ഓരോ വര്‍ഷവും ഞങ്ങളുടെ ഓഫീസില്‍ പത്തു മുതല്‍ പന്ത്രണ്ടു വരെ ഇന്റേണുകള്‍ക്ക് പരിശീലനം കൊടുക്കാറുണ്ട്. സാധാരണ നവംബറിലാണ് ഇതിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നത്. ഇത് ഞാന്‍ എന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്യാറുമുണ്ട്. വര്‍ഷത്തിലൊരിക്കലെങ്കിലും മലയാളികള്‍ ഇതിനായി അവിടെ വരാറുമുണ്ട്.

രണ്ടുവര്‍ഷം മുന്‍പത്തെ ഇന്റേണ്‍ഷിപ്പ് അപേക്ഷകളിലൊന്ന് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. പോര്‍ച്ചുഗലില്‍ നിന്നുള്ള ഒരു സ്ത്രീ ബഹറിനില്‍ നിന്നാണ് അപേക്ഷിച്ചിരിക്കുന്നത്. ഓഫീസ് മാനേജ്‌മെന്റ് കോഴ്‌സില്‍ വിദൂരപഠനം പൂര്‍ത്തിയാക്കുകയാണ്.

ഇതിലെന്താണ് പ്രത്യേകത?

അവര്‍ക്ക് അമ്പത്തിയഞ്ചു വയസ്സുണ്ടായിരുന്നു. എന്റെ ഓഫീസില്‍ എന്റെ ബോസിനുള്‍പ്പെടെ ആര്‍ക്കും ആ പ്രായമില്ല.

യുഎന്‍ ഇന്റേണ്‍ഷിപ്പുകള്‍ക്ക് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഒന്നുമില്ല. ബിരുദമോ ബിരുദാനന്തര ബിരുദമോ കഴിയുന്ന കുട്ടികളാണ് സാധാരണ അപേക്ഷിക്കുന്നത്. അതുകൊണ്ടാണ് അമ്പത്തിയഞ്ചു വയസ്സുള്ള പട്രീഷ്യയുടെ (പേര് സാങ്കല്‍പ്പികം) അപേക്ഷ പ്രത്യേകം ശ്രദ്ധിച്ചത്.

'ഇവരെ ഇന്റര്‍വ്യൂ ചെയ്യണോ? ഇനി വല്ല തെറ്റിദ്ധാരണയുടെയും പുറത്ത് അപേക്ഷിച്ചതാണെങ്കിലോ?'

'തീര്‍ച്ചയായും ഇന്റര്‍വ്യൂ ചെയ്യണം'-ഞാന്‍ പറഞ്ഞു. ഇവരുടെ പ്രായത്തില്‍ പുതിയത് എന്തെങ്കിലും പഠിക്കാന്‍ ശ്രമിച്ചു എന്നതുതന്നെ എന്നെ സന്തോഷിപ്പിക്കുന്നു.

അങ്ങനെ ഇന്റര്‍വ്യൂ നടത്തി. ഭര്‍ത്താവിന്റെ കൂടെ ഏറെക്കാലം ലിബിയയിലായിരുന്നു. അവിടെ യുദ്ധം വന്നപ്പോള്‍ ബഹറിനിലേക്ക് പോന്നു. കുട്ടികളെല്ലാം വളര്‍ന്ന് യൂറോപ്പിലെ പോലെ കൂടുവിട്ട് പറന്നു. അപ്പോഴാണ് കുറച്ചുനാള്‍ ജോലിചെയ്യണമെന്ന മോഹമുദിച്ചത്. ഭര്‍ത്താവ് ഫുള്‍ സപ്പോര്‍ട്ട്. അങ്ങനെ പഠിക്കാന്‍ ചേര്‍ന്നു, ഇന്റേണ്‍ഷിപ്പിന് അപേക്ഷിച്ചു.

അതിശയകരമായ സവിശേഷതകളുള്ള ട്രെയിനിയായിരുന്നു അവര്‍. ചെറിയ കുട്ടികളെപ്പോലെ ചുറുചുറുക്ക്, അതേസമയം പ്രായത്തിനൊത്ത പക്വത. മൂന്നുമാസത്തെ ഇന്റേണ്‍ഷിപ്പ് കഴിഞ്ഞപ്പോഴേക്കും പട്രീഷ്യ ഞങ്ങളുടെയെല്ലാം സുഹൃത്തായി. 

