പ്രതിസന്ധികളുടെ പെരുമഴക്കാലമായിരുന്നു 2020-21. നമ്മുടെ യഥാർഥകരുത്ത് എന്താണെന്ന് വെളിപ്പെടുത്തുക പ്രതിസന്ധികളാണ്. ഓരോ നിമിഷവും പുരോഗതിയിലേക്കു കുതിക്കുന്ന ലോകത്തു നമ്മുടെ പ്രസക്തി നിർണയിക്കുന്നത് കാലികമായ കഴിവുകളാണ്. സ്വയം കാലികമാവുമ്പോഴാണ് കാലം ആവശ്യപ്പെടുന്നത് തിരിച്ചറിയാനാവുക. കാലഹരണപ്പെട്ട ബോധ്യങ്ങൾക്ക് വർത്തമാനലോകത്തിൽ ഒന്നുംചെയ്യാനില്ല എന്ന തിരിച്ചറിവുണ്ടാവണം. സ്വന്തമിടം കണ്ടെത്താൻ ലോകത്തിനു വേണ്ടരീതിയിൽ സ്വയംമാറ്റിയെടുക്കണം. മാറുന്ന ലോകത്ത് വിലാപങ്ങൾ പരിഹാരമല്ല, കലാപങ്ങളും.

ഈ വർഷത്തെ ഐ.ഐ.എമ്മിന്റെ പ്ലേസ്മെന്റ് എല്ലാ പ്രതിസന്ധികൾക്കിടയിലും 100 ശതമാനം. പകുതിയോളം വിദ്യാർഥികളുടെ വാർഷികവേതനം 28.9 ലക്ഷമാണ്. കഴിഞ്ഞവർഷത്തെക്കാൾ ഏറെ. കോവിഡ്കാലത്ത് പ്ലേസ്മെന്റ് നടന്നതും വെർച്വൽ പ്ലാറ്റ്ഫോമിലാണ്.

ഈ വിജയം സാധ്യമാക്കിയത് വിദ്യാർഥികളിലെ മത്സരബുദ്ധിയാണ്. മത്സരാധിഷ്ഠിതലോകത്ത് അതിജീവനത്തിന് അതാവശ്യവുമാണ്. മറ്റൊന്ന് ചലനാത്മകമായ ലോകത്തിന് ആവശ്യമായ ചലനാത്മകമായ പാഠ്യപദ്ധതി രൂപകല്പന ചെയ്യാൻ കെല്പുള്ളവരുടെ നേതൃത്വവുമാണ്. 2020-21 ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ കാൽനൂറ്റാണ്ടിലെ എറ്റവും മികച്ച നേട്ടത്തിന്റെ തിളക്കമാർന്ന ഏടാണ്. പ്രതിസന്ധികളിൽ പതറാതെ, അതിലും അവസരങ്ങളെ തിരിച്ചറിഞ്ഞ മുന്നേറ്റമാണത്. ഭരണവിഭാഗവും പാഠ്യവിഭാഗവും വിദ്യാർഥികളും പൂർവവിദ്യാർഥികളും പരസ്പരപൂരകമായ പ്രവർത്തനങ്ങളാൽ സാധ്യമാക്കിയ വിസ്മയം.

ഭൂതകാലത്തെ മറക്കുന്നതാവരുത്, അതുപോലെ ഭാവിയെ മറയ്ക്കുന്നതുമാവരുത് വളർച്ചയിലേക്കുള്ള മികവിന്റെ സ്ഥാപനപാതകൾ. വിശാലവും വിദൂരവുമായ കാഴ്ചകൾ അനിയന്ത്രിതമായ മോഹങ്ങളല്ല, മറിച്ച് സ്ഥാപനങ്ങൾക്ക് ലക്ഷ്യബോധവും ദിശാബോധവും അതിലേറെ ഭാവനാലോകവും സൃഷ്ടിക്കുന്നൊരു പ്രവർത്തനമാണ്. മികവിന്റെ സ്ഥാപനങ്ങളെ അടയാളപ്പെടുത്തുക, അതു ലോകത്തിനു നൽകിയ സംഭാവനകളാണ്. അതാവട്ടെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ലക്ഷ്യം.

Content Highlights: Career Guidance column by IIMK director, future world