ശാസ്ത്രജ്ഞനാവാനാണ് ആ യുവാവ് ആഗ്രഹിച്ചത് പിന്നിട് എപ്പോഴോ ലാബിനുള്ളില്‍ നില്‍ക്കുന്നതിനെക്കാള്‍ സന്തോഷം സമൂഹത്തില്‍ ഇറങ്ങി ജോലി ചെയ്യുമ്പോള്‍ ലഭിക്കുമെന്ന് മനസിലാക്കിയതോടെ ഒരു സഡന്‍ ബ്രേക്കായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം ശ്രമത്തില്‍ 321-ാം റാങ്ക് ലഭിച്ച സൂരജിന് ഐ.എഫ്. ഒ.എസ് ആണ് ലഭിച്ചത്. പണ്ടെന്നോ മനസ്സില്‍ കൂടിയ ഫോറസ്റ്റ് സര്‍വീസ് മറക്കാന്‍ സൂരജിന് കഴിഞ്ഞില്ല ചെറിയൊരു ഇടവേളയ്ക്ക് ശേഷം എഴുതിയ ഐഎഫ്എസ് സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിരിക്കുകയാണ് ഈ മൂവാറ്റുപുഴക്കാരന്‍.

പരീക്ഷയെ മനസ്സിലാക്കുക പിന്നെ ചിട്ടയായ പഠനം വിജയകുതിപ്പിന് പിന്നിലെ രഹസ്യങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുകയാണ് സൂരജ് ബെന്‍

സാമൂഹിക പ്രതിബദ്ധയുള്ള ജോലി 

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിനെ കുറിച്ച് പണ്ട് തൊട്ടേ അറിയാമായിരുന്നു. ഐസറിലായിരുന്നു പഠിച്ചത്  അവിടെ പഠിക്കുന്ന കാലത്ത് എല്ലാ വേനലവധിക്കും പ്രോജക്റ്റ് ചെയ്യണമായിരുന്നു. തേനി ഫോറസ്റ്റ് ഡിവിഷനില്‍ രണ്ട് മാസത്തെ പ്രോജക്റ്റ് ചെയ്തിരുന്നു സസ്തനികളെ കുറിച്ചുള്ള പഠനമായിരുന്നു നടത്തിയിരുന്നത്. പിന്നീട് കുളത്തൂര്‍പ്പൂഴ ഫോറസ്റ്റ് റെയ്ഞ്ചിലും പ്രോജക്റ്റ് ചെയ്തിരുന്നു. അക്കാലയളവിലെ അനുഭവങ്ങള്‍ ഈ മേഖലയോട് വളരെയധികം താത്പര്യം കൂട്ടിയിരുന്നു.

പഠനകാലയളവില്‍ നിരവധി എന്‍ജിഓകളില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നു. സാമൂഹിക പ്രതിബദ്ധയുള്ള ജോലി എനിക്ക് സംതൃപ്തി നല്‍കുമെന്ന് മനസില്‍ തോന്നി. അങ്ങനെയാണ് സിവില്‍ സര്‍വീസ് മോഹം മനസില്‍ വരുന്നത്. ആദ്യത്തെ ശ്രമത്തില്‍ ഇന്റര്‍വ്യു വരെ എത്തിയെങ്കിലും ഇന്റര്‍വ്യുവില്‍ പരാജയപ്പെട്ടു. രണ്ടാം വട്ടമാണ് സിവില്‍ സര്‍വീസ് ലഭിക്കുന്നത്. 321ാം റാങ്കാണ് ലഭിച്ചത്.അടുത്ത വര്‍ഷം ട്രെയിനിങ്ങ് ഉള്ളതിനാല്‍ ഐഎഫ്എസ് മോഹത്തിന് ഒരു ഫുള്‍ സ്റ്റോപ്പ് ഇടേണ്ടി വന്നു. പിന്നീട് എഴുതിയത് ഈ വര്‍ഷമായിരുന്നു.  ആദ്യ പത്ത് റാങ്ക് പ്രതീക്ഷിച്ചിരുന്നുവെങ്കിലും  ഒന്നാം റാങ്ക് അപ്രതീക്ഷിതമായിരുന്നു.

