എന്റെ മൂത്ത ചേട്ടന്‍ ഈ വര്‍ഷം മെയില്‍ റിട്ടയര്‍ ചെയ്യുകയാണ്. ഉദ്യോഗമണ്ഡല്‍ എഫ്എസിടിയില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരാണ് ഇപ്പോള്‍. ഇരുപതാം വയസ്സില്‍ കെമിസ്ട്രിയില്‍ ബിരുദമെടുത്ത ശേഷം അവിടെ അപ്രന്റീസ് ആയി ജോലിക്കു ചേര്‍ന്ന്, പടിപടിയായി ഉയര്‍ന്ന് എജിഎം വരെയായി.

ഈ കുടുംബചരിത്രം ഇവിടെ പറയുന്നതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, കുടുംബചരിത്രവും ബന്ധുബലവുമൊക്കെ പറഞ്ഞ് പൊങ്ങച്ചമടിക്കുന്നത് എന്റെയൊരു സ്വഭാവമാണ്. ഈ കാണായ എഴുത്തൊക്കെ എഴുതാന്‍ അതാണ് ഒരു ഇന്‍സെന്റീവ്. അതിനി മാറ്റാന്‍ ശ്രമിക്കുന്നില്ല.

രണ്ടാമത്തെ കാര്യമാണ് പ്രധാനം. ഡിഗ്രി പാസ്സായപ്പോള്‍ അപ്രന്റീസാകാന്‍ എഫ്എസിടിയിലൊരു അപേക്ഷ എഴുതിക്കൊടുത്തതല്ലാതെ വലിയ ബയോഡേറ്റയൊന്നും ചേട്ടന് ഒരുകാലത്തും തയ്യാറാക്കേണ്ടി വന്നിട്ടില്ല.  

ചേട്ടന്റെ മകന്‍ കഴിഞ്ഞ വര്‍ഷമാണ് ബിടെക്ക് കഴിഞ്ഞത് (ദേ, പിന്നേം കുടുംബചരിത്രം). രണ്ടുവര്‍ഷം കഴിയും മുന്‍പേ ഇപ്പോള്‍ രണ്ടാമത്തെ ജോലിയിലാണ്. ഈ ചെറിയ കാലത്തു തന്നെ പാവം പയ്യന്‍ ബയോഡാറ്റ എത്രയെഴുതി, ഇന്റര്‍വ്യൂ പലത് കഴിഞ്ഞു. ഇനിയുള്ള കാലത്ത് ചേട്ടന്റെ ജീവിതം പോലെയല്ല, ചേട്ടന്റെ മകന്റെ ജീവിതം.

അതാണ് നിങ്ങള്‍ക്കെല്ലാം ഉണ്ടാകാന്‍ പോകുന്നത്. അതുകൊണ്ട് ബയോഡേറ്റ ഉണ്ടാക്കാന്‍ പഠിച്ചേ പറ്റൂ!

'ഈ ബയോഡാറ്റ എന്നതൊക്കെ പഴഞ്ചന്‍ പ്രയോഗമല്ലേ? ഇപ്പോള്‍ സി വി, റെസ്യുമെ, പ്രൊഫൈല്‍ ഇതൊക്കെയല്ലേ'- എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ഇതൊക്കെ തമ്മില്‍ വലിയ മാറ്റമുണ്ടെന്നുള്ള തരത്തില്‍ ലേഖനങ്ങള്‍ വരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. മുപ്പത് വര്‍ഷത്തെ ഔദ്യോഗികജീവിതത്തിനിടക്ക് ഒരു പതിനായിരം ആളുകളുടെയെങ്കിലും ഔദ്യോഗിക ജീവിതരേഖ-നിങ്ങള്‍ അതിനെ എന്തു പേരിട്ടു വിളിച്ചാലും-വായിച്ചിട്ടുള്ള ഒരാളെന്ന നിലക്ക് ഞാനൊരു സത്യം പറയട്ടെ. നിങ്ങള്‍ എന്തു കുന്തമാണ് പേപ്പറിന്റെ മുകളില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് ആരും ശ്രദ്ധിക്കാറില്ല. വാസ്തവത്തില്‍ ഇതൊന്നും എഴുതാതെ നിങ്ങളുടെ പേര് വലിയ അക്ഷരത്തില്‍ മുകളില്‍ എഴുതുന്നതാണ് ഏറ്റവും നല്ലത്. (https://www.jobscan.co/resume-form-ats)

കൂടുതല്‍ ആളുകള്‍ക്ക് മനസ്സിലാകാന്‍ വേണ്ടിയാണ് ബയോഡാറ്റ എന്ന വാക്കുപയോഗിച്ചത്. എങ്കിലും ഇനിയുള്ള കാലത്ത് പ്രൊഫൈല്‍ എന്നൊക്കെ പറയുന്നതാണ് അതിന്റെയൊരു ഭംഗി. അല്ലെങ്കില്‍ നിങ്ങളൊക്കെ പഴയ ജനറേഷന്‍ ആണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും.

