'ഉരുളക്കിഴങ്ങ് കൂട്ടിയിട്ടിരിക്കുന്ന ഫാം ഹൗസിലാണ് രാത്രി കിടക്കുന്നത്. പകലെല്ലാം കിഴങ്ങ് ചന്തയില്‍ കൊണ്ടുപോയി വില്‍ക്കും. യൂറോപ്പിലെ പല രാജ്യങ്ങളില്‍നിന്ന് വന്നവര്‍ ഉണ്ട്. കച്ചവടം നന്നായി നടക്കുന്ന ദിവസങ്ങളില്‍ രാത്രി ഞങ്ങള്‍ പിറ്റ്സ വാങ്ങിക്കഴിക്കും, അല്ലാത്ത ദിവസങ്ങളില്‍ ഉരുളക്കിഴങ്ങ് പുഴുങ്ങി തിന്നും'.
യുഎന്നിലെ ഉദ്യോഗസ്ഥനും എന്റെ സുഹൃത്തുമായ ജോസഫ് (പേര് യാഥാര്‍ത്ഥമല്ല) അദ്ദേഹത്തിന്റെ പഠനകാലത്തെ കഥകള്‍ പറയുകയായിരുന്നു. സ്വീഡനില്‍ ജനിച്ച അദ്ദേഹം ഓരോ അവധിക്കാലത്തും ഏതെങ്കിലും തൊഴില്‍ കണ്ടുപിടിക്കും. അങ്ങനെ എന്തെങ്കിലും പണിയെടുത്ത് നാലു തുട്ടുണ്ടാക്കിയാലേ ഹോസ്റ്റല്‍ ഫീയും പോക്കറ്റ് മണിയും ഒക്കൂ.
പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച ആളൊന്നുമായിരുന്നില്ല ജോസഫ്. അവരുടെ നാട്ടിലൊന്നും അച്ഛനമ്മമാര്‍ ഇരുപത്തിരണ്ടു വയസ്സ് വരെ കുട്ടികളെ കാശ് കൊടുത്തു പഠിപ്പിക്കുന്ന രീതിയില്ല. അദ്ദേഹത്തിന്റെ പിതാവ് സ്വീഡനിലെ വിദേശകാര്യ സര്‍വീസിലാണ്. അച്ഛന് തുര്‍ക്കിയിലെ അംബാസഡര്‍ ആയിരിക്കുന്ന കാലത്താണ് മകന് ഉരുളക്കിഴങ്ങ് വിറ്റും ഫാംഹൗസില്‍ താമസിച്ചും അവധിക്കാലം ചെലവഴിച്ചത്.
പാശ്ചാത്യരാജ്യങ്ങളില്‍ ഇത് സര്‍വസാധാരണമാണ്. പ്രസിഡന്റായിരുന്ന ഒബാമയുടെ മകള്‍ പോലും ഹോട്ടലില്‍ ജോലിക്കു നിന്ന കാര്യം വാര്‍ത്തയായിരുന്നു. എന്നാല്‍ നമ്മുടെ നാട്ടിലെ സമ്പന്നകുടുംബങ്ങള്‍ പോയിട്ട് ലോവര്‍ മിഡില്‍ ക്ലാസ്സ് കുടുംബങ്ങള്‍ക്ക് പോലും കുട്ടികളെ പഠനകാലത്ത് ജോലിക്കയക്കുന്ന സമ്പ്രദായം പണ്ടേയില്ല. ഇപ്പോഴത്തെ കുട്ടികള്‍ കുറച്ചൊക്കെ ഇവന്റ് മാനേജ്മെന്റിന്റെ കൂടെയും കാറ്ററിംഗ് സര്‍വീസിന്റെ കൂടെയുമൊക്കെ ജോലിക്ക് പോകുന്നത് സ്വാഗതാര്‍ഹമാണ്.
പഠനകാലത്ത് ഏതെങ്കിലും ജോലിക്കു പോകുന്നതുകൊണ്ട് പല ഗുണങ്ങളുണ്ട്.
