മുംബൈയില്‍(അന്ന് ബോംബെ) ഞാന്‍ ജോലി ചെയ്തുകൊണ്ടിരുന്നത് ഇന്ദിരാഗാന്ധി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് റിസര്‍ച്ച് (www.igidr.ac.in) എന്ന സ്ഥാപനത്തിലായിരുന്നു. റിസര്‍വ്വ് ബാങ്ക് സ്ഥാപിച്ച ഒരു സ്ഥാപനമാണിത്. എക്കണോമിസ്റ്റുകളും എന്‍ജിനീയര്‍മാരുമെല്ലാം ഒരുമിച്ച് ജോലിചെയ്യുന്ന ഒരു തിങ്ക് ടാങ്കാണിത്. അന്നവിടെ ഒരു പി.എച്ച.ഡി. പ്രോഗ്രാമുണ്ട്. ഇന്ത്യയില്‍ ഏതു സ്ഥാപനത്തില്‍ കിട്ടുന്നതിലും കൂടുതല്‍ സ്‌റ്റൈപ്പന്റ് ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്നു. എന്നിട്ടും ഞാന്‍  ജോലി ചെയ്ത കാലമത്രയും കേരളത്തില്‍നിന്നു വേണ്ടത്ര കുട്ടികളുണ്ടായിരുന്നില്ല അവിടെ. കേരളത്തിന് പുറത്തുള്ള പുതിയ സ്ഥാപനങ്ങളെ പരിചയപ്പെടുത്താന്‍ നമുക്ക് സംവിധാനമില്ലാത്തതിന്റെ കുഴപ്പമാണിത്. അന്നവിടെ പഠിച്ചവരൊക്കെ ഇപ്പോള്‍ ഇന്ത്യക്കകത്തും പുറത്തുമൊക്കെയായി വന്‍പുലികളാണ്. കേരളത്തിലെ എന്‍ട്രന്‍സിനെപ്പറ്റിയും കോളേജുകളിലെ പ്രശ്‌നങ്ങളെപ്പറ്റിയും എഴുതുന്നതിന്റെ പത്തിലൊന്ന് സമയം മതി കേരളത്തിലെ ജേര്‍ണലിസ്റ്റുകള്‍ക്ക് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒന്ന് പരിചയപ്പെടുത്താന്‍. പത്രത്തിലാണെങ്കില്‍ ഈവക വാര്‍ത്തകള്‍ക്ക് ചെറിയൊരു ഇടം കൊടുത്തിരുന്നെങ്കില്‍ എത്രയോ പേര്‍ക്ക് ഉപകാരപ്പെട്ടേനെ. ഇനിയും സമയം വൈകിയിട്ടില്ല.

ഐ.ഐ.ടി യില്‍ പി.എച്ച്.ഡി. കഴിഞ്ഞയുടനെയാണ് അവിടെ അസിസ്റ്റന്റ് പ്രൊഫസ്സറുടെ പദവിയിലുള്ള ജോലിയില്‍ ചേര്‍ന്നത്. ഇന്ത്യയിലെ മറ്റെവിടെയുമുള്ള അസിസ്റ്റന്റ് പ്രൊഫസറുടെ ജോലിയെക്കാള്‍ ശമ്പളവുമുണ്ട്. എന്നാല്‍ ഒരു കുഴപ്പമുള്ളത് ഒരു വര്‍ഷത്തെ കോണ്‍ട്രാക്ട് കഴിഞ്ഞാല്‍പ്പിന്നെ അസിസ്റ്റന്റ് പ്രൊഫസറായി സ്ഥിരം നിയമിക്കാനോ കോണ്‍ട്രാക്ട് നീട്ടിത്തരാനോ വീട്ടില്‍ പറഞ്ഞുവിടാനോ വരെ സാധ്യതയുണ്ട്. കോണ്‍ട്രാക്ട് സ്ഥാപനങ്ങളെപ്പറ്റി സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആയിരുന്ന ഡോ. കിരിത് എസ്. പരീഖ്(അതെ, പില്‍ക്കാലത്ത് പ്ലാനിംഗ് കമ്മീഷന്‍ അംഗവും, പദ്മവിഭൂഷണും ആയ ആള്‍ തന്നെ) ഒരു തമാശ പറയും. സ്ഥാപനത്തിലെ ഗാര്‍ഡ്‌നര്‍ ആയ രാംലാല്‍ ഒരിക്കല്‍ അദ്ദേഹത്തിന്റെ അടുത്തുവന്നു.

