കാര്യം അന്താരാഷ്ട്രീയന് ഒക്കെയാണെങ്കിലും ഫേസ്ബുക്കില്‍ ഞാനൊരു തനിമലയാളിയാണ്. അതുകൊണ്ടുതന്നെ അവിടെയും ഫേസ്ബുക്ക് കൂട്ടായ്മയിലും ഭാഷ മലയാളം ആണ്.
അബുദാബിയില്‍ ആ പതിവ് തെറ്റി. പരിപാടി അറേഞ്ച് ചെയ്ത കിരണ്‍, വിദേശിയായ ഒരു സുഹൃത്തിനെ ക്ഷണിച്ചു. അദ്ദേഹമുള്ളതുകൊണ്ട് ചര്‍ച്ചയും സംഭാഷണവുമൊക്കെ ഇംഗ്ലീഷിലായിപ്പോയി.
ചര്‍ച്ചയുടെ ഇടവേളയില്‍ അവിടെയുണ്ടായിരുന്ന പെണ്‍കുട്ടി ഒരു ചോദ്യം ചോദിച്ചു.
'സാറിങ്ങനെ നാട്ടില്‍ നിന്ന് പോന്ന് ലോകം മുഴുവന്‍ നടക്കാന്‍ തുടങ്ങിയിട്ട് മുപ്പത് വര്‍ഷമായി എന്നു പറയുന്നു, എന്നിട്ടും സാറിന്റെ ഇംഗ്ലീഷ് ഇപ്പോഴും മലയാളികളുടേത് പോലെയാണല്ലോ. ഇതൊരു ബുദ്ധിമുട്ടല്ലേ, ഇവിടെയൊക്കെ ഇങ്ങനെ ഇംഗ്ലീഷ് സംസാരിച്ചാല്‍ പിന്നെ പ്രമോഷനൊന്നും ഒരു സാധ്യതയുമില്ല.'
വളെരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ആ കുട്ടി ചൂണ്ടിക്കാണിച്ചത്.
ഇംഗ്ലീഷ് ഭാഷ എന്നത് പലയിടത്തും നമ്മുടെ തൊഴിലിലെ വൈദഗ്ദ്ധ്യത്തേക്കാള്‍ പ്രധാനമാണ്. നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയുന്നവര്‍ക്ക് ശരാശരി ഡിഗ്രി കൊണ്ട് മുന്നേറാന്‍ കഴിയുമ്പോള്‍, ഭാഷയില്‍ പ്രാവീണ്യമില്ലാത്തവര്‍ക്ക് അപകര്‍ഷതാബോധത്തില്‍ നമ്മുടെ ആശയങ്ങള്‍ വേണ്ടപോലെ പ്രകടിപ്പിക്കാന്‍ സാധിക്കാതെയും തൊഴില്‍ ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കാതെയും വരുന്നു. ശ്രദ്ധിക്കേണ്ട കാര്യമാണിത്.
തൊഴില്‍ ജീവിതത്തില്‍ ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെപ്പറ്റി നമ്മള് മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്.
1. ഏതു തൊഴിലിലും ശോഭിക്കാന്‍ വേണ്ടത് ആ തൊഴില്‍ വിഷയത്തിലുള്ള വൈദഗ്ദ്ധ്യമാണ്, തര്‍ക്കമില്ല. എന്നാല്‍, നമ്മുടെ ഭാഷാപരിജ്ഞാനം അവിടെയെത്തിപ്പറ്റാന് വഴി സുഗമമാക്കിത്തരും.