ഓരോ വര്‍ഷവും പുതുവത്സരകാലത്ത് അവിടെ ഇന്റേണ്‍ ആയിരുന്നവരെല്ലാം പരസ്പരം ആശംസകള്‍ അറിയിക്കും. പട്രീഷ്യയും എഴുതി, ബ്രസീലില്‍ അവര്‍ക്ക് ജോലി കിട്ടി. ഭര്‍ത്താവ് താമസിയാതെ അവിടെയെത്തും. മകളുടെ ബോയ്ഫ്രണ്ടും ബ്രസീലില്‍ നിന്നാണ്, ആകെ സന്തോഷം.

മുരളി തുമ്മാരുകുടിയുടെ 'എന്തു പഠിക്കണം എങ്ങനെ തൊഴില്‍ നേടാം' വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഇത്രയേ ഉള്ളു കാര്യം. ആഗോള തൊഴില്‍രംഗത്ത് പ്രായം എത്രയായി എന്നോ എത്രകാലം തൊഴില്‍രംഗത്തു നിന്ന് മാറിനിന്നു എന്നതോ ഒന്നും ആളുകള്‍ പ്രശ്‌നമാക്കുന്നില്ല. താല്പര്യമുള്ളവര്‍ക്ക് എന്നുവേണമെങ്കിലും തുടങ്ങാം, തുടരാം.

മലയാളികളിലും രണ്ടാമത് തൊഴില്‍ രംഗത്തേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുള്ളവരുടെ എണ്ണം കൂടിവരികയാണ്. ഇതിന് പല കാരണങ്ങളുണ്ട്.

1. കുട്ടികളും കുടുംബജോലിയുമായി തൊഴില്‍രംഗത്തുനിന്ന് വിട്ടുനിന്ന സ്ത്രീകള്‍.

2. സ്വന്തമായി എന്തെങ്കിലും പ്രസ്ഥാനം തുടങ്ങി അത് പച്ചപിടിക്കാതെ പോയവര്‍.

3. അന്‍പത്തിയാറോ അറുപതോ വയസ്സില്‍ ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ പോലും സാമ്പത്തികഭദ്രത ആകാത്തവര്‍.

4. പ്രവാസത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍.

5. നാട്ടില്‍ നിന്ന് പ്രവാസികളായ പങ്കാളികളുടെ അടുത്തേക്ക് താമസം മാറ്റുന്നവര്‍.

കാരണങ്ങള്‍ വേറെയും പലതുമുണ്ടാകാം. ഇനിയുള്ള കാലത്ത് തൊഴില്‍ജീവിതത്തില്‍ ഒരു രണ്ടാം ഇന്നിംഗ്‌സ് ആഗ്രഹിക്കുന്നവരുടെയും വേണ്ടിവരുന്നവരുടെയും എണ്ണം കൂടിവരികയേയുള്ളു.

എങ്ങനെയാണ് രണ്ടാമൂഴത്തില്‍ ഒരു തൊഴില്‍ കണ്ടുപിടിക്കുന്നത്? പ്രത്യേകിച്ചും ലോകത്തെ അനവധി സ്ഥാപനങ്ങള്‍ ബയോഡേറ്റയില്‍ വലിയ ബ്രേക്ക് ഉള്ളവരെയും, നാല്പതിനു മുകളില്‍ പ്രായമുള്ളവരെയും ഒക്കെ കമ്പനിനയത്തിന്റെ ഭാഗമായും നയപരമായും ഒഴിവാക്കാവുന്ന ലോകത്ത്?

