ദ്യമായി വിദേശത്ത് പോയത് ഭൂട്ടാനിലാണ്. ഫുണ്ട് ഷോബിംഗ് എന്ന അതിര്‍ത്തി നഗരത്തില്‍ ന്യൂജല്‍പായ്ഗുരി റയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ടു മണിക്കൂര്‍ യാത്രയുണ്ടായിരുന്നു എന്നാണോര്‍മ്മ.

അവിടുന്ന് തിരിച്ചുള്ള ട്രെയിന്‍ യാത്രയൊഴിച്ചാല്‍ മറ്റ് ഓര്‍മ്മകള്‍ അധികമൊന്നുമില്ല ആ യാത്രയെപ്പറ്റി. ഗുവാഹട്ടിയില്‍ നിന്നും ഡല്‍ഹിയിലേക്ക് വരുന്ന ഏതോ ട്രെയിനാണ്. ഒടുക്കത്തെ തിരക്കും. ടിക്കറ്റ് റിസര്‍വേഷന്‍ ഒന്നുമില്ല. ട്രെയിന്‍ പ്ലാറ്റ്‌ഫോമിലെത്തിയപ്പോള്‍ എല്ലാ കമ്പാര്‍ട്ട്‌മെന്റിന്റെ പുറത്തും റിസര്‍വ്ഡ് എന്നെഴുതി വെച്ചിരിക്കുന്നു. ഉടനെ ടിടി യക്കണ്ട് കാര്യം തിരക്കി. അവസാനത്തെ രണ്ട് കമ്പാര്‍ട്ട്‌മെന്റുകള്‍ അണ്‍റിസര്‍വേഡ് ആണ്, ചെന്ന് കയറിക്കൊ എന്ന് ഉത്തരവും കിട്ടി. അവിടെ ബോഗിയുടെ പുറത്ത് അകത്തുള്ള വിദ്വാന്മാര്‍ ചോക്ക് കൊണ്ട് വെറുതെ എഴുതിവെച്ചതാണ് റിസേര്‍വേഡ് എന്ന്. ടി ടി പറഞ്ഞതനുസരിച്ച് അവിടെ കയറാന്‍ ചെന്നപ്പോള്‍ വാതില്‍ അല്പമൊന്ന് അടച്ചുപിടിച്ച് അകത്തുള്ളവര്‍ ഞങ്ങളെ കയറ്റാതിരിക്കാന്‍ ശ്രമിച്ചു. കഷ്ടപ്പെട്ട് കയറിക്കഴിഞ്ഞും ഒന്നുരണ്ടു മണിക്കൂര്‍ നേരത്തേക്ക് അവര്‍ ഞങ്ങളെ മൈന്‍ഡ് ചെയ്യാതെ അകറ്റിനിര്‍ത്തി. പിന്നെ പതുക്കെപ്പതുക്കെ ചെറിയ ചിരിയായി, കമ്പനിയായി, ചീട്ടുകളിയായി.

ട്രെയിന്‍ ബീഹാറിലെത്തിയപ്പോള്‍ യാത്രക്കാര്‍ തള്ളിക്കയറാതെ ഡോര്‍ തള്ളിപ്പിടിക്കാന്‍ മുന്‍പന്തിയില്‍ നിന്നത് ജല്‍പായ്ഗുരിയില്‍ നിന്നുകയറിയ ആള്‍ക്കാരായിരുന്നു. ഇത് വെറുമൊരു ട്രെയിന്‍ യാത്രയുടെ മാത്രം കഥയല്ല, മനുഷ്യചരിത്രമാണ്. ലോകത്തെ എല്ലാ മനുഷ്യരും ആഫ്രിക്കയില്‍ നിന്നും കുടിയേറിവന്നതാണെന്ന് ശാസ്ത്രം പറയുന്നു. പല കാലങ്ങളിലായി അവര്‍ പല ദേശത്തേക്ക് പലായനം ചെയ്തു. ചിലര്‍ ഭക്ഷണം തേടി, ചിലര്‍ യുദ്ധത്തെ ഭയന്ന്, മറ്റു ചിലര്‍ പ്രകൃതിദുരന്തങ്ങള്‍ കാരണം. ഇതെല്ലാം ഇപ്പോഴും ലോകത്ത് തുടരുന്നു. പണ്ടുകാലത്ത് നാടുവിട്ടവര്‍ ഭൂമിയുടെ മുകളില്‍ വരകളൊക്കെ വരച്ച് അതിര്‍ത്തികള്‍ തിരിച്ച് കമ്പാര്‍ട്ട്‌മെന്റിലെ യാത്രക്കാരെപ്പോലെ വാതിലും തള്ളിപ്പിടിച്ചിരിക്കുന്നു. 

