ത്മവിശ്വാസക്കുറവാണ് പലപ്പോഴും നമ്മുടെ പരാജയമായി ജീവിതത്തിൽ മൊഴിമാറ്റപ്പെടുന്നത്. പ്രശസ്തമായ കൊളംബിയാ ഗ്രാജ്വേറ്റ് ഫിലിം സ്കൂളിലെ ഒരു ഗവേഷണ വിദ്യാർഥി കൈയിലുള്ളതു മുഴുവൻ ചെലവഴിച്ച് അയാളുടെ തീസിസ് ഫിലിം ചെയ്യുന്നു. ഊണും ഉറക്കവും മാറ്റിവെച്ചെന്നോണം അവൻ അധ്വാനിച്ചത് നീണ്ട എട്ടുമാസം. ഫിലിമിന്റെ അന്തിമ പ്രദർശനത്തിനു മുന്നേ അയാൾ ഒരു ഉൾവിളിയാലെന്നപോലെ ഒരു പ്രൊഫസറെ അതൊന്നു കാണിക്കുന്നു. അയാൾ തലങ്ങും വിലങ്ങുമായി ഒത്തിരി കട്ടുകൾ പറയുന്നു, പോരായ്മകളും.

പ്രദർശനത്തിന്റെ അവസാന നിമിഷം അടുക്കുന്ന വേളയിൽ അവൻ ആകെ തളർന്നു. അദ്ദേഹം നിർദേശിച്ച വെട്ടും തിരുത്തും രംഗബോധമില്ലാതെതന്നെ തീർത്തു. അടുത്ത ദിവസം അത്രയും വെട്ടിമുറിച്ചിറക്കിയ ഫിലിം അവൻ സദസ്സിനു മുന്നിൽ പ്രദർശിപ്പിക്കുന്നു. പ്രൊഫസർമാർ ഒന്നടങ്കം അതിനിശിതമായി വിമർശിക്കുന്നു, തികച്ചും കൊള്ളാത്ത ഒന്നായി വിലയിരുത്തുന്നു. ആ വിദ്യാർഥി അന്നോളം ഉണ്ടാക്കിയ എല്ലാ വിശ്വാസ്യതയും അവിടെ തകർന്നടിയുന്നു. അന്നോളം അവനിൽ വൻപ്രതീക്ഷ അർപ്പിച്ച പലരും അന്നവന്റെ മുഖത്തുകൂടി നോക്കാതെ സ്ഥലം കാലിയാക്കുന്നു. 

കുറച്ചു ആഴ്ചകൾക്കുശേഷം, എല്ലാവരുടെയും കലി ഒന്നടങ്ങിയെന്ന തോന്നലിൽ അയാൾ താൻ ഏറെ നിരാശപ്പെടുത്തിയ ഒരു പ്രൊഫസറെ ചെന്നുകാണുന്നു. അവനെ എന്നും അതിരറ്റു സഹായിച്ച അദ്ദേഹം അന്നവന്റെ മുഖത്തുകൂടി നോക്കിയില്ല. അവൻ അദ്ദേഹത്തിനു മുന്നിൽ അവസാന നിമിഷത്തെ ആ ശപിക്കപ്പെട്ട വെട്ടും തിരുത്തും ഉണ്ടാവാനിടയായ സാഹചര്യം തുറന്നുപറഞ്ഞു. അദ്ദേഹം ഉടൻ ഒറിജിനൽ വേർഷൻ കാണിക്കാൻ ആവശ്യപ്പെട്ടു. അതു കണ്ട ആ പ്രൊഫസറുടെ കണ്ണുകളിലെ തിളക്കം തിരിച്ചുകൊണ്ടുവന്നത് അവന്റെ ജീവിതത്തെ തന്നെയായിരുന്നു. ഇതിൽ, ഇവിടെ ഞാൻ നിന്നെ കാണുന്നു... പ്രൊഫസറുടെ ആ വാക്കുകൾ അയാളെ കരകയറ്റിയത് അവന്റെ പിന്നീടുള്ള സർഗവ്യാപാരങ്ങളിലേക്കാണ്, ലോകത്തിനുള്ള സർഗസംഭാവനകളിലേക്കാണ്.

ഈ അനുഭവം ഒരുകാര്യം വ്യക്തമാക്കുന്നു– ആത്മവിശ്വാസം ഏതു വിശ്വാസത്തിലും മീതെ തന്നെ. ഒരു ലക്ഷ്യത്തിലേക്കുള്ള പ്രയാണ മധ്യേ, ലക്ഷ്യപ്രാപ്തിക്കു മുന്നേ നമ്മെ ഇടിച്ചിടാൻ ആരെയും അനുവദിച്ചുകൂടാ എന്നവൻ പിൽക്കാലത്തെ ഒരഭിമുഖത്തിൽ രേഖപ്പെടുത്തുന്നു. എന്നും സ്വന്തം അധ്വാനത്തെ വിശ്വസിക്കുക, മറ്റുള്ളവരുടെ ഉപദേശത്തിലേറെ.

പത്തുലക്ഷം കോപ്പികളിലേറെ വിറ്റതും ഇരുപതിലേറെ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടതും ഇതിനകം ബിഗ് സ്‌ക്രീനിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടതുമായ ‘ദി സ്കൂൾ ഫോർ ഗുഡ് ആൻഡ് ഈവിൾ’ എന്ന ഫിക്‌ഷൻ സീരീസ് രചിച്ച സോമൻ ചെയ്നാനി എന്ന ഇന്ത്യൻവംശജനായ അമേരിക്കൻ എഴുത്തുകാരന്റെ കഥയാണു മുകളിൽ. 

(കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടറാണ് ലേഖകന്‍)

Content Highlights: Inspirational story of Soman Chainani, Believe your self