കോതമംഗലത്താണ് എന്‍ജിനീയറിംഗ് പഠിച്ചത്. സിവില്‍ എന്‍ജിനീയറിംഗായിരുന്നു വിഷയം. ചോദിച്ചുമേടിച്ച വിഷയമാണ്. സിവില്‍ കഴിഞ്ഞ് ഒന്നുകില്‍ ഗള്‍ഫില്‍ പോകണം, അല്ലെങ്കില്‍ പി ഡബ്‌ള്യു ഡിയില്‍ നല്ല കൈക്കൂലിയൊക്കെ കിട്ടുന്ന ജോലി നേടണം. ഒരു മധ്യവര്‍ഗ്ഗ മലയാളിയുടെ സ്വപ്നം. അത്രേയുണ്ടായിരുന്നുള്ളു അന്ന്. കക്ഷിരാഷ്ട്രീയമോ ഇടിമുറിയോ ഒന്നുമില്ലെങ്കിലും കോതമംഗലം കോളേജ് അന്നൊരു തല്ലിപ്പൊളി കോളേജാണ്. ഒരു മാനേജ്‌മെന്റും ഞങ്ങളെ വളഞ്ഞിട്ട് ഇടിച്ചില്ല. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും അവിടെ അക്രമം നടത്തിയില്ല. 

അതിനൊന്നും ഞങ്ങള്‍ നിന്ന് കൊടുത്തില്ല. ഇതിനൊന്നും പുറമേനിന്ന് ആള്‍ വരേണ്ട ആവശ്യമില്ല, ഒരു പ്രത്യയശാസ്ത്രത്തിന്റെയും സംഘടനയുടെയും പിന്തുണ വേണ്ട. തികച്ചും അരാഷ്ട്രീയമായ കാരണങ്ങളാല്‍ ഞങ്ങള്‍ തല്ലിപ്പൊളിക്കും. എങ്ങനെയും വര്‍ഷത്തില്‍ ഒരു അടിപിടി ഞങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു. അങ്ങനെ അടികൊണ്ടൊക്കെയാണ് ഞാനും പഠിച്ചത്. ഒരിക്കല്‍ ഏറുകൊണ്ട് തലയും പൊട്ടി. അടി വരുന്നത് മുന്‍പേ കാണണമെന്നും അടി അടുത്തുവന്നാല്‍ ഓടണമെന്നും അങ്ങനെയാണ് പഠിച്ചത്. പില്‍ക്കാലത്ത് അഫ്ഗാനിസ്ഥാനിലും സിറിയയിലും ഒക്കെ യുദ്ധരംഗത്ത് പോകേണ്ടി വരുമ്പോള്‍ ഈ പാഠങ്ങള്‍ വലിയ ഉപകാരമായി.

അതുപോലെ എത്രയോ ജീവിതപാഠങ്ങള്‍ ക്ലാസ് റൂമിന് പുറത്തുനിന്ന് പഠിച്ചു! ക്ലാസില്‍ നിന്നും പഠിച്ചതില്‍ കൂടുതല്‍ ജീവിതത്തില്‍ പ്രയോജനപ്പെട്ടത് പുറത്തുനിന്ന് പഠിച്ച പാഠങ്ങള്‍ തന്നെയാണ്. നാല് വര്‍ഷത്തെ കോഴ്‌സ് അഞ്ചു വര്‍ഷം കൊണ്ടാണ് തീര്‍ന്നത് (ഞാന്‍ മാത്രമല്ല മൊത്തം ബാച്ച്). ഒരു വിഷമവുമില്ല. ഇപ്പോഴത്തെ എന്‍ജിനീയറിങ് വിദ്യാഭ്യാസത്തെപ്പറ്റി എന്റെ പ്രധാന പരിഭവം ഈ ക്ലാസിനു പുറത്തുള്ള പഠനം കുട്ടികള്‍ക്ക് കിട്ടുന്നില്ല എന്നതാണ്.