''സാബ്, അടുത്തമാസം മുതല്‍ ഗാര്‍ഡന്‍ നോക്കാന്‍ വേറെ ആളെ കോണ്‍ട്രാക്ടില്‍ വെക്കണം.''

''അതെന്താ, രാംലാല്‍ ഇവിടുത്തെ പണി നിര്‍ത്തി പോകുകയാണോ?''

''അല്ല സാബ്, എന്റെ പണി പെര്‍മനന്റ് ആയി(ഇനി ഞാന്‍ പണിയെടുക്കേണ്ട കാര്യമില്ലല്ലോ എന്ന്).''

പകുതി തമാശയും പകുതി കാര്യവുമായിട്ടാണ് അദ്ദേഹം ഈ കഥ പറയുന്നത്.

ഇന്ത്യയില്‍ ഒരാള്‍ക്ക് ജോലി കിട്ടിയെന്ന് സമൂഹം അംഗീകരിക്കുന്നത് അയാളുടെ ജോലി സ്ഥിരമാകുമ്പോളാണ്. സ്ഥിരജോലിക്കാര്‍ക്ക് ഏറെ ആനുകൂല്യങ്ങളുണ്ട്. അവരെ പിരിച്ചുവിടാന്‍ പറ്റില്ല. അവര്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് ജോലി ലഭിക്കും. റിട്ടയറാകുമ്പോള്‍ പെന്‍ഷനോ അല്ലെങ്കില്‍ നല്ലൊരു തുക ഗ്രാറ്റുവിറ്റിയോ കിട്ടും. കോണ്‍ട്രാക്ട് ജോലിക്ക് ഇതൊന്നുമില്ല എന്നുമാത്രമല്ല, സ്ഥിരജോലിക്കാരേക്കാളും അടിസ്ഥാനശമ്പളം പോലും കുറവാണ്. കേരളത്തിലെ എന്‍ജിനീയറിംഗ് കോളേജുകളില്‍ കരാറിന് ജോലിയെടുക്കുന്ന അധ്യാപകര്‍ക്ക് കൊടുക്കുന്ന ദിവസക്കൂലി പലപ്പോഴും അപമാനകരമാണ്. നമ്മുടെ അണ്‍എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെയും ആശുപത്രികളിലെ നഴ്സുമാരുടെയുമൊക്കെ കോണ്‍ട്രാക്ടിനെയും വേതനത്തെയും പറ്റി ഒരു ലേഖനം തന്നെ എഴുതാനുള്ളത് കൊണ്ട് തത്കാലം അതിലേക്ക് കടക്കുന്നില്ല. 

ഇതുകൊണ്ടൊക്കെ തന്നെയാണ് കൂടുതല്‍ ശമ്പളമുള്ള ജോലി കേരളത്തിന് പുറത്ത് എവിടെ കിട്ടിയാലും അവിടെ പോകണമെന്ന് ഞാന്‍ നിര്‍ബന്ധിക്കുന്നത്. കോണ്‍ട്രാക്ട് ജോലിക്കാര്‍ക്ക് സ്ഥിരം ജോലിക്കാരുടേതിനേക്കാള്‍ കൂടുതല്‍ വരുമാനം കൊടുത്തുതുടങ്ങുന്ന കാലത്താണ്, നാട്ടില്‍ ഒരു പ്രൊഫഷനില്‍ ആളുകളുടെ ക്ഷാമമുണ്ടെന്ന് നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്നത്. അന്നു മതി ബ്രെയിന്‍ ഡ്രെയിനെപ്പറ്റിയുള്ള വിഷമം.

