എന്റെ ലേഖനങ്ങളില്‍ ഞാന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെയും അടച്ചാക്ഷേപിക്കാത്തതുകൊണ്ടും, രാഷ്ട്രീയ സ്പെക്ട്രത്തിന്റെ രണ്ടു വശങ്ങളുള്ള വ്യക്തികളിലും പ്രസ്ഥാനങ്ങളിലും നന്മ കാണുന്നതുകൊണ്ടും (അതിനെപ്പറ്റി പരസ്യമായി പറയുന്നതുകൊണ്ടും), ഞാനൊരു അരാഷ്ട്രീയവാദിയാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്തിന്, ഡീസന്റായി രാഷ്ട്രീയമൊക്കെ കളിച്ചുനടക്കേണ്ട പുതിയ തലമുറയെ ഞാന്‍ തെറ്റിദ്ധരിപ്പിച്ച് അരാഷ്ട്രീയരാക്കുകയാണെന്നു വരെ ചിന്തിക്കുന്നവരുണ്ട്.
ഇതൊന്നും സത്യമല്ല. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം തൊട്ടേ രാഷ്ട്രീയമുണ്ടായിരുന്ന ആളാണ് ഞാന്‍. സ്കൂളിലും കോളേജിലും രാഷ്ട്രീയം വേണമെന്ന് ആഗ്രഹമുള്ള ആളുമാണ്. സമ്പത്തും സാങ്കേതികവിദ്യയും അല്ല, രാഷ്ട്രീയമാണ് ലോകത്തെ നിയന്ത്രിക്കുന്നതെന്ന് എനിക്കറിയാം. എന്റെ തൊഴിലിന്റെ ഭാഗമായി ഡസന്‍ കണക്കിന് രാജ്യങ്ങളില്‍ നൂറുകണക്കിന് രാഷ്ട്രീയക്കാരെ കാണാനും പരിചയപ്പെടാനും അവരോട് സംസാരിക്കാനും അവരോടൊപ്പം പ്രവര്‍ത്തിക്കാനും അവസരം ലഭിക്കുന്ന ഒരാളാണ് ഞാന്‍.
ഇതില്‍ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍ മുതല്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ വരെയുണ്ട്. അധികാരരാഷ്ട്രീയത്തിന് പുറത്തുള്ളവര്‍ വേറെയും. കേരളത്തിലെ രണ്ടു മുന്നണികളിലെയും പഞ്ചായത്ത് മെമ്പര്‍മാര്‍ തൊട്ടു മുഖ്യമന്ത്രിമാരെ വരെ ഞാന്‍ പരിചയപ്പെട്ടിട്ടും, സംസാരിച്ചിട്ടും, പലരോടും ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ഇതില്‍നിന്നൊക്കെ മനസ്സിലാക്കിയ ചില കാര്യങ്ങള്‍ ആദ്യമേ പറയാം.
1. രാഷ്ട്രീയത്തില്‍ സ്ഥിരമായി നില്ക്കുന്ന ബഹുഭൂരിപക്ഷം ആളുകളുടെയും ലക്ഷ്യം പൊതുജനനന്മ തന്നെയാണ്. അധികാരമാണ് അവരെ മോഹിപ്പിക്കുന്നത് എന്നത് ചില സിനിമകളൊക്കെ നമുക്ക് ഉണ്ടാക്കിത്തരുന്ന തെറ്റായ സന്ദേശമാണ്. രാജന് പി. ദേവിന്റെയും സോമന്റെയും ഒക്കെ കഥാപാത്രങ്ങളെപ്പോലെയാണ് ഒറിജിനല്‍ രാഷ്ട്രീയക്കാര്‍ എന്ന് ചിന്തിക്കുന്നത്, കവിയൂര്‍ പൊന്നമ്മയുടെ അമ്മ കഥാപാത്രങ്ങളെപ്പോലെ സ്നേഹമയിയാണ് എല്ലാ അമ്മമാരുമെന്ന് ചിന്തിക്കുന്നതു പോലെതന്നെ മണ്ടത്തരമാണ്.