ആഫ്രിക്കയില്‍ നിന്നും വെങ്ങോല വരെയെത്തിയ എന്റെ ജനിതകചരിത്രം ശാസ്ത്രീയമായി പരിശോധിച്ചറിഞ്ഞ എനിക്ക്‌ ( http://www.mathrubhumi.com/technology/science/article-1.337508 ) ലോകമെമ്പാടും മറുനാടുകളില്‍ നിന്ന് ജോലി അന്വേഷിച്ചോ, യുദ്ധം പേടിച്ചോ ഒക്കെ വരുന്നവരോട് തന്നാട്ടുകാര്‍ വിവേചനബുദ്ധിയോടെ പെരുമാറുന്നതു കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. ലോകമെമ്പാടും നടന്ന് ജോലിചെയ്ത് പണം സമ്പാദിച്ച് കേരളത്തിലെത്തിക്കുന്ന മലയാളികള്‍, കേരളത്തിലെത്തുന്ന ബംഗാളികളെക്കുറിച്ച് പുച്ഛത്തോടെ സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍ ദേഷ്യവും വരാറുണ്ട്.

എന്നാലിത് കേരളത്തിലെ മാത്രം കഥയൊന്നുമല്ല കേട്ടോ. യുകെയിലെ ബ്രെക്‌സിറ്റിന്റെ സമയത്ത് അവിടെ സ്ഥിരതാമസമാക്കിയ ഏറെ ഇന്ത്യക്കാര്‍ ബ്രെക്‌സിറ്റിന് അനുകൂലമായിരുന്നു ('the Indian Workers' Association had voted for 'leave', and so did less welloff and more recent Indian immigrants, എന്നാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ). പോളണ്ടില്‍ നിന്നും മറ്റും കൂടുതല്‍ കുടിയേറ്റക്കാര്‍ വന്ന് 'തന്നാട്ടുകാരുടെ' തൊഴിലവസരങ്ങള്‍ കുറയ്ക്കുന്നതിലും, അതുപോലെ ടര്‍ക്കിയില്‍ നിന്നും ആളുകള്‍ വന്നേക്കാമെന്നതിലും അവര്‍ ആശങ്കാകുലരും രോഷാകുലരുമാണ്. അമേരിക്കയില്‍ ഇപ്പോള്‍ വരുന്ന നിയന്ത്രണങ്ങളെയും മെക്‌സിക്കന്‍ മതിലിനെയും പറ്റിയൊക്കെ ആനാട്ടില്‍ ഉള്ളവരുടെ സര്‍വേ നടത്തിയാല്‍ മലയാളി  അമേരിക്കക്കാരുടെ വോട്ട് എവിടെയായിരിക്കുമെന്ന് ബ്രെക്‌സിറ്റ് ഒരു സൂചന നല്‍കുന്നുണ്ട്.

യുദ്ധവും ദുരന്തവും ഒക്കെയാണ് ലോകത്ത് പലയിടത്തും വന്‍ തോതില്‍ കുടിയേറ്റത്തിന് വഴി തെളിക്കുന്നത്. കേരളം യുദ്ധവും വലിയ പ്രകൃതിദുരന്തങ്ങളുമൊന്നും ഉള്ള നാടല്ല. 1492 ലാണ് ചരിത്രത്തില്‍ കേരളത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തമുണ്ടാകുന്നത്. മുസിരിസ് എല്ലാം മുങ്ങിപ്പോയത് അന്നാണ്. യുദ്ധമാകട്ടെ, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ടിപ്പുസുല്‍ത്താന്‍ നടത്തിയ പടയോട്ടമാണ്. പക്ഷെ കൂടുതല്‍ മലയാളികളും നാടുകടന്നത് ഇരുപതാം നൂറ്റാണ്ടിലാണ്. ശ്രീലങ്കയിലേക്ക്, മലേഷ്യയിലേക്ക്, സിംഗപ്പൂരിലേക്ക്, ഗള്‍ഫിലേക്ക്, യൂറോപ്പിലേക്ക്, പിന്നെ അമേരിക്കയിലേക്കും. ഇവരെല്ലാം തന്നെ സാമ്പത്തിക കാരണങ്ങളാല്‍ അവിടെ എത്തിപ്പറ്റിയവരാണ്. ഗള്‍ഫില്‍ ഒക്കെ ജോലി ചെയ്യുമ്പോള്‍ അവിടെ പല കമ്പനികളിലും രണ്ടു തരം കോണ്‍ട്രാക്ട് ഉണ്ട് (Eastern Hire and Western Hire). ഒരേ ജോലി ചെയ്യുന്ന ഇന്‍ഡ്യാക്കാര്‍ക്കോ പാകിസ്ഥാന്‍കാര്‍ക്കോ കൊടുക്കുന്ന ശമ്പളത്തിന്റെ ഇരട്ടിയാണ് അതേ ജോലി ചെയ്യുന്ന ആസ്‌ട്രേലിയക്കാരനോ ബ്രിട്ടീഷുകാരനോ കൊടുക്കുന്നത്.