മുരളി തുമ്മാരുകുടിയുടെ 'എന്തു പഠിക്കണം എങ്ങനെ തൊഴില്‍ നേടാം' വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഇതെല്ലാം മാറാന്‍ പോകുകയാണ്. സ്ഥിരമായ ജോലി എന്നത് ഇനിയുള്ള കാലത്ത് അധികമുണ്ടാകില്ല. ഇപ്പോള്‍ത്തന്നെ 25 വര്‍ഷം ജോലി ചെയ്തവര്‍ക്ക് പില്‍ക്കാലത്ത് മുപ്പതോ നാല്പതോ വര്‍ഷം പെന്‍ഷന്‍ കൊടുത്ത് ലോകത്തെമ്പാടും സ്ഥാപനങ്ങള്‍ നട്ടം തിരിയുകയാണ്. അതേസമയം തന്നെ ഒരേ ജോലിയില്‍ തന്നെ തുടരുക എന്ന രീതി പുതിയ തലമുറയും കൈവിട്ടിരിക്കുന്നു. ഇതിന്റെ രണ്ടിന്റെയും ഫലമായി കോണ്‍ട്രാക്ട് ജോലികളായിരിക്കും ഇനിയുള്ള കാലത്ത് കൂടുതലുണ്ടാകുന്നത്.

എന്നുകരുതി ഇപ്പോള്‍ കേരളത്തിലുള്ളതു പോലെ തൊഴിലില്ലാത്തവരെ പിഴിയുന്ന രീതി  ആകണമെന്നില്ല. ഞാന്‍ ഒമാനില്‍ ജോലിചെയ്യുന്ന കാലത്ത് കമ്പനിയില്‍ ജോലി ചെയ്യുന്നതിന്റെ ഒന്നരയിരട്ടി ശമ്പളമുണ്ടായിരുന്നു ഏതെങ്കിലും സബ് കോണ്‍ട്രാക്ടറുടെ അടുത്തുനിന്ന് കമ്പനിയിലേക്ക് താല്‍ക്കാലിക കരാറില്‍ വരുന്നവര്‍ക്ക്. കാരണം കമ്പനിക്ക് അവരുടെ മറ്റു കാര്യങ്ങളൊന്നും അന്വേഷിക്കേണ്ട. മെഡിക്കല്‍ ഇന്‍ഷുറന്‍സും പെന്‍ഷനുമെല്ലാം പൊതിഞ്ഞുകെട്ടി മാസാമാസം വീതിച്ചുകൊടുക്കും.

ശരിയായി ഉപയോഗിക്കപ്പെടുമ്പോള്‍ കോണ്‍ട്രാക്ട് ജോലിക്ക് സ്ഥിരം ജോലിയെക്കാള്‍ പല നേട്ടങ്ങളുമുണ്ട്.

1. നമ്മുടെ ശമ്പളവും അലവന്‍സും പെന്‍ഷന്‍ ഫണ്ടുമെല്ലാം നമ്മുടെ കൈയില്‍ തന്നെ കിട്ടുന്നതുകൊണ്ട് പണം എങ്ങനെ നിക്ഷേപിക്കണമെന്നും ഉപയോഗിക്കണമെന്നും നമുക്ക് തീരുമാനിക്കാം. കമ്പനികള്‍ പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച് ആ ഫണ്ട് പൊളിഞ്ഞുപോകുകയോ കമ്പനി തന്നെ പൂട്ടിപ്പോകുകയോ ചെയ്താലും നമുക്ക് റിസ്‌കില്ല.

2. നമ്മുടെ ജോലി ഹൃസ്വകാലത്തേക്ക് മാത്രമാണെന്ന് നമുക്കറിയാവുന്നതുകൊണ്ട് നമ്മുടെ പ്രൊഫഷണല്‍
 രംഗത്ത് വരുന്ന പുതിയ മാറ്റങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കും, പഠിക്കും. തൊഴില്‍ കമ്പോളത്തിന് നാം എപ്പോഴും റെഡിയായിരിക്കുകയും ചെയ്യും.

3. രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ കമ്പനി മാറുന്നതുകൊണ്ട് പുതിയ ജോലിയുടെ അന്തരീക്ഷം, പുതിയ സ്ഥലം, പുതിയ തരം സംവിധാനങ്ങള്‍ ഇതെല്ലാമായി നമ്മള്‍ പൊരുത്തപ്പെടും. അങ്ങനെ കരിയറില്‍ മുന്നേറ്റമുണ്ടാകുകയും ചെയ്യും.