2. ആളുകളോട് സംവദിക്കാനും, അവരോട് തന്മയീഭാവം പ്രകടിപ്പിക്കാനും, ഓരോ സാഹചര്യത്തിലും വിഷയങ്ങളെ അതിന്റെ ഗൗരവമനുസരിച്ച് തരംതിരിക്കാനും, എത്ര കീറാമുട്ടിയായ പ്രശ്നത്തിനും ചര്‍ച്ചയിലൂടെ ഒരു പരിഹാരം കാണാനും, വിട്ടുവീഴ്ച ചെയ്യാനും, അങ്ങനെ ചെയ്യുന്നത് ആളുകളെ പറഞ്ഞു മനസ്സിലാക്കാനും ഒക്കെയുള്ള കഴിവ് രാഷ്ട്രീയക്കാരെപ്പോലെ മറ്റാര്‍ക്കുമില്ല. പ്രൊഫഷണല്‍ നയതന്ത്രജ്ഞരൊക്കെ രാഷ്ട്രീയക്കാരുടെ നയതന്ത്രത്തിനു മുന്നില്‍ ഒന്നുമല്ല.
3. അച്ഛനമ്മമാരുടെ ശീതളച്ഛായയില്‍ നേതൃത്വത്തിലെത്തിയവര്‍ ഒഴിച്ച് രാഷ്ട്രീയത്തിലെത്തുന്ന, നിലനില്‍ക്കുന്ന, മിടുക്കരെല്ലാം പൊതുവെ കഠിനാധ്വാനികളാണ്. രാഷ്ട്രീയത്തിന് പുറത്ത് ഏത് രംഗത്തായിരുന്നുവെങ്കിലും മുന്‍പന്തിയില്‍ എത്താനുള്ള കഴിവുള്ളവരുമാണ്.
4. ലോകത്തെവിടെയും രാഷ്ട്രീയം ഒരു 'താങ്ക് ലെസ്സ്' ജോബാണ്. അധികാരത്തിന്റെ ഉയര്‍ന്ന ശ്രേണിയിലെത്തുന്ന ചിലര്‍ക്കൊഴിച്ച് മിക്കവാറും പേര്‍ക്ക് ഇതുകൊണ്ട് വലിയ വരവോ സ്ഥാനമോ അംഗീകാരമോ ഒന്നും കിട്ടുന്നില്ല. അതേസമയം ചീത്തപ്പേര് ആവോളം കിട്ടുന്നുണ്ട് താനും. ലോകത്തെവിടെയും ഏറ്റവും 'വിശ്വസനീയമല്ലാത്ത'വരുടെ പേര് ചോദിച്ചാല്‍ ആദ്യത്തെ അഞ്ചില്‍ വരും രാഷ്ട്രീയക്കാര്‍.
ഇങ്ങനെയൊക്കെ ആയിരിക്കെ രാഷ്ട്രീയം ഒരു തൊഴിലായി സ്വീകരിക്കുന്നത് റിസ്ക്കാണോ? എന്താണ് രാഷ്ട്രീയക്കാരുടെ ആഗോള സാധ്യതകള്‍?
മുരളി തുമ്മാരുകുടിയുടെ 'എന്തു പഠിക്കണം എങ്ങനെ തൊഴില്‍ നേടാം' വാങ്ങാന്‍ ക്ലിക്ക് ചെയ്യുക
കേരളത്തില്‍ ആയിരം പേര്‍ക്കെങ്കിലും മാന്യമായ തൊഴിലവസരമില്ലാത്ത ഒരു പ്രൊഫഷനും കരിയര്‍ ആയി സ്വീകരിക്കുന്നത് റിസ്ക് ആണെന്ന് ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ടല്ലോ. ആ മാനദണ്ഡം വച്ച് നോക്കിയാല്‍ കേരളത്തില്‍ രാഷ്ട്രീയം ഒരു പ്രൊഫഷനായി സ്വീകരിക്കുന്നത് റിസ്ക് തന്നെയാണ്. സ്ത്രീകളുടെ കാര്യത്തില്‍ ഇത് കൂടുതല്‍ ശരിയാണ്. നമ്മുടെ ജനസംഖ്യയിലും കോളേജുകളിലും സര്ക്കാരുദ്യോഗത്തിലുമൊക്കെ അന്‍പത് ശതമാനത്തിന്റ മുകളില്‍ സ്ത്രീകള്‍ ഉള്ളപ്പോള്‍, പാര്‍ലമെന്റ് അംഗമായിട്ടും എംഎല്‍എ ആയിട്ടും നമുക്ക് പത്തു ശതമാനം സ്ത്രീകള്‍ പോലുമില്ല.