മുരളി തുമ്മാരുകുടിയുടെ 'എന്തു പഠിക്കണം എങ്ങനെ തൊഴില്‍ നേടാം' വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

അപ്പോള്‍ ശമ്പളം ഇരട്ടിക്കാന്‍ വേണ്ടിമാത്രം ആസ്‌ട്രേലിയന്‍ പാസ്സ്‌പോര്‍ട്ട് സംഘടിപ്പിക്കുന്നവരുണ്ട്. അതുപോലെ പാശ്ചാത്യരാജ്യങ്ങളില്‍ കുട്ടികളെ പഠിക്കാന്‍ വിടുമ്പോള്‍ അവര്‍ അവിടുത്തെ പിആര്‍ (permenant residents) ആണെങ്കില്‍ ഫീ പലപ്പോഴും നാലിലൊന്നോ അതില്‍ കുറവോ ആയിരിക്കും. അതൊക്കെ കാരണം പിആറിന് അപേക്ഷിക്കുന്നവരും ഉണ്ട്.

പുതിയതായി കാനഡയിലേക്കോ ആസ്‌ട്രേലിയയിലേക്കോ കുടിയേറാനായി ഒരു മലയാളി ശ്രമിച്ചു എന്നിരിക്കട്ടെ. 'ഇപ്പോള്‍ പഴയതുപോലെ അവസരങ്ങളില്ല, മോശം കാലാവസ്ഥയാണ്, വംശീയതയുണ്ട്' എന്നിങ്ങനെ പല കാരണങ്ങള്‍ പറഞ്ഞ് ഇപ്പോള്‍ അവിടെയുള്ളവര്‍ ഇവരെ പരമാവധി നിരുത്സാഹപ്പെടുത്താന്‍ നോക്കും. എന്നാലും കുടിയേറുന്ന മലയാളികള്‍ ആയിരത്തില്‍ ഒന്നുപോലും തിരിച്ചുവരുന്നില്ല.

ഒരു അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ജല്‍പായ്ഗുരിയിലെ യാത്രക്കാരെപ്പോലെ പുതിയതായി എത്താന്‍ ശ്രമിക്കുന്നവരോട് അവരും പറയും, 'ഇപ്പോള്‍ പഴയപോലെ ഇവിടെ വലിയ ചാന്‍സൊന്നും ഇല്ല കേട്ടോ' എന്ന്. എന്നാലും താല്പര്യമുള്ളവര്‍ക്ക് വേണ്ടി കുറെ കാര്യങ്ങള്‍ പറയാം.മൂന്നു തരത്തിലാണ് മലയാളികള്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. പെര്‍മനന്റ് റെസിഡന്‍സ് (പിആര്‍) അല്ലെങ്കില്‍ പാസ്സ്‌പോര്‍ട്ട് എടുക്കുന്നവരുടെ കാര്യമാണ് ഇവിടെ പറയുന്നത്. അതുകൊണ്ടാണ് ഗള്‍ഫ് ചര്‍ച്ചയില്‍ വരാത്തത്).

