ണ്ടു മുളകള്‍ വെച്ച്, വാര്‍ക്കാനുള്ള മുട്ടുകളുടെ കഷണങ്ങള്‍ ചേര്‍ത്ത്, താല്‍ക്കാലികമായി ഉണ്ടാക്കി, ചാരി വെച്ച എണിയിലൂടെ ഞാന്‍, വാര്‍ക്കാനായി നീളത്തില്‍ അടിച്ചുറപ്പിച്ച തട്ടില്‍ പതിയെ കയറി അവിടെ അലക്ഷ്യമായി ഇട്ടിരുന്ന ഒരു പലകയില്‍ ഇരുന്നു...
ഇരുട്ടായിത്തുടങ്ങി. പകല്‍ പോലും അങ്ങനെ കയറാന്‍ അമ്മ സമ്മതിക്കില്ല. ആണികള്‍ തറച്ച പലകമുട്ടുകള്‍ ഉണ്ടാവും എന്ന് പറയും.. തുരുമ്പ് പിടിച്ച ആണികള്‍...

തട്ടുകളുടെ ഒരു വശത്തായി ത്രികോണാകൃതിയില്‍ അടിച്ച മുഖപ്പിന് മുകളില്‍ ഒരു പ്രാവ് വന്നിരിക്കുന്നുണ്ട്. മിക്കവാറും ഒരു കൂടുണ്ടാക്കാന്‍ സ്ഥലം തേടി ആയിരിക്കും. അവര്‍ക്ക് വീടുപണി വളരെ എളുപ്പമാണ്. ഏതു സ്ഥലവും തെരഞ്ഞെടുക്കാം. സ്ഥലം വാങ്ങണ്ട. സ്ഥാനം കാണണ്ട. പ്ലാന്‍ വരക്കണ്ട, അപ്രൂവല്‍ വാങ്ങണ്ട..... 

കുമാരന്റെ പണിക്കാര്‍ നാളെ എത്ര പേര്‍ ഉണ്ടാകും എന്ന ചോദ്യത്തിന് അയാള്‍ കൃത്യമായി ഉത്തരം ഒന്നും പറഞ്ഞിട്ടില്ല. വൈബ്രേറ്ററും മിക്‌സറും വാടകയ്ക്ക് എടുക്കും എന്ന് പറഞ്ഞു. ഒരു വളിച്ച ചിരിയുമായി നിന്ന അയാളെ ഞാന്‍ കുറെ നേരം നോക്കി നിന്നു. ഇയാളിതെന്തിനാണ് ഇങ്ങനെ ഇളിക്കുന്നത്. കൂടുതല്‍ ഒന്നും സംസാരിക്കാന്‍ എനിക്ക് ഭാവമില്ല എന്ന് കണ്ട കുമാരന്‍ തന്നെ സംസാരം വീണ്ടും തുടങ്ങി.

'ഈ പെര വാര്‍ക്കാന്ന് പറഞ്ഞാ ഇച്ചിരെ ചെലവൊള്ള കാര്യാട്ടോ.. സാധാരണ പോലെ പണിക്കാര്‍ക്കൊന്നും കടയില്‍ പോയി കഴിക്കാനൊന്നും സമയം കിട്ടൂല്ല... അതുകൊണ്ട് അവര്‍ക്കൊള്ള ഭക്ഷണം അറേഞ്ച് ചെയ്യണം. കനപ്പെട്ട പണി ആയ കൊണ്ട് പോറോട്ടേം ബീഫും മതി. ഒരൂ..... അറുപത് പോറോട്ടേം ഏഴെട്ട് ബീഫും. ഞാന്‍ വേണെങ്കി, പോണ വഴിക്ക് ബെന്നീടെ കടയില്‍ പറഞ്ഞേല്‍പ്പിക്കാം.'

'പിന്നെ....'
'പിന്നെ.. ഒരൂ... രണ്ടു ലിറ്ററ് ഓപ്പീയാര്‍.. ഒരു കുപ്പി ബ്രാണ്ടീം വാങ്ങണട്ടോ..'
'അതാര്‍ക്കാ....?'
കുമാരന്റെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു... 
'അതൊന്നും അറിയാമ്പാടില്ലെ? വാര്‍ക്കയ്ക്ക് ഇതൊക്കെ മാമൂലാ, മേസ്തിരിക്ക് ഒരു മുണ്ടും കൊടക്കണം...'
'ആരാ മേസ്തിരി?'
'ഞാന്‍... '