1. ഏതെങ്കിലുമൊരു തൊഴില്‍ പഠിക്കുന്നു.
2. അല്പം പണമൊക്കെ സമ്പാദിക്കുന്നതിനാല്‍ വീട്ടില്‍ കുറച്ചു വിലയും കൂടുതല്‍ സ്വാതന്ത്ര്യവും ഉണ്ടാകുന്നു.
3. പണമുണ്ടാക്കാനുള്ള ബുദ്ധിമുട്ട് സ്വയമറിയുന്നു. ഒരു വൈകുന്നേരം കൂട്ടുകാരുമായി സിനിമക്ക് പോകാനും ഭക്ഷണം കഴിക്കാനും ആയിരം രൂപ ചെലവാക്കുന്ന നമ്മുടെ കുട്ടികള്‍, ആയിരം രൂപ സമ്പാദിക്കണമെങ്കില്‍ മൂന്നുദിവസം ഹോട്ടലില്‍ പാത്രം കഴുകണമെന്ന് അറിയുന്നത് ഒരു നല്ല കാര്യമാണ്.
4. സമൂഹത്തിലെ താഴേക്കിടയിലുള്ളവരെ മേലെയുള്ളവര്‍ എങ്ങനെ കാണുന്നുവെന്നും അവരോട് എങ്ങനെ പെരുമാറുന്നുവെന്നും മനസിലാക്കുന്നു.
5. കുടുംബത്തിലെ സുരക്ഷിതമായ സാഹചര്യത്തില്‍ നിന്നു മാറി ആരും ഗോഡ്ഫാദര് ഇല്ലാത്തതും പൊളിറ്റിക്സുമൊക്കെയുള്ള തൊഴില്‍ സ്ഥലത്ത് എത്തിപ്പെടുമ്പോള്‍ പില്ക്കാല തൊഴില്ജീവിതത്തെപ്പറ്റി ഒരു ധാരണ കിട്ടുന്നു.
6. മറ്റുള്ളവരുമായി ഇടപഴകാനും മറ്റു ഭാഷകള്‍ പഠിക്കാനും അവസരമുണ്ടാകുന്നു (കേരളത്തിലെ മിക്കവാറും ഹോട്ടലിലും ഇപ്പോള്‍ ബംഗാളി അറിയാതെ പിടിച്ചു നില്ക്കാന് പറ്റില്ല).
പഠനകാലത്തെ ജോലി എന്ന ഏര്‍പ്പാട് എളുപ്പത്തില്‍ നടപ്പിലാക്കാന്‍ ഇന്ത്യയില്‍ ഏറ്റവും പറ്റിയ സ്ഥലമാണ് കേരളം. കാരണം, മുപ്പത് ലക്ഷത്തോളം മറുനാട്ടുകാര്‍ ഇവിടെ ജോലിചെയ്യുന്നു. അപ്പോള്‍ അതിനുമാത്രം ജോലികള്‍ നമുക്ക് ചുറ്റുമുണ്ട്. അതിലേറിയ പങ്കും വലിയ വൈദഗ്ദ്ധ്യമൊന്നും വേണ്ടാത്ത, താല്ക്കാലികമായ, പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒരു പരിശീലനവും കൂടാതെ ചെയ്യാവുന്നതാണ്. നമ്മുടെ സംസ്ഥാനത്തേക്കുള്ള അന്യനാട്ടുകാരുടെ വേലിയേറ്റം തടയാനും ഇതുകൊണ്ട് സാധിക്കും. എല്ലാ തൊഴിലുകളിലും മാന്യത കണ്ടെത്താനും, ആത്മവിശ്വാസവും സ്വാതന്ത്രചിന്താഗതിയും വര്‍ദ്ധിക്കാനും ഇതുപകാരപ്പെടും, തീര്‍ച്ച.