അതേസമയം ഇന്ത്യയില്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു എന്നത് ഇന്ത്യക്ക് പുറത്ത് രാഷ്ട്രീയത്തിലോ മറ്റു തൊഴില്‍ രംഗത്തോ ഒരു യോഗ്യതയേ ആകുന്നുമില്ല, അപ്പോള്‍ മറ്റുള്ള തൊഴിലുകള്‍ പോലെ ഇതിന് വലിയ എക്സ്പോര്‍ട്ട് സാധ്യതയില്ല.
പ്രധാനമായും മൂന്ന് ബുദ്ധിമുട്ടുകളാണ് രാഷ്ട്രീയം തൊഴിലാക്കുമ്പോള്‍ കേരളത്തിലുള്ളത്.
1. ഉയര്‍ന്നുപോകാനുള്ള അവസരങ്ങളുടെ കുറവ്: രാഷ്ട്രീയത്തിലിറങ്ങി ഇരുപതോളം വര്‍ഷം കഠിനാദ്ധ്വാനം ചെയ്ത ശേഷം ഒരു രാഷ്ട്രീയക്കാരനോ, കാരിയോ ഒരു എംഎല്‍എ എങ്കിലും ആകാനുള്ള അവസരം പ്രതീക്ഷിക്കുന്നത് ഒരു തെറ്റൊന്നുമല്ല. അതേ സമയം കഴിഞ്ഞ മുപ്പത് വര്‍ഷമായി കേരളത്തില്‍ എസ്ഐ തൊട്ട് ഡിജിപി വരെയുള്ളവരുടെ എണ്ണം ഏറെ വര്‍ദ്ധിച്ചിട്ടും എംഎല്‍എമാരുടെ എണ്ണം നൂറ്റിനാല്പതില് തന്നെയാണ്. 45 മില്യണ്‍ വോട്ടര്‍മാരുള്ള യുകെയില്‍ അറുന്നൂറ്റി എഴുപത് എംപി മാരുള്ളപ്പോള്‍, 24 മില്യണ്‍ വോട്ടര്‍മാരുള്ള കേരളത്തില്‍ ഇരുപത് എംപി മാരേ ഒള്ളൂ. അതായത് യുകെയില്‍ രാഷ്ട്രീയത്തിലുള്ളവരുടെ പതിനഞ്ചില്‍ ഒന്ന് അവസരമേ കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് ഉള്ളൂ. കാനഡയിലെ ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ അമ്പത്തിനായിരത്തില്‍ താഴെ വോട്ടര്‍മാരെ ഉള്ളൂ, പക്ഷെ കേരളത്തില്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ പോലും ഒരു ലക്ഷത്തി അന്പത്തിനായിരത്തിനു മുകളില്‍ വോട്ടര്‍മാരുണ്ട്. അപ്പോള്‍ കേരളത്തില്‍ ഒരു എം എല്‍ എ ആവാന്‍ പോലും കാനഡയില്‍ എംപി ആവുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ്.
2. കുറഞ്ഞ വരുമാനം: രാഷ്ട്രീയം എന്ന തൊഴിലിന് പൊതുവെ കൂലിയില്ല. പഞ്ചായത്ത് മെമ്പര്‍മാര്‍, മന്ത്രിമാര്‍ ഏതെങ്കിലും കോര്‍പ്പറേഷന്റെ തലപ്പത്തുള്ളവര്‍ എന്നിവര്‍ക്കൊക്കെയാണ് എന്തെങ്കിലും വരുമാനം കിട്ടുന്നത്. പഞ്ചായത്ത് തൊട്ട് കോര്പ്പറേഷന് വരെയുള്ള സ്ഥാപനങ്ങളിലെ ഒരു ക്ലാര്‍ക്കിന് ലഭിക്കുന്ന വരുമാനം പോലും പഞ്ചായത്തു പ്രസിഡണ്ടിനോ മേയര്‍ക്കോ കിട്ടുന്നില്ല എന്നത് കഷ്ടമാണ്.