എന്നുവെച്ച് പഠിച്ചിറങ്ങിയപ്പോള്‍ പി ഡബ്‌ള്യു ഡി പിടിച്ച് അവാര്‍ഡ് പോയിട്ട് ഒരു ജോലി പോലും തന്നില്ല. അന്ന് ഗള്‍ഫിലും സാമ്പത്തികമാന്ദ്യം. എന്റെ കൂട്ടുകാരില്‍ ഭൂരിഭാഗവും ജോലി കിട്ടാതെ നട്ടം തിരിഞ്ഞപ്പോള്‍ ഭാഗ്യത്തിന് ഞാന്‍ എംഐടി യില്‍ പോയി, പഠിക്കാനുള്ള ആഗ്രഹം കൊണ്ടൊന്നുമല്ല, വേറെ മാര്‍ഗ്ഗമില്ലാത്തതിനാലാണ്. എല്‍ഐസി ഏജന്‍സി തൊട്ട് എസ്ടിഡി ബൂത്ത് വരെ നടത്തേണ്ടി വരെ വന്നു എന്‍ജിനീയറിംഗ് പഠിച്ചു പാസ്സായ മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും.

ഇങ്ങനെ ഒന്നും തെണ്ടിപ്പോകേണ്ടവരല്ല സിവില്‍ എന്‍ജിനീയര്‍മാര്‍. ഈജിപ്തിലെ പിരമിഡും റോമിലെ അക്വഡക്റ്റും ഒക്കെ ഉണ്ടാക്കിയവരുടെ പിന്‍തലമുറയാണ്, യുദ്ധത്തിനെ സഹായിക്കാന്‍ ജോലി ചെയ്തിരുന്ന മിലിട്ടറി എന്‍ജിനീയറിങ്ങില്‍ നിന്നും മാറി പൊതുനന്മക്ക് വേണ്ടി എന്‍ജിനീയറിങ് വൈദഗ്ദ്ധ്യം ഉപയോഗിക്കാന്‍ തുടങ്ങിയ ശാഖയാണ് (അങ്ങനെയാണ് സിവില്‍ എന്ന പേര് വന്നത്, ഇപ്പോഴും ആര്‍മി മറ്റുള്ളവരെ സിവിലിയന്മാര്‍ എന്നാണല്ലോ വിളിക്കുക). ഏതാണ്ട് മുന്നൂറു കൊല്ലം ആവാറായി ആധുനിക സിവില്‍ എന്‍ജിനീയറിങ് ഒരു ഔദ്യോഗിക ശാഖയായും സംഘമായും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. 

പഠിക്കുന്ന കാലത്ത് മറ്റുള്ളവര്‍ 'കഞ്ഞി സിവില്‍' എന്നൊക്ക വിളിക്കുമെങ്കിലും ഈ മെക്കാനിക്കലും ഇലക്ട്രിക്കലും എല്ലാം ഞങ്ങളുടെ കൊച്ചനിയന്മാരാണ്. മറ്റുള്ളവര്‍ ഒക്കെ ഇന്നാളത്തെ പിള്ളേരല്ലേ...
പക്ഷെ പറഞ്ഞിട്ടെന്താ കാര്യം, 51 വിഷയങ്ങളും അടിയും തടയും (എന്റെ കാര്യത്തില്‍ ഓട്ടവും) ഒക്കെ പഠിച്ചിറങ്ങിയിട്ട് ജോലിയില്ല എന്ന് മാത്രമല്ല, ജോലിക്ക് അപേക്ഷിക്കാന്‍ പോലും ഒരവസരമില്ല. ഇതെന്റെ മാത്രം കഥയല്ല, എന്റെ തലമുറയുടേതാണ്.

1990 കളില്‍ എന്‍ജിനീയര്‍മാരുടെ തലവര മാറി. പുതിയതായി ബ്ലൂം ചെയ്ത ഐടി മേഖല ആയിരക്കണക്കിന് എന്‍ജിനീയര്‍മാരെ ജോലിക്കെടുത്തു. അതിന് ഉദ്യോഗാര്‍ത്ഥികളെ സൃഷ്ടിക്കാന്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലുമൊക്കെ നൂറുകണക്കിന് എന്‍ജിനീയറിംഗ് കോളേജുകള്‍ ഉദിച്ചുയര്‍ന്നു. 'അതൊക്ക ചീപ്പ് പരിപാടിയാ' എന്നും പറഞ്ഞ് കേരളം അഭിമാനപൂര്‍വം പിടിച്ചുനിന്നു. എന്‍ജിനീയറിങ് പഠിക്കാന്‍ മലയാളികള്‍ മലകടന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് എഞ്ചിനീറിംഗ് കോളേജുകള്‍ കേരളത്തില്‍ കൂണുകള്‍ പോലെ മുളച്ചത്. 

