'മുരളിക്ക് ഈ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച് അമേരിക്കയില്‍ ഒക്കെ പോകാന്‍ നോക്കുന്ന കാശുള്ള പിള്ളേരുടെ കാര്യത്തിലേ ശ്രദ്ധയുള്ളു. അല്ലാതെ മലയാളം മീഡിയത്തില്‍ ഒക്കെ പഠിച്ച് അത്യാവശ്യം ജീവിച്ചു പോകാന്‍ നോക്കുന്നവര്‍ക്ക് ഒന്നും മുരളിയുടെ ഗൈഡന്‍സ് കൊണ്ട് ഒരു ഫലവും ഇല്ല'. 

പ്രത്യക്ഷത്തില്‍ ന്യായമായ ഒരു പരാതിയാണ്. പക്ഷെ കാര്യം അങ്ങനെയല്ല. വെങ്ങോലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഞാന്‍ വിദ്യാഭ്യാസം ആരംഭിച്ചത്. പത്തു വരെ മലയാളം മീഡിയത്തിലാണ് പഠിച്ചതും. കുടുംബത്തിലെ സമ്പത്തിന്റെ കാര്യമൊക്കെ ഞാന്‍ മുന്‍പേ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലെ ഒരു ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മലയാളം മീഡിയത്തില്‍ നിന്നും വരുന്ന ഒരു കുട്ടിയുടെ മനോനില എനിക്ക് ശരിക്കറിയാം. 

പക്ഷെ ഞാന്‍ മനസ്സിലാക്കിയ ഒന്നുകൂടിയുണ്ട്. അതിരുകള്‍ ഇല്ലാത്ത ലോകത്ത് ഇതൊന്നും നമ്മുടെ മുന്നില്‍ പ്രതിബന്ധം അല്ല. കാശുള്ള അച്ഛനമ്മമാര്‍ ഉള്ളതും, നല്ല സ്‌കൂളില്‍ പഠിക്കാന്‍ പറ്റുന്നതുമെല്ലാം കുട്ടികള്‍ക്ക് വലിയ സ്റ്റാര്‍ട്ടിങ് അഡ്വാന്റേജ് തന്നെയാണ്. തൊഴില്‍ജീവിതത്തിലെ ഓട്ടം തുടങ്ങുമ്പോള്‍ തന്നെ അവര്‍ നമ്മളെക്കാള്‍ ഒരു കിലോമീറ്റര്‍ മുന്നിലാണ്. പക്ഷെ ജീവിതമെന്നത് ഒരു മാരത്തോണ്‍ ആണ് അല്ലാതെ നൂറുമീറ്റര്‍ സ്പ്രിന്റ് അല്ല. 

ശരിയായ ലക്ഷ്യബോധം, നല്ല ആത്മവിശ്വാസം, വേണ്ടത്ര അഭിവാഞ്ച, സ്ഥിരമായ കഠിനാദ്ധ്വാനം എല്ലാം ഉണ്ടെങ്കില്‍ നമ്മള്‍ എവിടെ നിന്ന് തുടങ്ങി എന്നതൊന്നും വലിയ പ്രശ്‌നമല്ല. ഈ ഓട്ടം എളുപ്പമാക്കാനുള്ള നിര്‍ദേശങ്ങളാണ് എന്റെ ലേഖനങ്ങള്‍ മുഴുവന്‍. ഇത് ട്രാക്കില്‍ എവിടെ നില്‍ക്കുന്നവര്‍ക്കും പ്രയോജനം ചെയ്യും, ഒരു കൂട്ടര്‍ക്കൊഴികെ. 'ഈ ഓട്ടം കൊണ്ടൊക്കെ എന്ത് കാര്യം, 'in the long run everybody will be dead' എന്ന് വിശ്വസിക്കുന്ന തത്വജ്ഞാനികള്‍ക്ക്. അവര്‍ തല്ക്കാലം ഗാലറിയില്‍ ഇരിക്കൂ.