മുരളി തുമ്മാരുകുടിയുടെ 'എന്തു പഠിക്കണം എങ്ങനെ തൊഴില്‍ നേടാം' വാങ്ങാന്‍ ക്ലിക്ക് ചെയ്യുക
ഇത്രയൊക്കെ പറയുന്നുണ്ടെങ്കിലും കാര്യങ്ങളുടെ പോക്ക് ഇങ്ങനെയൊന്നുമല്ല. കുട്ടികളെ ആവശ്യത്തില്‍ കൂടുതല്‍ സംരക്ഷിച്ചും ലാളിച്ചുമാണ് മാതാപിതാക്കള്‍ ഇപ്പോള്‍ വളര്‍ത്തുന്നത്. ഞാനൊക്കെ പഠിക്കുന്ന കാലത്ത് എഞ്ചിനീയറിങിന്റ പഠനത്തിനിടയില്‍ രണ്ടോമൂന്നോ മാസം തൊഴില്‍ പരിശീലനം അത്യാവശ്യമായിരുന്നു. ഇടമലയാര്‍ അണക്കെട്ടു പണിയുന്നതിനിടയില്‍ നദിയിലെ ഹൈഡ്രോഗ്രാഫിക്ക് സര്‍വേ നടത്താനാണ് ഞാനും മാത്യു ജോര്‍ജ്ജും ജലിനും പോയത്. അഞ്ചു മാസം ട്രെയിനിങ് ഉണ്ടായിരുന്നു. ഏറെ എന്‍ജിനീയര്‍മാരെ പരിചയപ്പെട്ടെങ്കിലും ഇലക്ട്രിസിറ്റി ബോര്‍ഡിലെ ഒരു മജീദ് സാറിനെ മാത്രമേ ഓര്‍ക്കുന്നുള്ളൂ. ഇപ്പോള്‍ അദ്ദേഹം റിട്ടയര്‍ ആയിക്കാണും. ഇന്ന് നാട്ടില്‍ എന്‍ജിനീയറിങ് കോളേജുകള്‍ പതിന്മടങ്ങായപ്പോള് ട്രെയിനിങ് ഒക്കെ എങ്ങനെയുണ്ടെന്നു ഞാന്‍ എന്റെയൊരു സുഹൃത്തിനോട് ചോദിച്ചു.
'അതൊന്നും ഇപ്പോള്‍ പഴയതു പോലെ ഒരു ബുദ്ധിമുട്ടല്ല, എന്റെ മോള്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ്ങിന്റെ സര്‍ട്ടിഫിക്കറ്റ് എളുപ്പത്തില്‍ കിട്ടി'- അദ്ദേഹം പറഞ്ഞു. സിവില്‍ എന്‍ജിനീയറിംഗ് ബിരുദത്തിന് പഠിക്കുകയാണ് മകള്‍.
'എവിടെയാണ് മോള് ഇന്റേണ്‍ഷിപ്പിന് പോയത്? എന്തായിരുന്നു പ്രോജക്ട്?'
'ഓ, ഒരു സ്ഥലത്തും പോയില്ല. കൊച്ചിയിലെ ഒരു കമ്പനിയാണ്. അവര്‍ക്ക് കേരളത്തിന് പുറത്തും പ്രോജക്ട് ഒക്കെയുണ്ട്. ഒരാള്‍ക്ക് അയ്യായിരം രൂപവെച്ച് വാങ്ങിയാലെന്താ, ഒരു മാസത്തെ സര്‍ട്ടിഫിക്കറ്റ് കിട്ടി. ഹൈദരാബാദിലാണ് പ്രോജക്ട് ചെയ്തതെന്ന് കാണിച്ച്. ഈ പെണ്പിള്ളേരെ പുറത്തു വിടുന്നതൊക്കെ ബുദ്ധിമുട്ടല്ലേ സാറേ.'
എന്തൊരു കഷ്ടം. കുട്ടിക്ക് സിവില്‍ എന്‍ജിനീയറിംഗില്‍ പരിശീലനം കിട്ടിയില്ലെന്നു മാത്രമല്ല, തട്ടിപ്പിന് പരിശീലനം കിട്ടുകയും ചെയ്തു. ഇങ്ങനെയുള്ള കുട്ടികളാണ് പുറത്തിറങ്ങുമ്പോള്‍ അണ്എംപ്ലോയബിള് എന്നുപറഞ്ഞ് തഴയപ്പെടുന്നത്.
