മനുഷ്യനും, അതെത്ര കൊടും കുറ്റവാളിയോ രാജ്യദ്രോഹിയോ ആകട്ടെ സ്വാഭാവിക നീതിക്ക് അവകാശം ഉണ്ടെന്നും അത് ഒരു നിയമ സംവിധാനത്തില്‍ അടിസ്ഥാനമായിരിക്കണം എന്നൊക്കെയുള്ള ചിന്ത സംസ്‌കാരങ്ങള്‍ക്ക് ഉണ്ടാകുന്നത്. 

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ലോകത്തും ഇന്ത്യയിലും ഉള്ളത് പോലെ ലിബറലായ നിയമ വാഴ്ച ലോകത്ത് പലയിടത്തും ഇല്ല. ജനാധിപത്യ രാജ്യങ്ങളില്‍ പോലും. ഈ സംവിധാനം ഉണ്ടാക്കിയത് വക്കീലന്മാരല്ലെങ്കിലും അത് കൊണ്ട് നടക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത് അവരാണ്. അതിനാല്‍ തന്നെ സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തില്‍ മനുഷ്യാവകാശത്തിന്റെ കാവല്‍ക്കാരാണ് വക്കീലന്മാര്‍. ഏതു രാജ്യദ്രോഹിക്കും നിയമ വാഴ്ചയുടെ സംവിധാനത്തില്‍ നീതി ലഭിക്കേണ്ടതിനെ പറ്റി കഴിഞ്ഞ വര്‍ഷം ഇറങ്ങിയ A Bridge of Spies എന്ന ചിത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ഒന്ന് കണ്ടു നോക്കേണ്ടതാണ്.

കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും, ഡോക്ടര്‍മാരുടെ പോലെതന്നെ നമ്മുടെ വിഷമസന്ധികളിലാണ് നമ്മള്‍ വക്കീലിനെ തേടിയെത്തുന്നതെങ്കിലും ഡോക്ടര്‍മാരോടുള്ള സമീപനമല്ല, സമൂഹത്തിന് വാക്കീലന്മാരോടുള്ളത്. ഏറ്റവും ബഹുമാനിക്കപ്പെടുന്ന പ്രൊഫഷനുകളിലൊന്നായി ഡോക്ടര്‍ ജോലി തുടരുമ്പോള്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ തമാശകളുണ്ടാകുന്നത് വക്കീലന്മാരുടെ തൊഴിലുമായി ബന്ധപ്പെട്ടാണ്.

ഇത് വാസ്തവത്തില്‍ കഷ്ടമാണ്. പലകാര്യത്തിലും ഡോക്ടര്‍മാരും വക്കീലന്മാരും തമ്മില്‍ താരതമ്യമുണ്ട്. അഞ്ചോ ആറോ വര്‍ഷം പഠനം കഴിഞ്ഞാലേ ഈ പ്രൊഫെഷനുകളില്‍ എത്താന്‍ പറ്റൂ, പേരെടുക്കാനുള്ള അവസരവുമുണ്ട്, പേരെടുത്തുകഴിഞ്ഞാല്‍ ദിവസവും ലക്ഷങ്ങള്‍ സമ്പാദിക്കാനുള്ള അവസരങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. അതേസമയം കരിയര്‍ തുടങ്ങുന്ന ആദ്യത്തെ പത്തുവര്‍ഷം ഡോക്ടര്‍മാരേക്കാള്‍ കഷ്ടമാണ് വക്കീലന്മാരുടെ ഗതി.

പ്രത്യേകിച്ച് ബന്ധുക്കളായി പേരുകേട്ട വക്കീലന്മാര്‍ ഒന്നുമില്ലെങ്കില്‍. യാതൊരു പ്രൊഫഷണലിസവും ഇല്ല, സേവന വേതന വ്യവസ്ഥയുടെ കാര്യത്തിലിപ്പോഴും യാതൊരു ബഞ്ചുമാര്‍ക്കും ഇല്ല. സീനിയര്‍ വക്കീലിന്റെ കീഴില്‍ അവര്‍ പറയുന്ന ഏതു ജോലിയും ചെയ്യണം. തൊഴിലുറപ്പു ജോലിയില്‍ ഓടയിലെ ചെളികോരുന്ന പണിക്ക് കിട്ടുന്ന ശമ്പളം പോലും കിട്ടുമെന്ന് ഒരുറപ്പുമില്ല താനും. നാല്‍പ്പതു വയസ്സെങ്കിലുമാകും വക്കീലിന് അത്യാവശ്യം പേരെടുക്കാനും അരി മേടിക്കാനുള്ള വകയുണ്ടാകാനും. 