ഒരിക്കലുമവസാനിക്കാത്ത പ്രവാഹമായി ഇപ്പോഴും തുടരുന്നു. ഐടി വിപ്ലവം വന്നതോടെ എന്‍ജിനീയര്‍മാരുടെ ശമ്പളം കൂടി. വിദേശത്തേക്ക്, പ്രത്യേകിച്ച് അമേരിക്കയിലേക്ക് പോകാനുള്ള അവസരങ്ങള്‍ കൂടി. ആദ്യമൊക്കെ ഇന്ത്യക്ക് പുറത്തു യാത്ര ചെയ്യാന്‍ റിസര്‍വ് ബാങ്ക് വെറും ഇരുന്നൂറു ഡോളര്‍ ആണ് അനുവദിക്കുന്നത്. അതിനും വലിയ പേപ്പര്‍ വര്‍ക്ക് ഒക്കെയുണ്ട്. ആദ്യകാലത്ത് ഇരുന്നൂറു ഡോളറുമായി നാട് കടന്ന എന്‍ജിനീയര്‍മാര്‍ പില്‍ക്കാലത്ത് തൊഴില്‍ ദാദാക്കളായി, ശതകോടീശ്വരന്മാരായി. 

പുറം രാജ്യങ്ങളില്‍ ഇന്ത്യയിലെ പുതിയ തലമുറയെപ്പറ്റി നല്ല ധാരണയായി, ഇന്ത്യയെപ്പറ്റിയും. മറ്റുള്ള വികസിതരാജ്യങ്ങള്‍ ഐടി മേഖലയില്‍ ഇന്ത്യയുണ്ടാക്കിയ കുതിപ്പിനെ അതിശയകരമായും മാതൃകാപരമായുമാണ് കാണുന്നത്. ഇതിന്റെ നട്ടെല്ല് എന്‍ജിനീയര്‍മാര്‍ തന്നെയാണ്, നിവര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. എന്തുകൊണ്ടാണ് ഇത്രമാത്രം എന്‍ജിനീയര്‍മാരെ ഐടി വ്യവസായം ആവശ്യപ്പെടുന്നത് എന്ന് എനിക്ക് ആദ്യമൊന്നും മനസ്സിലായില്ല. 

ഐടി മേഖലയില്‍ ചേര്‍ന്ന എന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരും തന്നെ എഞ്ചിനീറിങുമായി ബന്ധമുള്ള ജോലിയല്ല ചെയ്തത്. വാള്‍മാര്‍ട്ട് വെയര്‍ ഹൌസിംഗിന്റെ പ്രോജക്ട്, ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ടിക്കറ്റിന്റെ പ്രോജക്ട് എന്നിങ്ങനെ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലും സിവില്‍ എന്‍ജിനീയറിംഗും ചെയ്യുന്ന തൊഴിലും തമ്മില്‍ മിക്കവാറും അവസരത്തില്‍ ഉണ്ടാകാറില്ല. 

പിന്നെയെന്തിനാണ് ഇവര്‍ വര്‍ഷാ വര്‍ഷം എന്‍ജിനീയറിങ് കോളേജില്‍ വന്ന് ആയിരക്കണക്കിന് എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് ?

ഇതിലെ സത്യം എനിക്ക് പറഞ്ഞുതന്നത് ഐടി വ്യവസായത്തിലെ ഒരുന്നതന്‍ തന്നെയാണ്. ഇന്ത്യയിലെ ഒരു ഐടി ഭീമന്റെ പരിശീലനകേന്ദ്രത്തില്‍ ക്ലാസ്സെടുക്കാന്‍ പോയതാണ് ഞാന്‍. ആയിരക്കണക്കിന് എന്‍ജിനീയര്‍മാര്‍ക്കാണ് അവര്‍ ഒരേസമയം പരിശീലനം കൊടുക്കുന്നത്.

'മുരളീ, മൂന്നുമാസം നീണ്ടുനില്‍ക്കുന്ന ഒരു ഫൌണ്ടേഷന്‍ കോഴ്‌സാണ് ഞങ്ങള്‍ പുതിയ എഞ്ചിനീയര്‍മാര്‍ക്ക് കൊടുക്കുന്നത്. അത് പ്ലൈവുഡ് എന്‍ജിനീയറിംഗാണെങ്കിലും അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിങാണെങ്കിലും ഒന്നുതന്നെ. വാസ്തവത്തില്‍ ഇവരീ എന്‍ജിനീയറിങ് ഒന്നും പഠിച്ചില്ലെങ്കിലും പ്ലസ് ടുവും, അല്‍പം ഇംഗ്ലീഷും അത്യാവശ്യം ബുദ്ധിയും ഉണ്ടെങ്കില്‍ ഞങ്ങളുടെ പരിശീലനം കൊണ്ട് ഞങ്ങള്‍ക്കാവശ്യമായ വര്‍ക്ക് ഫോഴ്‌സിനെ ഞങ്ങള്‍ക്ക് തന്നെ ഉണ്ടാക്കിയെടുക്കാം. 