1. ഇന്ത്യയിലോ മറ്റു രാജ്യങ്ങളിലോ ഇരുന്നുകൊണ്ട് ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് കാനഡ എന്നീ രാജ്യങ്ങളില്‍ പിആര്‍ ന് അപേക്ഷിക്കും. ഇവര്‍ക്കെല്ലാം കൃത്യമായ ചില നിബന്ധനകളും സിസ്റ്റവും ഉണ്ട്. (http://www.cic.gc.ca/english/, http://www.autsralia.gov.au/informationandservices/immigrationandvisas/migrationtoautsralia, https://www.immigration.govt.nz/newzealandvisas). അവര്‍ക്ക് ആവശ്യമുള്ള ചില തൊഴിലുകളില്‍ നിങ്ങള്‍ക്ക് ആവശ്യമായ സ്‌കില്‍ ഉണ്ടെങ്കില്‍ ശ്രമിച്ചു നോക്കാവുന്നതാണ്. നിങ്ങളുടെ പ്രായം, വിദ്യാഭ്യാസം, ഇംഗ്ലീഷ്, തൊഴില്‍ പരിചയം എല്ലാം ചേര്‍ന്ന ഒരു സ്‌കോര്‍ വെച്ചിട്ടാണ് നിങ്ങളുടെ അപേക്ഷ പരിശോധിക്കുന്നത്. (ഇതിന് സഹായിക്കുന്ന പല ഏജന്‍സികള്‍ ഉണ്ട്. പക്ഷെ, സൂക്ഷിച്ചു വേണം ഇടപെടാന്‍)

2. പഠനത്തിനോ ജോലിക്കോ മറ്റൊരു രാജ്യത്ത് ചെല്ലുന്നവര്‍, അവിടെ കുറച്ചുനാള്‍ താമസിച്ചുകഴിഞ്ഞാല്‍ ആ രാജ്യങ്ങളിലെ നിയമമനുസരിച്ച് പെര്‍മനന്റ് റെസിഡന്‍സിനോ, വിസക്കോ അപേക്ഷിക്കുന്നു. ഇതിനും കൃത്യമായ നിയമങ്ങളുണ്ട്. എത്ര കാലം താമസിച്ചിരിക്കണം, ഭാഷയില്‍ എത്ര പ്രാവീണ്യമുണ്ട്, ആ രാജ്യത്തിന്റെ ചരിത്രത്തെ പറ്റി എന്തറിയാം എന്നിങ്ങനെ. (https://www.gov.uk/becomingabritishcitizen/checkifyoucanapply)

3. പഠിക്കാനോ സന്ദര്‍ശനത്തിനോ ആയി മറ്റു രാജ്യങ്ങളില്‍ ചെന്ന്, അവിടെനിന്നും മുങ്ങി, അല്ലെങ്കില്‍ ബോട്ടിലോ ട്രക്കിലോ കയറി ഈ രാജ്യങ്ങളില്‍ എത്തിപ്പറ്റി, അവിടെ കുറേനാള്‍ നിയമവിരുദ്ധമായി താമസിച്ച് പില്‍ക്കാലത്ത് അവിടുത്തെ പാസ്സ്‌പോര്‍ട്ട് കൈയിലാക്കുന്ന ഒരു ചെറിയ കൂട്ടം മലയാളികളുമുണ്ട്.

ഇന്ത്യക്ക് പുറത്തേക്ക് ആദ്യമായി പോകുന്ന ഭൂരിഭാഗം മലയാളികളോടും ചോദിച്ചാല്‍ പറയുന്ന ഒരു കാര്യമുണ്ട്. 'ഞാനവിടെ സ്ഥിരമായൊന്നും നില്‍ക്കാന്‍ പോകുന്നതല്ല. അഞ്ചോ പത്തോ വര്‍ഷം അവിടെ നില്‍ക്കണം, അത്യാവശ്യം പണമുണ്ടാക്കണം, പിന്നെ തിരിച്ച് നാട്ടില്‍ വന്ന് സെറ്റില്‍ ചെയ്യണം.' ഇതാണ് ഭൂരിഭാഗത്തിന്റെയും ചിന്ത എങ്കിലും യൂറോപ്പിലോ അമേരിക്കയിലോ ഒക്കെപ്പോയി അവിടെ സ്ഥിരതാമസമാക്കാന്‍ അവസരം കിട്ടുന്ന പത്തില്‍ ഒന്‍പത് പേരും ആ അവസരം പാഴാക്കാറില്ല. അത് അവര്‍ ഹിപ്പോക്രറ്റുകള്‍ ആയതുകൊണ്ടൊന്നുമല്ല. ആദ്യമവര്‍ പറഞ്ഞത് ആത്മാര്‍ഥമായി തന്നെയാണ്. 