എന്നാല്‍, ഇങ്ങനെയൊന്നും ആയിരിക്കേണ്ട ഒരു തൊഴിലല്ല ഇത്. എന്‍ജിനീയറിങ് പോലെ തന്നെ വളരെ വ്യാപകമായ അടിത്തറയുള്ള പഠനസംവിധാനമാണ് നിയമപഠനം. ഭാഷ, സംസാരം, എഴുത്ത്, ചരിത്രം, നീതിശാസ്ത്രം, നിയമം എന്നിങ്ങനെ അനവധി വിഷയങ്ങള്‍ പഠിച്ചാണ് ഒരാള്‍ വക്കീലാകുന്നത്. അതുകൊണ്ടുതന്നെ കേവലം കോടതിപ്പണി മാത്രമല്ല എഴുത്തോ, സംസാരമോ ഒക്കെ ആവശ്യമുള്ള മറ്റുപല ജോലികളും ഇവര്‍ക്ക് വഴങ്ങും. ഐക്യരാഷ്ട്രസഭയിലെ ജോലിക്കാരില്‍ ഏതെങ്കിലും ഒരു പ്രൊഫഷനില്‍ നിന്നും ഏറ്റവരും കൂടുതല്‍ എത്തിക്കാട്ടുന്നത്  നിയമബിരുദധാരികളാണ് എന്നാണ് എന്റെ അറിവ്. നമ്മുടെ അസ്സംബ്ലിയിലും പാര്‍ലമെന്റിലുമൊക്കെ അംഗമാകുന്നവരിലും ഏറ്റവും കൂടുതല്‍ ആളുകള്‍ നിയമപരമായ പശ്ചാത്തലമുള്ളവരാണ്. 

പക്ഷെ ആഗോളതലത്തില്‍ ഒരു കരിയര്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ നിയമബിരുദത്തിന് ചില ബുദ്ധിമുട്ടുകളുണ്ട്. എന്‍ജിനീയറിങും മെഡിസിനുമൊക്കെ ലോകത്തെവിടെ പഠിച്ചാലും പഠനവിഷയങ്ങള്‍ ഒന്നായിരിക്കുന്നതു പോലെയല്ല, നിയമം. ഓരോ രാജ്യത്തും നിയമം ഓരോ തരത്തിലായതുകൊണ്ട് ഒരിടത്തെ ഡിഗ്രി കൊണ്ട് മറ്റൊരു രാജ്യത്ത് ജോലി ചെയ്യാന്‍ സാധിക്കില്ല. ആ രാജ്യത്തെ നിയമങ്ങള്‍ ഒന്ന് തൊട്ടു പഠിച്ചാലേ കാര്യമുള്ളു. ഡോക്ടര്‍മാരുടെ കാര്യം പോലെ സിലബസിലെ ഹാര്‍മോണൈസേഷന്‍ ഇവിടെയൊരു ഓപ്ഷനേയല്ല. ഇന്ത്യയില്‍ നിന്ന് തൊഴിലിനു വേണ്ടിയോ വിവാഹം കഴിച്ചോ ഒക്കെ നാട് വിടേണ്ടി വരുന്ന വക്കീലന്മാര്‍ക്ക് ഇത് വലിയ പാരയാണ്. 

അതേസമയം നിയമപരിശീലനം നേടിയ ഒരാള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ജോലികളില്‍ ഒന്നുമാത്രമാണ് കോടതിയിലെ വക്കീല്‍പ്പണി എന്ന തരത്തില്‍ നിയമ പഠനത്തെ കാണാന്‍ നാം തയ്യാറായാല്‍ കാര്യങ്ങളുടെ കിടപ്പ് മാറി. നിയമവിഷയങ്ങളില്‍ ഗവേഷണം നടത്തുക, നിയമകാര്യങ്ങളെക്കുറിച്ച് എഴുതുക, കോണ്‍ട്രാക്ടുകള്‍ തയ്യാറാക്കുക, പേറ്റന്റ്‌സുകള്‍ക്കും മറ്റും അപേക്ഷ തയ്യാറാക്കുക, വസ്തുവകകളുടെ വില്‍പ്പനക്കുള്ള കരാറുകള്‍ തയ്യാറാക്കുക, പൗരന്മാരുടെ നിയമപരമായ അവകാശങ്ങളെപ്പറ്റി അവരെ ബോധവാന്മാരാക്കുക, കമ്പനികളില്‍ നിയമ ഉപദേഷ്ടാവാകുക എന്നിങ്ങനെ അനവധി നിയമ അനുബന്ധ ജോലികള്‍ വക്കീലന്മാര്‍ക്ക് ചെയ്യാവുന്നതായിട്ടുണ്ട്. 

