സ്വാതന്ത്ര്യത്തിന് മുന്‍പുതൊട്ടേ ഇന്ത്യയുടെ ഭരണ സംവിധാനത്തിന്റെ അടിത്തറ സിവില്‍ സര്‍വീസിലുള്ളവരാണ്. ഐഎഎസ് മുതല്‍ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് വരെ വ്യാപിച്ചുകിടക്കുന്ന അനവധി സര്‍വീസുകളിലൂടെയാണ് സ്വാതന്ത്ര്യാനന്തരവും, ഇന്ത്യയെ നമ്മുടെ ഭരണനേതൃത്വം നിയന്ത്രിച്ചു കൊണ്ടുപോകുന്നത്. രാജ്യത്തിന്റെ പുരോഗതിയും പൊതുമേഖലയുടെ വലിപ്പവും കൂടിയതോടെ വമ്പന്‍ വിമാനക്കമ്പനികള്‍ തൊട്ട് ചെറിയ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വരെ ഭരിക്കുന്നതും നയിക്കുന്നതും ഐഎഎസുകാരാണ്. 

അസിസ്റ്റന്റ് കളക്ടര്‍ തൊട്ട് കാബിനറ്റ് സെക്രട്ടറി വരെയുള്ള സിവില്‍ സര്‍വീസ് കോണിപ്പടിയില്‍ ഉള്ള ജോലികള്‍ വേറെയും. നമ്മുടെ ഭരണസംവിധാനത്തിലെ മറ്റുപല വിഭാഗങ്ങളും ഉലയുമ്പോഴും രാഷ്ട്രത്തിന്  ഉരുക്കുചട്ട പോലെ രൂപവും ഊര്‍ജ്ജവും നല്‍കുന്നത് നമ്മുടെ സിവില്‍ സര്‍വീസാണ്. ഇന്ത്യയെ ഒന്നായി കാണുന്നതിലും നിലനിര്‍ത്തുന്നതിലും നമ്മുടെ ദേശീയ സിവില്‍ സര്‍വീസിനുള്ള പങ്ക് നാം പലപ്പോഴും ശ്രദ്ധിക്കാറില്ല.

എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും അതിശയകരമായ കാര്യം സ്വാതന്ത്ര്യം തൊട്ടിന്നുവരെ ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ കയറിപ്പറ്റാനുള്ള യോഗ്യതയുടെ കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നതാണ്. അന്നു മുതല്‍ ഇന്നുവരെ ഇന്ത്യയിലെ ഏതെങ്കിലുമൊരു സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ മൂന്നുവര്‍ഷത്തെ ഒരു ഡിഗ്രിയെടുക്കുന്ന ആര്‍ക്കും ഈ പരീക്ഷയെഴുതാം.

വിജയിച്ചാല്‍ സിസ്റ്റന്റ് കളക്ടര്‍ തൊട്ട് കാബിനറ്റ് സെക്രട്ടറി വരെയാകാം. റിസര്‍വ് ബാങ്ക് തൊട്ട് ശുചിത്വ മിഷന്‍ വരെ നയിക്കാം. അതിനിടക്ക് വേറെ എംഎയോ, എംഎസ്‌സിയോ ഒന്നും പഠിക്കാന്‍ പോകേണ്ട കാര്യമില്ല.

എന്നാല്‍, മറ്റുള്ള ജോലികളുടെ കാര്യം അങ്ങനെയല്ല. പോലീസില്‍ ചേരാന്‍ പണ്ട് എട്ടാം ക്ലാസ് മതിയായിരുന്നു. ഇപ്പോള്‍ അത് പത്താം ക്ലാസ്സാക്കി. പത്താംക്ലാസ് കഴിഞ്ഞ ആളുകള്‍ ചെയ്തുകൊണ്ടിരുന്ന ബാങ്ക് ജോലികള്‍ക്കിപ്പോള്‍ ബിരുദം വേണം. കോളേജില്‍ പ്രൊഫസ്സറാകാന്‍ എംഎ മതിയായിരുന്നത് ഇന്ന് പിഎഎച്ച്ഡി വേണമെന്നായി.  