എന്നാല്‍ കാലം കഴിയുമ്പോള്‍ സാഹചര്യങ്ങള്‍ മാറുന്നതോടെ കുട്ടികളുടെ വിദ്യാഭ്യാസ, തൊഴിലവസരങ്ങള്‍ അവിടെ കൂടുതലുണ്ടെന്ന് കാണുന്നു, കുടുംബത്തിലെ സ്ത്രീകള്‍ കേരളം പോലെ ഒരു പുരുഷ കേന്ദ്രീകൃതവും, സ്ത്രീകള്‍ക്ക് ഏറെ നിയന്ത്രണങ്ങളും, സദാചാരപോലീസുമുള്ള ഒരു നാട്ടിലേക്ക് തിരിച്ചുവരാന്‍ താല്പര്യം കാണിക്കാതിരിക്കുന്നു. വീട് വാങ്ങുന്നു, വലിയ തുക ടാക്‌സായി അടച്ച് സോഷ്യല്‍ സെക്യൂരിറ്റി സിസ്റ്റത്തില്‍ പങ്കാളികളാകുന്നു. കുട്ടികള്‍ അവിടെ സെറ്റിലാകുന്നു, അതോടെ നാട്ടില്‍ തിരിച്ചുവരാനുള്ള പദ്ധതിയും തീരുന്നു. കാരണം എന്തായാലും മിക്കവാറും ആളുകള്‍ക്ക് കുടിയേറ്റം ഒരു 'passport of convenience' ആണ്. അതുകൊണ്ടുതന്നെ പുതിയതായി ഇന്ത്യക്ക് പുറത്ത് പാശ്ചാത്യരാജ്യങ്ങളില്‍ പോകുന്നവരോട് എനിക്കു പറയാനുള്ളത് ഇതാണ്.

1. ഞാന്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ തിരിച്ചുവരും എന്നമട്ടില്‍ ഒരു തീരുമാനവും എടുക്കാതിരിക്കുക. നിങ്ങള്‍ക്കും കുടുംബത്തിനും കൂടുതല്‍ അവസരങ്ങള്‍ എവിടെയുണ്ടോ അവിടെ താമസിക്കുക. നിങ്ങള്‍ എത്രകാലം എവിടെ താമസിച്ചാലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയല്ലാതെ മറ്റൊരു ടീമിനെയും സപ്പോര്‍ട്ട് ചെയ്യില്ല. അപ്പോള്‍ ഒരു മനഃസാക്ഷിക്കുത്തും ഉണ്ടാകേണ്ട കാര്യമില്ല.

2. വികസിതരാജ്യങ്ങളില്‍ വീട് വാടകക്കെടുക്കുന്നതിന്റെ പകുതി കാശ്മതി വീടു വാങ്ങി അതിന്റെ മാസവരി അടക്കാന്‍. അഞ്ചുവര്‍ഷം കഴിഞ്ഞ് തിരിച്ചുപോരും എന്ന കണക്കുകൂട്ടലില്‍ അവിടെ വീടു വാങ്ങാതെ കാലാകാലം വാടക കൊടുത്ത് വെറുതെ കാശ് കളയരുത്.
അതുപോലെതന്നെ നിങ്ങള്‍ എപ്പോള്‍ നാട്ടില്‍ തിരിച്ചുവന്നാലും ഒരു ഫഌറ്റ് വാങ്ങാന്‍ ഇപ്പോള്‍ ഒരാഴ്ച പോലും വേണ്ട. അപ്പോള്‍ ഈ പത്തുവര്‍ഷം കഴിഞ്ഞ് നാട്ടില്‍ വരുമ്പോള്‍ താമസിക്കാന്‍ സ്ഥലമോ, വീടോ, ഫ്‌ലാറ്റോ വാങ്ങി ഇപ്പോഴേ കാശ് കുഴിച്ചിടരുത്.

3. നിങ്ങള്‍ താമസിക്കുന്ന രാജ്യത്ത് സ്ഥിരതാമസത്തിനോ പാസ്സ്‌പോര്‍ട്ടിനോ അവസരങ്ങള്‍ വന്നാല്‍ ആ തീരുമാനം നീട്ടിവെക്കരുത്. കഴിഞ്ഞയാഴ്ച അമേരിക്കയില്‍ കണ്ടതുപോലെ കുടിയേറ്റ നിയമങ്ങള്‍ മാറിമറിയാന്‍ ഒരു ദിവസം മതി. മറ്റൊരു രാജ്യത്തിന്റെ പാസ്സ്‌പോര്‍ട്ട് എടുത്താല്‍ നമ്മുടെ രാജ്യസ്‌നേഹം കുറയുമെന്നൊന്നും കരുതേണ്ട. നമ്മുടെ പ്രധാനമന്ത്രിയൊക്കെ അമേരിക്കയില്‍ ചെന്ന് പ്രസംഗിക്കുമ്പോള്‍ 'ഭാരത് മാതാ കീ ജയ്' വിളിക്കുന്ന വലിയ ഒരുകൂട്ടം ജനങ്ങള്‍ മിക്കവാറും ഗ്രീന്‍കാര്‍ഡ് ഉള്ളവരോ അവിടുത്തെ പൗരത്വം നേടിയവരോ ഒക്കെയാണ്. ഇപ്പോള്‍ ഈ ഫേസ്ബുക്കില്‍ തന്നെ കേരളത്തിലെ ഭരണത്തെ പറ്റിയൊക്കെ ഘോരഘോരം വിമര്‍ശിക്കുന്ന പലരും മറ്റു രാജ്യങ്ങളിലെ പൗരന്മാരായ മലയാളികളാണ്.