മുരളി തുമ്മാരുകുടിയുടെ 'എന്തു പഠിക്കണം എങ്ങനെ തൊഴില്‍ നേടാം' വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ബയോഡേറ്റ എഴുതുന്നതിനെപ്പറ്റി നിങ്ങള്‍ക്ക് ഇതിനകം തന്നെ ധാരാളം ഉപദേശങ്ങള്‍ കിട്ടിയിട്ടുണ്ടാകും. എനിക്കും കിട്ടിയിട്ടുണ്ട്. അത് മിക്കവാറും ബയോഡാറ്റ എഴുതി പരിചയമുള്ളവരുടേതാണ്, വായിച്ച് പരിചയമുള്ളവരുടെയല്ല. വായിച്ച പരിചയം വെച്ച് ചില കാര്യങ്ങള്‍ ഇവിടെ കുറിക്കാം.

1. ബയോഡേറ്റ എന്നത് ഒരു സ്‌ക്രീനിംഗ് ടൂള്‍ ആണ്. ബയോഡേറ്റ മാത്രം നോക്കി ആരും ആര്‍ക്കും ജോലി കൊടുക്കാറില്ല. പക്ഷെ അത് നോക്കിയിട്ടാണ് നിങ്ങളെപ്പറ്റി കൂടുതല്‍ അറിയണോ, ഇന്റര്‍വ്യൂ ചെയ്യണോ എന്നൊക്ക ആളുകള്‍ തീരുമാനിക്കുന്നത്. നിങ്ങളുടെ മാത്രമല്ല വേറെ അനവധി ആളുകളുടെ ബയോഡേറ്റയും പ്രൊഫൈലും സിവിയും ഒക്കെ കുന്നുകൂടി കിടക്കുന്നതിന്റെ ഇടയില്‍ നിന്ന് അത് വായിക്കുന്നവര്‍ക്ക് നമ്മളില്‍ ഒരു താല്‍പര്യമുണ്ടാക്കുക
എന്നാതാണ് ബയോഡാറ്റയുടെ പ്രധാന ലക്ഷ്യം. അതിന് ഉതകുന്നതെന്തും ശരിയും അല്ലാത്തത് തെറ്റുമാണ്.

2. ഒരു ഡസനോ ചിലപ്പോള്‍ ഒരായിരമോ ബയോഡേറ്റ സ്‌കാന്‍ ചെയ്ത് ബോറടിച്ചിരിക്കുന്ന ആളുടെ മുന്നിലേക്കാണ് നിങ്ങളുടെ ഫയല്‍ എത്തുന്നത് എന്ന ചിന്ത അത് തയ്യാറാക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്കുണ്ടായിരിക്കണം. അതുകൊണ്ടുതന്നെ നിങ്ങളെ വ്യത്യസ്തമാക്കുന്നതെന്തോ, അത് കണ്ടുപിടിക്കാനായി പാവത്തിനെ ബുദ്ധിമുട്ടിക്കരുത്. ബുദ്ധിമുട്ടാന്‍ അവര്‍ക്ക് ഒരു താല്പര്യവുമില്ല.

3. ഓരോ ജോലിക്കും വേണ്ട ബയോഡേറ്റ ഓരോ തരത്തിലാണ് തയ്യാറാക്കേണ്ടത്. ഇന്ത്യയിലെ ജോലിക്കുവേണ്ടി തയ്യാറാക്കുന്നതല്ല വിദേശത്തേക്ക് വേണ്ടത്. ഗള്‍ഫിലേക്കും യൂറോപ്പിലേക്കുമൊക്കെ എന്‍ട്രി ലെവലിലേക്ക് വേണ്ട ബയോഡേറ്റയല്ല ഉയര്‍ന്ന തലത്തിലേക്ക് വേണ്ടത്. കമ്പനിയിലേക്ക് നേരിട്ട് അപേക്ഷിക്കുന്നതല്ല ഏതെങ്കിലും കരിയര്‍ സൈറ്റിലോ ഹെഡ് ഹണ്ടറുടെ അടുത്തോ കൊടുക്കാന്‍ വേണ്ടത്. അടിസ്ഥാനവിവരങ്ങള്‍ ഒന്നുതന്നെയാണെങ്കിലും പ്രസന്റ് ചെയ്യേണ്ടത് പല വിധത്തിലാണ് എന്ന് സാരം.