ഏറ്റവും ഫലപ്രദമായ പദ്ധതി ഏതു പ്രായമാണെങ്കിലും തിരിച്ച് യൂണിവേഴ്‌സിറ്റിയിലേക്ക് പോയി ഇപ്പോഴത്തെ സാഹചര്യത്തില്‍ തൊഴില്‍ സാധ്യതയുള്ള ഒരു യോഗ്യത കരസ്ഥമാക്കുക എന്നത് തന്നെയാണ്. പ്രത്യേകിച്ചും പാശ്ചാത്യനാടുകളിലേക്ക് കുടിയേറുന്നവര്‍. തന്നാട്ടിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദമെണ്ടെന്നതും ഈ പ്രായത്തിലും പുതിയത് എന്തെങ്കിലും പഠിക്കാന്‍ താല്പര്യം കാണിച്ചു എന്നതും തൊഴില്‍ദാതാക്കള്‍ പോസിറ്റിവായി കാണും. യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക സംവിധാനങ്ങള്‍ തൊഴില്‍ തേടുന്നതിന് ഉപയോഗിക്കാമെന്നതും, പഠനത്തിനിടക്കുള്ള ഇന്റേണ്‍ഷിപ്പും മറ്റവസരങ്ങളും തൊഴില്‍ദാതാക്കളുമായി നെറ്റ്‌വര്‍ക്ക് ചെയ്യാനുപയോഗിക്കാം എന്നതുമൊക്കെ യൂണിവേഴ്‌സിറ്റി വഴിയുള്ള യാത്രയുടെ ഗുണങ്ങളാണ്.

സാമ്പത്തികവും സമയപരവുമായ കാരണങ്ങളാല്‍ ഈ യൂണിവേഴ്‌സിറ്റി വഴിയുള്ള രണ്ടാം തൊഴില്‍യാത്ര അത്ര എളുപ്പമല്ല. അവര്‍ക്ക് വേണ്ടി വേറെ കുറച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാം.

ചിന്തിച്ച് എടുക്കേണ്ട തീരുമാനം

രണ്ടാമത് തൊഴില്‍രംഗത്തേക്ക് വരണോ എന്നത് നന്നായി ആലോചിച്ചെടുക്കേണ്ട തീരുമാനമാണ്. തീരുമാനമെടുത്താല്‍ അത് ഉറച്ചതായിരിക്കുകയും വേണം. ജോലി ചെയ്യണോ, അതോ മറ്റു വല്ല സംരംഭവും തുടങ്ങണോ,  മുഴുവന്‍ സമയ ജോലിയാണോ അതോ പാര്‍ട്ട് ടൈം ജോലിയാണോ വേണ്ടത്, ജോലിക്കു വേണ്ടി ഇപ്പോള്‍ താമസിക്കുന്ന സ്ഥലം മാറണോ അതോ താമസിക്കുന്ന സ്ഥലത്തു തന്നെയാണോ ജോലി നോക്കേണ്ടത്, മുന്‍പ് ചെയ്ത തൊഴില്‍രംഗത്തു തന്നെ വീണ്ടും തുടങ്ങണോ, അതോ മറ്റൊന്ന് കണ്ടുപിടിക്കണോ ഇതെല്ലാം ആലോചിക്കണം. 

പങ്കാളിയും മക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യണം. തൊഴിലില്‍ നിന്നും നാം എന്താണ് പ്രതീക്ഷിക്കുതെന്നതും പ്രധാനമാണ്. വരുമാനമാണോ, സ്വന്തം കഴിവുകള്‍ ഉപയോഗിക്കുക എന്നതാണോ, അതോ വീടിന് പുറത്ത് കുറച്ചുസമയം മറ്റാളുകളോടൊപ്പം ചിലവഴിക്കുകയാണോ ഉദ്ദേശ്യം-ഇതെല്ലാം പ്രധാനമാണ്.

കൈയിലിരുപ്പ് പരിശോധിക്കുക

മുന്‍പറഞ്ഞ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടുകയും അത് കുടുംബത്തോട് പങ്കുവെക്കുകയും ചെയ്താല്‍ പിന്നെ വേണ്ടത് രണ്ടാമത്തെ തൊഴില്‍ജീവിതത്തിന് നിങ്ങളെ സ്വയംപ്രാപ്തരാക്കുന്ന എന്തു കഴിവുകളാണ് നിങ്ങള്‍ക്കുള്ളതെന്ന് കണ്ടെത്തുകയാണ്. 