പഠിക്കുന്നത് എന്ജിനീയറിംഗോ മറ്റേതു ബിരുദമോ ആകട്ടെ, ഓരോ വര്‍ഷവും മൂന്നുമാസം പലതരം സ്ഥാപങ്ങളില്‍ ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമാക്കണം. അതും പറ്റിയാല്‍ കേരളത്തിന് പുറത്ത്. ഇതിന് പല ഗുണങ്ങളുണ്ട്.
1. കോളേജിനു പുറത്ത് മറ്റുള്ള തൊഴിലിടങ്ങളെപ്പറ്റി മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കും.
2. പലതരം തൊഴിലിടങ്ങളില്‍ പരിശീലനം കിട്ടിക്കഴിയുമ്പോള്‍ സ്വന്തം കഴിവും താല്പര്യവുമൊക്കെ ഏതു മേഖലയുമായിട്ടാണ് കൂടുതല്‍ ബന്ധപ്പെട്ടുകിടക്കുന്നതെന്ന് സ്വയം മനസ്സിലാകും.
3. വ്യക്തിബന്ധങ്ങള്‍ ഉണ്ടാക്കാന്‍ പഠിക്കും.
4. പല രാജ്യങ്ങളിലും കുട്ടികള്‍ക്ക് ജോലികിട്ടുന്നത് അവര്‍ ഇന്റേണ്‍ഷിപ്പ് ചെയ്ത സ്ഥലത്തുനിന്നാണ്.
ഈ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നത് വന്‍സ്ഥാപനങ്ങളില്‍ തന്നെ ആയിക്കൊള്ളണമെന്നില്ല. നമ്മുടെ കുടുംബശ്രീ പദ്ധതികളിലോ സന്നദ്ധസംഘടനകളിലോ ആകാം. ഗള്‍ഫിലുളളവര്‍ അവരുടെ കുട്ടികളെ പറ്റിയാല്‍ യൂറോപ്പില്‍ വിടാന്‍ നോക്കണം, നാട്ടിലുള്ളവര്‍ ഏതെങ്കിലും ഗള്‍ഫുകാരെ മണിയടിച്ച് അങ്ങോട്ടും.
ഓരോ വര്‍ഷവും നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് സ്വിറ്റ്സര്‍ലാന്‍ഡിലും ജര്‍മ്മനിയിലുമൊക്കെ യുണിവേഴ്സിറ്റികളിലും പുറത്തുമായി ഇന്റേണ്‍ഷിപ്പിന് എത്തുന്നത്. അതില്‍ കേരളത്തില്‍നിന്നുള്ള മലയാളിക്കുട്ടികളെ കാണാനേയില്ല. ഈ സ്ഥിതി മാറണം. കോളേജില്‍നിന്ന് ഒരുവര്‍ഷം ലീവെടുത്തിട്ടാണെങ്കിലും ഗള്‍ഫിലോ യൂറോപ്പിലോ ഒക്കെ ആറുമാസം ഇന്റേണ്‍ഷിപ്പ് ചെയ്താല്‍ കുട്ടികള്‍ക്കുണ്ടാകുന്ന ആത്മവിശ്വാസം എത്ര ബൂസ്റ്റ് കലക്കിക്കൊടുത്താലും ഉണ്ടാകില്ല. ജോലിക്ക് കയറി ആറ് മാസത്തിനകം കുട്ടികള്‍ നിരാശരാവുന്നത് ഒരു ജോലി കിട്ടുന്നതിന് മുന്‍പ് പണത്തെപ്പറ്റിയോ തൊഴിലിടങ്ങളെപ്പറ്റിയോ ഒന്നും അവര്‍ക്ക് വേണ്ടത്ര മുന്‍ ധാരണയില്ലാത്തതിനാലാണ്. ഓരോ അവധിക്കാലത്തും, 'ഹോസ്റ്റല്‍ ഭക്ഷണം കഴിച്ചു കഷ്ടപ്പെടുന്ന' മക്കളെ ഏറ്റവും വേഗത്തില്‍ വീട്ടിലെത്തിച്ച് സ്നേഹപൂര്‍വ്വം ഭക്ഷണമുണ്ടാക്കി കൊടുക്കുന്ന മാതാപിതാക്കള്‍, മക്കള്‍ കാവിലെ പാട്ട് മത്സരത്തില്‍ തോറ്റുതൊപ്പിയിട്ടു വരുമ്പോള്‍ അന്തംവിടരുത്.