ഇന്നത്തെ ലേഖനം എന്‍ജിനീയറിങ്ങില്‍ തോറ്റു ജീവിതം തുലഞ്ഞു എന്ന് വിചാരിച്ചു വിഷമിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്. ഞാന്‍ എന്‍ജിനീയറിങ് പഠിക്കുന്ന കാലത്ത് എന്‍ജിനീയറിങ് കോളേജില്‍ തോല്‍വി പത്തു ശതമാനത്തില്‍ താഴെ ആയിരുന്നു. ആറ് എന്‍ജിനീയറിങ് കോളേജിലായി പ്രീഡിഗ്രിക്കൊക്കെ ഏറ്റവും മാര്‍ക്ക് കിട്ടിയ രണ്ടായിരം പേരില്‍ താഴെ ആളുകള്‍ക്ക്  മാത്രമാണ് അന്ന് എന്‍ജിനീയറിങ്ങിന് അഡ്മിഷന്‍ കിട്ടിയത്. പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല, നൂറ്റിഎഴുപത് എന്‍ജിനീയറിങ് കോളേജിലായി മുപ്പതിനായിരത്തോളം പേരാണ് എന്‍ജിനീയറിങ്ങിന് ചേരുന്നത്, അതില്‍ ചില കോളേജുകളില്‍ പത്തുശതമാനം പേരൊക്കെയാണത്രെ വിജയിക്കുന്നത്. അമ്പതു ശതമാനം വിജയം കോളേജിന്റെ തന്നെ വിജയമായി കണക്കാക്കുന്നു. എന്താണെങ്കിലും 'തോറ്റ എന്‍ജിനീയര്‍മാരുടെ ഒരു പട' തന്നെ ഇപ്പോള്‍ കേരളത്തില്‍ ഉണ്ട്. 

എന്‍ജിനീയറിംഗ് പഠിക്കാന്‍ തുടങ്ങി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും സപ്ലിയുടെ മുകളില്‍ സപ്ലിയുമായി  ജീവിതം തുലഞ്ഞു എന്നു കരുതിയിരുന്ന രണ്ടുപേരെ വിധി എന്റെ മുന്നില്‍ എത്തിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ ഒരേയൊരു ആണ്‍കുട്ടികളായിരുന്നു രണ്ടുപേരും. അച്ഛനുമമ്മക്കും കാശിന് ബുദ്ധിമുട്ടൊന്നുമില്ല. കുട്ടികള്‍ പഠിക്കാനും അത്ര മോശമല്ല. സ്വഭാവം കൊണ്ടും പൊതുവെ മോശക്കാരുമല്ല. പക്ഷെ എന്തുകൊണ്ടോ എന്‍ജിനീയറിംഗിലെ പരീക്ഷകള്‍ പാസ്സായില്ല. പഠനം അഞ്ചുവര്‍ഷമായതോടെ 'ഭാവി കോഞ്ഞാട്ടയായി' എന്ന ചിന്ത അവര്‍ക്ക് വന്നു. കാശെല്ലാം കൊണ്ടുപോയി തുലച്ചു എന്ന് മാതാപിതാക്കള്‍ക്കും. അച്ഛനമ്മമാര്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിരുന്ന നാളുകളിലാണ് ഞാനിവരെ കണ്ടുമുട്ടുന്നത്.