ആഗോളവല്‍ക്കരിക്കപ്പെടുന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ ഇതിനൊക്കെ വലിയ സാധ്യതയുമുണ്ട്. ഇന്ത്യയിലെ പേരുകേട്ട ന്യൂ ജനറേഷന്‍ കോളേജുകളില്‍ നിന്നും പഠിച്ചുവരുന്ന ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും കോടതിയില്‍ പോകാതെ ഇത്തരം ഓഫീസ് ജോലികളാണ് ചെയ്യുന്നത്. ഇതിന് അല്‍പ്പമൊക്കെ ആഗോള പോര്‍ട്ടബിലിറ്റിയുണ്ട് താനും. ചെറുപ്പകാലത്തേ അത്യാവശ്യം ശമ്പളം ഒക്കെ കിട്ടും. പക്ഷെ  എന്റെ സുഹൃത്തും പെരുമ്പാവൂരിലെ പ്രമുഖ ക്രിമിനല്‍ വക്കീലുമായ ജയറാം സുബ്രമണിയെപ്പോലെ കോടതിയില്‍ നിന്നും വാദിച്ചു കസറാന്‍ പറ്റില്ല എന്ന് മാത്രം.

നിയമാനുബന്ധ ജോലികള്‍ മാത്രമല്ല, അല്ലാത്ത ജോലികള്‍ ചെയ്യാനും വക്കീല്‍ പഠനം ഉപകരിക്കും.  നിയമപഠനത്തെ അടിസ്ഥാനമാക്കി എടുത്താല്‍ മാനേജ്‌മെന്റ്‌റ് തൊട്ട് കൗണ്‍സലിംഗ് വരെ അനവധി രംഗങ്ങളില്‍ ശോഭിക്കാന്‍ പറ്റും. ഇന്ത്യയില്‍ നിന്നും നിയമപഠനം കഴിഞ്ഞ് വിവാഹശേഷവും മറ്റും അന്യനാടുകളിലേക്ക് പോകുന്നവര്‍ പലരും പലവിധ ജോലികളില്‍ ശോഭിക്കുന്നുണ്ട്. ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ ജോലിചെയ്യുന്ന പ്രിയ, ജയിലിലെ കറക്ഷന്‍ ഓഫീസറായി ജോലിചെയ്യുന്ന ബിനോയ്, ഇന്‍ഷുറന്‍സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായി ജോലിചെയ്യുന്ന എബ്രഹാം, ക്രിമിനോളജിയില്‍ ഗവേഷണം നടത്തുന്ന ദീപ എന്നിങ്ങനെ വക്കീല്‍ പഠനശേഷം മറ്റു രാജ്യങ്ങളില്‍ എത്തി മറ്റു മേഖലകളില്‍ ജോലിചെയ്ത് ശോഭിക്കുന്നവര്‍ എന്റെ സുഹൃത് വലയത്തില്‍ ഏറെയുണ്ട്.

പരമ്പരാഗതമായി ഒരു വക്കീല്‍ ബന്ധമോ സാമാന്യം നല്ല സാമ്പത്തിക സ്റ്റാമിനയോ ഇല്ലാത്തവരോട് ഞാന്‍ സാധാരണ വക്കീലാകാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുക്കാറില്ല.  എന്നാലും ഈ വഴിയില്‍ താല്പര്യമുള്ളവര്‍ക്ക് വേണ്ടി ചില കാര്യങ്ങള്‍ പറയാം. 

1. ഒരുദിവസം ഇരുപതോ, മുപ്പതോ ലക്ഷം രൂപ ഒരു വക്കീലിന് ഫീസായിക്കിട്ടുമെന്ന് നിങ്ങള്‍ വായിച്ചിട്ടുണ്ടാകും. അതുകേട്ട് വക്കീലാകാന്‍ ഇറങ്ങിത്തിരിക്കാതിരിക്കുന്നതാണ് ഭംഗി. ഒരു ശരാശരി വക്കീലിന്റെ ജീവിതം ലേശം കഷ്ടപ്പാടുള്ളതാണ്.