2. ഇംഗ്ലീഷ് എന്നത് കൃത്യമായ വാര്‍പ്പ് രൂപത്തിലുള്ള ഒരു ഭാഷയല്ല. ഇംഗ്ലണ്ടില്‍ത്തന്നെ ഓരോ നഗരത്തിലും ഓരോ വിധത്തിലാണ് സംസാരം. ലോകത്തിപ്പോള്‍ ഇംഗ്ലണ്ടിലെ മൊത്തം ജനസംഖ്യയിലും കൂടുതല്‍ ആളുകള്‍ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്. അവരൊന്നും ഒരു പോലെയല്ല ഇംഗ്ലീഷ് സംസാരിക്കുന്നത്. ബില്‍ ക്ലിന്റണ് സംസാരിക്കുന്നതു പോലെയല്ല നെല്‍സണ്‍ മണ്ടേല സംസാരിക്കുന്നത്.
മാര്‍ഗരറ്റ് താച്ചറുടെ ഇംഗ്ലീഷല്ല, പ്രണബ് മുഖര്‍ജിയുടെ ഇംഗ്ലീഷ്. ഇവരുടെ ഒന്നും ഭാഷ അവര്‍ക്ക് അവര്‍ എത്തിയിടത്ത് എത്താന്‍ ബുദ്ധിമുട്ടുണ്ടാക്കിയില്ല. അതുകൊണ്ടുതന്നെ നമ്മള് ഇംഗ്ലീഷ് സംസാരിക്കുന്നത് ഏതു വിധത്തിലാണെങ്കിലും അപകര്‍ഷതാബോധത്തിന്റെ ആവശ്യമില്ല. നമ്മുടെ ഇംഗ്ലീഷ് എങ്ങനെ തന്നെ ആണെങ്കിലും ധൈര്യമായി സംസാരിക്കുക, സംസാരിക്കുന്നതില്‍ കഴമ്പുണ്ടായിരിക്കുക എന്നതൊക്കെ ആണ് പ്രധാനം.
3. അതേസമയം നമ്മള് ഇംഗ്ലണ്ടിലേക്കോ, അമേരിക്കയിലേക്കോ കുടിയേറിപ്പാര്‍ക്കുകയോ, തൊഴിലിനുവേണ്ടി സ്ഥിരമായി അവിടെ താമസിക്കുകയോ, ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഏതെങ്കിലുമൊരു രാജ്യത്ത് ജീവിക്കുകയോ ചെയ്യുമ്പോള്‍ അവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ഇംഗ്ലീഷ് പറയാന്‍ പഠിക്കേണ്ടതാണ്.
4. ഇന്ത്യയിലും ഗള്‍ഫിലും എല്ലാം തന്നെ ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ അറിയാവുന്നത് ഒരാള്‍ എത്ര 'സ്മാര്‍ട്ട്' ആണെന്നതിന്റെ അളവുകോലായി ആളുകള്‍ എടുക്കുന്നുണ്ട്. ഇത് ശരിയല്ലെങ്കിലും ഇങ്ങനെ ഒരു ചിന്ത ഉള്ളിടത്തോളം കാലം ആ ഭാഷ നന്നായി പഠിച്ചേ പറ്റൂ.
5. പക്ഷേ കേരളത്തില്‍ പഠിപ്പിക്കുന്നത് മലയാളി ഇംഗ്ലീഷാണ്. ലോകത്തെ പല രാജ്യങ്ങളും ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യങ്ങളില്‍ നിന്നും ആളുകളെ കൊണ്ട് വന്ന് അവരുടെ സ്കൂളുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു സംവിധാനം ഉണ്ട്. നമ്മളും അത് ചെയ്താല്‍ നന്നായിരിക്കും.
6. ഇത് പക്ഷെ തല്ക്കാലം നടക്കുന്ന കാര്യമല്ല. അപ്പോള്‍ നമ്മുടെ ഉച്ചാരണമൊക്കെ ശരിയാക്കിയെടുക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടിയേ പറ്റൂ. ബാംഗ്ലൂരില്‍ ഇന്ത്യക്കാരുടെ ഇംഗ്ലീഷ് ഉച്ചാരണം ശരിയാക്കാന്‍ Accent neturalisation കോഴ്സുകളുണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അതിനായി ആറുമാസം ബാംഗ്ലൂരില്‍ ചെലവഴിച്ചാലും തെറ്റില്ല. ഇങ്ങനൊരു കോഴ്സ് കേരളത്തിലും തുടങ്ങേണ്ടതാണ്.