ഈ കരിയര്‍ ഗൈഡന്‍സിലുള്ള എന്റെ താല്‍പര്യം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സമൂഹത്തിന് 'യൂസ്ലെസ്സ്' ആയ ഒരു കുട്ടിയും നമ്മുടെയിടയില്‍ ഉണ്ടെന്ന് എനിക്കു വിശ്വാസവുമില്ല. വിദ്യാഭ്യാസം കൊണ്ട് കുട്ടികള്‍ക്ക് ആദ്യമുണ്ടാകേണ്ട ഗുണം കുട്ടികള്‍ക്ക് അവരില്‍ വിശ്വാസമുണ്ടാക്കുകയാണ്. അത്യാവശ്യം തല്ലിപ്പൊളിയും രാഷ്ട്രീയവുമുള്ള കോളേജില്‍ കിട്ടുന്നതും ഇടിമുറിയും ഇന്റേണിന്റെ ഭീകരതയും ഉള്ള കോളേജില്‍ കിട്ടാത്തതും ഈ ആത്മവിശ്വാസം ആണ്. ഏതാണെങ്കിലും എന്റെ മുന്നില്‍ വന്നുപെട്ടത് പയ്യന്മാരുടെ നല്ല കാലമായിരുന്നു. ഒന്നാമതായി ഞാനവരെ അവരുടെ പരാജയത്തെപ്പറ്റി സംസാരിച്ചോ ഓര്‍മ്മിപ്പിച്ചോ ജഡ്ജ് ചെയ്തില്ല. രണ്ടാമത് അവരുടെ ജീവിതം തുലഞ്ഞിട്ടില്ലെന്നും നാലോ അഞ്ചോ വര്‍ഷം എന്നത് പ്രൊഫഷണല്‍ ജീവിതകാലത്ത് വലിയൊരു കാര്യമല്ലെന്നും പറഞ്ഞ് ആശ്വസിപ്പിച്ചു. പിന്നെ ചെറിയ അസൈന്‍മെന്റുകളൊക്കെ കൊടുത്ത് അതിലെ അവരുടെ പെര്‍ഫോമന്‍സിനെ വലുതായി പുകഴ്ത്തി വേറൊരു വഴിക്ക് തിരിച്ചുവിട്ടു. പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ അവരുടെ സഹപാഠികളായ എന്‍ജിനീയറിംഗ് സുഹൃത്തുക്കളുടെ മുന്നിലെത്തി ഇവര്‍. മാതാപിതാക്കള്‍ക്ക് ഇവരിപ്പോള്‍ അഭിമാനമാണ്.

മുരളി തുമ്മാരുകുടിയുടെ 'എന്തു പഠിക്കണം എങ്ങനെ തൊഴില്‍ നേടാം' വാങ്ങാന്‍ ക്ലിക്ക് ചെയ്യുക 

കേരളത്തില്‍ ഇപ്പോള്‍ ഉള്ള ഈ 'തോറ്റ എന്‍ജിനീയര്‍മാരെ' ഒക്കെ ശരിയായ കരിയര്‍ ഗൈഡന്‍സ് കൊടുത്താല്‍ അവരുടെ കുടുംബത്തിന് അഭിമാനമായും സമൂഹത്തിന് സമ്പത്തായും മാറുമെന്നതിന് എനിക്ക് ഒരു സംശയവുമില്ല. പക്ഷെ അതിനൊക്കെ ആര്‍ക്കാണ് സമയം? കോളേജിനെയും മാനേജമെന്റിനെയും എന്‍ട്രന്‍സിന്റെയും സര്‍ക്കാറിനെയുമൊക്കെ കുറ്റപ്പെടുത്തി ഒരു പോസ്റ്റിട്ടാല്‍ അതോടെ കഴിഞ്ഞു എല്ലാവരുടെയും ഉത്തരവാദിത്വം.

ഒരുകാര്യം ആദ്യമേ പറയട്ടെ. ഈ എന്‍ജിനീയറിംഗ് പഠിച്ച് പാസ്സാകുക എന്നത് വലിയൊരു സംഭവമാണെന്ന് കരുതുന്ന ആളല്ല ഞാന്‍. കണക്കിന് താല്പര്യമില്ലാത്തവര്‍ എന്‍ജിനീയറിംഗിന് വരുന്നതുകൊണ്ടാണ് കൂടുതല്‍ കുട്ടികള്‍ തോല്‍ക്കുന്നത് എന്ന വാദവും ശുദ്ധ അസംബന്ധമാണ്. കണക്ക് എന്ന വിഷയം ഒരിക്കലും ഇഷ്ടമില്ലാതിരുന്ന ആളാണ് ഞാന്‍. എന്നിട്ടും എന്‍ജിനീയറിംഗ് റാങ്കോടെയാണ് പാസായത്. നമ്മുടെ കുട്ടികള്‍ തോല്‍ക്കാന്‍ പല കാരണങ്ങളുണ്ട്. എന്നാല്‍ അതിനെപ്പറ്റി അടിസ്ഥാനപരമായി മനസിലാക്കാന്‍ ആര്‍ക്കും താല്പര്യമില്ല എന്നതാണ് വസ്തുത. ഐന്‍സ്‌റ്റൈന്‍ പറഞ്ഞതുപോലെ ഒരേകാര്യം ഒരുപോലെ തന്നെ ചെയ്തിട്ട് അതിന്റെ ഫലം വ്യത്യസ്തമാകുമെന്ന് കരുതുന്നത് മൗഢ്യമാണ് (Insanity: doing the same thing over and over again and expecting different results ). വര്‍ഷാവര്‍ഷം  ഇത്രമാത്രം കുട്ടികള്‍ തോല്‍ക്കുന്നത് കണ്ടിട്ടും നമ്മുടെ കരിക്കുലവും അധ്യയന രീതികളും പരീക്ഷ പദ്ധതികളും ഒന്നും മാറ്റാന്‍ ആര്‍ക്കും തോന്നിയിട്ടില്ല. പകരം  പ്രൊക്രൂസ്റ്റസിന്റെ കട്ടിലിലിട്ട് കുട്ടികളെ അളന്നുനോക്കി വലിച്ചുനീട്ടുകയാണ്. എത്രയോ മുന്‍പേ ചെയ്യേണ്ടിയിരുന്ന ചില പരിഷ്‌കാരങ്ങള്‍ ഞാന്‍ പറയാം.