3. ജോലിസ്ഥിരതയില്ലായ്മ: ഒരു കരിയര്‍ ആകുമ്പോള്‍ നമുക്കൊരു മിനിമം തൊഴിലുറപ്പെങ്കിലും വേണം. പക്ഷെ കേരളരാഷ്ട്രീയത്തിലുള്ള അപൂര്‍വം പേര്‍ക്ക് ഒഴിച്ച് ഏറിയ പങ്കിനും അറുപത് വര്‍ഷത്തെ പൊതുജീവിതത്തിനിടയില്‍ ഇരുപത് വര്‍ഷം പോലും വരുമാനമുള്ള ഒരു പദവി കിട്ടിയിട്ടുണ്ടാകില്ല.
കാര്യങ്ങളിങ്ങനെയായിരിക്കെ ശരാശരിയോ അതിനു താഴെ നിന്നോ ഉള്ള ഒരു കുടുംബത്തില്‍ നിന്നും രാഷ്ട്രീയത്തിലിറങ്ങി അതൊരു തൊഴില്ജീവിതമായിക്കണ്ട് മുന്നോട്ടുപോകുക എളുപ്പമല്ല. കുടുമ്ബത്തില് പണമുണ്ടാവുക, സ്ഥിരവരുമാനമുള്ളവരെ കല്യാണം കഴിക്കുക, അല്ലെങ്കില്‍ ഏറെ കഷ്ടപ്പെട്ട് ജീവിക്കുക ഇതൊക്കെയാണ് സത്യസന്ധരായ രാഷ്ട്രീയക്കാര്‍ക്ക് പിടിച്ചു നില്‍ക്കാനുള്ള വഴി. പിന്നെയുള്ളത് രാഷ്ട്രീയത്തിലെ അധികാരവും വ്യക്തി ബന്ധങ്ങളും ഉപയോഗിച്ച് കുറച്ച് പണമുണ്ടാക്കുക എന്നതാണ്. ഇത് നിയമവിധേയമോ പ്രൊഫഷണലോ അല്ലാത്തതുകൊണ്ടാണ് എന്റെ മുന്നില്‍ രാഷ്ട്രീയം തൊഴിലായെടുക്കാന് ആഗ്രഹം പ്രകടിപ്പിച്ച് ആരെങ്കിലും വന്നാല്‍ ഞാനവരെ നിരുത്സാഹപ്പെടുത്തുന്നത്.
ഇത് കഷ്ടമാണ്. കാരണം നമ്മുടെ സമൂഹത്തിലെ ഏറ്റവും നല്ല ടാലന്റുകള്‍ എത്തിപ്പറ്റേണ്ട സ്ഥലമാണ് നമ്മുടെ രാഷ്ട്രീയം. നമ്മുടെ ഭാവി തീരുമാനിക്കാന്‍ നിയുക്തരായിരിക്കുന്നതിനാല് അവര്‍ക്കുള്ളത്രയും അവസരം മറ്റാര്‍ക്കുമില്ല. അപ്പോള്‍ മിടുക്കന്മാരെ അവിടെ എത്തിക്കാതിരിക്കുകയും, അവിടെയെത്തുന്നവര്‍ക്ക് വേണ്ടത്ര പ്രോത്സാഹനവും അവസരങ്ങളും വരുമാനവും കൊടുക്കാതിരിക്കുകയും ചെയ്താല്‍ നഷ്ടം വരുന്നത് നമ്മുടെ സമൂഹത്തിന് മൊത്തത്തിലാണ്.
ഇതൊക്കെ മാറണമെങ്കില്‍ ചുരുക്കം ചില പരിഷ്കാരങ്ങളെങ്കിലും നാട്ടില്‍ വരണം.
1. എംഎല്‍എമാരുടെ എണ്ണം വര്‍ധിപ്പിക്കുക. യു കെ യില്‍ ശരാശരി അറുപത്തിയേഴായിരം വോട്ടര്‍മാര്‍ക്ക് ഒരു പാര്‍ലമെന്റ് അംഗമുണ്ട്. അപ്പോള്‍ കേരളത്തില്‍ ശരാശരി അന്‍പതിനായിരം വോട്ടര്‍മാര്‍ക്ക് ഒരു എം എല്‍ എ ഉള്ളത് ഒരു അധികപ്പറ്റല്ല.
