രുകാലത്തെ ഭാരതീയ ചിന്തകളുടെ സാര്‍വലൗകികതയില്‍ നിന്നുമാണ് ഗ്ലോബലൈസിങ് ഇന്ത്യന്‍ തോട്ട് ഒരു ആപ്തവാക്യമായി ഐ.ഐ.എമ്മിനു കൈവരുന്നത്. ലക്ഷ്യം അതാണ്, ഭാരതീയമായ ചിന്തകളുടെ സാര്‍വലൗകിക സ്വീകാര്യത വീണ്ടും. അത് കാലഹരണപ്പെട്ടതിനെ ആഘോഷിക്കലല്ല, കാലാതീതമായതിനെ വീണ്ടെടുക്കലാണ്. ഒപ്പം നൂതനാശയങ്ങളുടെ പിറവിയും പ്രയോഗവും. 2047 രാജ്യത്തെ സംബന്ധിച്ചിടത്തോളം, നമ്മളെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. സ്വാതന്ത്ര്യത്തിന്റെ നൂറുവര്‍ഷങ്ങളില്‍ നമ്മളെന്തുനേടി, ലോകത്ത് നമ്മള്‍ എവിടെ എന്ന ചോദ്യം സ്വാഭാവികമാണ്. ഇനി നമ്മുടെ ജീവിതലക്ഷ്യംതന്നെ അതിനുള്ള തയ്യാറെടുപ്പാവണം.

ഇന്ത്യയെന്നാല്‍ത്തന്നെ ഒരു ആശയസംഹിതയാണെന്നു പറയാം. ഒരു കാലത്ത് ലോകത്തെ നയിച്ച വെളിച്ചം. ബുദ്ധദര്‍ശനങ്ങളുടെ ആഗോള സ്വീകാര്യത നോക്കൂ. അതു സ്വാധീനിച്ചത് ലോകത്തെ മുഴുവനുമാണ്. ഭാരതീയമായ കലകളും വാസ്തുവിദ്യയും ശില്പകലകളുമൊക്കെ വിശ്വപ്രസിദ്ധമാണ്. ഒരിക്കലും ഒരു അധികാരസ്ഥാനത്തിലല്ലാതിരുന്ന മഹാത്മാഗാന്ധിയുടെ സ്ഥാനം ഏതു ലോകനേതാക്കള്‍ക്കും മീതെയാണെന്നു നാം കാണുന്നു.

കണക്കുകള്‍പ്രകാരം 2047ലേക്ക് ലോകജനസംഖ്യയുടെ ഏതാണ്ട് അഞ്ചിലൊന്ന് സംഭാവനചെയ്യുക നമ്മളാവും. അഞ്ചിലൊന്നു ആമാശയങ്ങള്‍ നമ്മളാവുമ്പോള്‍ അത്രയും ആശയങ്ങളും നമ്മുടേതായി ഉണ്ടാവണം. പ്രാചീനരാഷ്ട്രത്തെ ആധുനിക ലോകത്ത് പ്രതിഷ്ഠിക്കലാവരുത്. ഗാന്ധിയന്‍ ശൈലിയില്‍ ഹിമവാനോളം പഴക്കമുള്ളതും ഉത്തുംഗവുമായ ആശയങ്ങളുടെ വ്യാപനവും പുത്തനറിവുകളുടെ ഉത്പാദനവുമാവണം.

അതിനുള്ളതാവണം നമ്മുടെ വിദ്യാഭ്യാസം. മാറുന്ന ലോകത്തിന്, കാലത്തിന് അനുസൃതമായത്. ഇന്ന് ഒന്നാംസ്ഥാനം കണക്കിനാണെങ്കില്‍ നാളെയത് കലയ്ക്കാവും. കണക്കുകള്‍ തെറ്റാതെ കൂട്ടാന്‍ കംപ്യൂട്ടറും റോബോട്ടുമുണ്ടാവുമ്പോള്‍ ലോകത്തെ മുന്നോട്ടുനയിക്കാന്‍ പിന്നെ വേണ്ടത് നൂതനാശയങ്ങളാണ്, ഭാവനാസമ്പന്നരായ യുവത്വമാണ്. നയരൂപവത്കരണങ്ങളില്‍ വിദ്യാര്‍ഥികളുണ്ടാവണം, വനിതകളും. അതിലൊക്കെ കേരളം ഏറെ മുന്നിലാണ്. കാലാനുസൃതമായി ഉയരുന്നതില്‍, കാലാതീതമായി ചിന്തിക്കുന്നതില്‍ മുന്നിലാവണം നമ്മള്‍.

Content Highlights: Career Guidance column by IIMK director, Indian Culture, Success mantra