4. വിദേശത്തേക്ക് പോകുന്നതിനു മുന്‍പുതന്നെ ആ നാട്ടുകാരുമായി സമന്വയിച്ച് പോകാനുള്ള തയ്യാറെടുപ്പോടെ വേണം ചെല്ലാന്‍. അവിടുത്തെ ഭാഷ പഠിക്കുക, അവരുടെ സംസ്‌കാരം മനസ്സിലാക്കാന്‍ ശ്രമിക്കുക, അവിടെയെത്തിയാല്‍ അകന്നുമാറി നില്‍ക്കാതെ അവരുമായി കൂട്ടുകൂടുക. ഇതൊന്നും അഞ്ചുവര്‍ഷത്തേക്ക് മാറ്റിവെക്കേണ്ട കാര്യങ്ങളല്ല.

5. കാനഡയിലേക്കും ഓസ്‌ട്രേലിയയിലേക്കും ഒക്കെ മൈഗ്രേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ അവിടുത്തെ തൊഴിലവസരങ്ങള്‍, നമ്മുടെ ഡിഗ്രിയുടെ അവിടുത്തെ സ്വീകാര്യത, കാലാവസ്ഥ ഇതെല്ലാം നോക്കിവേണം അന്തിമ തീരുമാനമെടുക്കാന്‍.

6. മൈഗ്രേഷന്റെ ആദ്യത്തെ രണ്ടു മുതല്‍ അഞ്ചുവരെ വര്‍ഷങ്ങളാണ് ഏറ്റവും കടുപ്പമുള്ളത്. ഇത് നിങ്ങളുടെ സാമ്പത്തിക ഭദ്രതയേയും, കുടുംബബന്ധത്തെയും, മാനസികനിലയെയും വരെ എടുത്തുകുലുക്കും. ഇതിലെല്ലാം നല്ല 'ശാക്തീകരണം' നടത്തിയിട്ടുവേണം അങ്ങോട്ട് യാത്ര തിരിക്കാന്‍.

7. കുടിയേറിച്ചെല്ലുന്ന രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഒരു ഡിഗ്രി ഉണ്ടായിരിക്കുന്നതാണ് അവിടുത്തെ ലേബര്‍ മാര്‍ക്കറ്റ് ക്രാക്ക് ചെയ്യാനുള്ള എളുപ്പവഴി. ബ്രൂണെയില്‍ എന്റെ പല സഹപ്രവര്‍ത്തകരും തങ്ങളുടെ മക്കളെ ആസ്‌ട്രേലിയയില്‍ പഠിപ്പിച്ച് അവിടെ ജോലിയൊക്കെ ആയതിനുശേഷം അവരുടെ പിറകെയാണ് കുടിയേറ്റം നടത്തുന്നത്. ഗള്‍ഫിലുള്ളവര്‍ക്കും പരീക്ഷിക്കാവുന്ന രീതിയാണിത്.

8. പാശ്ചാത്യരാജ്യങ്ങളില്‍ ജോലിക്കെത്തുന്ന പലര്‍ക്കും അവരുടെ പങ്കാളികള്‍ക്ക് ജോലിക്കുള്ള വര്‍ക്ക് പെര്‍മിറ്റ് ഇല്ല എന്നത് വലിയൊരു പ്രശ്‌നമാണ്. അതേസമയം ആ നാട്ടിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിനു ചേരുന്നത് ഏറ്റവും നല്ല കാര്യമാണ്. ഭാഷ പഠിക്കുന്നതോടൊപ്പം നെറ്റ് വര്‍ക്കും രൂപപ്പെടും. ആ നാട്ടില്‍ വിലയുള്ള യോഗ്യത കിട്ടും, കുടുംബത്തില്‍ സമാധാനം ഉണ്ടാകും.