2. രാഷ്ട്രീയപദവികളില്‍ വരുമാനം വര്‍ധിപ്പിക്കുക: സിംഗപ്പൂരില്‍ മറ്റു തൊഴിലുകളിലുള്ളവരുടെ ശമ്പളവുമായി ബന്ധിപ്പിച്ചാണ് എം പി മാരുടെ ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. അക്കൗണ്ടന്റിന്റെയും മാനേജര്‍മാരുടെയും ശരാശരി ശമ്പളത്തിന്റെ എണ്‍പത് ശതമാനത്തോളമാണ് എം പി മാരുടെ ശമ്പളം. ഇതേ സംവിധാനം കേരളത്തിലും വരണം. കേരളത്തില്‍ ഇരുപത് വര്‍ഷമെങ്കിലും തൊഴില്‍ പരിചയമുള്ള ഡോക്ടര്‍മാര്‍, ഐടിക്കാര്‍, സെയില്‍സ് മാനേജര്‍മാര്‍, എക്സ്പോര്‍ട്ട് മാനേജര്‍മാര്‍ എന്നിവരുടെ ശമ്പളത്തിന്റെ ശരാശരിയെങ്കിലും വേണം, അവരേക്കാള്‍ പ്രതിഭയും കഠിനാദ്ധ്വാനവും ആവശ്യമുള്ള, സമൂഹത്തിനെ ബാധിക്കുന്ന തീരുമാനങ്ങളെടുക്കുന്ന എം എല്‍ എ മാര്‍ക്ക് കൊടുക്കാന്‍.
3. വരുമാനസ്ഥിരത ഉറപ്പാക്കുക: ഒന്നുകില്‍ സ്വിറ്റ്സര്‍ലാന്‍ഡിലെ പോലെ എല്ലാ രാഷ്ട്രീയക്കാര്‍ക്കും (എംപി മാര്‍ക്ക് ഉള്‍പ്പടെ) മറ്റെന്തെങ്കിലും തൊഴിലുണ്ടായിരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുക. അല്ലെങ്കില്‍ രാഷ്ട്രീയത്തില്‍ സ്ഥിരമായി നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാരോ പാര്‍ട്ടിയോ മാന്യമായ മാസവരുമാനം നല്‍കുക, പെന്ഷന് ഉള്‍പ്പടെ.
4. രാഷ്ട്രീയത്തില്‍ നിന്നും വരുന്നവര്‍ക്ക് അന്താരാഷ്ട്ര നയതന്ത്രരംഗത്ത് അനവധി തൊഴിലവസരങ്ങളുണ്ട്. ഇത് പലപ്പോഴും നേതൃത്വ നിരയിലേക്കായതിനാല് അവരുടെ മാതൃരാജ്യം അവരെ സപ്പോര്‍ട്ട് ചെയ്ത് പ്രോജക്ട് ചെയ്യണം. ഇപ്പോഴത്തെ യു എന്‍ സെക്രട്ടറി ജനറല്‍ മുന്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയാണ്. യു എന്‍ ഡി പി യുടെ തലപ്പത്തിരിക്കുന്നത് മുന്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയാണ്. ഇതുപോലെ അനവധി പേരുണ്ട്. ഇന്ത്യയില്‍ നിന്നും പക്ഷെ ഇങ്ങനെ പുറത്തേക്ക് അധികം പേരെ കാണാറില്ല. നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് പലര്‍ക്കും അന്താരാഷ്ട്ര രംഗത്ത് പരിചയമില്ലാത്തതും, ഭാഷയില്‍ വേണ്ടത്ര പരിചയമില്ലാത്തതും, നാട്ടിലെ രാഷ്ട്രീയത്തില്‍ നിന്നും നാലഞ്ചു വര്‍ഷം മാറിനിന്നാല്‍ തിരിച്ചുവരാന്‍ ബുദ്ധിമുട്ടാവുന്നതും ഒക്കെയാണ് ഇതിനു കാരണം. പുറത്തെ അവസരങ്ങളെപ്പറ്റിയുള്ള അറിവ് കുറവും എങ്ങനെയാണ് ഇത്തരം അവസരങ്ങളിലേക്ക് വേണ്ടി നമ്മുടെ രാഷ്ട്രീയക്കാരെ വളര്‍ത്തിക്കൊണ്ടു വരേണ്ടതെന്നും പ്രോജക്ട് ചെയ്യേണ്ടതെന്നും ഒക്കെ നമുക്കത്ര പരിചയമില്ലാത്തതും ഒരു കാരണമാണ്.