4. ഏതുതരം ബയോഡേറ്റയിലും ശ്രദ്ധിക്കേണ്ട പൊതുവായ ചില കാര്യങ്ങളുണ്ട്. യാതൊരു കാരണവശാലും അക്ഷരപ്പിശകോ വ്യാകരണത്തെറ്റോ ഉണ്ടാകാന്‍ പാടില്ല എന്നതാണ് അതിലേറ്റവും പ്രധാനം. കണ്ണില്‍ പിടിക്കാത്ത വലിപ്പത്തിലോ ഫോണ്ടിലോ ബയോഡേറ്റ തയ്യാറാക്കരുത്. നിങ്ങളുടെ സി വി ചവറ്റുകൊട്ടയിലെത്തിക്കാന്‍ ഇതിലും പറ്റിയ മാര്‍ഗ്ഗമില്ല. അതുകൊണ്ടുതന്നെ നിങ്ങളൊരു ബയോഡേറ്റ എഴുതിയാല്‍ ഇംഗ്ലീഷില്‍ അറിവുള്ള ഒരാളെക്കൊണ്ട് അതിലെ തെറ്റ് തിരുത്തിക്കണം. മൈക്രോസോഫ്ട് വേര്‍ഡിലെ സ്‌പെല്‍ ചെക്കിനെയും ഗ്രാമറിനെയും കണ്ണുമടച്ച് വിശ്വസിക്കരുത്. ഇംഗ്ലീഷ് കോപ്പി എഡിറ്റിംഗിനെപ്പറ്റി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഞ്ചുപേജ് ബയോഡേറ്റ കറക്റ്റ് ചെയ്യാന്‍ ഒരു കോപ്പി എഡിറ്റര്‍ക്ക് അഞ്ഞൂറുരൂപ കൊടുക്കുന്നത് ഒരു നല്ല ഇന്‍വെസ്‌റ്‌മെന്റ് തന്നെയാണ്.

5. നിങ്ങളുടെ കോണ്‍ടാക്ട് ഡീറ്റെയില്‍സ്, പ്രത്യേകിച്ച് ഈമെയില്‍ ഐഡിയും മൊബൈല്‍ ഫോണ്‍ നമ്പറും നൂറുശതമാനം ശരിയും അപ് ടു ഡേറ്റും ആയിരിക്കണം. ലാന്‍ഡ് ഫോണ്‍ നമ്പര്‍ വെക്കുകയും അരുത്. ജോലി അന്വേഷിക്കുന്നവര്‍ ദിവസത്തില്‍ ഒരു തവണയെങ്കിലും ഈമെയില്‍ ചെക്ക് ചെയ്യണമെന്നും മൊബൈല്‍ ഫോണ്‍ കൈവശം തന്നെ വെക്കണമെന്നും പറയുമ്പോള്‍ ശ്രദ്ധിക്കുക, ഒരു മെയില്‍ അയച്ചിട്ട് രണ്ടാംദിവസം മറുപടി കിട്ടിയില്ലെങ്കിലോ, മൊബൈലില്‍ വിളിച്ചിട്ട് അഞ്ചുറിംഗിനകം എടുക്കാതിരിക്കുകയോ ചെയ്താല്‍പ്പിന്നെ അവര്‍ ലിസ്റ്റിലെ അടുത്തയാളെ തേടിപ്പോകും. ഞാനിതെത്രയോ തവണ ഇങ്ങനെ ചെയ്തിരിക്കുന്നു.