തൊഴില്‍ രംഗത്തുനിന്ന് പത്തോ അതിലധികമോ വര്‍ഷം മാറിനിന്നിട്ടുണ്ടെങ്കില്‍ നിങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസം അല്പം തുരുമ്പിച്ചുകാണും. ഒരുപക്ഷെ അതായിരിക്കില്ല നിങ്ങളുടെ പ്രധാന ഗുണം. ലോകരാഷ്ട്രങ്ങള്‍ കണ്ട അനുഭവമാകാം, പ്രായത്തിന്റെ പക്വതയാകാം, ഭാഷയിലുള്ള അറിവാകാം, വിപുലമായ വ്യക്തിബന്ധങ്ങളാകാം, ശമ്പളമില്ലാതെയോ ശമ്പളത്തോടു കൂടിയോ കുറഞ്ഞ ശമ്പളത്തിനോ ജോലി ചെയ്യാനുള്ള സാഹചര്യം ആകാം, മുഴുവന്‍ സമയ ജോലി നിര്‍ബന്ധമില്ല എന്നതാകാം. 

ഇങ്ങനെ തൊഴില്‍രംഗത്തേക്ക് പുതിയതായി വരുന്നവരെ മലര്‍ത്തിയടിക്കാനുള്ള എന്തൊക്കെ കൈയിലിരുപ്പുകളാണ് നിങ്ങള്‍ക്കുള്ളത് എന്ന് മനസ്സിലാക്കുക.

തൊഴില്‍രംഗം അവലോകനം ചെയ്യുക

നിങ്ങള്‍ ഏതു പ്രദേശത്താണോ ജോലി ചെയ്യനുദ്ദേശിക്കുന്നത് അവിടുത്തെ തൊഴില്‍ സാധ്യതകളെ അവലോകനം ചെയ്യുക എന്നതാണ് അടുത്ത പടി. ഏതൊക്കെ തരം തൊഴിലവസരങ്ങളാണ് അവിടങ്ങളിലുള്ളത്, വലിയ തൊഴില്‍ ദാതാക്കളാരാണ്, ചെറിയ തൊഴിലവസരങ്ങള്‍ എന്തൊക്കെയുണ്ട്, പാര്‍ട്ട് ടൈം അവസരങ്ങള്‍ എവിടെയാണ് ഉണ്ടാകാന്‍ സാധ്യത, സന്നദ്ധസേവനത്തിന് അവസരങ്ങള്‍ ഏതൊക്കെയാണ്, വീട്ടിലിരുന്ന് ചെയ്യാവുന്ന തൊഴിലുകളുണ്ടോ, എന്നിങ്ങനെ തൊഴില്‍രംഗം മുഴുവന്‍ അരിച്ചുപെറുക്കി നോക്കണം. 

കേരളത്തിലാണെങ്കില്‍ തൊഴില്‍ പ്രസിദ്ധീകരണങ്ങളും മാതൃഭൂമിയുടെയും മനോരമയുടെയുമൊക്കെ തൊഴിലവസരവാര്‍ത്തകളും ശ്രദ്ധിക്കണം. ചുറ്റുമുള്ളവരോട് സംസാരിക്കുക, ഒന്നോ രണ്ടോ എംപ്ലോയ്മെന്റ് ഏജന്‍സികളിലൊക്കെ
കയറിനോക്കുക.

 ഇതെല്ലാം ചെയ്തുവേണം അവസരങ്ങള്‍ മനസ്സിലാക്കാന്‍. മറ്റു രാജ്യങ്ങളില്‍ അവിടുത്തെ പത്രവും സംവിധാനവും ഉപയോഗിക്കുക. പല വലിയ കമ്പനികളിലും 'spouse's employment' ശരിയാക്കാന്‍ വേണ്ടി പ്രത്യേകവകുപ്പ് തന്നെയുണ്ട്.

യോഗ്യതകള്‍ പൊടിതട്ടിയെടുക്കുക

മുന്‍പ് പറഞ്ഞതുപോലെ പത്തുവര്‍ഷമൊക്കെ തൊഴില്‍രംഗത്തു നിന്ന് മാറിനിന്നിട്ടുണ്ടെങ്കില്‍ നമ്മുടെ അടിസ്ഥാന യോഗ്യതകളൊക്കെ ഒന്നു പൊടിതട്ടിയെടുക്കണം. ഇപ്പോഴാണെങ്കില്‍ കുറച്ച് ഫ്രീ ഓണ്‍ലൈന്‍ കോഴ്സുകളൊക്കെ ചെയ്ത് തുടങ്ങുക. 