പക്ഷെ, ഞങ്ങളുടെ നാലില്‍ മൂന്നു ക്ലയന്റ്‌സും അമേരിക്കയിലാണ്. ഇവരില്‍ മിക്കവര്‍ക്കും ചിലപ്പോള്‍ അവിടെ പോകേണ്ടി വരും. അവിടേക്ക് അയക്കണമെങ്കില്‍ നാലുവര്‍ഷ ബിരുദമുള്ളവര്‍ക്കേ അമേരിക്കന്‍ സര്‍ക്കാര്‍ വിസ നല്‍കുകയുള്ളൂ. ഇന്ത്യയിലെ ബിരുദങ്ങളില്‍ എന്‍ജിനീയറിംഗ് മാത്രമേ നാലുവര്‍ഷമുള്ളു. 

Else, we would have been just as happy to have physicists or biologists in our company. Infact hiring an engineer is sad as they have domain tsrength and often feel underused and disillusioned.' (എല്ലാ ഐ ടി കമ്പനിയിലും ഡൊമൈന്‍ വിജ്ഞാനം വേണ്ട ഒരു ന്യൂനപക്ഷമുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല)

അപ്പോള്‍ ഇത്രേയുള്ളൂ കാര്യം. മൂന്നു വര്‍ഷത്തെ ഡിഗ്രി കോഴ്‌സ് നാല് വര്‍ഷം ആക്കില്ല എന്ന യുജിസി യുടെ നിര്‍ബന്ധബുദ്ധിയില്‍ നിന്നാണ് ഇന്ത്യയില്‍ എന്‍ജിനീയറിംഗ് വിപ്ലവമുണ്ടാകുന്നത്. അല്ലാതെ നിര്‍മ്മാണ രംഗത്തെയോ, ഇലക്ട്രോണിക്‌സിലെയോ, വ്യവസായ രംഗത്തെയോ ഒന്നും കുതിച്ചുചാട്ടം കൊണ്ടല്ല. The rest is history as they say. ലോകവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയില്‍ ജീവിക്കുമ്പോള്‍ ലോകത്തെവിടെയും അംഗീകരിക്കപ്പെട്ട കോഴ്‌സുകള്‍ കൊടുത്ത് നമ്മുടെ വിദ്യാര്‍ത്ഥികളെ പുറത്തിറക്കിവിടാന്‍ നമ്മള്‍ ശ്രദ്ധിക്കണം. 

എന്നാല്‍, തല്‍ക്കാലം കാര്യങ്ങളെങ്ങനെയല്ല, മെഡിസിനോ, ലോയോ തൊട്ട് നമ്മുടെ ഡിഗ്രികള്‍ ലോകത്ത് എളുപ്പത്തില്‍ അംഗീകരിക്കപ്പെടുന്നില്ല (ഇതിനെപ്പറ്റി കൂടുതല്‍ പിന്നാലെ പറയാം, തോക്കില്‍ കേറി വെടി വെക്കേണ്ട). ഇന്ത്യയിലെ ഡിഗ്രികളില്‍ തല്‍ക്കാലമെങ്കിലും ഗ്ലോബല്‍ പോര്‍ട്ടബിലിറ്റിയുള്ളത് എന്‍ജിനീയറിങിനാണ്. (ഇതില്‍ത്തന്നെ വാസ്തവത്തില്‍ എന്‍ജിനീയറിങ് നടത്തണമെങ്കില്‍ അതായത് മറ്റു രാജ്യങ്ങളില്‍ പോയി പാലം ഡിസൈന്‍ ചെയ്യുകയോ ആര്‍ക്കിടെക്ച്ചറല്‍ പ്ലാനുണ്ടാക്കുകയോ ഒക്കെ വേണമെങ്കില്‍ ചില പരിമിതികളുണ്ട്).