മൂന്നാം വട്ടം നേടിയ വിജയം

യു.പി.എസ്.സി തന്നെയാണ് സിവില്‍ സര്‍വീസും ഫോറസ്റ്റ് സര്‍വീസ് പരീക്ഷയും നടത്തുന്നതെങ്കിലും ഫോറസ്റ്റ് സര്‍വീസിന് പ്രിലിംസ് കട്ട് ഓഫ് കുറച്ച് കൂടുതലാണ്. ആദ്യത്തെ രണ്ട് തവണയും സിവില്‍ സര്‍വീസ് കട്ട് ഓഫ് ക്ലിയര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നു. പക്ഷേ ഫോറസ്റ്റ് സര്‍വീസ് പ്രിലിംസിന്റെ കട്ട് ഓഫ് ക്ലിയര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടാമത്തെ ശ്രമത്തില്‍ 321 മത്തെ റാങ്ക് കിട്ടുകയും സര്‍വീസില്‍ കയറുകയുമായിരുന്നു. തൊട്ടടുത്ത വര്‍ഷം ട്രെയിനിങ് ആയിരുന്നതിനാല്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. അങ്ങനെ ഇത്തവണയാണ് പരീക്ഷ എഴുതിയത്

സിവില്‍ സര്‍വീസ് ലഭിച്ച ശേഷം അത് കളഞ്ഞ് ഐഎഫ്എസിന് ശ്രമിക്കാനായി മനസ് സമ്മതിച്ചില്ല. അത് കൊണ്ട് ജോലിയോട് ഒപ്പം തന്നെ പഠനവും മുന്നോട്ട് കൊണ്ടു പോയി. ചിട്ടയായ പഠനമാണ് എന്നെ സഹായിച്ചത്.ജോലിസമയത്ത് ലഞ്ച് ബ്രേക്ക് വരെ പഠനത്തിനായി ഉപയോഗിച്ചിരുന്നു. കിട്ടുന്ന ഒരോ മിനിറ്റും പാഴാക്കാതെ  പഠിക്കുക എന്നതായിരുന്നു എന്റെ രീതി.

വേണ്ടത് ശാസ്ത്രിയമായ സമീപനം

പരീക്ഷയെ മനസിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശാസ്ത്രിയമായ സമീപനമാണ് ഈ പരീക്ഷയ്ക്ക് ആവശ്യം. സിവില്‍ സര്‍വിസ് പോലെ വിസ്തൃതമായ സിലബസല്ല ഇതിനുള്ളത്. എന്നാല്‍ ഉള്ള വിഷയങ്ങള്‍ ആഴത്തില്‍ മനസിലാക്കുകയും വേണം. മെയിന്‍ പരീക്ഷയ്ക്ക് വേണ്ടി രണ്ട് മാസത്തോളം ലീവ് എടുത്തിരുന്നു. വളരെ ചെറിയ കാലയളവ് കൊണ്ട് ഇത്രയും പഠിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു.

ജിയോളജിയും ഫോറസ്ട്രിയുമായിരുന്നു എന്റെ പേപ്പറുകള്‍. പ്രധാനമായും രണ്ട് കാര്യങ്ങളാണ് പരീക്ഷയ്ക്ക് വേണ്ടി അവലംബിച്ചത്

ഒന്ന് : സിലബസ് കൃതമായി മനസിലാക്കി
രണ്ട് : കഴിഞ്ഞ് പത്ത് വര്‍ഷത്തെ ചോദ്യപേപ്പറുകള്‍ പഠിച്ചു.

മുന്‍വര്‍ഷ ചോദ്യങ്ങള്‍

12 ചാപ്റ്ററുകളായിട്ടാണ് ജിയോളജിയെ തിരിച്ചിരിക്കുന്നത്. ഒരോ ചാപ്റ്ററുകളില്‍ നിന്ന് എത്രത്തോളം ചോദ്യങ്ങള്‍ വന്നിട്ടുണ്ടെന്ന് കണ്ടെത്തി. അതെല്ലാം കുറിച്ച് വെച്ചു ഇതോടൊപ്പം ഈ ചോദ്യങ്ങള്‍ എത്രത്തോളം ആഴത്തിലുള്ളതാണെന്നും മനസിലാക്കി. ഈ രീതിയില്‍ പഠനം മുന്നോട്ട് കൊണ്ട് പോയത് എന്നെ വളരെയധികം സഹായിച്ചു.