നാട്ടില്‍ രാഷ്ട്രീയം പ്രൊഫഷണല്‍ ആകുകയും മാന്യമായ വരുമാനം കിട്ടുകയും ചെയ്താല്‍ പുറംരാജ്യങ്ങളില്‍ പഠിച്ചവര്‍ കുറച്ചുപേരെങ്കിലും തിരിച്ച് നമ്മുടെ രാഷ്ട്രീയ രംഗത്തേക്ക് വരും. അതുപോലെതന്നെ നാം നന്നായി ശ്രമിച്ചാല്‍ നമ്മുടെ മിടുക്കരായ കുറച്ചുപേരെ അന്താരാഷ്ട്രജോലിക്കായി പുറത്തേക്ക്അയക്കാനും പറ്റും. ഇങ്ങനെയുള്ളവരുടെ ഒരു ക്രിട്ടിക്കല്‍ മാസ് ഉണ്ടായിക്കഴിഞ്ഞാല്‍ അത് രാഷ്ട്രീയത്തെ ഗുണകരമാക്കി മാറ്റും, അതിന്റെ ഗുണം സമൂഹത്തിന് ഉണ്ടാവുകയും ചെയ്യും.
തല്ക്കാലം ഇതൊക്കെ അവിടെ നില്ക്കട്ടെ. അടുത്തൊന്നും നടക്കുന്ന കാര്യമല്ല. എന്നാല്‍ നടക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ഒരുകാര്യം പറയാം. കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും വിദേശത്ത് അവരുടെ 'പ്രോക്സി' സംഘടനകളുണ്ട്. ഇവരൊക്കെ വര്‍ഷാവര്‍ഷം പാര്‍ട്ടിനേതാക്കളെ ഒക്കെ കൊണ്ടുവരാറുണ്ട്. എന്നാല്‍ വരുന്ന നേതാക്കള്‍ക്ക് അധികസമയം അവിടെ ചെലവഴിക്കാന്‍ കിട്ടാറില്ല. നേതാക്കളെ കിട്ടിയാല്‍പ്പിന്നെ അവരോടൊപ്പം ഫോട്ടോ എടുക്കാനും അവരെ സല്ക്കരിക്കാനുമല്ലാതെ അതാതു നാടുകളിലെ നല്ല കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ പോലും ആര്‍ക്കും സമയം കിട്ടാറുമില്ല.
ഈ സൗഹൃദ സംഘടനകള്‍ക്ക് ഒരു കാര്യം ചെയ്യാം. അവരവരുടെ പാര്‍ട്ടിയുടെ വിദ്യാര്‍ഥിസംഘടനയുടെ നേതൃത്വത്തിലുള്ള ഈരണ്ട് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും വര്‍ഷാവര്‍ഷം ജനാധിപത്യവും വികസനവും നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒരുമാസം സന്ദര്‍ശനത്തിന് വിളിക്കുക. അവരവിടുത്തെ വിദ്യാഭ്യാസസംവിധാനങ്ങള്‍ കാണട്ടെ. ഇവിടുത്തെ വിദ്യാര്‍ത്ഥികളുടെ സംഘടനാ രീതികള്‍ അറിയട്ടെ. യൂറോപ്പിലെ സൗജന്യ വിദ്യാഭ്യാസത്തേയും, അമേരിക്കയിലെ എഡ്യൂക്കേഷന്‍ ലോണിനെയും, നെതര്‍ലാന്റിലെ എഡ്യൂക്കേഷന്‍ ഫണ്ടിനെയും പറ്റി മനസിലാക്കട്ടെ. ലിംഗസമത്വം എങ്ങനെയാണ് അവിടെ യൂണിവേഴ്സിറ്റികളില്‍ പ്രയോഗികമായിരിക്കുന്നത് എന്നവര്‍ അറിയട്ടെ.