ഇത്രയൊക്കെ പറഞ്ഞതുകൊണ്ട് ഞാന്‍ മലയാളികളൊക്കെ അന്യരാജ്യങ്ങളിലേക്ക് കുടിയേറണമെന്ന അഭിപ്രായമുള്ള ആളാണെന്ന് തെറ്റിദ്ധരിക്കരുത് കേട്ടോ. എന്നാല്‍ നമ്മുടെ പഠനത്തിനും യോഗ്യതക്കും അനുസരിച്ചുള്ള ജോലികള്‍ ചെയ്യാന്‍ എവിടെയാണോ അവസരം ലഭിക്കുന്നത് അവിടെപ്പോയി അത് ചെയ്യാതിരിക്കുന്നത് നിങ്ങള്‍ക്കോ, കുടുംബത്തിനോ, കേരളത്തിനോ, ലോകത്തിനോ ഗുണകരമല്ല താനും.

ആസ്ബസ്റ്റോസ് എന്ന മാരക വസ്തുവിന്റെ അനാലിസിസില്‍ വിദഗ്ദ്ധനായ ഒരാള്‍ക്ക് ഇംഗ്ലണ്ടില്‍ ദിവസം നാനൂറു പൗണ്ട് ഫീ കിട്ടും. അതേ മലയാളി നാട്ടില്‍ വന്നാല്‍ ഇവിടെ ആസ്ബസ്റ്റോസ് ഒരു മാരകവസ്തുവാണെന്ന് നമ്മള്‍ അംഗീകരിച്ചിട്ടുപോലും ഇല്ല, അപ്പോള്‍പ്പിന്നെ അവര്‍ക്ക് കേരളത്തില്‍ തൊഴിലൊന്നുമില്ല.

അനവധി വിഷയങ്ങളില്‍ ഉന്നത ബിരുദമോ തൊഴില്‍ പരിശീലനമോ ഒക്കെ നേടിയവരുടെ കാര്യം ഇതാണ്. മെഡിക്കല്‍ ഫീല്‍ഡിലും മാര്‍ക്കറ്റിങ്ങിലും ഒന്നുമല്ലതെ നല്ല വിദ്യാഭ്യാസവും കഴിവുമുള്ള മലയാളികള്‍ക്ക് തല്‍ക്കാലം കേരളത്തില്‍ വലിയ അവസരം ഒന്നുമില്ല. ഏതെങ്കിലുമൊക്കെ കാലത്ത് ഉന്നതവിദ്യാഭ്യാസമുള്ളവര്‍ക്കും കേരളത്തില്‍ അവസരങ്ങള്‍ വരും, എല്ലാ തൊഴിലുകള്‍ക്കും വേണ്ടത്ര ഡിഗ്‌നിറ്റി ഉണ്ടാവുകയും ചെയ്യും. അന്ന് കേരളത്തിലേക്ക് തൊഴില്‍ അന്വേഷിച്ച് വരുന്നവരുടെ മുന്‍നിരയില്‍ മലയാളികള്‍ തന്നെയായിരിക്കുകയും ചെയ്യും. അതുകൊണ്ട് ഈ പ്രവാസികളെ ഒക്കെ ഒരു ബ്രെയിന്‍ ബാങ്ക് ആയി എടുത്താല്‍ മതി.

മുന്‍പ് പറഞ്ഞതുപോലെ മലയാളി എവിടെ പോയാലും മനസ്സില്‍ ഇത്തിരി കൊന്നപ്പൂവും അല്പം  കമ്മൂണിസവും ഒക്കെ കാണും. ലോകത്തെവിടെയിരുന്നും ഏത് പാസ്സ്‌പോര്‍ട്ട് കയ്യില്‍ വെച്ചും കേരളത്തിലെ സമൂഹത്തെപ്പറ്റിയും ഭരണത്തെപ്പറ്റിയുമൊക്കെ അവര്‍ അഭിപ്രായപ്പെടുന്നതും ദേഷ്യം പിടിക്കുന്നതും അതുകൊണ്ടാണ്. അതില്‍ നമുക്ക് അഭിമാനം മാത്രം മതി. കാരണം സ്വന്തം നാട്ടില്‍നിന്നും ഏതെങ്കിലും കാരണവശാല്‍ ഓടിപ്പോയവരോ ആട്ടിപ്പായിച്ചവരോ ഒന്നുമല്ല അവര്‍. അവര്‍ക്കെല്ലാം കേരളത്തോടുള്ള സ്‌നേഹം ഇപ്പോഴും മനസ്സിലുണ്ട്. അന്ത്യശ്വാസം വരെയുണ്ടാകുകയും ചെയ്യും.