6. നമ്മുടെ അടിസ്ഥാന വിദ്യാഭ്യാസം, തൊഴില്‍പരിചയം, നമ്മുടെ സ്‌കില്‍ പ്രൊഫൈല്‍ (അറിയാവുന്ന ഭാഷകള്‍, സ്‌പെഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍), ഇവയെല്ലാമാണ് നീട്ടിയതോ കുറുക്കിയതോ ആയ സി വിയായാലും പ്രൊഫൈലായാലും നമ്മുടെ ബയോഡേറ്റയില്‍ ഉണ്ടാകേണ്ടത്. പക്ഷെ നമ്മളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്ന, വായിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് നിര്‍ബന്ധമുള്ള കാര്യങ്ങള്‍ എന്തുണ്ടെങ്കിലും അത് കുറച്ച് ബോള്‍ഡായി ഒന്നാമത്തെ പേജില്‍ തന്നെ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. നല്ല യൂണിവേഴ്‌സിറ്റികളില്‍ നിന്നും കിട്ടിയ ബിരുദം, പേരുകേട്ട കമ്പനികളിലെ ജോലി, വിദേശത്തുനിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെങ്കില്‍ അത്, പല രാജ്യക്കാരോടൊത്തുള്ള തൊഴില്‍ പരിചയം, വിദേശഭാഷകളിലെ പ്രാവീണ്യം, ഉന്നതമായ ബഹുമതികള്‍ കിട്ടിയിട്ടുണ്ടെങ്കില്‍ അത്, ഒക്കെയാണ് എടുത്തുകാണിക്കേണ്ടത്.

7. ബയോഡാറ്റ എന്നത് ബയോഗ്രഫി പോലെ വ്യക്തിചരിത്രം ആണെന്നൊക്കെ തോന്നാമെങ്കിലും നിങ്ങളുടെ അച്ഛന്റെ പേരെന്താണ്, നിങ്ങളുടെ പാസ്സ്‌പോര്‍ട്ട് നമ്പര്‍ എത്രയാണ്, നിങ്ങള്‍ക്ക് എത്ര കുട്ടികളുണ്ട്, ഇതൊന്നും തന്നെ തൊഴില്‍ രംഗത്ത് ആളുകള്‍ ശ്രദ്ധിക്കുന്ന വിഷയങ്ങളല്ല. വെറുതെ എഴുതി സമയം കളയരുത്.

8. ബയോഡേറ്റ ഉണ്ടാക്കാന്‍ പല ഫോര്‍മാറ്റുകളും ഉണ്ട്. ഉദാഹരണത്തിന് നമ്മുടെ ജീവിതം വര്‍ഷാവര്‍ഷം അക്കമിട്ടുപറയുന്ന ക്രോണോളജിക്കല്‍ ഫോര്‍മാറ്റ്, നമ്മുടെ കഴിവുകള്‍ എഴുതുന്ന ഫങ്ക്ഷണല്‍ ഫോര്‍മാറ്റ്, അല്ലെങ്കില്‍ രണ്ടും ചേര്‍ന്നത്  (http://susanireland.com/resume-tool-a-professional-resume-template/). രണ്ടും കൂടി ചേര്‍ന്ന്, പ്രധാന കാര്യങ്ങള്‍ ഒന്നാമത്തെ പേജില്‍ത്തന്നെയുള്ള ഒരു ഫോര്‍മാറ്റ് ആണ് ഏറ്റവും നല്ലത്. നിങ്ങളുടെ ഏറ്റവും അവസാനത്തെ ജോലിയായിരിക്കണം ഏറ്റവും ആദ്യം എഴുതേണ്ടത്.

9. ബയോഡേറ്റയില്‍ കരിയര്‍ ഒബ്ജക്റ്റീവ് എഴുതാന്‍ ആളുകള്‍ കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്. തീരെ അനാവശ്യമാണത്, കവര്‍ ലെറ്ററില്‍ വിശദമായി എഴുതാമല്ലോ. പിന്നെ നാട്ടുനടപ്പനുസരിച്ച് ഇവിടെ എന്തെങ്കിലും ഒക്കെ എഴുതണം. 'I would like to work for an organisation which provides me space to express my skills and opportunity to work with talented colleagues' എന്ന് പറഞ്ഞാല്‍ ഏതു സ്ഥാപനത്തിലുള്ളവര്‍ക്കാണെങ്കിലും സുഖിക്കും. അവരൊക്കെ talented ആണെന്നാണല്ലോ അതിന്റെ ധ്വനി.