പഠിക്കുന്ന കാര്യങ്ങള്‍ കൃത്യമായി മനസിലാക്കുക

ചില ദിവസങ്ങളില്‍ പത്ത് മണിക്കൂറിലധികം പഠിച്ചിട്ടുണ്ട്. ചില സമയങ്ങളില്‍ അത്രയൊന്നും പഠിച്ചിരുന്നില്ല. ദിവസം ഇത്ര മണിക്കൂര്‍ പഠിക്കുക എന്നതിനെക്കാള്‍ ഇത്ര ഭാഗങ്ങള്‍ പഠിച്ച് തീര്‍ക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. മൂന്ന് മണിക്കൂര്‍ ആണെങ്കിലും നിങ്ങള്‍ പഠിക്കുന്ന കാര്യങ്ങള്‍ കൃത്യമായി മനസിലാക്കുക എന്നതാണ് പ്രധാനം.

ആരോഗ്യം കളഞ്ഞ് പഠിക്കുന്നതില്‍ കാര്യമില്ല 

പരീക്ഷയുടെ കുറച്ച് നാളുകള്‍ക്ക് മുന്‍പ് കോവിഡ് വന്നിരുന്നു. പനിയൊക്കെ മാറിയ അവസാന നാളുകളില്‍ 14 മണിക്കൂറോളം ഞാന്‍ പഠിച്ചിരുന്നു. അന്ന് അങ്ങനെയൊരു മൂഡായിരുന്നു. എന്നാല്‍ അതൊരു ആരോഗ്യപരമായ സമീപനമായിരുന്നുവെന്ന് തോന്നുന്നില്ല. ആരോഗ്യം കളഞ്ഞ് പഠിക്കുന്നതില്‍ കാര്യമില്ല ചിട്ടയായ രീതിയില്‍ മാനസിക ആരോഗ്യം കാത്ത് കൊണ്ട് പഠനം മുന്നോട്ട് കൊണ്ടുപോവുക.

എത്ര ദിവസം മുന്നിലുണ്ടെന്ന് മനസിലാക്കി പഠിക്കുക. ഉദ്ദാഹരണത്തിന് 60 ദിവസമാണ് മുന്നിലുള്ളതെങ്കില്‍ 50 ദിവസത്തേക്ക് ഉള്ള പ്ലാന്‍ ചെയ്യുക. ബാക്കി പത്ത് ദിവസം നിങ്ങള്‍ മാറ്റിവെയ്ക്കണം. ചിലപ്പോള്‍ ഈ 50 ദിവസത്തില്‍ എപ്പോഴെങ്കിലും പല കാരണങ്ങള്‍ കൊണ്ട് പഠിക്കാന്‍ പറ്റാതെ വന്നേക്കാം. അപ്പോള്‍ അത് മറികടക്കാനായി നിങ്ങളുടെ പക്കല്‍ ദിവസം വേണം.  50 ദിവസം കൊണ്ട് നിങ്ങള്‍ക്ക് പ്ലാന്‍ തിര്‍ക്കാന്‍ പറ്റിയാല്‍ ബാക്കി ദിവസം നിങ്ങള്‍ക്ക് റിവിഷന്‍ ചെയ്യാന്‍ ഉപയോഗിക്കം. ഹാളിലേക്ക് കേറുന്ന അവസാന മിനിറ്റ് വരെ ഞാന്‍ പഠിച്ചിരുന്നു.

ഓരോ നിമിഷവും വിലപ്പെട്ടതാണ്

ഓസ്‌ട്രേലിയന്‍ ബുഷ് ഫയറിനെ കുറിച്ച് ഒരു ചോദ്യം പരീക്ഷയ്ക്ക് വന്നിരുന്നു. അവസാന ലാപ്പ് പഠനത്തിലാണ് ഇതിനെ കുറിച്ച് ഞാന്‍ കൂടുതല്‍ വായിച്ചത്. ഓരോ നിമിഷവും വിലപ്പെട്ടതാണ്.

പഠനത്തിനിടിയില്‍ ചെറിയ ബ്രേക്കെടുക്കാന്‍ ഞാന്‍ മറന്നിരുന്നില്ല. വൈകുന്നേരങ്ങളില്‍ ബ്രേക്കെടുക്കാനാണ് ശ്രദ്ധിച്ചിരുന്നത്.