എന്തുകൊണ്ടാണ്  ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗം വഹിക്കാന്‍ ഇപ്പോഴും വെറും ബിരുദം മാത്രം മതിയാകുമ്പോള്‍ മറ്റു ജോലികള്‍ ചെയ്യാനുള്ള പഠനത്തിന്റെ  ആവശ്യം കൂടി വരുന്നത് ?. ഒരുകാര്യം നമുക്ക് ആദ്യമേ ഉറപ്പിക്കാം. ഇന്ത്യയിലിപ്പോള്‍ ലഭ്യമായ സാങ്കേതിക തൊഴിലുകളൊഴിച്ച് മറ്റെന്ത് തൊഴിലുനടത്താനും നമ്മുടെ ഏതെങ്കിലും യൂണിവേഴ്‌സിറ്റി തരുന്ന എന്തെങ്കിലും ബിരുദം മതിയെന്ന് സ്വാതന്ത്ര്യാനന്തരം കഴിഞ്ഞ എഴുപത് വര്‍ഷമായി നമ്മുടെ സിവില്‍ സര്‍വീസില്‍ എത്തിയവര്‍ തെളിയിച്ചിട്ടുണ്ട്.  

പക്ഷെ, നമ്മുടെ പോലീസ് സേനയിലിപ്പോള്‍ ബിരുദാനന്തര ബിരുദധാരികളുടെ പ്രളയമാണ്. ക്ലര്‍ക്കാകാന്‍ പിഎസ്‌സി പരീക്ഷയെഴുതുന്നവരില്‍ പിഎച്ച്ഡിക്കാര്‍ വരെയുണ്ട്. ബാങ്കിലെ ക്ലാര്‍ക്കിന്റെ ജോലി ഏതാണ്ട് മുഴുവനായിത്തന്നെ ബിടെക്കുകാര്‍ അടിച്ചു മാറ്റുന്ന മട്ടാണ്.

മുരളി തുമ്മാരുകുടിയുടെ 'എന്തു പഠിക്കണം എങ്ങനെ തൊഴില്‍ നേടാം' വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഈ തൊഴിലുകള്‍ ചെയ്യാന്‍ ഈവക പ്രത്യക വിദ്യാഭ്യാസമൊന്നും വേണ്ട എന്ന് വ്യക്തമാണല്ലോ. പിന്നെ എന്താണിവിടെ സംഭവിക്കുന്നത്? 

മുപ്പതുവര്‍ഷം മുന്‍പ് 'BAMAMA goes to college' എന്ന അതിമനോഹരമായ, ദൂരക്കാഴ്ചയുള്ള ഒരു ലേഖനത്തില്‍ അമേരിക്കന്‍ എഴുത്തുകാരിയായ എല്ലന്‍ ഗുഡ്മാന്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്.

'My friend received another degree this month. 

She became BA,MA,MA or as we fondly call her BAMAMA. When she got a BA in philosophy four years ago BAMAMA had the choice between becoming an over educated watiress or an over educated office worker. So she became an over educated camp counselor and went back to school.

Next year she got a degree in library science. Now qualified  as a librariyan. She won a job as an over educated part time library assistant.

ഇങ്ങനെയാണ് ഒരു BA യ്ക്ക് പുറമെ MA ചെയ്ത് അതിലും അര്‍ഹിക്കുന്ന ജോലി കിട്ടാതെ BAMA വീണ്ടും കോളേജില്‍ പോയി BAMAMA ആകുന്നത്.