ഹാളില്‍ നിന്നും ടെറസ്സിലേക്ക് കയറാനുള്ള സ്റ്റെയര്‍ കേസിന്റെ തട്ട് മുഴുവന്‍ അടിച്ചു കഴിഞ്ഞിട്ടില്ല. കുമാരന്റെ മകന്‍ ബിജു വന്നാലാണ് തട്ടടിക്കുക. അവന്‍ ഒരേ സമയം പല വീടുകളുടെ വാര്‍ക്ക എല്‍ക്കുന്നവനാണ്. ഇവിടെ രണ്ടാണി അടിച്ച് അപ്പുറത്ത് പോയി രണ്ടെണ്ണം പറിക്കും. മര്യാദയ്ക്ക് ആണി ഉറപ്പിക്കാന്‍ അറിയില്ലെങ്കിലും അഴിച്ചിളക്കി നാശമാക്കാന്‍ ബിജുവിനോളം കഴിവ് ആര്‍ക്കും ഇല്ലാത്ത കാരണം, അടിച്ചത് പറിക്കാന്‍ അവന്റെ കൂടെയുള്ള സകലമാന പേരും അവന്‍ വരുന്നത് വരെ കാക്കും. എങ്ങനെയെങ്കിലും നാളെത്തന്നെ തട്ടടിച്ച് വാര്‍ക്ക കഴിഞ്ഞാല്‍ മതിയായിരുന്നു.

ചെറിയ ഒരു മഴക്കോള്‍ ഉണ്ട്. പകല്‍, വാര്‍ക്ക തുടങ്ങിക്കഴിഞ്ഞ് പിന്നെ മഴ പെയ്താല്‍ ആകെ കുളമാകും. വൈകിട്ട് ശ്രീധരേട്ടന്‍ ഇതിലെ വന്നപ്പോ പകലത്തേക്ക് നാലഞ്ച് ടാര്‍പ്പായ വാടകയ്ക്ക് എടുത്ത് വെക്കണം എന്ന് പറഞ്ഞിരുന്നു. കവലയിലേക്ക് പോകുന്ന വഴിയില്‍ വാടകയ്ക്ക് കൊടുക്കുന്ന സ്ഥലം ഉണ്ട്. ഒരെണ്ണത്തിന് പതിനഞ്ച് രൂപയോ മറ്റോ ആണ് വാടക. അതാകുമ്പോ സിമന്റോ മറ്റോ ആയാലും പ്രശ്‌നമില്ല. 

പോകാന്‍ നേരം ശ്രീധരേട്ടന്‍ എന്റെ കൈ പിടിച്ച് ചോദിച്ചു. 
'നിന്റെ കൈയില് വല്ലോംണ്ടോ? നാളെ വാര്‍ക്കയ്ക്ക്?'
ചിരിക്കണോ കരയണോ എന്ന മട്ടില്‍ നിന്ന എന്നെ നോക്കി ഒരു ദീര്‍ഘ നിശ്വാസത്തോടെ ആള്‍ തുടര്‍ന്നു...
'ന്റെ കൈയില് തരാനായി ഒന്നൂല്യടാ... ആരും ചോയ്ച്ച് പോലും കാണില്യാന്നറിയാം അതാ ചോയ്‌ച്ചെ..'
'എന്തെങ്കിലും ഒരു വഴി ണ്ടാവും..'

പല പ്രാവശ്യം മനസ്സില്‍ തോന്നി... ആളുകള്‍ എന്താണ് ഇങ്ങനെ? നമ്മുടെ അവസ്ഥ കണ്ട് സന്തോഷിക്കാന്‍ ആണോ? അതോ ശരിക്കും അവരുടെ ദുരവസ്ഥ നമ്മളോട് പറയാനോ? പരസ്പരം ഒരു ഉപകാരവും ഇല്ലാത്ത സംഭാഷണങ്ങള്‍....

'ഡാ.... നീ മേളില്‍ ണ്ടോ?'
അമ്മയാണ്... ഇരുട്ട് തപ്പി വന്നിരിക്കുന്നു... 
'ഇവിടെ ണ്ട്. ഇങ്ങ്ട് വരണ്ട. ഞാന്‍ താഴെ വരാം...'
'വേഗം വാ... വെല്യച്ഛന്‍ കാണാന്‍ വന്നിട്ട് ണ്ട്.'
'ഉവ്വ്.'

ഇനി അടുത്തയാള്‍ കൂടി ചോദിക്കും കാശിനേപ്പറ്റി... അയാളോടും വിശദീകരിക്കണം... പരിഹാരം മാത്രം ആര്‍ക്കുമില്ല....
മൊബൈലിന്റെ ടോര്‍ച്ച് വെളിച്ചത്തില്‍ പതിയെ മുളയേണിയില്‍ കൂടി ഇറങ്ങി ഞാന്‍ താഴെയെത്തി. അല്പം താമസിച്ചു എന്ന തോന്നല്‍ കൊണ്ടാകണം, വല്യച്ഛന്‍ അകത്തേക്ക് കയറിത്തുടങ്ങിയിരുന്നു..