ഒരുകാര്യം കൂടി പറഞ്ഞ് ഈ ലേഖനം അവസാനിപ്പിക്കാം. ഇതിനെപ്പറ്റി മുന്‍പ് പറഞ്ഞിട്ടുള്ളതാണെങ്കിലും പുതിയതായി വന്നവര്‍ക്ക് വേണ്ടി ആവര്‍ത്തിക്കുന്നു.
നിങ്ങള്‍ ബയോഡേറ്റ തയ്യാറാക്കുമ്പോള്‍ അച്ഛന്റെയും അമ്മയുടെയും പേരും ജാതിയുമൊന്നും വെക്കരുതെന്ന് പറഞ്ഞല്ലോ. അതേസമയം ആളുകള്‍ ശ്രദ്ധിക്കുന്ന ഒന്നുണ്ട്, നിങ്ങള്‍ എവിടെയെങ്കിലും സന്നദ്ധസേവനം നടത്തിയിട്ടുണ്ടോ എന്നത്. നമ്മുടെ നാട്ടില്‍ സന്നദ്ധസേവനത്തിന് കുട്ടികളെ തയ്യാറാക്കുന്ന ഒരു സംവിധാനം ഇപ്പോഴില്ല, ഈ സ്ഥിതിവിശേഷം മാറണം.
വികസിത രാജ്യങ്ങളില്‍ ചെറുപ്പം തൊട്ടേ സാമൂഹ്യസേവനത്തിനായി സന്നദ്ധസേവനം ചെയ്യുന്നത് പഠനപ്രക്രിയയുടെ ഭാഗമാണ്. കാനഡയില്‍ ആറാംക്ലാസില്‍ പഠിക്കുന്ന എന്റെ സുഹൃത്തിന്റെ മകള്‍ ആഴ്ചയില്‍ ഒരു ദിവസം അവിടുത്തെ കൃഷിയിടത്തില്‍ പോയി ചെറിയ പണിയെല്ലാം ചെയ്ത് പത്തോ ഇരുപതോ ഡോളര്‍ ഉണ്ടാക്കി സന്നദ്ധസംഘടനകള്‍ക്ക് സംഭാവന ചെയ്യുന്നു. അവളുടെ അച്ഛന് വേണമെങ്കില്‍ ഇരുന്നൂറു രൂപ കൊടുക്കാനുള്ള കഴിവുണ്ട്. പക്ഷെ, അധ്വാനത്തിന്റേയും അധ്വാനിച്ചുണ്ടാക്കുന്നത് സമൂഹത്തിനുവേണ്ടി ചെലവാക്കുന്നതിന്റേയും വില അപ്പോള്‍ മകള്‍ക്ക് മനസ്സിലാകില്ലല്ലോ.
പാശ്ചാത്യരാജ്യങ്ങളിലെ അനവധി സര്‍വകലാശാലകളില്‍ ബിരുദപഠനത്തിനിടക്ക് ഒരു വര്‍ഷം അവധിയെടുത്ത് മറ്റു രാജ്യങ്ങളില്‍ സന്നദ്ധസേവനത്തിന് പോകുന്നത് പതിവാണെന്ന് മാത്രമല്ല പ്രോത്സാഹിപ്പിക്കപ്പെടുന്നതും ആണ്. എന്റെ സഹപ്രവര്‍ത്തകനായിരുന്ന ഡേവിഡ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലാണ് പഠിച്ചത്. അതിനിടക്ക് ഒരു വര്‍ഷം അവധിയെടുത്ത് കെനിയയിലെ ഏറ്റവും വലിയ ചേരിയായ കിബേരയില് അവിടുത്തെ ഒരു കുടുംബത്തോടൊപ്പം താമസിച്ച് ചേരിയിലെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിച്ചു. ഇതിന്റെ ഗുണം കുട്ടികള്‍ക്ക് മാത്രമല്ല, ആ അനുഭവം ഡേവിഡിന്റെ കാഴ്ചപ്പാടുകളെയും മാറ്റിമറിച്ചു.