കേരളത്തിലെ കുട്ടികള്‍ എന്‍ജിനീയറിങ് തിരഞ്ഞെടുക്കുന്നതിനെ ഞാനെതിര്‍ക്കാത്തതിന്റെ പ്രധാനകാരണം ആഗോളസാധ്യതകളിലേക്ക് അവരെ ബന്ധിപ്പിക്കാന്‍ ഇത്രയും സൗകര്യമുള്ള മറ്റൊരു ബിരുദം ഇപ്പോള്‍ ഇന്ത്യയിലില്ല എന്നതുകൊണ്ടാണ്. പഠിച്ചു പാസായാല്‍ മറ്റുള്ള രംഗത്തേക്കാള്‍ കൂടുതല്‍ അവസരങ്ങളുണ്ട്, ശമ്പളമുണ്ട്, യാത്ര ചെയ്യാനുള്ള സാധ്യതകളുണ്ട്, പുതിയ മേഖലകളില്‍ അറിവുണ്ടാക്കുന്നു, വലിയ നെറ്റവര്‍ക്ക് ഉണ്ടാകുന്നു മറ്റു രാജ്യക്കാരുടെ കൂടെ ഒരുമിച്ചു ജോലി ചെയ്യുന്നു, ആഗോളമായ ചിന്താഗതി വളര്‍ത്തിയെടുക്കാനുള്ള അവസരമെങ്കിലും ഉണ്ടാകുന്നു. വ്യക്തിപരമായും സാമൂഹികമായും ഇതൊരു നല്ല തീരുമാനമാണ്.

എന്‍ജിനീയറിങ് ഡിഗ്രിയെടുത്ത കൂടുതലും പേര്‍ ഒരു 'എഞ്ചിനീയറിങ്ങും' ചെയ്യുന്നില്ല, അവരെല്ലാം സമൂഹത്തിന്റെ പണവും സമയവും ഒക്കെ വേസ്റ്റ് ചെയ്യുകയാണെന്നൊക്ക പറയുന്നവരുണ്ട്. പക്ഷെ ഒരു കാര്യം അവര്‍ ശ്രദ്ധിക്കുന്നില്ല. വികസിത രാജ്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഐടി മേഖലയിലുണ്ടായ പ്രൊഡക്ടിവിറ്റി നേട്ടങ്ങള്‍ ഒന്നും നമ്മുടെ പരമ്പരാഗത എന്‍ജിനീയറിങ് മേഖലയിലുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഐടി മേഖലയില്‍ പോകുന്ന സിവില്‍ എഞ്ചിനീയര്‍ക്ക് തുടക്കത്തില്‍ മുപ്പതിനായിരം രൂപ മാസശമ്പളം കിട്ടുന്നത് സാധാരണമാണെങ്കിലും നാട്ടില്‍ ഒരു സൈറ്റില്‍ സിവില്‍ എന്‍ജിനീയറായാല്‍ ഇപ്പോഴും ശമ്പളം പതിനായിരത്തിനു താഴെയാണ്. 

സിവില്‍ എഞ്ചിനീയറിങ്ങിലെ പുതിയ സങ്കേതങ്ങളും സാങ്കേതികവിദ്യകളുമൊന്നും ഇപ്പോഴും നമ്മുടെ പിഡബ്ലൂഡിയില്‍ ഒന്നും എത്തിനോക്കിയിട്ടു പോലുമില്ല. എന്റെ കൂടെ പഠിച്ച പയ്യന്മാരും പയ്യത്തിമാരും ഒക്കെ കേരളത്തില്‍ ചീഫ് എന്‍ജിനീയര്‍ വരെ ആയി. ഇനി മൂന്നു വര്‍ഷത്തിനകം അവരുടെ ഔദ്യോഗിക ജീവിതം അവസാനിക്കും. ഡാം മുതല്‍ ആലില പോലത്തെ ഫ്‌ളൈ ഓവര്‍ വരെ ഡിസൈന്‍ ചെയ്യാന്‍ പഠിച്ച എന്റെ സുഹൃത്തുക്കള്‍ക്ക്, നഗര വികസനം തൊട്ടു മാലിന്യസംസ്‌കരണം വരെ അറിയാവുന്ന ഞങ്ങളുടെ തലമുറയിലെ എഞ്ചിനീയര്‍മാര്‍ക്ക്, പാലം പോയിട്ട് ഒരു കലങ്കു പോലും അവരുടെ ഔദ്യോഗിക കാലത്ത് ഡിസൈന്‍ ചെയ്യാന്‍ അവസരം കിട്ടിയിട്ടുണ്ടോ? ചുവപ്പുനാടയും കോണ്‍ട്രാക്റ്റിംഗും ഫയല്‍ പുഷിങ്ങും കാശുവാങ്ങിയുള്ള സ്ഥലം മാറ്റവും അത്യാവശ്യം കൈക്കൂലിയും ഒക്കെയായി എന്റെ തലമുറ 'എന്‍ജിനീയര്‍മാരും' തീരുകയാണ്. ഇവിടെ നിന്ന് നോക്കുമ്പോഴെങ്കിലും ഐടിയില്‍ പോയവര്‍ ഭാഗ്യവാന്മാരാണ്.