പറ്റിയാല്‍ ആ രംഗത്തിന് പറ്റിയ പുതിയ പരിശീലനങ്ങള്‍ (നിങ്ങള്‍ സിവില്‍ എന്‍ജിനീയറാണെങ്കില്‍ ഓട്ടോകാഡ്, ജി ഐ എസ്, സുരക്ഷയിലെ NEBOSH) ഒക്കെ ചെയ്ത് നിങ്ങളുടെ
അറിവ് വര്‍ധിപ്പിക്കുക. കൂടാതെ തൊഴില്‍രംഗത്തേക്ക് തിരിച്ചുവരാന്‍ നിങ്ങള്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നുവെന്ന് തെളിയിക്കുക.

ബയോഡേറ്റ

ഇത്രയുമൊക്കെ ചെയ്തുകഴിഞ്ഞാല്‍ പിന്നെ ഒരുഗ്രന്‍ ബയോഡാറ്റ ഉണ്ടാക്കണം. സിവിയില്‍ നിങ്ങള്‍ പത്തുവര്‍ഷം ജോലി ചെയ്യാതിരുന്ന കാര്യം മറച്ചുവെക്കേണ്ട കാര്യമൊന്നുമില്ല. അക്കാലത്ത് എന്താണ് ചെയ്തതെന്ന് വ്യക്തമായി എഴുതുക. അതിനുശേഷം ഏതു രംഗത്താണോ നിങ്ങള്‍ തൊഴില്‍ നേടാന്‍ ഉദ്ദേശിക്കുന്നത് അത് ഫുള്‍ ടൈമാണോ പാര്‍ട്ട് ടൈമാണോ എന്നൊക്കെ ബയോഡേറ്റയില്‍ എഴുതണം. 

ഇത് നന്നായി തയ്യാറാക്കണം. വേണ്ടിവന്നാല്‍ അല്‍പ്പം കാശ് മുടക്കി വിദഗ്‌ദ്ധോപദേശം തേടുകയുമാകാം. ഇതോടൊപ്പം ഒരു ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ ഉണ്ടാക്കണം, അവിടെ പരമാവധി ആളുകളെ നിങ്ങളുടെ മെയില്‍ കോണ്ടാക്ട് അല്ലെങ്കില്‍ അലുംനിയില്‍ നിന്നൊക്കെ തപ്പിപ്പിടിച്ച് സുഹൃത്തുക്കള്‍ ആക്കണം. പഴയ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഒക്കെ ഡിലീറ്റ് ചെയ്ത് ലക്ഷ്യബോധത്തോടെ പുതിയതായി ഒന്ന് തുടങ്ങുക.

നാലാളെ അറിയിക്കുക

നമ്മള്‍ വീണ്ടും തൊഴില്‍രംഗത്തേക്ക് വരികയാണെന്നുള്ള കാര്യം പരമാവധി ആളുകളെ അറിയിക്കുക എന്നതാണ് അടുത്ത പടി. നമ്മളുടെ യോഗ്യതയുള്ള ഒരാളെ ജോലിക്കെടുക്കാന്‍ സാധ്യതയുള്ളിടത്തൊക്കെ ബയോഡേറ്റ, കവര്‍ ലെറ്റര്‍ ഉള്‍പ്പെടെ അയയ്ക്കുക. 

കേരളത്തിലാണെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കൊന്നും അയച്ചുകൊടുത്ത് വെറുതെ സമയം കളയേണ്ട കാര്യമില്ല. മറിച്ച് ചെറുകിട സ്ഥാപനങ്ങള്‍, പുതിയ തലമുറ സ്ഥാപനങ്ങള്‍ ഇവയൊക്കെയായിരിക്കണം നമ്മുടെ ലക്ഷ്യം. 