10. ചില സ്ഥാപനങ്ങള്‍ക്ക് അവരുടേതായ ബയോഡേറ്റ ഫോര്‍മാറ്റുണ്ട്. ഉദാഹരണത്തിന്, ഐക്യരാഷ്ട്രസഭയുടെ പേഴ്സണല്‍ ഹിസ്റ്ററി പ്രൊഫൈല്‍ (https://www.unicef.org/paraguay/spanish/Personal_History_Form_UN_P_11_-UNICEF_version.pdf). ഇതുണ്ടെങ്കില്‍ കാര്യങ്ങളെളുപ്പമാണ്. അതില്‍ ചോദിച്ചിരിക്കുന്ന കാര്യങ്ങള്‍ക്ക് ശരിയായ ഉത്തരം നന്നായി കൊഴുപ്പിച്ച് വിശദമായിത്തന്നെ എഴുതുക.

11. മിക്കവാറും വലിയ സ്ഥാപനങ്ങളില്‍ ഒരു മനുഷ്യന്റെ മുന്നില്‍ എത്തുന്നതിനു മുന്‍പ് ഒരു കംപ്യൂട്ടറാണ് ഇത് വായിക്കാന്‍ പോകുന്നതെന്ന് മനസ്സില്‍ വെക്കുക. അപ്പോള്‍ ജോലിക്കനുസരിച്ച കീ വേര്‍ഡുകള്‍ പ്രൊഫൈലിലാകെ വിതറിയിടണം. ഇല്ലാത്ത യോഗ്യതയോ തൊഴില്‍ പരിചയമോ ഒക്കെ ഉണ്ടെന്നെഴുതുന്നത് തെറ്റാണെങ്കിലും, ഉള്ള പരിചയവും യോഗ്യതയുമൊക്കെ അല്‍പം 'പ്രാഞ്ചിയേട്ടന്‍ സ്‌റ്റൈലില്‍' എഴുതുന്നതാണ് ശരി. ഇതിനും പ്രൊഫഷണലായി അല്പം സഹായം തേടുന്നതില്‍ തെറ്റില്ല (പ്രാഞ്ചിയേട്ടനിലെ ശ്രീരാമനെപ്പോലെ കൊഴുപ്പിക്കാന്‍ അറിയാവുന്നവരുടെ സഹായം ഓണ്‍ലൈനില്‍ ആണെങ്കിലും തേടുന്നത് നല്ല കാര്യമാണ്).

12. ബയോഡേറ്റ തുടങ്ങുന്നിടത്ത് ഒരു ഫോട്ടോ നന്നായി ഒട്ടിച്ചുവെക്കുന്നതൊന്നും ശരിയല്ലെന്ന് വിദഗ്ദ്ധര്‍ പറയും. കാര്യമാക്കണ്ട, ബയോഡേറ്റ വായിക്കുന്നവര്‍ മനുഷ്യരാണ്, മനുഷ്യന്‍ അടിസ്ഥാനപരമായി ഒരു മൃഗമാണ്. മറ്റൊരു മൃഗത്തെ കാണുമ്പോള്‍ ഒന്ന് സൂക്ഷിച്ചു നോക്കി അളന്നു നോക്കാന്‍ പാകത്തിന് തന്നെയാണ് നമ്മുടെ ബ്രെയിന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒരു പടം വക്കുന്നത് കൊണ്ട് ഒരു നഷ്ടവും ഉണ്ടാകില്ല, ലാഭം ഉണ്ടാകാന്‍ വഴിയുമുണ്ട്.

13. ബയോഡേറ്റയില്‍ രണ്ടു പേരുടെയെങ്കിലും പേര് റഫറന്‍സ് ആയി കൊടുക്കണം. ഇവരെ തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. നിങ്ങളെപ്പറ്റി അറിയാവുന്ന, നിങ്ങളെപ്പറ്റി നല്ല അഭിപ്രായമുള്ള, നന്നായി ഭാഷ കൈകാര്യം ചെയ്യാന്‍ അറിയുന്ന, സ്ഥിരമായി മെയില്‍ നോക്കുന്ന, നിങ്ങള്‍ക്കുവേണ്ടി സമയത്തിന് റഫറന്‍സ് എഴുതുന്ന ആളുകളായിരിക്കണം നിങ്ങളുടെ റഫറികളായി വരുന്നത്. ഇതില്‍ ഏതെങ്കിലും ഒന്ന് ശരിയല്ലെങ്കില്‍ അവരെ വേണ്ടെന്ന് വെക്കുന്നതാണ് നല്ലത്. നിങ്ങള്‍ ആരെയാണോ റഫറന്‍സ് ആയി വെക്കുന്നത് അവരോട് നിങ്ങള്‍ അപേക്ഷിക്കുന്ന ജോലിയെപ്പറ്റി ഒന്ന് ഓര്‍മ്മിപ്പിച്ചു വെക്കുന്നത് നല്ലതാണ്. നിങ്ങളുടെ ബയോഡേറ്റയുടെ ഒരു കോപ്പിയും കൊടുക്കണം.