7. ജനീവയില്‍ ഒക്കെ വരുന്ന കുട്ടികള്‍ ഭാഷ പഠിക്കാന്‍ വേണ്ടി പരസ്പര സഹായ പദ്ധതികള്‍ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഒരാള്‍ ഫ്രഞ്ച് അങ്ങോട്ട് പഠിപ്പിക്കുമ്പോള്‍ മറ്റയാള്‍ ഇംഗ്ലീഷ് ഇങ്ങോട്ടു പഠിപ്പിക്കുന്നു. സമൂഹമാധ്യമത്തിന്റെയും ഇന്റര്‍നെറ്റിന്റെയും ഒക്കെ ഒരു നല്ല ഉപയോഗം ഇംഗ്ലീഷ് സംസാരിക്കുന്ന നാടുകളിലെ കുട്ടികളും ആയി ഇത് പോലെ ഒരു ബാര്‍ട്ടര്‍ ചെയ്യുന്നതാണ്.
അവര്‍ക്ക് മലയാളം പഠിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ അവര്‍ക്ക് കണക്കിലോ ഫിസിക്സിലോ ഒക്കെ ട്യൂഷന് കൊടുക്കാം തിരിച്ച് ഇംഗ്ളീഷ് ഇങ്ങോട്ടും പഠിപ്പിക്കാന്‍ പറയണം. (ബോംബയില്‍ ഉള്ള എന്റെ ഒരു സുഹൃത്ത് ഇങ്ങനെ ഇംഗ്ളീഷും ജാപ്പനീസും തമ്മില്‍ സ്കൈപ്പ് വഴി ബാര്‍ട്ടര്‍ നടത്തുന്നത് എനിക്കറിയാം).
8. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഇംഗ്ലീഷ് പഠനം ഏറെ പ്രധാനമാണെന്ന് കരുതിത്തുടങ്ങണം. ഞാനൊക്കെ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ 'ഇംഗ്ലീഷിന്റെ മാര്‍ക്ക് എന്‍ജിനീയറിങ് പ്രവേശനത്തെ ബാധിക്കില്ല' എന്ന ചിന്തയില്‍ ക്ലാസ്സ് കട്ട് ചെയ്ത് കശുമാവിന്തോട്ടത്തില് പോയിരിക്കുന്നത് പതിവായിരുന്നു. അന്നത് ചെയ്യരുതെന്ന് പറയാന്‍ ആരുമില്ല. അതുപോലെതന്നെ എന്‍ജിനീയറിങ് പഠനകാലത്ത് ഭാഷാപഠനത്തില്‍ അധ്യാപകരോ കുട്ടികളോ ശ്രദ്ധിക്കുന്നതേയില്ല. ശുദ്ധമണ്ടത്തരമാണിത്.
9. പഠനസംവിധാനങ്ങളില് ഇതൊക്കെ മാറിവരാന്‍ സമയമെടുക്കും. അതുകൊണ്ട് നമ്മുടെ ഭാഷ നന്നാക്കേണ്ട ഉത്തരവാദിത്തം നമ്മള് തന്നെ ഏറ്റെടുക്കുക. സ്കൂളില്‍ പഠിക്കുന്ന കുട്ടികളെ അക്കാലത്ത് തന്നെ ഡിസ്കവറി ചാനലോ, റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ പ്രോഗ്രാമോ ഒക്കെ കാണാന്‍ പ്രേരിപ്പിച്ച് ഇംഗ്ലീഷ് ഭാഷയുമായി അടുപ്പിക്കുന്നത് ഒരു നല്ല തുടക്കമാകും.