അവിടുത്തെ അധ്യയനരീതികള്‍, പരീക്ഷാരീതികള്‍, ഒരു രാജ്യത്തു നിന്നും മറ്റു രാജ്യത്തേക്ക് ക്രെഡിറ്റുകള്‍ കൈമാറ്റം ചെയ്യുന്ന രീതി, ഓരോ സര്‍ക്കാരിന്റെയും വിദ്യാഭ്യാസ സ്പോണ്സര്ഷിപ്പുകള്, വിദ്യാഭ്യാസത്തിന്റെ കൂടെ ജോലി ചെയ്യുന്ന കുട്ടികളുടെ രീതി ഇതെല്ലാം തന്നെ അവര്‍ക്ക് കണ്ടുപഠിക്കാന്‍ അവസരം കിട്ടട്ടെ. പാര്‍ട്ടിയുടെ അനുഭാവ സംഘടനകള്‍ അല്ലാത്തവര്‍ക്കും ഇത് ചെയ്യാം, എല്ലാ പാര്‍ട്ടിയിലെയും കുട്ടിനേതാക്കന്മാരെ ഒരുമിച്ച് ഒരു വിസിറ്റിനു വിളിക്കാം. ഇത് നമ്മുടെ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാക്കും. മാത്രമല്ല ഇവരൊക്കെയാണ് നാളെ നമ്മുടെ എംഎല്‍എ മാരും മന്ത്രിമാരുമൊക്കെയായി വരുന്നത്. വിശാലമായ കാഴ്ചപ്പാടുള്ളവര്‍ നാടിനെ നയിക്കുമ്പോള്‍ അതിന്റെ ഗുണം നാടിനുണ്ടാകും.
ഒന്നു ട്രൈ ചെയ്തു നോക്കണം സര്...
ഈ പരമ്പരയുടെ മുന്‍ലക്കങ്ങള്‍
1. അതിരുകളില്ലാത്ത ലോകം, മതിലുകളുയരുന്ന ലോകം
2. ചാട്ടത്തിലെങ്ങാനും പിഴച്ചുപോയാല്‍
3. മൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റര്‍
4. ഈ കുട്ടിക്ക് ഒരു ജീവിതം കൊടുക്കൂ....
5. ഈ എന്‍ജിനീയര്‍മാര്‍ക്കെന്താ കൊമ്പുണ്ടോ?
6. വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍
7. ഞങ്ങള്‍ വക്കീലന്മാരെന്താ മോശാ?
8. എന്തുവന്നാലും നാടകക്കമ്പനി തുടങ്ങരുത്
9. നേഴ്സിങ്ങിന്റെ സാധ്യതകള്‍ അവസാനിക്കുന്നില്ല
11. ഇംഗ്ലീഷ് ഒരു ഭാഷയാണ്, ബുദ്ധിയുടെ അളവുകോലല്ല, പക്ഷേ
12. തപാല്‍ വഴി നീന്തല്‍ പഠിക്കാമോ
13. മുടിവെട്ടും ഇറച്ചിവെട്ടും....! യൂറോപ്പിലെ തൊഴില്‍ സാദ്ധ്യതകള്‍
14. ബുദ്ധിയുള്ളവരെ ഉദ്ധരിക്കുന്നത് ബുദ്ധിയില്ലാത്തവര്‍
15. ബയോഡേറ്റയെ ആര്‍ക്കാണ് പേടി
16. വിദ്യാധനവും വിദേശത്തെ പഠനവും
17. തോറ്റ എന്‍ജിനീയര്‍മാരുടെ ഭാവി
18. വിദേശജീവിതവും രണ്ടാമത്തെ പാസ്പോര്‍ട്ടും
19. കണ്‍സള്‍ട്ടന്റാകാം, നാട്ടിലിരുന്ന് ഡോളര്‍ വാങ്ങാം
20. തൊഴില്‍ കമ്പോളത്തിലെ രണ്ടാമൂഴം