നിങ്ങള്‍ ഉദ്ദേശിക്കുന്ന ഫീല്‍ഡില്‍ എന്തെങ്കിലും സെമിനാറുകളൊക്കെ നടക്കുന്നുണ്ടെങ്കില്‍ പോയി അറ്റന്റ് ചെയ്യുക, അവിടെ പരമാവധി പേരെ പരിചയപ്പെടുക, അവരുടെ വിസിറ്റിംഗ് കാര്‍ഡും ഈമെയില്‍ ഐഡിയുമൊക്കെ വാങ്ങി പിറ്റേന്നുതന്നെ തലേന്ന് കണ്ടത് സൂചിപ്പിച്ച് ഒരു മെയില്‍ അയക്കുക. അങ്ങനെ നിങ്ങള്‍ തൊഴില്‍ മാര്‍ക്കറ്റില്‍ ഉണ്ടെന്ന് നാട്ടില്‍ പാട്ടാക്കണം. 

നിങ്ങളുടെ കോളേജിന്റെ അലുംനി അസോസിയേഷന്‍, നിങ്ങള്‍ പോകുന്ന സോഷ്യല്‍ ക്ലബ് എല്ലാം മറ്റുള്ളവരുമായി നെറ്റ്‌വര്‍ക്ക് ചെയ്യാനുള്ള അവസരമാണ്. ഒന്നും വിട്ടുകളയരുത്. ഫെയ്‌സ്ബുക്കിന്റെ സാധ്യതകളും ഏറെയാണ്, ഉപയോഗിക്കുക.

സന്നദ്ധസേവനത്തില്‍ പിടിച്ചുകയറുക

വീട്ടിലിരുന്ന പത്തുവര്‍ഷത്തില്‍ നിന്നും ഒരു ഓഫീസ് അന്തരീക്ഷത്തിലേക്ക് കടന്നുകയറുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിനുവേണ്ടി രണ്ടോ മൂന്നോ മാസം കൂലിയില്ലാതെ വേല ചെയ്താലും കുഴപ്പമൊന്നുമില്ല. ചെറിയ സ്ഥാപനങ്ങളിലോ പ്രൈവറ്റ് സ്ഥാപനങ്ങളിലോ നിങ്ങള്‍ മൂന്നുമാസം 'അപ്രന്റീസ്' ആയിട്ടോ 'വോളണ്ടിയര്‍' ആയിട്ടോ തൊഴില്‍ ചെയ്യാന്‍ തയ്യാറാണെന്ന കാര്യം അറിയിക്കുക.

അങ്ങനെ ഒരവസരം കിട്ടിയാല്‍ പരമാവധി ആത്മാര്‍ത്ഥതയോടെ തൊഴില്‍ ചെയ്യുക. ഈ സമയത്ത് തൊഴില്‍ക്കാലത്തേക്ക് തിരിച്ചുവരാന്‍ നിങ്ങള്‍ പ്രാപ്തനാണോ എന്ന് നിങ്ങള്‍ക്കുതന്നെ തിരിച്ചറിയുകയും ചെയ്യാം. അത് കഴിഞ്ഞാല്‍ കോണ്‍ട്രാക്ട് ജോലിയായോ കണ്‍സല്‍ട്ടന്റ് ആയിട്ടോ ഒക്കെ തുടരുക. 

ആഴ്ചയില്‍ ഒരു ദിവസമാണ് ജോലി ചെയ്യുന്നതെങ്കില്‍ പോലും കുഴപ്പമില്ല.

കിട്ടുന്ന തൊഴിലില്‍ അഭിമാനിക്കുക

രണ്ടാമത്തെ തൊഴില്‍ ഒന്നാമത്തെ തൊഴിലിന്റെ തുടര്‍ച്ചയായി കാണരുത്. ഒന്നാമത്തെ തൊഴിലില്‍ നിങ്ങള്‍ എന്‍ജിനീയറായിരുന്നു എന്നത് രണ്ടാമത്തെ ജോലി ഓഫീസ് മാനേജര്‍ ആകുന്നതില്‍ നിന്നും നിങ്ങളെ പുറകോട്ടു വലിക്കരുത്. 

നിങ്ങളുടെ പ്രധാന ഉദ്ദേശ്യം എന്താണെന്നതും ഇവിടെ വിഷയമാണ്. കുട്ടികളൊക്കെ സ്‌കൂളില്‍ പോയതിനുശേഷം കുറച്ചുസമയം വീടിനു പുറത്ത് മറ്റുള്ളവരോടൊപ്പം ഒരു പ്രൊഫഷണല്‍ അന്തരീക്ഷത്തില്‍ ജോലി ചെയ്യുക എന്നതാണ് ഉദ്ദേശമെങ്കില്‍ പിന്നെ മാന്യമായ ഏതു തൊഴിലും നിങ്ങള്‍ക്ക് സ്വീകരിക്കാമല്ലോ.