10. പത്താം ക്ലാസ്സൊക്കെ കഴിഞ്ഞാല്‍ കുട്ടികളോട് ബിബിസി റേഡിയോ ശ്രദ്ധിക്കാന്‍ പറയുക. ടിവിയില്‍ പ്രോഗ്രാം കാണുമ്പോള്‍ കണ്ണുകളില്‍ കിട്ടുന്ന മെസ്സേജാണ് കേള്വിയേക്കാള് മനസ്സില്‍ രജിസ്റ്ററാകുന്നത്. റേഡിയോ ആകുമ്പോള്‍ വാക്കുകളും വാചകങ്ങളും മാത്രം ശ്രദ്ധിച്ച് കാര്യങ്ങള്‍ മനസ്സിലാക്കും. ദിവസവും ഒരു മണിക്കൂറെങ്കിലും ബിബിസി റേഡിയോ കേള്‍ക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
11. കുട്ടികളെ പ്രായത്തിനനുസരിച്ച ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കാന്‍ ചെറുപ്പത്തിലേ പ്രോത്സാഹിപ്പിക്കണം. അവര്‍ക്ക് താല്പര്യമുള്ള വിഷയത്തിന് മുന്‍തൂക്കം കൊടുത്താകണം പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍, നിങ്ങളുടെ താല്പര്യത്തിനായിരിക്കരുത്. പ്രായം കൂടുന്നതനുസരിച്ച് ക്ലാസ്സിക്കുകളും ബയോഗ്രഫിയുമൊക്കെയായി വായന വിപുലമാക്കണം. എന്‍ജിനീയറിങ് പഠിക്കുന്ന കാലത്ത് റീഡേഴ്സ് ഡൈജസ്റ്റും ഇന്ത്യ ടുഡേ ഇംഗ്ലിഷുമൊക്കെ ആയിരുന്നു എന്റെ വായന. ഇപ്പോള്‍ എക്കണോമിസ്റ് ആണ് ഞാന്‍ എന്റെ മരുമക്കള്‍ക്ക് ശുപാര്‍ശ ചെയ്യുന്നതും വാങ്ങിക്കൊടുക്കുന്നതും.
12. നമ്മുടെ വൊക്കാബുലറി വലുതാക്കുക എന്നതാണ് കേരളത്തില്‍ വെച്ചുതന്നെ നമുക്ക് നേടാവുന്ന ഒരു കാര്യം. സിനിമയും ടിവി പ്രോഗ്രാമും കണ്ടാല്‍ കിട്ടാത്തതാണിത്. പുതിയ വാക്കുകള്‍ കേട്ടാലും സാഹചര്യം കൂടി കാണുന്നതുകൊണ്ട് ഒരു വാക്ക് മനസ്സിലായില്ലെങ്കിലും നമ്മള് ശ്രദ്ധിക്കില്ല. എന്നാല്‍ നല്ല മാസികകളും നല്ല എഴുത്തുകാരെയും വായിക്കുമ്പോള്‍ നമ്മുടെ പദസഞ്ചയം സ്വാഭാവികമായിത്തന്നെ വിപുലമാകും.
