ല്ലായ്മയുടെയും വല്ലായ്മയുടെയും നടുവില്‍നിന്ന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കുകൂടി ആരുമില്ലാതെ ഒഴുക്കില്‍പ്പെട്ട തേങ്ങപോലെ, ഒടുവില്‍ കല്പവൃക്ഷമായ കഥ രഞ്ജിത്ത് ആര്‍. പാണത്തൂരിന്റേതാണ്. തന്റെ കുടിലിനെ അദ്ദേഹം സ്വര്‍ഗമായിത്തന്നെ കാണുന്നു.

കാര്യങ്ങള്‍ നമ്മള്‍ കാണുന്നതുപോലെ നല്ലതോ മോശമോ അല്ല. മാര്‍ക്കുകളല്ല, ഉന്നതമായ കഴിവുകളുമല്ല ഒരാളുടെ വിജയം നിര്‍ണയിക്കുന്നത്. അടങ്ങാത്ത അഭിനിവേശമാണ്. പിന്നെ സ്ഥിരോത്സാഹവും. ഇതു രണ്ടുമുണ്ടെങ്കില്‍ വിജയം നമ്മുടേതാകാതിരിക്കാന്‍ മാര്‍ഗമില്ലെന്നതാണ് സത്യം. എന്തിനോടെങ്കിലുമുള്ള അഭിനിവേശം എല്ലാവരിലും ഉള്ളതാണ്, ഉണ്ടാവേണ്ടതാണ്. അതു മറ്റൊരാള്‍ക്ക് കണ്ടെത്തിക്കൊടുക്കുക സാധ്യമല്ല. കാഴ്ചയില്ലാത്തൊരാളെ വെളിച്ചത്തെപ്പറ്റി പറഞ്ഞുമനസ്സിലാക്കുന്നതുപോലെ നിഷ്ഫലമാണത്.

കേരളത്തിലെ കൊച്ചുകുടിലില്‍നിന്ന് പ്രശസ്തമായ ഐ.ഐ.എമ്മുകളൊന്നില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഉയര്‍ന്ന യുവാവിന്റെ ജീവിതം ദുരിതപര്‍വങ്ങളുടെ മലവെള്ളപ്പാച്ചിലിനും കെടുത്താനാവാത്ത അഭിനിവേശത്തിന്റെ, അചഞ്ചലമായ ലക്ഷ്യത്തില്‍ നിലകൊള്ളാനുള്ള ദൃഢചിത്തതയുടെ തെളിവാണ്. അങ്ങനെയുള്ള പ്രതിഭകളുടെ തളര്‍ച്ചയില്‍ താങ്ങാവുന്ന ഒരു നല്ലവാക്ക് ഒരു പ്രൊപ്പല്ലറാവും. അധ്യാപകരുടെ റോള്‍ അതാണ്. വലിയ ലക്ഷ്യത്തിലേക്കുള്ള, വിദ്യാര്‍ഥികളുടെ നക്ഷത്രക്കുതിപ്പിന് കരുത്തേകുന്ന പ്രൊപ്പല്ലറുകളാവാന്‍ അവര്‍ക്കു കഴിയണം. അവര്‍ ലോകത്തെ മാറ്റട്ടെ, കൂടുതല്‍ സുന്ദരമാക്കട്ടെ.

'ഒരുപക്ഷേ, തലയ്ക്കുമുകളില്‍ ഇടിഞ്ഞുവീഴാറായ ഉത്തരമുണ്ടായിരിക്കാം, നാലു ചുറ്റിനും ഇടിഞ്ഞുവീഴാറായ ചുവരുകള്‍ ഉണ്ടായിരിക്കാം. എന്നാലും ആകാശത്തോളം സ്വപ്നംകാണുക... ഒരുനാള്‍ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങള്‍ക്കും ആ വിജയതീരത്തെത്താം'.

ആരെയും പ്രചോദിപ്പിക്കുന്നതാണ് ആ വാക്കുകള്‍. ലോകത്ത് സമ്പത്തുമാത്രമേ അസന്തുലിതമായി വിതരണം ചെയ്യപ്പെട്ടിട്ടുള്ളൂ. സമയം ഏവര്‍ക്കും തുല്യമായി കാലം വീതിച്ചിട്ടുണ്ട് 24 മണിക്കൂര്‍. ഓരോ നിമിഷത്തിനും തീപിടിച്ച വിലയും.

Content Highlights: Career guidance column by IIMK director, Ranjith R Panathurs story