'ഇപ്പ ശരിയാക്കുന്ന'വരെ സൂക്ഷിക്കുക

കേരളത്തില്‍ മൊത്തം 'ഇപ്പ ശരിയാക്കിത്തരുന്ന'വരുടെ പ്രളയമാണ്. ഇതില്‍ രാഷ്ട്രീയക്കാരും, നിങ്ങളുടെ സുഹൃത്തുക്കളും, ബന്ധുക്കളും, ജോലി വാങ്ങിത്തരുന്ന ഏജന്റുമാരും വരെ ഉണ്ടാകാം. 

എന്തൊക്കെയാണെങ്കിലും ഒരു കാര്യം ശ്രദ്ധിക്കണം. മനഃപൂര്‍വമോ അല്ലാതെയോ ആളുകളുടെ സമയം മെനക്കെടുത്തുന്നതില്‍ ഉസ്താദുമാര്‍ ആണിവര്‍. രണ്ടാമത്തെ ജോലിക്കിറങ്ങുമ്പോള്‍ അത് സ്വയം കണ്ടുപിടിക്കുന്നതാണ് ബുദ്ധി.

വിദേശത്തു നിന്നൊക്കെ തിരിച്ചു കേരളത്തില്‍ എത്തുന്നവര്‍ക്ക് ശ്രമിച്ചുനോക്കാവുന്ന ചില ജോലികള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഒന്നാമത് കേരളം പുറത്തുനിന്നുള്ള കച്ചവടക്കാരുടെ ഒരു പറുദീസയാണ്. ബിഎംഡബ്‌ള്യു മുതല്‍ വൈറ്റ് ഗുഡ്‌സ് വരെ കേരളത്തിന് പുറത്ത് നിര്‍മ്മിക്കുന്ന വസ്തുക്കള്‍ ധാരാളം ഇവിടെ വിറ്റഴിയുന്നുണ്ട്. ഇങ്ങനെയുള്ളതില്‍ അധികം പേര്‍ കേട്ടിട്ടില്ലാത്ത കമ്പനികള്‍ക്ക് കേരളത്തില്‍ പബ്ലിക് റിലേഷനായും ട്രബിള്‍ ഷൂട്ടിംഗിനായും ഒക്കെ മലയാളവും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യുന്ന, അതേസമയം ലോകപരിചയവും പ്രൊഫഷണലിസവുമുള്ള ആളുകളുടെ ആവശ്യം ഏറെയുണ്ട്. നല്ല ധൈര്യമുള്ളവര്‍ ഇത്തരം ജോലിക്ക് തയ്യാറാണെന്ന് കാണിച്ച് ഒരു പരസ്യം കൊടുത്താല്‍ തീര്‍ച്ചയായും
അതിന് പ്രതികരണമുണ്ടാകും എന്നാണെന്റെ വിശ്വാസം.

രണ്ടാമത്തെ എന്റെ നിര്‍ദ്ദേശം കൗണ്‍സിലിംഗ് ജോലിയാണ്, പ്രത്യേകിച്ചും സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച്. കേരളത്തില്‍ ഇരുപതിനായിരത്തോളം സ്‌കൂളുകളും കോളേജുകളുമുണ്ട്. അതില്‍ ഒരു ശതമാനത്തില്‍ പോലും പ്രൊഫഷണലായി കരിയര്‍ കൗണ്‍സലിംഗ് നടത്താനറിവുള്ളവരില്ല. കുട്ടികളാകട്ടെ, ഈ അറിവിനായി നട്ടം തിരിയുകയുമാണ്. 