13. ഒരു വാക്ക് നമുക്ക് സ്വായത്തമാകുന്നത് അതിന്റെ അര്‍ത്ഥം മനസ്സിലാക്കിക്കഴിയുമ്പോഴല്ല, മറിച്ച് ആ വാക്ക് നമ്മള് ഒരു വാക്യത്തില്‍ വേണ്ടപോലെ പ്രയോഗിക്കുമ്പോളാണ്. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് എഴുതാനുള്ള ഒരവസരവും വെറുതെ കളയരുത്. എഴുതുമ്പോള്‍ നമുക്ക് പരിചയമില്ലാത്ത വാക്കുകള്‍ ഇടക്കൊക്കെ പ്രയോഗിക്കാന്‍ ശ്രദ്ധിക്കുകയും വേണം. എന്റെ കൂട്ടുകാരന്റെ കാമുകിക്ക് ഇംഗ്ലീഷില്‍ പ്രേമലേഖനമെഴുതിയാണ് എഴുത്തുജീവിതം തുടങ്ങിയതെന്ന് മുന്‍പ് പറഞ്ഞിട്ടുണ്ടല്ലോ. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇംഗ്ലീഷ് ഭാഷ നന്നാക്കാന്‍ വേണ്ടി കുട്ടികളെ അവധിക്കാലത്ത് ഇംഗ്ലണ്ടില്‍ എന്തെങ്കിലും പണി ചെയ്യാന്‍ (ഹോട്ടലില്‍ സപ്ലെയറായോ, ബേബി സിറ്റിങ്ങിനോ ഒക്കെ) വിടുന്ന ഒരു രീതിയുണ്ട്. തല്ക്കാലം നമ്മുടെ സമൂഹത്തിലും സംസ്കാരത്തിലും ഇതൊന്നുമില്ല എങ്കിലും കേരളത്തിന് പുറത്ത് കുട്ടികളെ പഠിപ്പിക്കാന്‍ വിടണമെന്ന് ഞാന്‍ പറയുന്നതിന്റെ ഒരു കാരണമിതാണ്.
14. ഇന്റര്‍നെറ്റിന്റെ ലോകത്ത് ഇംഗ്ലീഷ് ഭാഷ നന്നാക്കുക എന്നത് നല്ല ആഗ്രഹമുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ടുമുള്ള കാര്യമല്ല. എത്രയോ വെബ് സൈറ്റുകളില്‍ ഫ്രീയായി ചെറുതും വലുതുമായി ഔദ്യോഗികവും അല്ലാത്തതുമായ എത്രയോ വെബ് സൈറ്റുകളുണ്ട് ഭാഷ നന്നാക്കിയെടുക്കാന്‍. https://alison.com/learn/english അല്ലെങ്കില്‍ http://www.cambridgeenglish.org/learning-english/free-resources/ ആണ് ഞാന്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാറ്.
ഇന്ത്യയിലെ ഏതു കുഗ്രാമത്തില്‍ നിന്ന് വന്ന ആളാണെങ്കിലും നല്ല ആഗ്രഹം ഉണ്ടെങ്കില്‍ ഭാഷ പഠിക്കുമെന്നതിന് എനിക്ക് നല്ലൊരുദാഹരണമുണ്ട്. ബീഹാറില്‍ നിന്നും ഐഐടിയില്‍ വന്ന പാണ്ഡേയുടെ കഥയാണത്.
ബീഹാറിലെ ഒരു ഗ്രാമത്തില്‍ നിന്നും വന്ന മിടുക്കനായ മെക്കാനിക്കല്‍ എന്‍ജിനീയറാണ് പാണ്ഡെ. പുള്ളിയുടെ ഹിന്ദി പോലും നമുക്ക് മനസ്സിലാകില്ല. ഒരുദിവസം പാണ്ഡെ വിഷണ്ണനായി എന്റെയടുത്ത് വന്നു.
'മുരളി, എനിക്ക് TOEFL എഴുതണം.' അമേരിക്കയിലേക്ക് പോകാനുള്ള ഇംഗ്ലീഷ് പരീക്ഷയാണ് Test of English as a Foreign Language.
പാണ്ഡെജി എഴുതിയാല്‍ പെടുമെന്ന് ഉറപ്പാണ്.
'അതെന്താ, ഇപ്പോള്‍ അങ്ങനൊരു ആഗ്രഹം?'
'എന്റെ ലാബില്‍ ഒരു പെണ്‍കുട്ടിയുണ്ട്. എനിക്കവളോട് ഇഷ്ടമാണ് ഞാനവളോട് കാര്യം പറഞ്ഞു. അവള്‍ക്കും എന്നെയിഷ്ടമാണ്. പക്ഷെ, ഒരു കണ്ടീഷന്‍. GRE യും TOEFL ഉം എഴുതി അമേരിക്കയില്‍ ഉപരിപഠനത്തിന് അഡ്മിഷന് നേടണം.'