നാലുവര്‍ഷത്തെ എന്‍ജിനീയറിംഗ് പഠനകാലത്ത് ലാബുകള്‍ ഉള്‍പ്പെടെ ഏതാണ്ട് അന്‍പത് വിഷയങ്ങള്‍ കുട്ടികള്‍ പഠിക്കുന്നുണ്ട്. അതെസമയം ഇന്ത്യയിലെ നാലായിരം എന്‍ജിനീയറിങ് കോളേജുകളെടുത്താല്‍ എല്ലാ യൂണിവേഴ്‌സിറ്റിയിലെയും എന്‍ജിനീയര്‍ ആവാന്‍ വേണ്ടത് ഒരേ അന്‍പത് വിഷയം അല്ല എന്നും മനസ്സിലാക്കാം. അപ്പോള്‍ ശെരിക്കും  ഇതില്‍ എത്രയെണ്ണം ഒരു എന്‍ജിനീയര്‍ ആകുന്നവര്‍ തീര്‍ച്ചയായും പഠിച്ചിരിക്കേണ്ടതാണ്, എത്രയെണ്ണം വെറുതെ പാരമ്പര്യമായി പഠിച്ചു വരുന്നു എന്നൊക്കെ നോക്കി വിഷയങ്ങളെ 'കോറും' 'ഇലക്റ്റീവും' ആയി തരംതിരിക്കുക. ഇതില്‍ കോര്‍ കോഴ്സുകള്‍ മാത്രമേ കുട്ടികള്‍ പാസ്സാകണം എന്ന് യൂണിവേഴ്‌സിറ്റി നിര്‍ബന്ധിക്കേണ്ട കാര്യമുള്ളൂ. ഒരു ഇലക്ടീവ് വിഷയത്തില്‍ തോറ്റാല്‍ അത് മാറി വേറെ വിഷയം എടുക്കാനുള്ള അവസരം ഉണ്ടാക്കുക.

കുട്ടികള്‍ തോല്‍ക്കുന്നത് ഭൂരിഭാഗവും അധ്യാപകരുടെ തോല്‍വിയാണ്. എല്ലാ എന്‍ജിനീയര്‍മാരും പഠിച്ചിരുന്ന, പഠിച്ചിരിക്കേണ്ട, എന്നാല്‍ എല്ലാവര്‍ക്കും അന്നും ഇന്നും പേടിസ്വപ്നമായ വിഷയമാണ് എന്‍ജിനീയറിങ് ഡ്രോയിങ് അല്ലെങ്കില്‍ ജിയോമെട്രിക്കല്‍ ഡ്രോയിങ് എന്നത്. കോതമംഗലത്ത് ഇത് പഠിപ്പിക്കാന്‍ പല അധ്യാപകര്‍ ഉണ്ടായിരുന്നു. പക്ഷെ രാജേന്ദ്രന്‍ സാര്‍ പഠിപ്പിച്ചിരുന്ന ക്ലാസ്സില്‍ വിജയശതമാനം തൊണ്ണൂറായിരുന്നെങ്കില്‍ വേറെ അധ്യാപകര്‍ പഠിപ്പിക്കുന്നിടത്ത് ഇത് അന്‍പതില്‍ താഴെയായിരുന്നു. അപ്പോള്‍ ഒരു വര്‍ഷം തോറ്റ കുട്ടികളെ എല്ലാം ആ സമ്മര്‍ അവധിക്കാലത്ത് ആ കോളേജിലെ ഏറ്റവും സമര്‍ഥനായ അദ്ധ്യാപകന്‍ രണ്ടാമതൊന്ന് പഠിപ്പിച്ചാല്‍ മിക്കവാറും പേര് വിഷയം പാസായിപ്പോകും.