കൂടുതല്‍ അറിവ് സന്പാദിക്കാനോ കൂടുതല്‍ പഠനമാവശ്യമായ തൊഴില്‍ നേടാനോ  അല്ല, ചെയ്ത വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ജോലി കിട്ടാത്തതു കൊണ്ടാണ് കൂടുതല്‍ പേരും മറ്റ്  ഡിഗ്രിക്കും ഉപരിപഠനത്തിനും പോകുന്നത്. എന്റെ കാര്യത്തില്‍ ഉള്‍പ്പടെ ഇതിപ്പോള്‍ ഇന്ത്യയില്‍ ഒരു പതിവായിരിക്കുന്നു.

'Eigthy percent of college graduates, we are told, are  doing work which was once done quite capably by people without college degrees. The point is that you don't need the degree to do the job, But now a days you do need the degree to get the job.'

മുപ്പതു വര്‍ഷം മുന്‍പ് അമേരിക്കയെപ്പറ്റി എല്ലന്‍ പറഞ്ഞ വാക്കുകള്‍  ഇന്നും നമുക്ക് ബാധകമാണ്. 

ഇവിടെയാണ് നമ്മുടെ ആര്‍ട്‌സ് കോളേജ് വിദ്യാഭ്യാസത്തെ നാം  ഉടച്ചുവാര്‍ക്കേണ്ടതിന്റെ ആവശ്യകത. ഇന്ന് ആര്‍ട്‌സ് കോളേജില്‍ പഠിച്ചിറങ്ങുന്ന പത്തില്‍ ഒന്‍പത് കുട്ടികളും ഒരു പിഎസ്‌സി റാങ്ക് ലിസ്റ്റിലോ ബാങ്ക് ക്ലര്‍ക്ക് പരീക്ഷയിലോ പാസായി ജോലി കിട്ടിയാല്‍ ജീവിതം സഫലമായി എന്നു കരുതുന്നവരാണ്. ഇതിനു രണ്ടിനും ഒരു ഡിഗ്രിയുടെ ആവശ്യമില്ല താനും.  

പ്രീഡിഗ്രി കഴിയുമ്പോള്‍ തന്നെ ഒരു വര്‍ഷം ഒരു ഇന്റേണ്‍ഷിപ്പ് സംവിധാനമൊക്കെ ഏര്‍പ്പെടുത്തി പതിനെട്ടാം വയസ്സില്‍ സര്‍ക്കാര്‍ ഉദ്യോഗത്തിനും ബാങ്ക് ക്ലര്‍ക്കാകാനുമുള്ള പരീക്ഷകള്‍ നടത്തുന്നു എന്നുവെക്കുക. പ്രീഡിഗ്രിയില്‍ കൂടുതല്‍ പഠിത്തമുള്ളവര്‍ക്ക് ക്ലര്‍ക്കായോ പോലീസായോ തുടങ്ങി അധിക യോഗ്യതകള്‍ വേണ്ടാത്ത ജോലികള്‍ കിട്ടുകയില്ല എന്ന് നിബന്ധന വെച്ചു എന്നും കരുതുക. നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്തെ തിക്കും തിരക്കും അവിടെ തീരും.

'എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം' ആണിത്. അതുകൊണ്ടുതന്നെ ആര്‍ട്‌സ് കോളേജുകളില്‍ ബിരുദത്തിന് പോകുന്നവര്‍ക്ക് കുറച്ച് നിര്‍ദേശങ്ങള്‍ നല്‍കാം. 

1. പുതിയ ലോകത്ത് നിങ്ങള്‍ എന്തുപഠിക്കുന്നു എന്നതിനേക്കാള്‍ നിങ്ങളുടെ നെറ്റ് വര്‍ക്കിങ്ങും ഭാഷയും സോഫ്റ്റ് സ്‌കില്ലും ഒക്കെയാണ് കൂടുതല്‍ പ്രധാനം. അതനുസരിച്ചുവേണം നിങ്ങളുടെ പഠനം പ്ലാന്‍ ചെയ്യാന്‍.  