ലാബില്‍ പാണ്ഡെയടക്കം രണ്ടു പയ്യന്മാരുണ്ട്. രണ്ടുപേര്‍ക്കും ആ പെണ്‍കുട്ടിയെ ഇഷ്ടമാണ്. രണ്ടുപേരോടും പെണ്‍കുട്ടി ഒരേ നിബന്ധനയാണ് വെച്ചത്. നല്ല ലക്ഷ്യ ബോധം ഉള്ള പെണ്‍കുട്ടിയാണ്.
When there is a will there is a way, എന്നുപറഞ്ഞ് ഞാന്‍ പാണ്ഡെജിയെ അന്ന് തന്നെ TOEFL എല്ലാം പാസായിരുന്ന പ്രകാശിനെ (ഇപ്പോള്‍ സിനിമാ താരവും നിര്‍മാതാവും ആയ പ്രകാശ് ബാരെ) പരിചയപ്പെടുത്തി. മൂന്നാം മാസം പാണ്ഡെ TOEFL എഴുതി. ഐഐടിയില്‍ അന്നേവരെ കിട്ടിയിട്ടില്ലാത്തത്രയും സ്കോറും വാങ്ങി പാണ്ഡെ എട്ടുനിലയില്‍ പൊട്ടി.
ഏറെ താമസിയാതെ ലാബിലെ രണ്ടാമന് TOEFL പാസായി പെണ്‍കുട്ടിയെയും കൊണ്ട് അമേരിക്കക്ക് പറന്നു. നിരാശനായ പാണ്ഡെ പെട്ടിയുമെടുത്ത് ബീഹാറിലേക്കും.
മുരളി തുമ്മാരുകുടിയുടെ 'എന്തു പഠിക്കണം എങ്ങനെ തൊഴില്‍ നേടാം' വാങ്ങാന്‍ ക്ലിക്ക് ചെയ്യുക
പത്തു പതിനഞ്ച് വര്‍ഷം കഴിഞ്ഞ് ഇന്റര്‍നെറ്റ് ഒക്കെ വന്നതിനുശേഷം ഞാന്‍ പാണ്ഡെയെ ഒന്നു ഗൂഗിള്‍ ചെയ്തു. ദാ വരുന്നു, ഇംഗ്ലണ്ടിലെ ഒന്നാംകിട യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസ്സറായിരിക്കുന്ന പാണ്ഡെജി. ഞാനൊന്നു വിരണ്ടു. ഇത് നമ്മുടെ പഴയ ബീഹാറുകാരന് പാണ്ഡെ തന്നെയോ!
രണ്ടും കല്‍പ്പിച്ച് ഞാന്‍ ഫോണെടുത്ത് കറക്കി. അപ്പുറത്ത് ബ്രിട്ടീഷ് രാജ്ഞിയുടെ ഇംഗ്ലീഷില്‍,
'Good afternoon, Avinash Pande here.'
ഞാന്‍ സ്വയം പരിചയപ്പെടുത്തി. പാണ്ഡെജിക്ക് വലിയ സന്തോഷം.
'മുരളി, അന്നു ഞാന്‍ ഇംഗ്ലീഷില്‍ തോറ്റ് ഐഐടി വിട്ടത് ഓര്‍മ്മയുണ്ടോ? പിന്നീടുള്ള എന്റെ ശ്രമം മുഴുവന്‍ ഇംഗ്ലീഷ് പഠിച്ചെടുക്കാനായിരുന്നു. ഇംഗ്ലീഷ് പഠിക്കാന്‍ വീണ്ടും വീണ്ടും ട്യൂഷന് പോയി, പതുക്കെപ്പതുക്കെ ഞാന്‍ പഠിച്ചു, IELTS എടുത്തു, ഇംഗ്ലണ്ടില്‍ വന്നു, പിഎച്ച്ഡി എടുത്തു... ഇപ്പോള്‍ ഇവിടെ ഇംഗ്ലീഷു പയ്യന്മാരെ പഠിപ്പിക്കുന്നു.'
