കോഴിക്കോട്: ഇഷ്ടത്തോടെ എന്തും പഠിച്ചാല്‍ ആ വിഷയം നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങുമെന്നാണ് ഫായിസ് ഹാഷിമിന്റെ പക്ഷം. അതു കൊണ്ട് തന്നെയാണ്‌ കീം പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടാന്‍ ഈ മിടുക്കന് കഴിഞ്ഞതും. ഓള്‍ ഇന്ത്യ എന്‍ജിനീയറിങ്ങ് പരീക്ഷയായ ജെ.ഇ.ഇയിലും സംസ്ഥാനത്തെ ഒന്നാം റാങ്കുകാരനാണ് ഫായിസ് ഹാഷിം. 99.9874647 ആയിരുന്നു ഹാഷിമിന്റെ ജെ.ഇ.ഇ സ്‌കോര്‍. 

എന്‍ജിനിയര്‍മാരായ മാതാപിതാക്കള്‍ ചെറുപ്പം മുതലേ പ്രചോദനമായിരുന്നു. അതിനാല്‍ തന്നെ മറ്റൊരു പ്രൊഫഷനെകുറിച്ച് ചിന്തിച്ചിരുന്നില്ലെന്നാണ് ഹാഷിം പറയുന്നത്." മെഡിക്കല്‍ പ്രവേശനത്തിനായി സഹോദരന്‍ പരിശിലനം നേടുന്നത് കണ്ടിരുന്നു. അതിനാല്‍ തന്നെ വേറിട്ട മേഖലയാണ് ഇതെന്ന് തോന്നിയിരുന്നില്ല", ഹാഷിം പറഞ്ഞു.

പഠിക്കുന്നത് ക്ലാസ്സിൽ വീട്ടിൽ റിവിഷൻ മാത്രം

ആദ്യ ദിനം മുതല്‍ തന്നെ സ്ഥിരത കൈവിടാതെ മുന്നോട്ട് പോയതാണ് പഠിത്തത്തിൽ ഹാഷിമിനെ സഹായിച്ചത്. "പ്ലസ് വണ്‍ മുതല്‍ തന്നെ എന്‍ട്രന്‍സ് കോച്ചിങ്ങിന് പോയിരുന്നു. പ്ലസ് വണ്ണില്‍ ഉഴപ്പി പ്ലസ്ടുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് ചിന്ത വളരെ അബദ്ധമാണ്.

ക്ലാസ്സില്‍ പാഠങ്ങള്‍ എടുക്കുമ്പോള്‍ തന്നെ പഠിച്ചെടുക്കാന്‍ ശ്രദ്ധിച്ചിരുന്നു. സംശയങ്ങള്‍ അന്ന് തന്നെ അധ്യാപകരോട് ചോദിച്ച് ദുരീകരിക്കും. സത്യത്തില്‍ വീട്ടില്‍ പോയാല്‍ അന്ന് പഠിച്ച കാര്യങ്ങള്‍ റിവിഷന്‍ ചെയ്യുകാണ് പതിവ്. ആഴ്ച്ചാവസാനം വീണ്ടും റിവിഷന്‍ നടത്തും. ഓരോ പാഠഭാഗത്തില്‍ നിന്നു 200ലധികം ചോദ്യങ്ങള്‍ പരിശീലിച്ചിരുന്നു".

ആദ്യം മുതലേ മുന്‍വര്‍ഷ ചോദ്യ പേപ്പറുകള്‍ പരിശീലിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് ഹാഷിം കൂട്ടിച്ചേർത്തു.

"ദിവസവും 8 മണിക്കൂര്‍ പഠിക്കുമായിരുന്നു എന്നാല്‍ എല്ലാ ദിവസവും ഇത്രയും സമയം പഠിക്കാന്‍ സാധിച്ചിരുന്നില്ല. കഷ്ടപ്പെട്ട് പഠിക്കാതെ ഇഷ്ടപ്പെട്ട് പഠിക്കുക എന്നാണ് എന്റെ രീതി. സമ്മര്‍ദ്ദം കൂടുതലുണ്ടെങ്കില്‍ പാട്ട് കേള്‍ക്കുകയും സിനിമ കാണുകയും ചെയ്യും. എല്ലാത്തിനും ഒരു ചെറിയ നിയന്ത്രണം സ്വയം വെച്ചിരുന്നു. സോഷ്യല്‍ മീഡിയ പൂര്‍ണ്ണമായി ഒഴിവാക്കിയിരുന്നു. പാഠപുസ്തകങ്ങള്‍ക്ക് പ്രഥമ പരിഗണന കൊടുത്ത് കൊണ്ട് തന്നെയായിരുന്നു പഠനം എന്നാല്‍ ജെഇഇ പ്രവേശന പരീക്ഷയ്ക്കും തയ്യാറാകുന്നത് കൊണ്ട് എന്‍സിആര്‍ടി ടെക്സ്റ്റ് ബുക്കിന് പുറമേ നിന്നും പഠിച്ചിരുന്നു", ഹാഷിം പറഞ്ഞു നിർത്തി.

തൃശ്ശൂര്‍ ദേവമാതാ സ്‌ക്കൂളിലായിരുന്നു ഹാഷിമിന്റെ പഠനം. ഐഐടിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എടുത്ത് പഠിക്കാനാണ് ഇഷ്ടം. ഇതേ വിഷയത്തില്‍ ഗവേഷണം നടത്താനും ഹാഷിമിന് ആഗ്രഹമുണ്ട്.

Content Highlights: Achievers Dairy Kerala engineering entrance first rank holder Faiz hashim