ഗ്രീക്ക് ഇതിഹാസത്തില്‍ സിസിഫസ് എന്നൊരു കഥാപാത്രമുണ്ട്. മുകളിലെത്തുമ്പോഴേക്കും കൈവഴുതി താഴെക്കു ഉരുണ്ടുപോകാനായിമാത്രം വലിയൊരു പാറക്കല്ല് ഉരുട്ടി മലയറ്റംകയറ്റാനായി ശപിക്കപ്പെട്ട സിസിഫസ്. അത്യധ്വാനമായിരുന്നു സിസിഫസിന്റേത്. അത്രയും നിഷ്ഫലവും.

കല്ലുരുട്ടി മലമുകളിലെത്തുന്നു, അവിടെനിന്ന് താഴേക്കും. തിരിച്ചു വീണ്ടും. അതുകൊണ്ടാണ് അത്രമേല്‍ ആയാസകരവും അതേസമയം നിഷ്ഫലവുമായ ഒരു ജോലിയെ നാം സിസിഫിയന്‍ എന്നു വിശേഷിപ്പിക്കുന്നത്.

വിഖ്യാതനായ എഴുത്തുകാരന്‍ മാറ്റ് റിഡ്ലി ജീവിതത്തെ കാണുന്നത് ഒരു സിസിഫിയന്‍ ഓട്ടമായാണ്. അതിവേഗം ഒരു ഫിനിഷ് ലൈനിലേക്ക് ഓടിയെത്തുക. അതാവട്ടെ അടുത്ത ഓട്ടത്തിന്റെ തുടക്കവും. അങ്ങനെ ജീവിതം അനുസ്യൂതമായ ഓട്ടമാവുന്നു. മുപ്പതിലേറെ ഭാഷകളിലേക്ക് മൊഴിമാറ്റപ്പെട്ട ദശലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റുപോവുന്ന എഴുത്തുകാരനാണ് മാറ്റ് റിഡ്ലി.

അങ്ങനെയുള്ള ഈ സിസിഫിയന്‍ ലോകത്തേക്ക് കടന്നുവരുന്ന യുവതലമുറയോട് അദ്ദേഹം പറയുന്നതു കേള്‍ക്കൂ. ഒന്നിനെയും ഭയപ്പെടരുത്. ബഹുഭൂരിപക്ഷം പ്രൊഫഷനുകളിലും മറ്റു തൊഴിലുകളിലും വിജയിക്കുന്നവര്‍ ഒന്നുംതന്നെ മറ്റുള്ളവരെക്കാള്‍ ബുദ്ധിമാന്മാരും ബുദ്ധിമതികളുമല്ല. വിജയികളുടെ ലോകം അമാനുഷരുടേതല്ല. അവര്‍ക്ക് വേണ്ടതായ കഴിവുകളും അവരെ സംബന്ധിച്ചിടത്തോളം പ്രായോഗികമായ ശീലങ്ങളും കൈമുതലായ സാധാരണക്കാരാണവര്‍. കൂടാതെ എന്തിലും സ്‌പെഷ്യലൈസ് ചെയ്യാനാവുക എന്നത് മനുഷ്യനു സാധ്യമായ വലിയൊരു കഴിവാണ്. ഏതെങ്കിലും ഉത്പന്നങ്ങളുടെ അല്ലെങ്കില്‍ സേവനങ്ങളുടെ ദാതാവായി വൈവിധ്യവത്കരണം സാധ്യമാവുന്ന തരത്തില്‍ സ്‌പെഷ്യലൈസ് ചെയ്യുക എന്നത് മനുഷ്യനു സാധ്യമായ മഹത്തായ നേട്ടമാണെന്ന് റിഡ്ലി വിലയിരുത്തുന്നു.

അതിനുള്ള കഴിവുകളും ശീലങ്ങളും വികസിപ്പിക്കുന്നവര്‍ വിജയിക്കുന്നു. പലരും സ്വയംപര്യാപ്തത ഒരു വലിയ കാര്യമെന്ന മട്ടില്‍ വിലയിരുത്തുമ്പോള്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്വയംപര്യാപ്തത ദാരിദ്ര്യത്തിന്റെ മറ്റൊരു പേരാണ്.

Content Highlights: Career Guidance Sisyphean task, winning career,IIMK Director's Column