2. ബെംഗളൂരിലെ നാഷണല്‍ ലോ സ്‌കൂള്‍ തുടങ്ങി കൊച്ചിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ഉള്‍പ്പെടെ ഇന്ത്യയിലിപ്പോള്‍ പുതിയ ജനറേഷന്‍ സ്‌കൂളുകള്‍ പലതുണ്ട്. ഇവയില്‍ നിന്നും പാസായവര്‍ക്ക് പൊതുവെ കൂടുതല്‍ തൊഴിലവസരങ്ങളുണ്ട്. 

3. അന്താരാഷ്ട്ര രംഗത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ലോ, ഐടി ലോ, ഷിപ്പിംഗ് ലോ, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ലോ എന്നിങ്ങനെ അനവധി സ്‌പെഷലൈസേഷനുണ്ട്. ഈ വിഷയങ്ങളില്‍ ലോകത്തെ നല്ല സ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്താന്‍ പോകുന്നവര്‍ക്ക് ഒരു ആഗോള തൊഴില്‍ജീവിതം കെട്ടിപ്പടുക്കാന്‍ പറ്റും. ഇന്ത്യയിലും ഇത്തരം സ്‌പെഷ്യലൈസേഷന്‍ ഉണ്ടെങ്കിലും ആഗോളമായ തൊഴില്‍ സാധ്യതയാണ് താല്പര്യം എങ്കില്‍ പഠനത്തിന്റെ ഏതെങ്കിലും കാലം ഇന്ത്യക്ക് പുറത്ത് ചെയ്യാന്‍ നോക്കണം.

4. എഴുത്തിലൂടെയും വാക്കിലൂടെയും വ്യക്തമായി പറയാനുള്ള കഴിവും, നല്ല ഭാഷയും എവിടെയും ഹൈ പ്രീമിയം  കമ്മോഡിറ്റിയാണ്. നിയമ രംഗത്തല്ലാതെ രാഷ്ട്രീയത്തിലോ സിവില്‍ സര്‍വീസിലോ മാനേജ്‌മെന്റിലോ ഒക്കെയാണ് നിങ്ങളുടെ കണ്ണെങ്കില്‍ അതിന് അടിസ്ഥാനമാക്കാന്‍ ഏറ്റവും നല്ലത് നിയമ പഠനം ആണ്.

5. പക്ഷെ പലപ്പോഴും പറഞ്ഞ പോലെ നല്ല ലോ കോളേജുകളില്‍ പഠിക്കുക എന്നതാണ് പ്രധാനം. നല്ലത് എന്ന് വച്ചാല്‍ നല്ല മിടുക്കന്മാരായ കുട്ടികള്‍ പഠിക്കാന്‍ വരുന്നത്, നല്ല അധ്യാപകര്‍ ഉള്ളത്, പരമാവധി ഇലക്റ്റീവുകള്‍ ഉള്ളത്, ഭാഷ പഠനത്തിന് അവസരം നല്‍കുന്നത്, പഠനകാലത്ത് വിദേശത്ത് ഒക്കെ പോകാന്‍ അവസരം നല്‍കുന്നത് എന്നിങ്ങനെ. 

6. പഠനകാലത്ത് പരമാവധി ഇന്റേണ്‍ഷിപ്പില്‍ പരിശീലനം നേടുക. ഇത് ഒരു സര്‍ക്കാര്‍ സംവിധാനം, നോണ്‍ ഗര്‍വണ്‍മെന്റല്‍ സംവിധാനം, ഇന്ത്യക്ക് പുറത്ത് പറ്റിയാല്‍ അത്, ഒരു കോര്‍പ്പറേറ്റ് സംവിധാനം എന്നിങ്ങനെ ഓരോ വര്‍ഷവും മാറി മാറി എടുക്കാന്‍ നോക്കണം. പഠിക്കുന്ന കാലത്ത് തന്നെ പരമാവധി തൊഴിലുകള്‍ അറിയുക, ആളുകളും ആയി ബന്ധപ്പെടുക യാത്ര ചെയ്യുക ഇതൊക്കെയായിരിക്കണം ലക്ഷ്യം.