14. ബയോഡേറ്റയുടെ അവസാനഭാഗത്ത് 'I certify that all the above are true and correct to my knowledge' എന്നൊക്കെ എഴുതിവെക്കുന്നത് ശുദ്ധ അസംബന്ധമാണ്. ബയോഡേറ്റയില്‍ കുറച്ച് സ്വയം പുകഴ്ത്തലൊക്കെയുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ, അതിന്റെ താഴെ ഇതെല്ലാം സത്യമാണെന്നു കൂടി എഴുതിപ്പിടിപ്പിക്കേണ്ട കാര്യമില്ല.

15. ചില സ്ഥാപനങ്ങളിലും രാജ്യങ്ങളിലും ബയോഡേറ്റയുടെ കനം നോക്കിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. അക്കാദമിക് ജോലികളിലും ഡോക്ടര്‍ ജോലിക്കും ഒക്കെ ഇത് സാധാരണവുമാണ്. മറ്റു ചിലയിടങ്ങളില്‍ അങ്ങനെയല്ല. ഇതറിഞ്ഞു വേണം ബയോഡേറ്റയുടെ വലുപ്പം തീരുമാനിക്കാന്‍. എന്റെ ഉപദേശം ഇതാണ്, തൊഴില്‍ ആരംഭിക്കുന്ന കാലത്ത് രണ്ടു മുതല്‍ മൂന്നു പേജ് വരെയാകാം നിങ്ങളുടെ ബയോഡേറ്റ. അതിനുശേഷം നിങ്ങളുടെ അനുഭവസമ്പത്തും പരിശീലനവും കൂടിവരുന്ന മുറക്ക് പരമാവധി എട്ടു മുതല്‍ പത്തു വരെയാകാം. ഇരുപത്തിയഞ്ചു വര്‍ഷം തൊഴില്‍ പരിചയമായാല്‍ പിന്നെ തിരിച്ച് ബയോഡേറ്റ വീണ്ടും ചെറുതാകണം. അവിടെ നിങ്ങളുടെ പത്താംക്ലാസിലെ മാര്‍ക്കും ഒന്നാമത്തെ ജോലിയിലെ കരിയര്‍ അച്ചീവ്‌മെന്റുമൊന്നും എഴുതി ആളുകളുടെ സമയം കളയരുത്. അന്‍പതു വയസ്സു കഴിഞ്ഞാല്‍ ഒരു നല്ല ജോലിക്ക് രണ്ടു പേജുകൊണ്ട് നിങ്ങളെ പ്രസന്റ് ചെയ്യാന്‍ കഴിയണം, അറുപതായാല്‍ ഒരു പേജിലും.

16. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് നല്ല ഒരു ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ ഉണ്ടായിരിക്കണം. അത് ആറുമാസത്തിലൊരിക്കല്‍ അപ് ടു ഡേറ്റ് ആക്കുകയും വേണം. പരമാവധി ലിങ്കുകളും എന്‍ഡോഴ്സ്മെന്റുമൊക്കെ ഉണ്ടാക്കാന്‍ ശ്രമിക്കുക. പറ്റുന്നവരൊക്കെ ഈ പ്രൊഫൈലുമായി ലിങ്ക് ചെയ്യുന്നത് കൊണ്ട് ഗുണമേ വരൂ. https://ch.linkedin.com/in/muraleethummarukudy. മുരളി തുമ്മാരുകുടിയുമായി ലിങ്ക് ഉണ്ടെന്ന് നിങ്ങള്‍ക്ക് പറയാം. അയ്യായിരം ലിങ്ക് ഉണ്ടെന്ന് എനിക്കും. വിന്‍-വിന്‍ എന്നെല്ലാം പറയുന്നത് ഇതിനാണ്.