എന്‍ജിനീയറിംഗ് എന്നത് ഒരു സെമസ്റ്ററില്‍ ആറോ ഏഴോ കോഴ്‌സ് നിര്‍ബന്ധമായും ചെയ്യേണ്ട ഒന്നാക്കാതെ താല്പര്യമുള്ളവര്‍ക്ക് വേണമെങ്കില്‍ മൂന്നോ നാലോ കോഴ്‌സ് ചെയ്യാന്‍ പറ്റുന്ന ഒരു സ്ലോ പേസ് പ്രോഗ്രാം ആക്കുക. ഓടിച്ചെന്ന് എന്‍ജിനീയറായിട്ട് പണിയാന്‍ പാലമൊന്നും പകുതിയായി കിടക്കുന്നില്ലല്ലോ.

നമ്മുടെ പരീക്ഷാരീതികളും ഏറെ പഴഞ്ചനാണ്. അത് സ്‌കൂളിലെ പരീക്ഷയാണെങ്കിലും പിഎസ്‌സി പരീക്ഷയാണെങ്കിലും എന്‍ജിനീയറിംഗ് പരീക്ഷയാണെങ്കിലും ഒരുപോലെ തന്നെ. കുറെ പാഠങ്ങള്‍ പഠിച്ച് കുറെ ഫോര്‍മുല മനഃപാഠം പഠിച്ച് മൂന്നു മണിക്കൂര്‍ മിണ്ടാതിരുന്നാണ് പാലം പണിയാനുള്ള പ്രാവീണ്യം കുട്ടികള്‍ തെളിയിക്കുന്നത്. ഇങ്ങനെയൊക്കെയാണോ നമ്മള്‍ എന്‍ജിനീയര്‍മാര്‍ പാലവും കെട്ടിടങ്ങളും  ഡിസൈന്‍ ചെയ്യുന്നത്? ഉപയോഗിക്കാനുള്ള എല്ലാ ഫോര്‍മുലയും കുട്ടികള്‍ക്ക് എഴുതി കൊണ്ടുവരാന്‍ അനുമതി കൊടുക്കുകയും വേണമെങ്കില്‍ ആവശ്യമായ പുസ്തകം പരീക്ഷക്ക് കൊണ്ടുവരാന്‍ സമ്മതിക്കുകയോ ചെയ്യണം. പക്ഷെ ഇങ്ങനെ ഒക്കെ ചെയ്യുമ്പോള്‍ ഇപ്പോഴത്തെ പോലെ ടെക്സ്റ്റ് ബുക്കിലോ ഗൈഡിലോ ഉള്ള ഉദാഹരണങ്ങള്‍ അതുപോലെ തന്നെ പകര്‍ത്തി 'explain' എന്നൊക്കെ എഴുതി ചോദ്യം ഇട്ടു കൊടുത്താല്‍ പോരാ. ശാസ്ത്രം ഉപയോഗിച്ച് സാങ്കേതിക പ്രശ്ങ്ങങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുക എന്നതാണ് എന്‍ജിനീയറുടെ ജോലി. അതാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. അത് കുട്ടികള്‍ പഠിച്ചിട്ടുണ്ടോ എന്നാണ് പരീക്ഷ നടത്തേണ്ടത്. അല്ലാതെ പിഎസ്‌സി പരീക്ഷ പോലെ പത്തുലക്ഷം പേരില്‍ നിന്നും അയ്യായിരം പേരിലേക്ക് ആളെ കുറക്കാനുള്ള ഒരു അരിപ്പയാകരുത് എന്‍ജിനീയറിങ് പരീക്ഷ. ചുമ്മാതല്ല, ഈ 'പരീക്ഷണങ്ങള്‍' ഒക്കെ കഴിഞ്ഞിറങ്ങുന്ന എന്‍ജിനീയര്‍മാരില്‍ ഏറെപ്പേര്‍ എംപ്ലോയബിള്‍ അല്ലെന്ന് പഠനങ്ങള്‍ പറയുന്നത്.