അപ്പോള്‍ അസാധ്യമായി ഒന്നുമില്ല. നിങ്ങളുടെ ചുറ്റുവട്ടത്ത് നിങ്ങളെ ഇംഗ്ലീഷ് പഠിക്കാന്‍ മോഹിപ്പിക്കുന്ന എന്തെങ്കിലുമൊന്ന് കണ്ടെത്തണം, അത്രയേ വേണ്ടു.
'ഇതൊക്കെ സമ്മതിച്ചു, പിന്നെ രണ്ടാമന് എന്താ ഇപ്പോഴും ഈ മംഗ്ളീഷുമായി നടക്കുന്നെ?'
എന്ത് പറയാന്‍, എന്റെ ലാബില്‍ ഉണ്ടായിരുന്നത് ഒരു സിന്ധിയായിപ്പോയി. അവള് ഞാന്‍ അമേരിക്കക്ക് പോകണം എന്ന് നിര്‍ബന്ധം പിടിച്ചതുമില്ല.
പിന്നെ പുറം രാജ്യത്ത് പണി ഒക്കെ കിട്ടി ആദ്യം ചേര്‍ന്നത് ഓയില്‍ കമ്പനിയില്‍ ആണ്. അവിടുത്തെ ഇംഗ്ലീഷ് ഒക്കെ പഠിച്ചാല്‍ പിന്നെ കുടുംബത്തില്‍ സംസാരിക്കാന്‍ പറ്റില്ല. അത് കഴിഞ്ഞു വന്നു ചേര്‍ന്നത് ഐക്യരാഷ്ട്ര സഭയില്‍ ആണ്. ഐക്യരാഷ്ട്രസഭ എന്നാല്‍ വൈവിധ്യം ആഘോഷിക്കുന്ന ഇടമാണല്ലോ.
മുപ്പത് പേരുള്ള ഞങ്ങളുടെ ബ്രാഞ്ചില്‍ ഇരുപത് രാജ്യക്കാരുണ്ട്. അവര്‍ ഇരുപത് പേരും ഇരുപത് തരത്തിലാണ് ഇംഗ്ലീഷ് പറയുന്നത്. പറയാന്‍ എന്തെങ്കിലും ഉണ്ടാകുന്നതാണ് പ്രധാനം, അല്ലാതെ വാര്‍പ്പ് മാതൃകയില്‍ പറയുന്നതല്ല എന്ന അറിവ് അവിടെ എല്ലാവര്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ ഉള്ള സമയം മുഴുവന്‍ അറിവ് സമ്പാദിക്കാനാണ് ശ്രമിച്ചത്, ഭാഷ നന്നാക്കാനല്ല. അത്രേയുള്ളു കാര്യം!
ഈ പരമ്പരയുടെ മുന്‍ലക്കങ്ങള്‍
1. അതിരുകളില്ലാത്ത ലോകം, മതിലുകളുയരുന്ന ലോകം
2. ചാട്ടത്തിലെങ്ങാനും പിഴച്ചുപോയാല്‍
3. മൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റര്‍
4. ഈ കുട്ടിക്ക് ഒരു ജീവിതം കൊടുക്കൂ....
5. ഈ എന്‍ജിനീയര്‍മാര്‍ക്കെന്താ കൊമ്പുണ്ടോ?
6. വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍
7. ഞങ്ങള്‍ വക്കീലന്മാരെന്താ മോശാ?
8. എന്തുവന്നാലും നാടകക്കമ്പനി തുടങ്ങരുത്
9. നേഴ്സിങ്ങിന്റെ സാധ്യതകള്‍ അവസാനിക്കുന്നില്ല