ഇങ്ങനെയൊന്നും ആകേണ്ട വിഷയമല്ല എന്‍ജിനീയറിങ്. ഒരു ഡോക്ടറോ വക്കീലോ ഒക്കെ വിചാരിച്ചാല്‍ ഒരു സമയത്ത് ഒരാളുടെ ജീവിതമാണ് മാറ്റിമറിക്കാന്‍ കഴിയുന്നത്, ഒരു ജീവിതകാലത്ത് ആയിരമോ പതിനായിരമോ വേണ്ട ഒരു ലക്ഷം പേര്‍ക്ക് നേരിട്ട് സഹായം എത്തിക്കാന്‍ വരെ പറ്റിയേക്കും. എന്നാല്‍ ഒരു മെട്രോ ഉണ്ടാക്കുന്ന എന്‍ജിനീയര്‍, എറണാകുളത്തെ കനാലുകള്‍ ശുദ്ധിയാക്കുന്ന എന്‍ജിനീയര്‍, വാഹനങ്ങള്‍ ഡ്രൈവറില്ലാതെ ഓടിപ്പിക്കുന്ന എന്‍ജിനീയര്‍ എന്നിങ്ങനെ യഥാര്‍ത്ഥത്തില്‍ എന്‍ജിനീയറിങ് ചെയ്യുന്നവര്‍ സമൂഹത്തില്‍ വിപ്ലവം ഉണ്ടാക്കുന്നവര്‍ ആണ്. 

പക്ഷെ അതിനുള്ള അവസരം സമൂഹത്തിലുണ്ടാകണം. എഞ്ചിനീയറിങ്ങിന്റെ cutting edge മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ എല്ലാ ബ്രാഞ്ചിലുമുണ്ട്. പക്ഷെ, ഒരു നഗരത്തില്‍ പോലും സീവേജ് ട്രീറ്റ്‌മെന്റ് ഇല്ലാത്ത ഒരു സംസ്ഥാനത്ത് ഒരു എന്‍വിറോണ്‍മെന്റല്‍ എന്‍ജിനീയര്‍ എന്ത് ചെയ്യാനാണ് ?

ഓരോ വിഷയങ്ങളോടും ഉല്‍ക്കടമായ താല്‍പര്യവും അതിനുവേണ്ടി ചില ത്യാഗങ്ങള്‍ സഹിക്കാനുള്ള കഴിവുകളും ഒക്കെയുള്ള ആളുകള്‍ എന്നും എല്ലാ ലോകത്തുമുണ്ട്. സമൂഹം അവര്‍ക്ക് മുന്നില്‍ വെക്കുന്ന ഏതു പ്രതിബന്ധങ്ങളെയും നേരിട്ട് അവരാണ് ഈ വിഷയങ്ങളില്‍ മുന്നേറ്റവും മാറ്റവുമുണ്ടാക്കുന്നത്. എന്റെ കരിയര്‍ ഗൈഡന്‍സ് പക്ഷെ അവര്‍ക്കു വേണ്ടിയുള്ളതല്ല, മറിച്ച് പഠനത്തെ തൊഴില്‍ജീവിതത്തിന് അടിസ്ഥാനമാക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്. 

ഇന്ന് കേരളത്തില്‍ എന്‍ജിനീയറിങ് ഒരു അടിസ്ഥാന യോഗ്യതയാണ്, ജീവിതത്തില്‍ എന്തുചെയ്യണമെന്ന് കുട്ടികള്‍ തീരുമാനിക്കുന്നത് എന്‍ജിനീയറിങ് കഴിഞ്ഞാണ്. സിനിമ പിടിക്കാനോ പത്രപ്രവര്‍ത്തകനാകാനോ രാഷ്ട്രീയത്തിലിറങ്ങാനോ ഒക്കെ പോകുന്നതിനു മുന്‍പ് വീട്ടുകാര്‍ക്ക് വേണ്ടി എടുത്തുവെക്കുന്ന ഒരു സേഫ്റ്റിയാണിത്. ഇതൊരു സത്യമാണ്. ഇതില്‍ തെറ്റൊന്നുമില്ല താനും. അങ്ങനെയുള്ളവര്‍ക്ക് വേണ്ടി എന്‍ജിനീയറിങ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പറയാം.