ഇതൊന്നും എന്റെ വിപ്ലവകരമായ ആശയങ്ങള്‍ അല്ല. മൂന്നുപതിറ്റാണ്ടു മുന്‍പ് ഞാന്‍ കാണ്‍പൂര്‍ ഐഐടിയില്‍ പഠിക്കുമ്പോള്‍ അന്നുതന്നെ അവിടെ പ്രാക്ടീസ് ചെയ്തിരുന്നതാണ്. അമേരിക്കയിലെ പഠനരീതികള്‍ വച്ചാണ് അവിടെ കരിക്കുലവും പരീക്ഷകളും ഉണ്ടാക്കിയിരുന്നത് അപ്പോള്‍ അമേരിക്കയില്‍ അര നൂറ്റാണ്ടെങ്കിലും മുന്നേ ഇതുണ്ടായിരുന്നിരിക്കണം. കേരളത്തില്‍ പുതിയ സാങ്കേതിക സര്‍വകലാശാല ഒക്കെ ഉണ്ടായപ്പോഴെങ്കിലും നമ്മുടെ പഠനവും പരീക്ഷയുമൊക്കെ ഇരുപത്തി ഒന്നാം നോറ്റാണ്ടിലേക്ക് പ്രവേശിക്കുമെന്ന് ഞാന്‍ ആശിച്ചു. കേരളത്തിലെ എന്‍ജിനീയറിംഗ് കോളേജിലെ ഏറെ കുട്ടികളും തോല്‍ക്കുന്നത് ചില നിശ്ചിത വിഷയങ്ങള്‍ക്കാണ്. Mathematics, Mechanics, higher mathematics ഇവയൊക്കെയാണ് പ്രശ്‌നക്കാര്‍. ഈ വിഷയങ്ങള്‍ നന്നായി പഠിപ്പിക്കാന്‍ അറിയാവുന്ന അധ്യാപകരില്ല എന്നതാണ് വില്ലന്‍. കേരളത്തിലെ ഏറ്റവും നല്ല അധ്യാപകരെക്കൊണ്ട് ഈ വിഷയങ്ങളില്‍ ക്ലാസ്സ് എടുപ്പിച്ച് അതിന്റെ വീഡിയോ എടുത്ത് നമ്മുടെ കുട്ടികള്‍ക്ക് ലഭ്യമാക്കുക, എന്നിട്ട് ക്ലാസ്റൂമില്‍ അധ്യാപകര്‍ കുട്ടികളോടൊത്ത് ഹോംവര്‍ക്ക് ചെയ്യുക. 'ഫ്ളിപ്പ്ഡ് ക്ലാസ്റൂം' എന്ന ഈ സംവിധാനം നല്ല അധ്യാപകരില്ലാത്ത രാജ്യങ്ങളൊക്കെ പരീക്ഷിച്ച് വിജയം കണ്ടതാണ്. പക്ഷെ കേട്ടിടത്തോളം നമ്മള്‍ ഇപ്പോഴും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യകാലത്തു തന്നെയാണ്. ഈ കാര്യങ്ങളൊന്നും മാറുമെന്നുള്ള പ്രതീക്ഷയിലല്ല ഇതൊന്നും എഴുതിയത്. മറിച്ച് ഈ 'തോറ്റ എന്‍ജിനീയര്‍മാര്‍' ഒന്നും അത്ര മോശക്കാരല്ല എന്നും നമ്മുടെ സിസ്റ്റം ആണ് അവരെ തോല്‍പ്പിക്കുന്നതെന്നും അങ്ങനെ തോല്‍പ്പിക്കുമ്പോള്‍ സമൂഹമാണ് തോല്‍ക്കുന്നതെന്നും കാണിക്കാനാണ്. അതുകൊണ്ട് ഈ തോറ്റ എന്‍ജിനീയര്‍മാരെ എന്തു ചെയ്യണമെന്ന് ഞാന്‍ പറയാം. 

