വള്‍ക്കങ്ങനെ ആത്മമിത്രങ്ങളൊന്നുമില്ല.അങ്ങനൊക്കെ ചിലതുണ്ടെന്ന് അവള് അറിഞ്ഞിട്ടു പോലുമില്ല. എങ്ങനെ അറിയാന്‍! 
ആകെ കൂട്ടിനുള്ളത് ഒരാത്മാവാണ്. അതുകൊണ്ട് സംസാരങ്ങളൊക്കെ അവളോടു തന്നെ.വന്നിട്ടും പോയിട്ടും ഒരു ഞായറാഴ്ച്ച അമ്മച്ചിയുടെയും വല്ല്യമ്മച്ചിയുടെയും കൂടെയുള്ള ഒരു പള്ളിപ്പോക്കാണ് ഏക ലോകക്കാഴ്ച്ച. തിരിച്ചുവരുന്ന വഴി എന്നും ഒരേ കാര്യം തന്നെ കേള്‍ക്കാം. 

'ഇന്ന് ഇച്ചരെ കപ്പയിട്ട്എറച്ചി വെച്ചാലോടീ' 'ആ ഒടിഞ്ഞ കൊലയങ്ങ് തീരട്ടെണ്ടമ്മച്ചീ, കായയിട്ട് വെക്കാം'. ഈ ഇറച്ചിയും മീനും കപ്പയും കാച്ചിലും കൂര്‍ക്കയും മാത്രം നിറഞ്ഞതാണ് ജിജിമോള്‍ടെ ജീവിതം. അവള്‍ക്ക് കഴിഞ്ഞ മേയ്മാസത്തില്‍ ഇരുപത്തിമൂന്ന് തികഞ്ഞു. പതിനേഴും പതിനാറും തൊട്ട് നില്‍ക്കുന്ന രണ്ടു പെണ്‍തരികള്‍ വേറെയുമുണ്ട് ആ വീട്ടില്‍. പൂത്തിരി കത്തിച്ച കേക്കും പുത്തനുടുപ്പും ഇല്ലാത്ത കാലാവസ്ഥയില്‍ ജീവിക്കുന്ന ജിജിമോള്‍ക്ക് ജന്മദിനങ്ങളുടെ കണക്കെടുപ്പ് അത്ര സുഖകരമായ കാര്യമല്ല. പൂവന്‍കോഴിയുടെ ഏറുമുള്ള് നീണ്ടാല്‍ ഇറച്ചിച്ചന്തയില്‍ വിലയിടിയുന്നപോലെയാ കെട്ടിക്കാറായ പെണ്ണിന്റെ പ്രായം കൂടുന്നതും. പ്രായം അങ്ങനെ പിടിച്ചു കെട്ടാവുന്ന സംഗതി വല്ലോം ആയിരുന്നെങ്കില്‍ പണ്ടേ അവളതിന് കൂച്ചുവിലങ്ങിട്ടേനെ. 

എപ്പോഴോ കണ്ടുമറഞ്ഞ കാഴ്ച്ചകളില്‍ നിന്നു പടര്‍ന്നു കയറിയ ചില സ്വപ്നങ്ങളൊക്കെ അവളും സ്വരുക്കൂട്ടിയിട്ടുണ്ട്. മൂന്നാല് കൊല്ലം മുമ്പത്തെ ഒരു പെരുന്നാളിന് ആടിത്തൂങ്ങിയ വെള്ളമുണ്ടില്‍ പള്ളിമുറ്റത്ത് ഒരു സിനിമ അരങ്ങേറി. പത്മരാജന്റെ സോളമനും സോഫിയും. അവര്‍ക്ക് അവസാനം എന്തായി എന്നത് അവള്‍ കണ്ടുമില്ല അറിഞ്ഞുമില്ല. മനസ്സ് മുഴുവന്‍ അവരുടെ തൊട്ടുരുമ്മിയുള്ള പ്രണയത്തെ വലയം വെച്ചു നടന്നു. പച്ചയും പഴുത്തതും പുഴുത്തതുമൊക്കെ കിടക്കുന്ന കുരുമുളകു തൊടിയില്‍ നിന്ന് പൂത്തു പന്തലിച്ചു നില്‍ക്കുന്ന മുന്തിരിത്തോപ്പിലേയ്ക്കുള്ള ആദ്യ സ്വപ്നസഞ്ചാരം അവിടുന്നാണ് ആരംഭിക്കുന്നത്. 'ശ്ശൊ ഒന്നും വേഗം കെട്ടാന്‍ പറ്റിയിരുന്നെങ്കില്‍.' സോളമന്റെ കൈക്കുള്ളിലമര്‍ന്ന ജിജിമോള്‍ ആകാശപ്പറവ കണക്കെ ഉലകമൊന്നു ചുറ്റിവന്നു. 

പിറ്റേ ഞായറിലെ കുര്‍ബാനയും സെമിത്തേരി സന്ദര്‍ശനവും കഴിഞ്ഞ് പുറത്തിറങ്ങി സണ്‍ഡേ സ്‌കൂളില്‍ കൂടെ പഠിച്ച ആന്‍സിയെ 
കണ്ടു. ആന്‍സിയുടെ കല്യാണം ഉറപ്പിച്ചതാണ്. 