4. തൊഴില്‍ സ്ഥിരത ഒന്നുമില്ലാത്തതിനാല്‍ മറ്റൊരു ജോലിക്ക് നല്ലൊരവസരം വന്നാല്‍ എടുത്തുചാടാന്‍ നമുക്കധികം ആലോചിക്കേണ്ടിവരില്ല. ബോംബെയില്‍നിന്നു ബ്രൂണെയിലേക്കും മസ്‌ക്കറ്റില്‍നിന്നു ജനീവയിലേക്കും എടുത്തുചാടാന്‍ എന്നെ പ്രേരിപ്പിച്ചത് ജോലിയുടെ അസ്ഥിരതയാണ്. എനിക്കു മുന്‍പ് സ്ഥിരമായിരുന്നവര്‍ മിക്കവരും ഇപ്പോഴും അവിടെത്തന്നെയുണ്ട്.  

5. സ്ഥിരം ജോലി അല്ലാത്തതിനാല്‍ കമ്പനി നമ്മളെ പരിശീലിപ്പിക്കും എന്ന പ്രത്യാശയൊന്നും നമുക്കുണ്ടാകില്ല. അതിനാല്‍ നമ്മുടെ പരിശീലനത്തിന്റെ ഉത്തരവാദിത്തം നാം സ്വയം ഏറ്റെടുക്കും.

6. സ്ഥിരം തൊഴില്‍ അല്ലാത്തതിനാല്‍ നമ്മളെ പിടിച്ചുനിര്‍ത്താന്‍ കമ്പനിയുടെ കൈയില്‍ തുറുപ്പുചീട്ടൊന്നും ഉണ്ടാകുകയില്ല. നമ്മള്‍ ബുദ്ധിപൂര്‍വം പ്രവര്‍ത്തിച്ചാല്‍ ശമ്പളം കൂട്ടിത്തരാനോ ഉയര്‍ന്ന പദവി തരാനോ കമ്പനിയെ നിര്‍ബന്ധിക്കാനും നമുക്ക് കഴിയും.

ഗള്‍ഫിലൊക്കെ ഇത്തരം ഹൃസ്വകാല കരാറുകള്‍ സര്‍വ്വസാധാരണമാണെങ്കിലും കേരളത്തിലിപ്പോഴും കരാര്‍ ജോലിക്ക് ഒരു മാന്യത വന്നിട്ടില്ല. ഇത് മാറിയേ പറ്റൂ.

കരാര്‍ ജോലിയേക്കാള്‍ കുറച്ചുകൂടി അസ്ഥിരമാണ് കണ്‍സല്‍ട്ടന്റ് എന്ന ജോലി. ഇവിടെ നമ്മളെയാരും ഹൃസ്വകാലത്തേക്ക് പോലും ജോലിക്കെടുക്കുന്നില്ല. പകരം നമുക്കുള്ള ഏതെങ്കിലും ഒരു സ്‌കില്‍ നമ്മള്‍ കമ്പനികള്‍ക്കോ സര്‍ക്കാരിനോ ദിവസക്കൂലി കണക്കാക്കി വാഗ്ദാനം ചെയ്യുകയാണ്. ഉദാഹരണത്തിന് പുതുതായി ഉണ്ടാക്കുന്ന ഒരു ആശുപത്രിയുടെ എമര്‍ജന്‍സി മാനേജ്‌മെന്റ് പ്ലാന്‍ ഉണ്ടാക്കണം എന്നുകരുതുക. അതിനവര്‍ താല്പര്യമുള്ളവരോട് ഒരു പ്രപ്പോസല്‍ അയക്കാന്‍ പറയും. ദിവസം മുന്നൂറോ അഞ്ഞൂറോ ഡോളര്‍ കണക്കാക്കി 30് ദിവസംകൊണ്ട് പണി തീര്‍ക്കാമെന്ന് നമ്മള്‍ പറയും. അപ്പോള്‍ നമുക്ക് കമ്പനി 15,000 ഡോളറിന്റെ കണ്‍സള്‍ട്ടന്‍സി കോണ്‍ട്രാക്ട് തരും. പറഞ്ഞ പണി പറഞ്ഞ സമയത്ത് ചെയ്തുതീര്‍ത്താലേ പണം കിട്ടൂ. ഇതാണ് കണ്‍സള്‍ട്ടന്‍സിയുടെ രീതി. പാശ്ചാത്യരാജ്യങ്ങളിലും യു.എന്നിലും ഒക്കെയിത് സാധാരണമാണെങ്കിലും കേരളത്തില്‍ ഇതിപ്പോഴുമിത് അത്ര സാധാരണവും സമൂഹം അംഗീകരിച്ചതുമല്ല.