എന്‍ജിനീയറിംഗില്‍ (മറ്റേതൊരു കോഴ്‌സിലും) തോല്‍ക്കുക എന്നത് ഒരു ജീവിത പരാജയമല്ലെന്നും രണ്ടോ മൂന്നോ വര്‍ഷം എന്നത് ജീവിതത്തിലെ ഒരു ചെറിയ അധ്യായമാണെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക.

മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ഒന്നാം വര്‍ഷത്തെ അധികം പേപ്പറുകള്‍ പോലും കിട്ടാനുണ്ടെങ്കില്‍ പിന്നെ നിര്‍ബന്ധിച്ച് എന്‍ജിനീയറിംഗ് പഠനം തുടരരുത്. അത് നിര്‍ത്തി മറ്റേതെങ്കിലും കോഴ്‌സിന് പോകുക. എത്രയും വേഗത്തില്‍ തീരുമാനം എടുക്കുന്നോ അത്രയും നല്ലത്.

വേറെ ഏതു കോഴ്‌സിനു പോകണം, പോലീസുകാരനാകണോ, പിഎസ്‌സി പരീക്ഷ എഴുതണോ, ബാങ്ക് ടെസ്റ്റ് എഴുതണോ എന്നതൊക്കെ ഓരോ വ്യക്തിയും അവരുടെ കുടുംബ സാഹചര്യമനുസരിച്ച് തീരുമാനിക്കേണ്ടതാണ്. എന്‍ജിനീയറിംഗ് കാലത്ത് പഠിച്ച വിഷയങ്ങളിലേതിലെങ്കിലും മികവ് തെളിയിച്ചവര്‍ക്ക് ആ വഴി തെരഞ്ഞെടുക്കാം. ഉദാഹരണത്തിന് എന്‍ജിനീയറിംഗ് ഡ്രോയിങ്ങില്‍ മിടുക്കനായി പാസ്സായ കണക്കിന് തോറ്റ ഒരാള്‍ക്ക് ഗ്രാഫിക് ഡിസൈനിങ്ങിന് പോകാമല്ലോ. ധാരാളം കോഴ്സുകള്‍ അതിന് ലഭ്യമാണ്. ഇത്തരം നൂറു കണക്കിന് ഓപ്ഷന്‍ ഉള്ളതുകൊണ്ട് പ്രത്യേകം പറയുന്നില്ല. 

കുട്ടികളെ തോല്‍പ്പിക്കുന്ന പരീക്ഷാരീതി മാറ്റിയില്ലെങ്കിലും നമ്മുടെ സര്‍വകലാശാലക്ക് എളുപ്പത്തില്‍ ചെയ്യാവുന്ന മറ്റൊന്നുണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ മെഡിക്കല്‍ പഠനത്തിന് ആവശ്യമുള്ളതിന്റെ ഇരട്ടിയാളുകളെ അഡ്മിറ്റ് ചെയ്യുന്നതും അതില്‍ പകുതി പേര്‍ ഒരു വര്‍ഷത്തിനകം അതിന് പ്രാപ്തരല്ല എന്ന് മനസ്സിലാക്കി വേറെ പഠനത്തിന് പോകുന്നതും ഞാന്‍ മുന്നേ പറഞ്ഞിട്ടുണ്ട്. പക്ഷെ അവര്‍ക്കെല്ലാം പഠിച്ച് പാസ്സായ വിഷയങ്ങള്‍ക്ക് അടുത്ത ബിരുദത്തിന് ചെല്ലുമ്പോള്‍ യൂണിവേഴ്‌സിറ്റി ഇളവുചെയ്യും. നമ്മുടെ യൂണിവേഴ്‌സിറ്റികളില്‍ ഇത് ചെയ്യാവുന്നതാണ്. കുട്ടികളുടെയും അധ്യാപകരുടെയും സമയം ലാഭിക്കുകയും ചെയ്യാം. 