2. മുന്‍പ് പറഞ്ഞതുപോലെ സാധിക്കുമെങ്കില്‍ കേരളത്തിന് പുറത്ത് നല്ല സ്ഥാപനങ്ങളില്‍, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്കൊക്കെ കൂടുതല്‍ സ്വാതന്ത്ര്യമുള്ള നഗരങ്ങളില്‍ ബിരുദപഠനത്തിന് ശ്രമിക്കുക. പറ്റിയില്ലെങ്കില്‍ കേരളത്തിലാണെങ്കിലും വീട്ടില്‍ നിന്നും മാറി ഹോസ്റ്റലുകളില്‍ താമസിച്ച് കിട്ടാവുന്നതില്‍ ഏറ്റവും നല്ല കോളേജില്‍ പഠിക്കാന്‍ പോകുക. നല്ല കോളേജ് എന്നാല്‍ എപ്പോഴും പറയുന്നതുപോലെ കൂടുതല്‍ നല്ല കുട്ടികളുള്ളത്, ഭാഷ പഠിക്കാന്‍ സാഹചര്യമുള്ളത്, പരമാവധി ഇലക്റ്റിവ് ഉള്ളത്, ക്ലാസ് റൂമിന് പുറത്ത് കൂടുതല്‍ നേതൃത്വഗുണം പരിശീലിക്കാന്‍ അവസരമുള്ളത് എന്നിങ്ങനെ. 

3. ഏത് വിഷയം പഠിച്ചാലും ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാന്‍ ശ്രമിക്കുക. (ഇതിനെപ്പറ്റി പ്രത്യേകലേഖനം വരുന്നുണ്ട്)

4. മറ്റു ഭാഷകള്‍ പഠിക്കാന്‍ അവസരമുണ്ടെങ്കില്‍ അതൊരെണ്ണം എങ്ങനെയും പഠിച്ചെടുക്കുക. ജര്‍മ്മന്‍, ചൈനീസ്, ഫ്രഞ്ച്, ജാപ്പനീസ്, അറബിക്, പേര്‍ഷ്യന്‍, റഷ്യന്‍ എന്നിവയില്‍ ഏതെങ്കിലും ഒക്കെയാകാം, കൂടെ ബംഗാളിയും. ബംഗാളി അറിയുന്ന മലയാളികള്‍ക്ക് ഏറെ ജോലി സാധ്യതകള്‍ ആണ് വരാന്‍ പോകുന്നത്.

5. പഠനത്തിനിടക്ക് തന്നെ കേരളത്തിന് പുറത്തോ പറ്റിയാല്‍ ഇന്ത്യക്ക് പുറത്തോ ഒരിക്കലെങ്കിലും യാത്ര ചെയ്യുക. നിങ്ങളുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ സഹായവും നിര്‍ദ്ദേശങ്ങളും തേടാവുന്നതാണ്. കൂട്ടുകാരുടെ ഒപ്പമാണെങ്കില്‍ കൂടുതല്‍ ജോര്‍.

6. പഠനകാലത്ത് പറ്റിയാല്‍ എന്തെങ്കിലും ജോലി ചെയ്യുക. ഇവന്റ് മാനേജ്‌മെന്റ് തൊട്ട് കേറ്ററിങ് വരെ എന്തുമാകാം. പണം കിട്ടുന്ന ജോലി ചെയ്യാന്‍ താല്പര്യമില്ലാത്തവര്‍ എന്തെങ്കിലും സന്നദ്ധ സേവനം ചെയ്യുക. കേരളത്തിലിപ്പോള്‍ സമൂഹത്തില്‍ ഇടപെടുന്ന അനവധി സന്നദ്ധ സംഘടനകളുണ്ട്. അതില്‍ ഏതെങ്കിലുമൊന്നില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മതി. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ മറുനാടന്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി  അവരെ ഭാഷ പഠിപ്പിക്കാനോ, അവരുടെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാനോ, അവര്‍ താമസിക്കുന്ന സ്ഥലത്ത് ആരോഗ്യ ബോധവല്‍ക്കരണത്തിനോ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ ഒക്കെ പോയാലും മതി.