17. ഫെയ്‌സ്ബുക്ക് പ്രൊഫൈലുകള്‍ പരിശോധിക്കുന്നത് ഇപ്പോള്‍ പല കമ്പനികളും സാധാരണമാക്കിയിട്ടുണ്ട്. നിങ്ങള്‍ പറയുന്നതും ഷെയറുന്നതും കമന്റുന്നതും ലൈക്കുന്നതും നിങ്ങളുടെ സെല്‍ഫിയും ചിത്രങ്ങളും കൂട്ടുകാരും ഒക്കെ നിങ്ങളുടെ ബയോഡേറ്റയില്‍ പറയുന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ നിങ്ങളുടെ തൊഴില്‍ ദാദാവിന് നല്‍കും. അത്യാവശ്യമായി ജോലി നോക്കുന്ന കാലത്താണെങ്കില്‍ നല്ല ഡീസന്റായ ഒരു പുതിയ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ തന്നെയുണ്ടാക്കുക. അതില്‍നിന്നും നിങ്ങളുടെ രാഷ്ട്രീയചായ്വോ ജാതിസ്പിരിറ്റോ ഒന്നും ഒരുതരത്തിലും വായിച്ചെടുക്കാന്‍ പറ്റാത്ത തരത്തിലാക്കിവെക്കുക. അതേസമയം ഉള്ള പ്രൊഫൈല്‍ മൂടിവെക്കുന്നത് നല്ല ഐഡിയ അല്ല. ഇക്കാലത്ത് ഒരു ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പോലും ഇല്ലാത്ത ആളെപ്പറ്റി ലോകത്തിന് അത്ര നല്ല അഭിപ്രായം അല്ല ഉണ്ടാകുന്നത്.

18. ഇന്ത്യക്ക് പുറത്തേക്ക് ജോലിക്ക് അപേക്ഷിക്കുന്നതിനുവേണ്ടി ബയോഡേറ്റ തയ്യാറാക്കുമ്പോള്‍ ലോകത്തിന് തിരിച്ചറിയാന്‍ പറ്റുന്നതുപോലെയാകണം കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടത്. ഉദാഹരണത്തിന് ഫോണ്‍ നമ്പര്‍ നമ്മുടെ പത്ത് ഡിജിറ്റ് കൂടാതെ +91 എന്നുകൂടി ചേര്‍ക്കുക. 'I have managed project with 35 lakhs' എന്നൊന്നും എഴുതാതിരിക്കുക. lakhs എന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രയോഗമാണ്, അത് മറ്റുള്ളവര്‍ക്ക് മനസ്സിലാകണമെന്നില്ല. മാത്രമല്ല, എഴുതിയ ആള്‍ കൂപമണ്ഡൂകമാണെന്ന് പെട്ടെന്ന് മനസ്സിലാകുകയും ചെയ്യും. അഡ്രസ്സിന്റെ അവസാനം India എന്നും എഴുതണം.

19. ഇന്ത്യയിലെ ശമ്പളം പൊതുവെ വിദേശങ്ങളിലേക്കാള്‍ ഏറെ കുറവായതിനാല്‍ വിദേശത്ത് ജോലിക്കപേക്ഷിക്കുമ്പോള്‍ ഇപ്പോഴത്തെ ശമ്പളം എഴുതാതിരിക്കുന്നതാണ് ബുദ്ധി. 'Can be provided on request' എന്നെഴുതി വെക്കുക.

20. നിങ്ങള്‍ ബയോഡേറ്റ എഴുതുമ്പോള്‍, അതേത് ജോലിക്കായാലും, നിങ്ങളെന്തെങ്കിലുമൊരു കാര്യം ജീവിതത്തില്‍ വ്യത്യസ്തമായി ചെയ്തിട്ടുണ്ടെങ്കില്‍ (ഉദാഹരണം, എവറസ്റ്റിന്റെ മുകളില്‍ കയറുക, ബൈക്കോടിച്ച് ഇന്ത്യ മുഴുവന്‍ യാത്ര ചെയ്യുക, പന്ത്രണ്ടാം വയസ്സില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്യുക) അത് ഒരു ബോക്‌സില്‍ എഴുതുക. നിങ്ങളുടെ നിസാരമായ വിജയങ്ങള്‍ (കാവിലെ പാട്ടുമത്സരത്തിന് കപ്പുകിട്ടിയ കാര്യം) ഒന്നും എഴുതാതിരിക്കുക.

21. അയക്കുന്ന ബയോഡേറ്റ എപ്പോഴും പുതിയതായി ഉണ്ടാക്കിയതായിരിക്കണം. ആറ് വര്‍ഷം മുമ്പുണ്ടാക്കിയ ബയോഡേറ്റ മുരളി 2010 എന്ന് പേരും വെച്ച് അയക്കുന്നത് നിങ്ങളുടെ ബയോഡാറ്റയുടെ ചവറ്റുകൊട്ടയിലേക്കുള്ള യാത്ര സുഗമമാക്കും.

