ഫുട്‌ബോള്‍ രംഗത്തുനിന്ന് അപ്രതീക്ഷിതമായി ആഗോള സാങ്കേതികവിദ്യകളുടെ മാസ്മരികലോകമായ സിലിക്കോണ്‍ വാലിയിലെത്തി. അവിടെ കോച്ച് എന്ന സ്വയമൊരു ബ്രാന്‍ഡായി, സ്റ്റീവ് ജോബ്‌സ് മുതല്‍ സുന്ദര്‍ പിച്ചൈ വരെയുള്ളവരുടെ മാര്‍ഗദര്‍ശിയായി കളമൊഴിഞ്ഞ ബില്‍ കാംപ്വേലിനെ സിലിക്കണ്‍വാലി ആദരിച്ചത് ട്രില്യന്‍ ഡോളര്‍ കോച്ച് എന്നൊരു പുസ്തകത്തിലൂടെയാണ്.
ഗൂഗിളിനെയും ആപ്പിളിനെയും ഇന്റ്യൂയിറ്റിനെയും പോലുള്ളതിനെ നയിച്ച ധിഷണാശാലികളായി ലോകം അടയാളപ്പെടുത്തിയ ലാരി പേജിനെയും സ്റ്റീവ് ജോബ്‌സിനെയും ബ്രാഡ് സ്മിത്തിനെയും പോലുള്ളവരെ വാര്‍ത്തെടുത്ത പ്രതിഭാശാലിയായിരുന്നു ബില്‍.
കളിക്കളത്തിലെ ഉയര്‍ന്ന സമ്മര്‍ദത്തെ ടീമംഗങ്ങളുടെ കഴിവുകളുടെ ഏകോപനത്തിലൂടെയും സ്വന്തം നേതൃശേഷിയിലൂടെയും മറികടക്കുകയും മികച്ച പ്രകടനത്തിന് ടീമിനെ പ്രാപ്തരാക്കുകയും ചെയ്യുന്നയാളാണ് കോച്ച്. ഫുട്‌ബോള്‍ കോര്‍ട്ടില്‍നിന്ന് ബില്‍ സിലിക്കോണ്‍ വാലിയിലേക്കെത്തിച്ചത് ആ കഴിവുകളായിരുന്നു. അസാധാരണരായ പ്രതിഭാശേഷിയുള്ളവരെ ഒന്നായി കൊണ്ടുപോകാന്‍ അതിലപ്പുറമുള്ളൊരു പ്രതിഭാശാലിക്കുമാത്രം കഴിയുന്നതാണ്. 2016- ല്‍ ജീവിതത്തില്‍നിന്ന് വിടപറഞ്ഞ ബില്ലിനെ സിലിക്കോണ്‍വാലി ഓര്‍ക്കുന്നതിനുപിന്നില്‍ എന്തായിരിക്കും? അദ്ദേഹം അവശേഷിപ്പിച്ചുപോയ, പാരമ്പരാഗതി രീതികളെത്തന്നെ വെല്ലുവിളിച്ച സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റയും പാരസ്പര്യത്തിന്റെയും കരുതലിന്റെയും പുതിയൊരു സംവേദനരീതി. വ്യക്തിവികാസവും പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും സാധ്യമാക്കുന്ന ആ വേറിട്ട ഏകോപന രീതിയോടുള്ള ഇഷ്ടവും ആദരവുമൊക്കെയാണത്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് എന്നു പറയുന്നതും അതിന്റെയൊക്കെ ആകെത്തുകയാണ്, നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ടാവേണ്ടതും.
ബില്‍ പലപ്പോഴായി മൂളാറുള്ളത് യൂ കാണ്ട് ആള്‍വേയ്‌സ് ഗെറ്റ് വാട് യൂ വാണ്ട് എന്ന റോളിങ് സ്റ്റോണ്‍സിന്റെ ഗാനശകലമാണെന്നു പറയുന്നത് ഫോര്‍ച്യൂണ്‍ മാഗസിന്‍ ഉദിച്ചുയരുന്ന എട്ടു നക്ഷത്രങ്ങളില്‍ ഒന്നായി അടയാളപ്പെടുത്തിയ മൈക് മാപ്ള്‍സ് ജൂനിയറാണ്. മനോഹരമാണ്, ഓര്‍ക്കേണ്ടതും ഉള്‍ക്കൊള്ളേണ്ടതുമാണ് ആ വരികള്‍.
നീ ആഗ്രഹിക്കുന്നതു നേടുവാന്‍ എന്നും കഴിയുകയില്ല പക്ഷേ, കുറച്ചൊന്നു ശ്രമിച്ചു നോക്കൂ, കാണാം നിനക്ക് ആവശ്യമുള്ളതൊക്കെയും ലഭിക്കുന്നത്. കലാലയത്തില്‍ ഇഷ്ടപ്പെട്ട സൗഹൃദസംഘങ്ങളില്‍ അംഗത്വത്തിന് നോക്കിയ മൈക്കിനെ ആരും അടുപ്പിച്ചില്ല. പിന്നൊരുവഴി തന്നെക്കൂടി ഉള്‍ക്കൊള്ളാന്‍ പറ്റിയ ഒന്നിനു വഴിമരുന്നിടുകയാണ്.
താന്‍ വഴിമരുന്നിട്ടതു ബെസ്റ്റായതും തന്നെ വേണ്ടാത്തവരുടേതു വേസ്റ്റായതും ചരിത്രം. സിലിക്കോണ്‍ വാലിയിലെത്തിയപ്പോഴും അതുതന്നെ സ്ഥിതി. താത്പര്യമുള്ള വെന്‍ച്വര്‍ കാപ്പിറ്റല്‍ രംഗത്തേക്കു ആരും അടുപ്പിച്ചില്ല. ആകെ പിന്നൊരു വഴി ഒന്നു തുടങ്ങലായിരുന്നു. അതാണു ഫ്‌ലഡ്‌ഗേറ്റ്. ആഗ്രഹിക്കുന്നതു തനിക്കു ലഭിക്കാത്ത ഓരോ ദിവസത്തോടും നന്ദി പറയാറുണ്ടെന്ന് മൈക്.
(കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടറാണ് ലേഖകന്‍)
Content Highlights: Career guidance by debashis chatterjee, about bill campbell