7. ഫ്രീയായി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ അനവധി ഇപ്പോള്‍ ലഭ്യമാണ്. (ഇതിനെപ്പറ്റിയും സ്‌പെഷ്യല്‍ എപ്പിസോഡ് വരുന്നുണ്ട്). ഓരോ സെമസ്റ്ററിലും ഒരു കോഴ്‌സ് എങ്കിലും ഓണ്‍ലൈന്‍ ആയി പഠിച്ച് സര്‍ട്ടിഫിക്കറ്റ് നേടുക. 

8. ഡിഗ്രി പഠനം കഴിഞ്ഞാല്‍ പിഎച്ച്ഡി ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ പിന്നെ ഉടനെ ബിരുദാനന്തര  ബിരുദത്തിന് പോകാതിരിക്കുക. ഉള്ള പഠിത്തം വെച്ച് എന്തൊക്കെ ജോലിസാധ്യതകളുണ്ടെന്ന് അന്വേഷിക്കുക. ചെറിയ ശമ്പളമാണെങ്കിലും തൊഴിലുകള്‍ ചെയ്യുക. ജീവിതത്തില്‍ മുന്നോട്ട് എന്തുചെയ്യണമെന്ന് ആലോചിക്കുക. ഉടന്‍ കല്യാണം കഴിക്കാതിരിക്കുക.

9. പഠനവും രണ്ടുവര്‍ഷം ജോലിയും കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് സ്വന്തമായി ഏതെങ്കിലും തീരുമാനത്തിലെത്താനുള്ള ധൈര്യമുണ്ടാകും. ബാക്കി കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കുക.

ആര്‍ട്‌സ് വിഷയങ്ങള്‍ മോശമാണെന്ന അഭിപ്രായം ഉള്ള ആളൊന്നുമല്ല ഞാന്‍. നല്ല ജോലി കിട്ടാന്‍ സാധ്യത ഉണ്ടായിരുന്നെങ്കില്‍ ബിഎ ഹിസ്റ്ററി പഠിക്കാന്‍ പോകണം എന്ന് താല്പര്യം ഉണ്ടായിരുന്ന ആളുമാണ്. നമ്മുടെ ആര്‍ട്‌സ് കോളേജുകളുടെ എല്ലാം നിലവാരം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനകം കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷെ കേരളത്തിനകത്ത് ഒരു സര്‍ക്കാര്‍ ജോലിയോ ബാങ്ക് ജോലിയോ ഒന്നുമാകരുത് നിങ്ങളുടെ സ്വപ്നം. ഈ ജോലി ഒന്നും മോശമായതുകൊണ്ടല്ല മറിച്ച്  കാബിനറ്റ്  സെക്രട്ടറി വരെ ആകാന്‍ കഴിവുള്ള ഡിഗ്രിയാണ് നിങ്ങള്‍ നേടുന്നത്. അഭിമാനിക്കുക, കര്‍മ്മമണ്ഡലം കേരളമായി ചുരുക്കരുത്, ലോകമാകട്ടെ നിങ്ങളുടെ ചക്രവാളം!

ഈ പരമ്പരയുടെ മുന്‍ലക്കങ്ങള്‍ 

1. അതിരുകളില്ലാത്ത ലോകം, മതിലുകളുയരുന്ന ലോകം 

2. ചാട്ടത്തിലെങ്ങാനും പിഴച്ചുപോയാല്‍ 

3. മൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റര്‍ 

4. ഈ കുട്ടിക്ക് ഒരു ജീവിതം കൊടുക്കൂ....

5. ഈ എന്‍ജിനീയര്‍മാര്‍ക്കെന്താ കൊമ്പുണ്ടോ?

6വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍

7. ഞങ്ങള്‍ വക്കീലന്മാരെന്താ മോശാ?

8. എന്തുവന്നാലും നാടകക്കമ്പനി തുടങ്ങരുത്‌

9. നേഴ്‌സിങ്ങിന്റെ സാധ്യതകള്‍ അവസാനിക്കുന്നില്ല