ജിയോളജി ടെക്‌നിക്കലായിട്ടുള്ള വിഷയമാണ് അതിനാല്‍ തന്നെ കാണാപാഠം പഠിക്കാന്‍ ഒരുപാടുണ്ട്. സമയം കുറച്ച് അധികം എടുത്തതും ഈ വിഷയത്തിനാണ്.

പഠനസാമഗ്രഹികള്‍ 

സമയം തീരെ കുറവായതിനാല്‍ രണ്ട് പേപ്പറുകള്‍ പഠിക്കാനായി കോച്ചിങ്ങ് ക്ലാസില്‍ പോയിരുന്നു. ഇവിടെ നിന്ന് ലഭിക്കുന്ന പഠനസാമഗ്രഹികള്‍ നല്ലതായിരുന്നു. ഫോറസ്ട്രിക്ക് വേണ്ടി മണികണ്ഠന്‍ ആന്‍ഡ് പ്രഭുവിന്റെ പുസ്തകം വളരെയധികം സഹായിച്ചിരുന്നു.വളരെ വലിയ പുസ്‌കമാണിത് എങ്കിലും എല്ലാ വിഷയവും ഇതില്‍ വ്യക്തമായി പറയുന്നുണ്ട്. ഇതോടൊപ്പം യുട്യൂബ് വിഡിയോസും കാണുമായിരുന്നു. ചില ടോപ്പിക്കുകള്‍ മനസിലായില്ലെങ്കില്‍ ഇത്തരം വീഡിയോകള്‍ കണ്ടാല്‍ പെട്ടെന്ന് മനസിലാവുമായിരുന്നു

ജിയോളജിക്കായി കെ.എം ബങ്കറിന്റെ എന്‍ജിനിയറങ്ങ ്ജിയോളജി എന്ന് പുസ്തകം ഉപയോഗിച്ചിരുന്നു.

പ്രജേഷ് ജെന എന്ന എന്റെ സീനിയര്‍ അദ്ദേഹത്തിന്റെ നോട്ടുകള്‍ പുസ്തമാക്കിയിരുന്നു അതും പഠിച്ചിരുന്നു. എന്‍പിടിഎല്ലിന്റെ യുട്യൂബിലെ വിഡിയോ ക്ലാസുകളും ഉപകാരപ്രദമായിരുന്നു.


പശ്ചിമഘട്ടം, കേരളത്തിലെ പ്രളയം, പ്ലാച്ചിമട, ശബരിമലയുടെ എക്കോളജിക്കല്‍ വശം എന്നിവയെല്ലാമായിരുന്നു അഭിമുഖത്തില്‍ പ്രധാനമായും ചോദിച്ചത്‌. വളരെ ശാന്തമായ രീതിയിലായിരുന്നു ഈ ഘട്ടം. അറിയാത്ത കാര്യങ്ങള്‍ അറിയില്ലെന്ന് പറയുക അറിയാവുന്നത് വൃത്തിയില്‍ പറയുക എന്നതായിരുന്നു എന്റെ രീതി. അഭിമുഖത്തിനായി കൃത്യമായ പ്ലാനിങ്ങുണ്ടായിരുന്നു. കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള പഠനമായിരുന്നു ഈ ഘട്ടത്തില്‍ നടത്തിയത്. ഇത് മികച്ച രീതിയില്‍ സഹായിച്ചു. ശരിക്കും ഇതൊരു പേഴ്‌സണാലിറ്റി ടെസ്റ്റായിട്ടാണ് എനിക്ക് തോന്നിയത്.

ലക്ഷ്യബോധമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിജയം നേടാനാവും

ജോലി ചെയ്യുന്ന സമയത്ത് തന്നെ നിങ്ങള്‍ സിവില്‍ സര്‍വീസ് എഴുതാന്‍ സാധിക്കും. സ്‌ക്കൂള്‍ ലെവല്‍ മുതലുള്ള വിഷയങ്ങളില്‍ നിങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെങ്കില്‍ പഠനം എളുപ്പമാകും. എന്നാല്‍ അതില്ലെങ്കില്‍,വളരെ തുടക്കകാരാണെങ്കില്‍ പരീക്ഷയെ മനസിലാക്കിയെടുക്കാന്‍ കുറച്ച് സമയമെടുക്കും എങ്കിലും ലക്ഷ്യബോധമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിജയം നേടാനാവും.

Content Highlights: Interview Sooraj Ben IFS First Rank