ആട്ടെ, ചേട്ടനിപ്പോള്‍ ഇന്ത്യക്കാരനാണോ അല്ലയോ?

എട്ടുവര്‍ഷം സ്ഥിരമായി താമസിച്ചാല്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പാസ്സ്‌പോര്‍ട്ട് കിട്ടുമായിരുന്നു. സ്വിസ്സ് പാസ്സ്‌പോര്‍ട്ട് ലോകത്തിലേറ്റവും സൗകര്യപ്രദമായതാണ്. ലോകത്തെ നൂറ്റി എഴുപത്തി രണ്ടു രാജ്യങ്ങളില്‍ പോകാന്‍ അവര്‍ക്ക് വിസ വേണ്ട. ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ടുമായി നമ്മളുടെ ഭൂരിഭാഗം അതിര്‍ത്തി രാജ്യങ്ങളില്‍ പോലും വിസയില്ലാതെ പോകാന്‍ പറ്റില്ല. ആ അര്‍ത്ഥത്തില്‍ ഏറ്റവും കണ്‍വീനിയന്റ് ആയ പാസ്സ്‌പോര്‍ട്ട് ആണ് സ്വിറ്റ്‌സര്‍ലാന്‍ഡിലേത്. ഞാനിപ്പോള്‍ ജനീവയില്‍ പതിനാലു വര്‍ഷമായി. എന്നിട്ടും ഇപ്പോഴും ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ടുമായിത്തന്നെയാണ് നടക്കുന്നത്.

അതെന്താ ചേട്ടാ?

അനിയനിപ്പോള്‍ പത്രമൊന്നും വായിക്കാറില്ലേ, ബ്രിട്ടീഷ് പാസ്സ്‌പോര്‍ട്ടുള്ളതിനാല്‍ പഞ്ചാബിലെ ഒരു മുന്‍ മന്ത്രിക്ക് അസ്സംബ്ലി ഇലക്ഷന് മത്സരിക്കാന്‍ പറ്റിയില്ല എന്നു വായിച്ചില്ലേ ? (http://www.hindustantimes.com/punjab/not-an-indian-congress-leader-avtar-henry-s-vote-cancelled-again-cannot-contest-punjab-polls/story-eSGIbtNyzZB8oHN1OrQXbJ.html)

ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം പാസ്സ്‌പോര്‍ട്ടിലുമുണ്ട്.

ഈ പരമ്പരയുടെ മുന്‍ലക്കങ്ങള്‍ 

1. അതിരുകളില്ലാത്ത ലോകം, മതിലുകളുയരുന്ന ലോകം 

2. ചാട്ടത്തിലെങ്ങാനും പിഴച്ചുപോയാല്‍ 

3. മൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റര്‍ 

4. ഈ കുട്ടിക്ക് ഒരു ജീവിതം കൊടുക്കൂ....

5. ഈ എന്‍ജിനീയര്‍മാര്‍ക്കെന്താ കൊമ്പുണ്ടോ?

6വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍

7. ഞങ്ങള്‍ വക്കീലന്മാരെന്താ മോശാ?

8. എന്തുവന്നാലും നാടകക്കമ്പനി തുടങ്ങരുത്‌

9. നേഴ്‌സിങ്ങിന്റെ സാധ്യതകള്‍ അവസാനിക്കുന്നില്ല 

10. 'ബമാമ'യുടെ കോളേജ് ജീവിതം

11. ഇംഗ്ലീഷ് ഒരു ഭാഷയാണ്, ബുദ്ധിയുടെ അളവുകോലല്ല, പക്ഷേ

12. തപാല്‍ വഴി നീന്തല്‍ പഠിക്കാമോ

13. മുടിവെട്ടും ഇറച്ചിവെട്ടും....! യൂറോപ്പിലെ തൊഴില്‍ സാദ്ധ്യതകള്‍

14. ബുദ്ധിയുള്ളവരെ ഉദ്ധരിക്കുന്നത് ബുദ്ധിയില്ലാത്തവര്‍

15. ബയോഡേറ്റയെ ആര്‍ക്കാണ് പേടി 

16. വിദ്യാധനവും വിദേശത്തെ പഠനവും

17. തോറ്റ എന്‍ജിനീയര്‍മാരുടെ ഭാവി