അത്യാവശ്യം ഭാഷയും കമ്മ്യൂണിക്കേഷന്‍ സ്‌കില്ലുമുള്ള ആര്‍ക്കും ആറുമാസംകൊണ്ട് മാസ്റ്റര്‍ ചെയ്യാവുന്ന തൊഴിലാണ് കരിയര്‍ കൗണ്‍സലിംഗ്. ഇത്തരത്തില്‍ കൗണ്‍സിലിംഗിനുള്ള തയ്യാറെടുപ്പ് നടത്തിക്കഴിഞ്ഞാല്‍ സ്‌കൂളുകള്‍ക്ക് ഒരു ഓഫര്‍ നല്‍കുക. ഫ്രീയായി കരിയര്‍ കൗണ്‍സലിംഗ് ലെക്ചര്‍ നല്‍കും എന്ന്. അതിനുശേഷം സ്‌പെഷ്യല്‍ കൗണ്‍സിലിംഗ് വേണ്ടവര്‍ക്ക് ഫീ ഈടാക്കി അത് ചെയ്തുകൊടുക്കാം.

അഞ്ചോ പത്തോ സ്‌കൂളുകള്‍ നമ്മുടെ കസ്റ്റഡിയിലായാല്‍ തന്നെ ആഴ്ചയില്‍ മൂന്നോ അഞ്ചോ ദിവസം പല സ്‌കൂളുകളിലായി മാറിമാറി പോയി നമുക്ക് ഒരു പ്രൊഫഷന്‍ ഉണ്ടാക്കിയെടുക്കാം. നിങ്ങളുടെ അടിസ്ഥാനയോഗ്യത എന്താണെങ്കിലും ഇത് ചെയ്യാവുന്നതാണ്. കുട്ടികളോട് ഇടപെടാനുള്ള കഴിവും അവരുടെ ഭാവിയിലുള്ള താല്പര്യവുമാണ് പ്രധാനം. 

പിന്നെ എം ടി രണ്ടാമന്റെ എല്ലാ ലേഖനങ്ങളും പത്തു പ്രാവശ്യമെങ്കിലും വായിച്ചിരുന്നാല്‍ ഇതിന് ഒരു പ്രയാസവും ഉണ്ടാകില്ല. അപ്പോഴേക്കും ഞാനിതെല്ലാം ഒരു ബുക്ക് ആക്കിയിട്ടുണ്ടാകും. കൂടുതല്‍ ഉപദേശം വേണ്ടവര്‍ നേരിട്ടും ചോദിക്കുക.

ഈ പരമ്പരയുടെ മുന്‍ലക്കങ്ങള്‍ 

1. അതിരുകളില്ലാത്ത ലോകം, മതിലുകളുയരുന്ന ലോകം 

2. ചാട്ടത്തിലെങ്ങാനും പിഴച്ചുപോയാല്‍ 

3. മൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റര്‍ 

4. ഈ കുട്ടിക്ക് ഒരു ജീവിതം കൊടുക്കൂ....

5. ഈ എന്‍ജിനീയര്‍മാര്‍ക്കെന്താ കൊമ്പുണ്ടോ?

6വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍

7. ഞങ്ങള്‍ വക്കീലന്മാരെന്താ മോശാ?

8. എന്തുവന്നാലും നാടകക്കമ്പനി തുടങ്ങരുത്‌

9. നേഴ്‌സിങ്ങിന്റെ സാധ്യതകള്‍ അവസാനിക്കുന്നില്ല 

10. 'ബമാമ'യുടെ കോളേജ് ജീവിതം

11. ഇംഗ്ലീഷ് ഒരു ഭാഷയാണ്, ബുദ്ധിയുടെ അളവുകോലല്ല, പക്ഷേ

12. തപാല്‍ വഴി നീന്തല്‍ പഠിക്കാമോ

13. മുടിവെട്ടും ഇറച്ചിവെട്ടും....! യൂറോപ്പിലെ തൊഴില്‍ സാദ്ധ്യതകള്‍

14. ബുദ്ധിയുള്ളവരെ ഉദ്ധരിക്കുന്നത് ബുദ്ധിയില്ലാത്തവര്‍

15. ബയോഡേറ്റയെ ആര്‍ക്കാണ് പേടി 

16. വിദ്യാധനവും വിദേശത്തെ പഠനവും

17. തോറ്റ എന്‍ജിനീയര്‍മാരുടെ ഭാവി

18. വിദേശജീവിതവും രണ്ടാമത്തെ പാസ്‌പോര്‍ട്ടും

19. കണ്‍സള്‍ട്ടന്റാകാം, നാട്ടിലിരുന്ന് ഡോളര്‍ വാങ്ങാം