സന്നദ്ധസേവനം എന്നത് പക്ഷെ ചെറുപ്പക്കാരുടെ മാത്രം കുത്തകയാണെന്നു കരുതേണ്ട. ആളുകള്‍ പ്രായമാവുകയും അവരുടെ അറിവും പണവും വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ അതൊക്കെ സമൂഹത്തിനുവേണ്ടി ചെലവാക്കണമെന്നു പലര്‍ക്കും ആഗ്രഹമുണ്ടാകും. കൂടുതല്‍ പേരും അവരുടെ സമയം സമൂഹത്തിനുവേണ്ടി നല്കാന് തയ്യാറാണ്. ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണത്തിനായി ഞാന്‍ നയിക്കുന്ന സംഘങ്ങളില്‍ പലപ്പോഴും അംഗങ്ങളായി വരുന്നത് അവരുടെ കര്‍മ്മമണ്ഡലങ്ങളില്‍ ഇരുപതും മുപ്പതും വര്‍ഷം പരിചയമുള്ള, ഒരു ദിവസം അയ്യായിരവും പതിനായിരവും ഡോളര്‍ ഫീസ് കിട്ടുന്നവരാണ്. പക്ഷെ, ഐക്യരാഷ്ട്രസഭക്കുവേണ്ടി കേവലം ഒരു ഡോളറിന്റെ കോണ്‍ട്രാക്ടിനാണ് അവര്‍ വരുന്നത് (ഇതൊരു സങ്കേതിക ആവശ്യമാണ്).
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സന്നദ്ധസേവകരുടെ കഴിവും പരിചയവും ഉപയോഗിക്കാന്‍ വേണ്ടിത്തന്നെ ഒരു ഐക്യരാഷ്ട്ര സന്നദ്ധസേവക സംഘടന (United Nation
Volunteer, https://www.unv.org) ഉണ്ട്. നിങ്ങള്‍ ഏതു കര്‍മ്മരംഗത്ത് ആണെങ്കിലും UNV ആയി ലോകത്തെ സേവിക്കാം. യൂറോപ്യന്‍ യൂണിയന്റെ പുതിയ സപ്തവത്സര പദ്ധതിയില്‍ സന്നദ്ധസേവകരെ പരിശീലിപ്പിക്കാനും, ഉപയോഗിക്കാനും ഒക്കെയായി ശതകോടികളുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിന് ശേഷം ജനിച്ച് ഇപ്പോള്‍ പ്രായപൂര്‍ത്തിയാകുന്ന തലമുറയെ 'മിലേനിയല്‍സ്' എന്നാണ് വിളിക്കുന്നത്. കാര്യങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാനുള്ള കഴിവും, സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ വലിയ ആഗ്രഹവുമുള്ളവരാണിവര് എന്നാണ് ലോകമെമ്പാടുമുള്ള ട്രെന്‍ഡ് സൂചിപ്പിക്കുന്നത്.