ഡിപ്ലോമയില്‍ നിന്നും എന്‍ജിനീയറിംഗിലേക്ക് ലാറ്ററല്‍ എന്‍ട്രിയുള്ളതുപോലെ നമുക്ക് എന്‍ജിനീയറിംഗ് പഠനത്തില്‍ നിന്നും പോളിടെക്‌നിക്കിലേക്ക് ഒരു ലാറ്ററല്‍ എന്‍ട്രി കൊടുത്തുകൂടെ? അപ്പോള്‍ പഠിച്ച വിഷയങ്ങള്‍ പാഴാകില്ല. പില്‍ക്കാലത്ത് വേണമെങ്കില്‍ എന്‍ജിനീയറിംഗ് പഠനം തുടരുകയും ചെയ്യാം.

സര്‍വകലാശാലയും സമൂഹവുമൊക്കെ മാറാന്‍ സമയമെടുക്കും. പക്ഷെ കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം അവരുടെ മാതാപിതാക്കളാണ്. എന്‍ജിനീയറിംഗിന് പോയി പഠനം പൂര്‍ത്തിയാക്കാന്‍ പറ്റാത്തവരെ 'തോറ്റ'വരായി മുദ്രകുത്താതെ ഏറ്റവും വേഗത്തില്‍ വഴി തിരിച്ചുവിട്ടാല്‍ അത് കുട്ടിക്കും കുടുംബത്തിനും സമൂഹത്തിനും ഗുണം ചെയ്യും. പില്‍ക്കാലത്ത്  ഇവരില്‍ പലരും അവരുടെ സഹപാഠികളേക്കാള്‍ ജീവിതത്തില്‍ ശോഭിക്കുകയും ചെയ്യും. എന്റെ ക്ലാസ്സില്‍ തന്നെ ഒന്നാംവര്‍ഷം പഠിക്കാന്‍ തുടങ്ങിയ നാല്പത്തിഅഞ്ചു പേരുടെ ഇപ്പോഴത്തെ ജീവിതം എടുത്താല്‍ അവരില്‍ ജയിച്ചവരും തോറ്റവരും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. പരീക്ഷയുടെ മാര്‍ക്കും ജീവിതത്തിലെ ഉയരവും തമ്മിലും വലിയ ബന്ധം ഇല്ല. ജീവിതവിജയവും തൊഴില്‍ ജീവിതത്തിലെ വിജയവും രണ്ടാണ്, അതിനെ പറ്റി അവസാനം എഴുതാം.

ഈ പരമ്പരയുടെ മുന്‍ലക്കങ്ങള്‍ 

1. അതിരുകളില്ലാത്ത ലോകം, മതിലുകളുയരുന്ന ലോകം 

2. ചാട്ടത്തിലെങ്ങാനും പിഴച്ചുപോയാല്‍ 

3. മൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റര്‍ 

4. ഈ കുട്ടിക്ക് ഒരു ജീവിതം കൊടുക്കൂ....

5. ഈ എന്‍ജിനീയര്‍മാര്‍ക്കെന്താ കൊമ്പുണ്ടോ?

6വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍

7. ഞങ്ങള്‍ വക്കീലന്മാരെന്താ മോശാ?

8. എന്തുവന്നാലും നാടകക്കമ്പനി തുടങ്ങരുത്‌

9. നേഴ്‌സിങ്ങിന്റെ സാധ്യതകള്‍ അവസാനിക്കുന്നില്ല 

10. 'ബമാമ'യുടെ കോളേജ് ജീവിതം

11. ഇംഗ്ലീഷ് ഒരു ഭാഷയാണ്, ബുദ്ധിയുടെ അളവുകോലല്ല, പക്ഷേ

12. തപാല്‍ വഴി നീന്തല്‍ പഠിക്കാമോ

13. മുടിവെട്ടും ഇറച്ചിവെട്ടും....! യൂറോപ്പിലെ തൊഴില്‍ സാദ്ധ്യതകള്‍

14. ബുദ്ധിയുള്ളവരെ ഉദ്ധരിക്കുന്നത് ബുദ്ധിയില്ലാത്തവര്‍

15. ബയോഡേറ്റയെ ആര്‍ക്കാണ് പേടി 

16. വിദ്യാധനവും വിദേശത്തെ പഠനവും