ആഗോളമായി ഒരു തൊഴില്‍ജീവിതം മുന്നില്‍ക്കാണുന്ന വക്കീലന്മാര്‍ ഫ്രഞ്ച് ഒരു രണ്ടാം ഭാഷയായെടുക്കുന്നത് നല്ലൊരു ഇന്‍വെസ്‌റ്‌മെന്റാണ്. ഒരു വക്കീലായി അന്താരാഷ്ട്ര  പ്രവൃത്തിപരിചയം സമ്പാദിക്കുക എളുപ്പമല്ല എന്ന് പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ അനുബന്ധജോലികള്‍ കണ്ടുപിടിച്ചുവേണം പുറംലോകത്ത് തൊഴില്‍ പരിചയം നേടാന്‍.

അന്താരാഷ്ട്ര നിയമങ്ങളുടെ (മള്‍ട്ടി ലാറ്ററല്‍ എഗ്രിമെന്റ്) നിര്‍മ്മാണവും വിശകലനവും നടപ്പിലാക്കലുമൊക്കെ ഇന്ത്യക്കാര്‍ അധികം എത്തിപ്പെടാത്ത, എന്നാല്‍ ഹൈ പ്രൊഫൈലുള്ള നിയമരംഗത്തെ തൊഴിലവസരങ്ങളാണ്. ഐക്യരാഷ്ട്രസഭയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് (UNITAR) ഈ വിഷയങ്ങളിലൊക്കെ പരിശീലനം നല്‍കുന്നുണ്ട്.

കഴിഞ്ഞദിവസം പറഞ്ഞതുപോലെ ആഗോളമായ വിഷയങ്ങള്‍ അനവധി ഇപ്പോള്‍ നമുക്ക് ഫ്രീയായി ഓണ്‍ലൈനില്‍ പഠിക്കാം. അത് കുറച്ചൊക്കെ പ്രയോജനപ്പെടുത്തുക. സര്‍ട്ടിഫിക്കറ്റുകള്‍ സമ്പാദിക്കുക.
പ്രോഡക്റ്റ് പ്ലേസ്‌മെന്റ് എന്നത് ഏതു എന്റര്‍ടൈന്‍മെന്റ് ഇന്‍ഡസ്ട്രിയുടെയും അടിസ്ഥാന ഘടകം ആണല്ലോ. അപ്പോള്‍ വക്കീലുമാരെപ്പറ്റി പറയുമ്പോള്‍ എന്റെ കുറച്ചു സുഹൃത്തുക്കളെ കുറിച്ച് പറയാതിരിക്കുന്നത് ശരിയല്ല. പക്ഷെ ഇത് വെറും പൊങ്ങച്ചം മാത്രമല്ല. ഒരു വക്കീല്‍ ബിരുദം ഉണ്ടെങ്കില്‍ എവിടെ ഒക്കെ ഏതൊക്ക തരത്തില്‍ ശോഭിക്കാന്‍ എന്നതിന്റെ ഉദാഹരണം കൂടിയാണ്.   

ഓഫീസുകളിലെ സെക്ഷ്വല്‍ ഹരാസ്‌മെന്റ്, ഡിസ്‌ക്രിമിനേഷന്‍ വിഷയത്തില്‍ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്ന വിദ്യ വര്‍മ്മ, വക്കീല്‍ ജോലി നല്‍കുന്ന ധൈര്യവും സുരക്ഷിതത്വവുമുപയോഗിച്ച് അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടുന്ന കേരളാ യുക്തിവാദി സംഘം പ്രസിഡന്റ് അഡ്വക്കേറ്റ് അനില്‍കുമാര്‍, ഡോക്ടര്‍ പഠനമെല്ലാം മാറ്റിവെച്ച് വക്കീലായ കേരളത്തിന്റെ പ്രിയപ്പെട്ട സിവില്‍ സെര്‍വന്റ് കളക്ടര്‍ ബ്രോ, ഇനി ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍ പറയണേ...

ഇങ്ങനെ സമൂഹത്തിന്റെ നാനാതുറയിലും നല്ല വക്കീലുമാരുണ്ട്,  ഉണ്ടാകണം, ഉണ്ടായിരിക്കട്ടെ!

ഈ പരമ്പരയുടെ മുന്‍ലക്കങ്ങള്‍ 

1. അതിരുകളില്ലാത്ത ലോകം, മതിലുകളുയരുന്ന ലോകം 

2. ചാട്ടത്തിലെങ്ങാനും പിഴച്ചുപോയാല്‍ 

3. മൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റര്‍ 

4. ഈ കുട്ടിക്ക് ഒരു ജീവിതം കൊടുക്കൂ....

5. ഈ എന്‍ജിനീയര്‍മാര്‍ക്കെന്താ കൊമ്പുണ്ടോ?

6വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