ക്രിസ്ത്യന്‍ ആര്‍.സി. വിഭാഗത്തില്‍പ്പെട്ടവളായ ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത് ക്രിസ്ത്യന്‍ എല്‍.സി. (ലാറ്റിന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ട ആളെയാണ്. ക്രിസ്ത്യന്‍ മതാചാരപ്രകാരം നടന്ന വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് കൈവശമില്ല. അത് ലഭിച്ചുകഴിഞ്ഞ് ലാറ്റിന്‍ വിഭാഗത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ പി.എസ്.സി. പ്രൊഫൈലില്‍ മാറ്റം വരുത്താന്‍ സാധിക്കുമോ? ഇനി ലത്തീന്‍ വിഭാഗത്തില്‍പ്പെട്ട വ്യക്തിയെന്ന നിലയ്ക്ക് എനിക്ക് എല്‍.ജി.എസ്. പരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയാല്‍ എന്തെങ്കിലും സംവരണം ലഭിക്കുമോ.? 

ക്രിസ്ത്യന്‍ മുന്നാക്കവിഭാഗമായ റോമന്‍ കാത്തലിക് വിഭാഗത്തില്‍ ജനിച്ചുവളര്‍ന്ന താങ്കള്‍ ഒരു ലത്തീന്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്തതുകൊണ്ടുമാത്രം ലത്തീന്‍ വിഭാഗത്തിന്റെ സംവരണം ലഭിക്കുകയില്ല. താങ്കളുടെ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ ക്രിസ്ത്യന്‍ ആര്‍.സി. എന്നായിരിക്കുമല്ലോ രേഖപ്പെടുത്തിയിരിക്കുന്നത്. പരിവര്‍ത്തനം ചെയ്താലുംഇതിന്റെ പ്രയോജനം ലഭിക്കില്ല. രണ്ടും ക്രിസ്തുമതത്തിന്റെ വകഭേദങ്ങളാണ്. ഇതരമതവിഭാഗത്തില്‍പ്പെട്ട ഏതെങ്കിലും ആള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്താലും മതത്തിലേക്ക് മാറാനല്ലാതെ ഉപവിഭാഗങ്ങളുടെ (IC, OX, SIUC നാടാര്‍) സംവരണവിഭാഗത്തിലേക്ക് മാറിയതായി പരിഗണിക്കുകയില്ല.എന്നാല്‍ നിങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വാഭാവികമായും അച്ഛന്റെ (LC) സംവരണത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതുമാണ്.

Content Highlights: Kerala psc related Queries