പക്ഷെ അതിനുള്ള സാമൂഹ്യ സാഹചര്യം ഒരുക്കുന്നതില്‍ കേരളത്തില്‍ നമ്മള് പരാജയപ്പെട്ടിരിക്കയാണ്. അവര്‍ സ്മാര്‍ട്ട്ഫോണിലൂടെ കാണുന്ന വിശാലമായ ലോകവും, തൊട്ടടുത്തു കാണുന്ന 'സദാചാര പോലീസുകാരുടെയും തോണ്ടലുകാരുടെയും' ലോകവും തമ്മില്‍ ഒരു ബന്ധവുമില്ല. അതേസമയം, ചുറ്റുമുള്ള ലോകം മാറ്റാന്‍ ശ്രമിക്കാതെ അവരെ വീട്ടില്‍ സംരക്ഷിച്ചു നിര്‍ത്താനാണ് ഞങ്ങളുടെ തലമുറ (മിലേനിയല്‍സിന്റെ മാതാപിതാക്കള്‍) നോക്കുന്നത്.
സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ കഴിവുള്ള, അധികാര സ്ഥാനങ്ങളിലുള്ളവരാകട്ടെ മിലേനിയല്‍സിനും രണ്ടു തലമുറ മുന്നിലുള്ളവരാണ്. പുതിയ തലമുറയുടെ ചിന്തയും ആഗ്രഹവും തമ്മില്‍ കണക്റ്റ് ചെയ്യാന്‍ അവര്‍ക്ക് പറ്റുന്നതേയില്ല. ഇത് കഷ്ടമാണ്, സമൂഹത്തിന് ഗുണകരമായ രീതിയില്‍ അവരുടെ കഴിവും താല്പര്യവും ഉപയോഗിക്കാന്‍ പറ്റിയില്ലെങ്കില്‍ നഷ്ടം സമൂഹത്തിന് മൊത്തമാണ്. അങ്ങനെ ചെയ്യാന്‍ പറ്റാത്തത് സമൂഹത്തിന്റെ പരാജയമാണ്. അങ്ങനെ ചെയ്യാന്‍ പറ്റാതിരിക്കുമ്പോഴാണ് അവര്‍ നാട് കടന്ന് പോകുന്നതും അവരുടെ ഊര്‍ജ്ജം മദ്യത്തിലേക്കും മറ്റു പലതിലേക്കും മാറിപ്പോകുന്നതും. നമ്മുടെ നാട് പിന്നോട്ട് പോകാന്‍ തുടങ്ങുന്നത് അങ്ങനെയാണ്.
ഇതെളുപ്പത്തില്‍ മാറ്റാവുന്നതേയുള്ളൂ. കേരള സര്‍ക്കാരും ഒരു സന്നദ്ധസേവന നയം കൊണ്ടുവരണം. വേണമെങ്കില്‍ ഐക്യരാഷ്ട്രസഭയുടെ പോലെ ഒരു സന്നദ്ധസേവന സംഘടന പോലും ചിന്തിക്കാവുന്നതാണ്. ഓരോ പഞ്ചായത്തിലും ഓരോ ക്ലിയറിംഗ് ഹൌസ് ഉണ്ടാക്കാം. അവരുടെ ആവശ്യങ്ങള്‍ (സേവനമായും വസ്തുക്കളായും) സംഭരിക്കുക, അവ ക്രോഡീകരിച്ച് വെബ്സൈറ്റില്‍ ഇടുക. അതുപോലെതന്നെ നമ്മുടെ കോളേജുകളിലെ എന്‍എസ്എസ്, ഐടി കമ്പനികള്‍, മറ്റു സ്ഥാപനങ്ങള്‍ ഇവയൊക്കെ കേന്ദ്രീകരിച്ച് സന്നദ്ധസേവനത്തിന് താല്പര്യമുള്ളവരുടെ വിവരം ശേഖരിക്കുക. ഇത് ആഴ്ചയില്‍ ഒരു മണിക്കൂര്‍ മുതല്‍ ഒരു വര്‍ഷം മുഴുവന്‍ സമയം വരെയാകാം.