1. ഏത് ബ്രാഞ്ച് തെരഞ്ഞെടുക്കുന്നതിലും പ്രധാനം ഏത് കോളേജ് തെരഞ്ഞെടുക്കുന്നു എന്നതാണ്. നല്ല കോളേജ് എന്നാല്‍ നല്ല സഹപാഠികളുള്ളത്, നല്ല അധ്യാപകര്‍ ഉള്ളത്, ധാരാളം ഇലക്റ്റീവുകളുള്ള കരിക്കുലമുള്ളത്, കരിക്കുലത്തിന് പുറത്ത് നേതൃത്വഗുണം വികസിപ്പിക്കാന്‍ അവസരങ്ങളുള്ളത് എന്നതൊക്കെയാണ്. കോളേജിന്റെ കെട്ടിടം, ഹോസ്റ്റല്‍ ഭക്ഷണം, കാംപസ് പ്ലേസ്‌മെന്റ് ഇതൊന്നുമല്ല പ്രധാനം.

2. ബി ടെക് ലെവലില്‍ വലിയ സ്‌പെഷലൈസേഷന് പോകാതിരിക്കുന്നതാണ് നല്ലത്. സിവില്‍ മുതല്‍ കംപ്യൂട്ടര്‍ സയന്‍സ് വരെയുള്ള അടിസ്ഥാന എന്‍ജിനീയറിങില്‍ നില്‍ക്കുന്നതാണ് ബുദ്ധി.
നിങ്ങളുടെ സാമ്പത്തിക നിലയനുസരിച്ചും കുട്ടിയുടെ പഠിക്കാനുള്ള കഴിവനുസരിച്ചും വേണം സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കാന്‍. ഈ രണ്ടു പരിധിക്കുള്ളില്‍ വെച്ച് പറ്റുന്നതില്‍ ഏറ്റവും നല്ല കോളേജ് തിരഞ്ഞെടുക്കണം.

3. കേരളത്തില്‍ പഠിച്ച കുട്ടികളാണെങ്കില്‍ എന്‍ജിനീയറിങ് കേരളത്തിന് പുറത്ത് പഠിക്കുന്നതാണ് നല്ലത്. ഗള്‍ഫിലുള്ള കുട്ടികള്‍ ആണെങ്കില്‍ ഓസ്‌ട്രേലിയയില്‍ ഒക്കെ പോകാമല്ലോ.

4. ഭാഷകള്‍ ഇപ്പോള്‍ എന്‍ജിനീയറിങ് പഠനത്തിന്റെ ഭാഗമല്ല. എന്നാല്‍, ജീവിതത്തില്‍ ഭാഷകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട് താനും. ഇംഗ്ലീഷ് നന്നാക്കാനും മറ്റൊരു വിദേശഭാഷ കൂടി പഠിക്കാനും ഈ സമയം ഉപയോഗപ്പെടുത്തണം.

5. നിങ്ങളുടെ പ്രൊഫഷനിലെ അന്താരാഷ്ട്ര അസോസിയേഷനിലെ സ്റ്റുഡന്റ് ചാപ്റ്റര്‍ മെമ്പര്‍ഷിപ്പ്, പറ്റിയാല്‍ ആ വിഷയത്തിലെ ഒരു സര്‍ട്ടിഫിക്കേഷന്‍ ഇതൊക്കെ കോളേജ് പഠനകാലത്തേ നേടിയെടുക്കണം.

6. പഠനകാലത്ത് കേരളത്തിന് പുറത്തുള്ള ഒരു സാങ്കേതിക പരിപാടിയില്‍ നിര്‍ബന്ധമായിട്ടും, പറ്റിയാല്‍ ഇന്ത്യക്ക് പുറത്തും പോകാന്‍ ശ്രമിക്കണം. ഇന്റേണ്‍ഷിപ്പ് ട്രെയിനിങ് ഒക്കെ തട്ടിക്കൂട്ടി മേടിക്കരുത്. ചുരുങ്ങിയത് ഒരു മാസം മുതല്‍ പറ്റിയാല്‍ ആറുമാസം വരെ പ്രായോഗികപരിശീലനം നേടുക. ഒരു വര്‍ഷം മാറ്റി വച്ചിട്ട് പരിശീലനത്തിന് പോയാല്‍ പോലും ഇത് ഗുണമായിട്ടേ വരൂ.