22. ബയോഡേറ്റ പി ഡി എഫ് ഫോര്‍മാറ്റില്‍ അയക്കുന്നതാണ് ഏറ്റവും നല്ലത്. മറ്റുള്ള പ്രോഗ്രാമില്‍ ആണെങ്കില്‍ നിങ്ങളുടെ സ്‌ക്രീനില്‍ കാണുന്നതാവില്ല വായിക്കുന്ന ആള്‍ കാണുന്നത്.

23. നിങ്ങള്‍ക്ക് നല്ല ആത്മവിശ്വാസമുണ്ടെങ്കില്‍ ഞാനിപ്പോള്‍ പറഞ്ഞതുള്‍പ്പെടെ എല്ലാ ചട്ടങ്ങളും ലംഘിച്ച് മണിച്ചിത്രത്താഴിലെ സണ്ണി സഞ്ചരിച്ചതുപോലെയുള്ള വഴിയിലൂടെ സഞ്ചരിച്ച് അസാധാരണമായ ഒരു ബയോഡേറ്റ ഉണ്ടാക്കാം. ഏറ്റവും ക്രിയേറ്റിവ് ആയ സുമുഖ് മേത്തയുടെ http://mashable.com/2016/06/20/gq-magazine-resume/#N9pGfLv3.qqd ബയോഡേറ്റ  ഒരുദാഹരണമാണ്. പക്ഷെ ഇതൊരു ഇരുതല വാളാണെന്നും കൂടി അറിയുക. വായിച്ചുകഴിഞ്ഞാല്‍ ഉടന്‍ ഫോണെടുത്ത് നിങ്ങളെ വിളിക്കാനും, നിങ്ങളുടെ ഫയല്‍ ചവറ്റുകൊട്ടയെ പുല്‍കാനും തുല്യ സാധ്യതയാണുള്ളത്.

അപ്പോള്‍ നിങ്ങള്‍ വിദ്യാര്‍ത്ഥി ആണെങ്കിലും ജോലി ചെയ്യുന്ന ആളാണെങ്കിലും ഒരു നല്ല ബയോഡേറ്റ ഉണ്ടാക്കുക, ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്യുക. ഫെയ്‌സ്ബുക്കില്‍ ഒക്കെ എന്ത്  പോസ്റ്റുന്നു, ഷെയറുന്നു, ലൈക്കുന്നു എന്നതിനൊക്ക ഒരു കരിയര്‍ മാനം ഉണ്ടെന്ന് ചിന്തിച്ചു മാത്രം ചെയ്യുക. ചുറ്റും സാങ്കേതികവിദ്യയും ലോകത്തെ രാഷ്ട്രീയവും മാറുന്നത് ശ്രദ്ധിക്കുക. 

ഈ പരമ്പരയുടെ മുന്‍ലക്കങ്ങള്‍ 

1. അതിരുകളില്ലാത്ത ലോകം, മതിലുകളുയരുന്ന ലോകം 

2. ചാട്ടത്തിലെങ്ങാനും പിഴച്ചുപോയാല്‍ 

3. മൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റര്‍ 

4. ഈ കുട്ടിക്ക് ഒരു ജീവിതം കൊടുക്കൂ....

5. ഈ എന്‍ജിനീയര്‍മാര്‍ക്കെന്താ കൊമ്പുണ്ടോ?

6വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍

7. ഞങ്ങള്‍ വക്കീലന്മാരെന്താ മോശാ?

8. എന്തുവന്നാലും നാടകക്കമ്പനി തുടങ്ങരുത്‌

9. നേഴ്‌സിങ്ങിന്റെ സാധ്യതകള്‍ അവസാനിക്കുന്നില്ല 

10. 'ബമാമ'യുടെ കോളേജ് ജീവിതം

11. ഇംഗ്ലീഷ് ഒരു ഭാഷയാണ്, ബുദ്ധിയുടെ അളവുകോലല്ല, പക്ഷേ

12. തപാല്‍ വഴി നീന്തല്‍ പഠിക്കാമോ

13. മുടിവെട്ടും ഇറച്ചിവെട്ടും....! യൂറോപ്പിലെ തൊഴില്‍ സാദ്ധ്യതകള്‍

14. ബുദ്ധിയുള്ളവരെ ഉദ്ധരിക്കുന്നത് ബുദ്ധിയില്ലാത്തവര്‍