കണ്‍സള്‍ട്ടന്‍സി തൊഴിലിന് പല ഗുണങ്ങളും വെല്ലുവിളികളുമുണ്ട്.

1. ഓരോ മാസത്തിന്റെ അവസാനവും നമുക്കാരും ശമ്പളമൊന്നും തരുന്നില്ല എന്നതാണ് പ്രധാന ബുദ്ധിമുട്ട്. എല്ലാ മാസവും, മാസത്തില്‍ എല്ലാ ദിവസവും പോലും നമുക്ക് തൊഴില്‍ കിട്ടണമെന്നുമില്ല.

2. അതേസമയം നമ്മുടെ ദിവസക്കൂലി വളരെ നല്ലതാണ്. നല്ല കണ്‍ള്‍ട്ടന്റുമാര്‍ എല്ലാം മാസത്തില്‍ 15 ദിവസം പണി ചെയ്താല്‍ നമ്മള്‍ ഫുള്‍ടൈം ജോലിചെയ്യുന്ന കാശുണ്ടാക്കും.

3. കണ്‍സള്‍ട്ടന്റുമാര്‍ ആരുടെയും ഓഫീസില്‍ ഇരുന്നല്ല ജോലി ചെയ്യുന്നത്. അതുകൊണ്ട് ഒരേസമയം എത്ര കണ്‍സള്‍ട്ടന്‍സി വേണമെങ്കിലും എടുക്കാം. മാസത്തില്‍ എല്ലാ ദിവസവും വിവിധ ക്ലയന്റ്‌സിനെ ബില്‍ ചെയ്യാം.

4. നമ്മുടെ തൊഴിലില്‍ ഏറ്റവും മികച്ചതായിരിക്കുക, പറഞ്ഞ സമയത്ത് പണി ചെയ്തുതീര്‍ക്കുക. നല്ല ഡോക്കുമെന്റേഷനും കമ്മ്യൂണിക്കേഷന്‍ സ്‌കില്ലുമാണ് നല്ല ഒരു കണ്‍സള്‍ട്ടന്റിന് വേണ്ട അവശ്യഗുണങ്ങള്‍. പോരാത്തതിന് ക്ലയന്റ്‌സിന്റെ ഇടയില്‍ വ്യാപകമായ ബന്ധങ്ങള്‍ വേണം. മറ്റു കണ്‍സള്‍ട്ടന്റുമായി അല്പം അഡ്ജസ്‌റ്‌മെന്റൊക്കെ വേണം, അപ്പോള്‍ ഒരുമാസം നമുക്ക് പണി കുറവാണെങ്കില്‍ മറ്റെയാളുടെ പണിയില്‍ കുറച്ചു ചെയ്യുകയും അയാള്‍ക്ക് പണി കുറവുള്ളപ്പോള്‍ തിരിച്ചും ചെയ്യാം.

5. സ്വന്തം തൊഴിലില്‍ പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ട്, ഓരോ മാസവും വ്യത്യസ്തമായ അസൈന്‍മെന്റുകള്‍ കിട്ടും. ലോകത്ത് എവിടെയുമുള്ള വിവിധ രാജ്യക്കാരായ ആളുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യാമെന്നതും ഇതിന്റെ ഗുണം.

6. ഇപ്പോഴത്തെ കാലത്ത് നമുക്ക് വീട്ടില്‍നിന്നും പുറത്തിറങ്ങാതെ ചെയ്യാന്‍ പറ്റുന്ന കണ്‍സള്‍ട്ടന്‍സികള്‍വരെയുണ്ട്. ഇന്റര്‍നെറ്റ് കൂടുതല്‍ വ്യാപകമാകുന്നതോടെ ഇത്തരം സാധ്യതകള്‍ വര്‍ധിക്കുകയേയുള്ളു.

7. കണ്‍സള്‍ട്ടന്റാകാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് ഏത് രംഗത്താണ് പ്രവര്‍ത്തിക്കാന്‍ പോകുന്നതെന്നാല്‍ ആ രംഗത്ത് നല്ല കഴിവും വ്യക്തിബന്ധങ്ങളും ഉണ്ടാക്കിയെടുക്കാന്‍ ശ്രദ്ധിക്കുക എന്നതാണ്. നന്നായി പണി ചെയ്യാത്തവരും വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാത്തവരും ഈ രംഗത്ത് നിലനില്‍ക്കില്ല.