7. പഠിക്കുന്ന ഏതു വിഷയത്തിലും ഇപ്പോള്‍ ഓണ്‍ലൈന്‍ ലക്ച്ചറുകള്‍ ലഭ്യമാണ്. അത് പഠനത്തിന്റെ ഭാഗമാക്കുക. പറ്റിയാല്‍ ഏതെങ്കിലും ഓണ്‍ലൈന്‍ കോഴ്‌സ് എടുത്ത് സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുക.

8. പഠിക്കുന്ന കാലത്തുതന്നെ മലയാളികളും അല്ലാത്തവരുമായ നിങ്ങളുടെ ഫീല്‍ഡില്‍ ജോലി ചെയ്യുന്നവരുമായി ബന്ധപ്പെട്ടു തുടങ്ങുക. നിങ്ങള്‍ പഠിക്കുന്ന കോളേജിന്റെ അലുംനി പരിപാടികളില്‍ സംഘാടകരായി കൂടുക, ആളുകളെ പരിചയപ്പെടുക. ഇനിയുള്ള ലോകം നന്നായി നെറ്റ് വര്‍ക്ക് ചെയ്യുന്നവരുടെയാണ്.

9. ബി ടെക്ക് കഴിഞ്ഞാല്‍ രണ്ടുവര്‍ഷമെങ്കിലും ജോലി ചെയ്തിട്ട് മതി പിന്നെയെന്തും (പഠനമോ, കല്യാണമോ ഒക്കെ). അപ്പോഴേക്കും തീരുമാനമെടുക്കാനുള്ള പക്വതയൊക്കെ നിങ്ങള്‍ക്കായിട്ടുണ്ടാകും.

10. ആദ്യത്തെ ജോലി കിട്ടുമ്പോള്‍ ഒരു കോടി രൂപ ശമ്പളം ഉണ്ടോ എന്നൊന്നും നോക്കേണ്ട കാര്യമില്ല. നിങ്ങളെ കമ്പനി പരിശീലനത്തിന് അയക്കുന്നുണ്ടോ, സ്വതന്ത്രമായി കുറച്ചൊക്കെ ജോലി ചെയ്യാനുള്ള അവസരമുണ്ടോ, യാത്രകള്‍ ചെയ്യാനുള്ള സാധ്യതയുണ്ടോ ഇതൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. പണമെല്ലാം വേണ്ട കാലത്ത് തനിയെ വരും.

11. ഇത്തരത്തിലുള്ള ജോലി കിട്ടുന്നത് ഏത് രംഗത്താണെങ്കിലും ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. എന്‍ജിനീയറിങ് എന്നത് ഒരു അടിത്തറയാണ്. അതിന്റെ മുകളില്‍ സിവില്‍ സര്‍വീസോ സിനിമാഭിനയമോ എന്തും പണിതുയര്‍ത്താം.

ഒരു കാര്യം കൂടി പറയാനുണ്ട്. എന്റെ തലമുറയിലുള്ള ആളുകളൊക്കെ 'പണ്ട് ഗംഭീര എന്‍ജിനീയറിങ്' ആയിരുന്നുവെന്നൊക്കെ പറയും. അപ്പോള്‍ 'ചേട്ടാ, നിങ്ങളുടെ തലമുറയിലെ പത്ത് ഗംഭീര എന്‍ജിനീയര്‍മാരുടെ പേരുപറയൂ, അല്ലെങ്കില്‍ നിങ്ങള്‍ നിര്‍മ്മിച്ച വമ്പന്‍ ഫാക്ടറി എവിടെയാണ്' എന്നൊക്കെ ചോദിക്കാന്‍ നാവുചൊറിയും. ഞങ്ങള്‍ പാവങ്ങളാ, വെറുതെ വിട്ടേര്. ഇതൊക്കെ എല്ലാ തലമുറയും പുതിയ തലമുറയെയോട് ചുമ്മാ പറയുന്നതാണ്, അരിസ്റ്റോട്ടിലിന്റെ കാലത്ത് തുടങ്ങിയതുമാണ്. നാളെ നിങ്ങളും പറയും...

വിജയീഭവ!

ഈ പരമ്പരയുടെ മുന്‍ലക്കങ്ങള്‍ 

1. അതിരുകളില്ലാത്ത ലോകം, മതിലുകളുയരുന്ന ലോകം 

2. ചാട്ടത്തിലെങ്ങാനും പിഴച്ചുപോയാല്‍ 

3. മൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റര്‍ 

4. ഈ കുട്ടിക്ക് ഒരു ജീവിതം കൊടുക്കൂ....

5. ഈ എന്‍ജിനീയര്‍മാര്‍ക്കെന്താ കൊമ്പുണ്ടോ?