ഈ ചെയ്യുന്ന സന്നദ്ധ സേവനത്തിന് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കാം. നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ യുവാക്കളെ സംഘടിപ്പിക്കുന്ന രാഷ്ട്രീയകഷികളും കൂടി ഇതിലൊരു താല്പര്യമെടുത്താല് അടുത്ത അഞ്ചുവര്‍ഷത്തിനകം കേരളം സന്നദ്ധ സേവന രംഗത്തെ ലോകമാതൃക തന്നെയാകും എന്നതില്‍ സംശയം വേണ്ട (കോഴിക്കോട് ഇങ്ങനെ ഒരു പദ്ധതി ഉള്ളതായി അറിയാം (http://compassionatekozhikode.in). ഇത് കേരളത്തില്‍ മൊത്തമാകണം. ഇരുപത് വയസ്സുള്ള ഒരു കുട്ടിയും 2025 ആകുമ്പോള്‍ സന്നദ്ധസേവനം ചെയ്യാത്തവരായി ഉണ്ടാകരുത് എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.
പക്ഷെ ഞാന്‍ എപ്പോഴും പറയുന്നതു പോലെ സമൂഹം മാറുകയോ മാറാതിരിക്കുകയോ ചെയ്യട്ടെ, നമ്മുടെ കുട്ടികളുടെ കാര്യത്തില്‍ നമുക്ക് ഉത്തരവാദിത്വവും സാധ്യതകളും ഉണ്ടല്ലോ. അതുകൊണ്ട് അവര്‍ക്ക് ഇന്റേണ്‍ഷിപ്പോ, സന്നദ്ധ സേവനമോ, നാല് കാശ് കിട്ടുന്ന പണിയോ ചെയ്യാന്‍ അവസരമുണ്ടാക്കിക്കൊടുക്കണം. അവരായിട്ട് ഒരവസരം കണ്ടുപിടിച്ചാല്‍ ഒരിക്കലും പിന്നോട്ട് വലിക്കുകയുമരുത്.
ഈ പരമ്പരയുടെ മുന്‍ലക്കങ്ങള്‍
1. അതിരുകളില്ലാത്ത ലോകം, മതിലുകളുയരുന്ന ലോകം
2. ചാട്ടത്തിലെങ്ങാനും പിഴച്ചുപോയാല്‍
3. മൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റര്‍
4. ഈ കുട്ടിക്ക് ഒരു ജീവിതം കൊടുക്കൂ....
5. ഈ എന്‍ജിനീയര്‍മാര്‍ക്കെന്താ കൊമ്പുണ്ടോ?
6. വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍
7. ഞങ്ങള്‍ വക്കീലന്മാരെന്താ മോശാ?
8. എന്തുവന്നാലും നാടകക്കമ്പനി തുടങ്ങരുത്
9. നേഴ്സിങ്ങിന്റെ സാധ്യതകള്‍ അവസാനിക്കുന്നില്ല
11. ഇംഗ്ലീഷ് ഒരു ഭാഷയാണ്, ബുദ്ധിയുടെ അളവുകോലല്ല, പക്ഷേ
12. തപാല്‍ വഴി നീന്തല്‍ പഠിക്കാമോ
13. മുടിവെട്ടും ഇറച്ചിവെട്ടും....! യൂറോപ്പിലെ തൊഴില്‍ സാദ്ധ്യതകള്‍
14. ബുദ്ധിയുള്ളവരെ ഉദ്ധരിക്കുന്നത് ബുദ്ധിയില്ലാത്തവര്‍
15. ബയോഡേറ്റയെ ആര്‍ക്കാണ് പേടി
16. വിദ്യാധനവും വിദേശത്തെ പഠനവും
17. തോറ്റ എന്‍ജിനീയര്‍മാരുടെ ഭാവി
18. വിദേശജീവിതവും രണ്ടാമത്തെ പാസ്പോര്‍ട്ടും
19. കണ്‍സള്‍ട്ടന്റാകാം, നാട്ടിലിരുന്ന് ഡോളര്‍ വാങ്ങാം
20. തൊഴില്‍ കമ്പോളത്തിലെ രണ്ടാമൂഴം
21. രാഷ്ട്രീയം ഒരു നല്ല തൊഴിലാണോ?
22. പിഎച്ച്ഡി യില്‍ നിന്നും പിഡിഎഫിലേക്ക്
23. ഇന്റര്‍വ്യൂവിന് തയ്യാറെടുക്കുമ്പോള്‍