8. നല്ല കണ്‍സള്‍ട്ടന്റുമാര്‍ അവര്‍ ചെയ്യുന്ന തൊഴിലിനെപ്പറ്റി നല്ലൊരു ലിങ്ക്ഡ് ഇന്‍ പ്രൊഫൈലും വെബ്സൈറ്റും ഉണ്ടാക്കണം. നല്ലൊരു ബ്രോഷറും വിസിറ്റിങ് കാര്‍ഡും അത്യാവശ്യമാണ്.

9. അന്തര്‍മുഖരായവര്‍ക്ക് പറഞ്ഞിട്ടുള്ള പണിയല്ല കണ്‍സള്‍ട്ടന്‍സി. നമ്മുടെ കഴിവുകളും തൊഴില്‍ പരിചയവുമൊക്കെ നമുക്ക് കണ്‍സള്‍ട്ടന്‍സി തരാന്‍ സാധ്യതയുള്ള ക്ലയന്റ്‌സിന്റെയടുത്ത് നേരിട്ടും മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കണം.

10. നെറ്റ്‌വര്‍ക്കിങ്ങിനുള്ള ഒരവസരവും പാഴാക്കരുത്. പ്രൊഫഷണലായ കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുക, ഫ്രീയായി ട്രെയിനിംഗ് ഓഫര്‍ ചെയ്യുക, ഇപ്പോഴൊക്കെയാണെങ്കില്‍ സെമിനാറുകള്‍ നടത്തുക. ഇതൊക്കെ ചെയ്തുകൊണ്ടേയിരിക്കണം.

11. കണ്‍സല്‍ട്ടന്റ് ആയിരിക്കുന്നവര്‍ വ്യക്തിജീവിതത്തില്‍ നല്ല അച്ചടക്കമുള്ളവരായിരിക്കണം. പറയുന്ന സമയത്ത് ജോലി തീര്‍ക്കാത്തതും പറഞ്ഞ ക്വാളിറ്റിയില്‍ കുറച്ച് ചെയ്യുന്നതും ഈ തൊഴിലില്‍ ആത്മഹത്യാപരമാണ്.

കേരളം വാസ്തവത്തില്‍ കണ്‍സള്‍ട്ടന്റുമാരുടെ പറുദീസയാവാനുള്ള സാധ്യത ഞാന്‍ കാണുന്നുണ്ട്. അനവധി വിഷയങ്ങളില്‍ വൈദഗ്ദ്ധ്യവും ലോകമെങ്ങും വ്യക്തിബന്ധങ്ങളുമുള്ള മലയാളികള്‍ ധാരാളമുണ്ട്. ഇന്റര്‍നെറ്റ് കൂടുതല്‍ വിശ്വസനീയമാവുകയും കൊച്ചിയില്‍നിന്ന്  സിംഗപ്പൂരിലേക്കും ദുബായിലേക്കും എല്ലാ ദിവസവും വിമാനമുണ്ടായിരിക്കുകയും ചെയ്യുന്നതോടെ കേരളത്തിലിരുന്ന് ലോകത്ത് എവിടെയുള്ളവരുമായി ബന്ധപ്പെടാനോ, വേണമെങ്കില്‍ ഒരു ദിവസത്തിനകം ക്ലയന്റിന്റെ അടുത്ത് എത്താനോ ഒക്കെയുള്ള അവസരം ഇപ്പോള്‍ തന്നെയുണ്ട്. 

അമേരിക്കയില്‍ കുറെ കണ്‍സള്‍ട്ടന്റുമാര്‍ ഒരുമിച്ചിരുന്ന് വര്‍ക്ക് സ്‌പേസ് ഷെയര്‍ ചെയ്യുന്ന രീതിയുണ്ട്. അതായത് നമ്മള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് പകരം ഏതെങ്കിലും ഒരു സ്ഥലത്ത് പോയിരിക്കും. അവിടെ നമുക്ക് ഓഫിസും, റിസപ്ഷനും, കോഫി മെഷീനും, അവിടെ ജോലി ചെയ്യുന്ന മറ്റുള്ളവരും എല്ലാം ഉണ്ടായിരിക്കും. പക്ഷെ നമ്മള്‍ തന്നെയാണ് നമ്മുടെ ബോസ് (https://www.sharedesk.net).