'ങാ.. വല്യച്ഛാ... ഷോപ്പില്‍ നിന്ന് വരും വഴി ആണോ?'
'അതേ... ഇവിടെ കയറാതെ പോകാന്‍ പറ്റുവോ, നാളെ വാര്‍ക്കയല്ലെ...'
'ങ്ഹാ... അതേ..'
വേറെന്തു പറയാന്‍...  വാര്‍ക്കയാണ്... നാളെയാണ്. കഴിഞ്ഞു സംസാരം എന്ന മട്ടില്‍ ദൂരേയ്ക്ക് നോക്കി ഞാന്‍ ഒരേ നില്‍പ്പ് നിന്നു.. 
കുറെ നേരമായിട്ടും ഞാന്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്ന കണ്ട് വല്ലാതെ തോന്നിയിട്ടാകണം വല്യച്ഛന്‍ അകത്ത് നിന്ന് ഇറങ്ങി. ഞാനും പുറകെ ചെന്നു..
'എന്നാ ഞാന്‍ പോട്ടെടാ...'
'ഉം...'

പോകാന്‍ ഇറങ്ങിയ വല്യച്ഛന്‍ എന്റെ കൈയില്‍ അമര്‍ത്തിപ്പിടിച്ചു...
എന്നിട്ട് പറഞ്ഞു....
'പണ്ട് ഞാന്‍ വീട് പണിയാന്‍ തുടങ്ങി ഒരു ദിവസം നിന്റെ ഇതേ മുഖഭാവത്തോടെ ഇരുന്ന് ഒരു കട്ടന്‍ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ പാടത്ത് പണിക്ക് വരുന്ന സാമിക്കുട്ടി ഇതിലെ പോയി'
എന്റെ ഇരിപ്പ് കണ്ട് എന്നോട് ചോദിച്ചു...
'എന്നാ പിള്ളേ ഇങ്ങനെ ഇരിക്കണെ?'
ഞാന്‍ പറഞ്ഞു... 'ഒന്നും പറയണ്ടടാ സാമീ.. നാളെ വാര്‍ക്കയാ... ഒരു അഞ്ചിന്റെ നയാ പൈസ കൈയിലില്ല...'
ഒന്നും മിണ്ടാതെ അവന്‍ പോയി... ഇച്ചിരി കഴിഞ്ഞപ്പോ തിരിച്ച് വന്ന് ആയിരം രൂപ എന്റെ കൈയില്‍ വെച്ച് തന്നു. അന്നത്തെ ആയിരം ഇന്നത്തെ ഒരു ലക്ഷാ.. എന്നിട്ട് പറഞ്ഞു..
'രണ്ടേറ് കാളേന്മാരെ വാങ്ങാന്‍ വെച്ച കാശാ... പിള്ളേടെ കാര്യം നടക്കട്ടെ, അവനെ ഈ ജീവിതത്തില്‍ മറക്കാന്‍ പറ്റൂല. അന്ന് പണിക്കാശും വാടകേം കള്ളും ചോറും എല്ലാം കൂടെ തൊള്ളായിരം രൂപയെ ആയുള്ളൂ... ബാക്കി നൂറ് രൂപേം ഇണ്ടായി.'
പതിയെ കൈ വലിച്ചെടുത്ത് വല്യച്ഛന്‍ ഇരുട്ടത്തേക്ക് ഇറങ്ങി അകന്നകന്നു പോയി.

ഇരുളിന്റെ തണുപ്പ് എന്നെ വന്നു മൂടുന്നുണ്ടായിരുന്നു, പക്ഷേ ഏതോ ഒരു തണുത്തുറഞ്ഞ വെളുപ്പാന്‍ കാലത്ത് ഞാന്‍ പോലുമറിയാതെ എന്നെ പുതപ്പിച്ച ഒരു കമ്പിളിയില്‍ നിന്നും എന്നിലേക്ക് പകര്‍ന്ന വാത്സല്യത്തിന്റെ നിറവ് പോലെ, എന്റെ കൈയിലും വിരലുകളിലും വല്യച്ഛന്റെ കൈകളുടെ വിയര്‍പ്പും ചൂടും അവശേഷിക്കുന്നുണ്ടായിരുന്നു.
തണുപ്പിന്റെ പകപ്പ് ഒന്ന് മാറിക്കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ കയ്യിലേക്ക് നോക്കി, ഒരു ബീഡി ചുരുട്ടി വെച്ച പോലെ കുറച്ച് കാശ് എന്റെ കൈയില്‍ ഇരിക്കുന്നു.
പിന്നെ പതിയെ പതിയെ ആ കാഴ്ചയെ നിറഞ്ഞു കവിഞ്ഞ എന്റെ കണ്ണുകള്‍ മറച്ചു.

Content HIghlights: Varka, malayalam short story by Rajeev Panicker