നമ്മുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് അധികനാടുകളിലേക്ക് എളുപ്പത്തില്‍ യാത്ര പറ്റില്ല എന്നതാണ് തല്‍ക്കാലം നമ്മുടെ ഒരു വലിയ പോരായ്മ. അതുപോലെതന്നെ വിദേശനാണ്യത്തില്‍ ഫീ കിട്ടുന്നതും കണ്‍സള്‍ട്ടന്റിനു കിട്ടുന്ന ഫീസെല്ലാം ആദായനികുതി ആകുന്നതും മലയാളി കണ്‍സള്‍ട്ടന്റുമാരെ
ഇപ്പോള്‍ ദുബായിലും സിംഗപ്പൂരിലും തളച്ചിടുന്നു. നല്ല നിയമമുണ്ടെങ്കില്‍ അധികം ചൂടും തണുപ്പും ഒന്നുമില്ലാത്ത ജീവിതച്ചെലവുകള്‍ തീരെ കുറഞ്ഞ കേരളത്തില്‍ വന്നിരുന്ന് കണ്‍സല്‍ട്ടന്റ് ആയി ജോലി ചെയാന്‍ മലയാളികള്‍ മാത്രമല്ല മറുനാട്ടുകാരും വരും. പക്ഷെ അതിനൊക്കെ അനുകൂലമായ നിയമങ്ങള്‍ ഉണ്ടാക്കണം, ഓഫിസ് സ്‌പേസ് ഉണ്ടാക്കണം, വിസ എളുപ്പമാക്കണം, വിദേശ കറന്‍സിയെപ്പറ്റിയുള്ള പേടി മാറണം. വരുംകാലത്ത് അങ്ങനെയൊരു കാലം വരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. 

പെരുമ്പാവൂരിലെ വീട്ടിലിരുന്ന് ഒരു വര്‍ഷം ഞാന്‍ ജനീവയിലെ ജോലി ചെയ്തിട്ടുണ്ട്. ഇനിയുള്ള കാലത്ത് അത് സര്‍വസാധാരണമാകും. ഇനിയൊരു അഞ്ചു വര്‍ഷത്തിനകം നാട്ടിലെ പരിപ്പുവടയും ബിരിയാണിയും കഴിച്ച് ഡോളറില്‍ വരുമാനമുണ്ടാക്കണം എന്നതാണ് എന്റെ അടുത്ത സ്വപ്നം.

ഈ പരമ്പരയുടെ മുന്‍ലക്കങ്ങള്‍ 

1. അതിരുകളില്ലാത്ത ലോകം, മതിലുകളുയരുന്ന ലോകം 

2. ചാട്ടത്തിലെങ്ങാനും പിഴച്ചുപോയാല്‍ 

3. മൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റര്‍ 

4. ഈ കുട്ടിക്ക് ഒരു ജീവിതം കൊടുക്കൂ....

5. ഈ എന്‍ജിനീയര്‍മാര്‍ക്കെന്താ കൊമ്പുണ്ടോ?

6വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍

7. ഞങ്ങള്‍ വക്കീലന്മാരെന്താ മോശാ?

8. എന്തുവന്നാലും നാടകക്കമ്പനി തുടങ്ങരുത്‌

9. നേഴ്‌സിങ്ങിന്റെ സാധ്യതകള്‍ അവസാനിക്കുന്നില്ല 

10. 'ബമാമ'യുടെ കോളേജ് ജീവിതം

11. ഇംഗ്ലീഷ് ഒരു ഭാഷയാണ്, ബുദ്ധിയുടെ അളവുകോലല്ല, പക്ഷേ

12. തപാല്‍ വഴി നീന്തല്‍ പഠിക്കാമോ

13. മുടിവെട്ടും ഇറച്ചിവെട്ടും....! യൂറോപ്പിലെ തൊഴില്‍ സാദ്ധ്യതകള്‍

14. ബുദ്ധിയുള്ളവരെ ഉദ്ധരിക്കുന്നത് ബുദ്ധിയില്ലാത്തവര്‍

15. ബയോഡേറ്റയെ ആര്‍ക്കാണ് പേടി 

16. വിദ്യാധനവും വിദേശത്തെ പഠനവും

17. തോറ്റ എന്‍ജിനീയര്‍മാരുടെ ഭാവി

18. വിദേശജീവിതവും രണ്ടാമത്തെ പാസ്‌പോര്‍ട്ടും