'നിന്റെ ചെക്കന്‍ നല്ല സുന്ദരനാണോ? ആരെപ്പോലെയിരിക്കും? സോളമനെപ്പോലാണോ?' 

'ഉം കൊറച്ച് സുന്ദരനാ, നല്ല സ്‌നേഹോണ്ട്ന്നാ തോന്നണെന്നാ അമ്മച്ചീം പറഞ്ഞേ.' 

'സാരീം സ്വര്‍ണ്ണോക്കെ വാങ്ങിച്ച് കഴിഞ്ഞോ? സാരീടെ കളറെന്താ? ' 

'ഒരു ചൊമപ്പ് പോലെ, ഈ വെട്ടുകല്ലിന്റൊക്കെ ഒരു കളറാ.' 

അപ്പോഴേയ്ക്കും ഇത്തിരി പിന്നാലെ നിന്ന് അമ്മമാരുടെ കൂട്ടവും അവര്‍ക്കൊപ്പം ലയിച്ചു. 

'ജിജിമോളും ആന്‍സീടെ പ്രായല്ലേ, അപ്പോ ആലോചിച്ചു തുടങ്ങ്, എന്നിട്ട് താഴെ ഒള്ളോരേം കെട്ടിക്കണ്ടേ..' 

ആന്‍സീടെ അമ്മച്ചി ആനിച്ചേടത്തി തന്റെ ഒറ്റമോള്‍ടെ കല്യാണം വച്ചുതാമസിപ്പിക്കാതെ പത്തൊമ്പതാമത്തെ വയസ്സില്‍ തീരുമാനമായത്തിന്റെ തെല്ല് അഹങ്കാരം ഒളിപ്പിച്ച് വെറുതെയൊരു ഉപദേശം അങ്ങ് കാച്ചി. ജിജിമോള്‍ക്ക് പത്തൊമ്പതു വയസ്സായെന്ന ആനിച്ചേടത്തീടെ ഓര്‍മ്മപ്പെടുത്തല്‍ ത്രേസ്യക്കുഞ്ഞിന് പുതിയ അറിവല്ലല്ലോ. എന്നിട്ടും മുഖത്ത് പെട്ടന്നൊരു വാട്ടം വന്നു. 
പക്ഷേ, പത്തൊമ്പതുകാരി ജിജിമോള്‍ക്ക് തന്റെ പ്രായം പെരുമ്പറ കൊട്ടിയറിയിച്ച ആനിച്ചേടത്തിയോട് അന്ന് സ്‌നേഹബഹുമാനങ്ങള്‍ മാത്രം. തിരിച്ചുള്ള വരവില്‍ ആര്‍ക്കും വലിയ മിണ്ടാട്ടങ്ങളില്ല. ത്രേസ്യക്കുഞ്ഞിനും വല്യമ്മച്ചിക്കും അന്നത്തെ നടപ്പ് കെട്ടിക്കാനുള്ള വക കണ്ടു പിടിക്കുന്ന ചിന്തകള്‍ക്കുള്ളതാണ്. ജിജിമോള്‍ക്ക് പക്ഷേ അതങ്ങനല്ല. വെട്ടുകല്ലിന്റെ കളറുള്ള ചൊമന്ന സാരിയില്‍ അവളുടെ സോളമനോട് ചേര്‍ന്ന് കെട്ടിപ്പുണര്‍ന്ന് സ്‌കൂട്ടറില്‍ പോകുന്ന സ്വന്തം രൂപം മെനയാനുള്ളതായിരുന്നു. 

'നിന്റെ ചെക്കന്‍ കൊള്ളാലോ...അവന് നിന്നെ എന്ത് കാര്യമാ! നീ ഭാഗ്യോള്ളോളാ. നീ സുന്ദരിയായിട്ടുണ്ടല്ലോ. വണ്ടിയൊക്കെയുള്ള വീടാണല്ലേ? നിനക്കെന്തോരം വളയാ.... ' 

താന്‍ പള്ളികഴിഞ്ഞിറങ്ങുന്നവരുടെ ശ്രദ്ധാകേന്ദ്രമാകുന്നതും ഇങ്ങനെയൊക്കെ ഒരുപാട് അതിശങ്ങള്‍ തന്നെ കാണുവര്‍ക്ക് തോന്നുന്നതും അവള്‍ സങ്കല്പ്പിച്ചു കണ്ടു. ചുണ്ടുകളില്‍ വിരിഞ്ഞ ചെറുചിരി അവളൊരു കള്ളച്ചുമയുടെ മറവില്‍ ഒളിപ്പിച്ചു. 

എണ്ണപ്പെടാന്‍ മാത്രമുള്ള കാര്യങ്ങളൊന്നുമില്ലാതെ ദിവസങ്ങള്‍ പിന്നെയും കടന്നുപോയി, മറ്റൊരു ഞായറായി. ഉളളതിന്റെ തരിപോലും ഒഴിവാക്കാതെ കൈയ്യിലും കഴുത്തിലും മുഴുവനണിഞ്ഞ് ചൊമന്ന മന്ത്രകോടിയില്‍ പുതുമണവാളനൊപ്പം ആന്‍സിയും പള്ളിയിലെത്തി. കല്യാണം നേരത്തേ കഴിഞ്ഞെങ്കിലും ആന്‍സീടെ ചെക്കന്‍ തന്റെ സോളമനോളം വരില്ലെന്ന തോന്നല്‍ ജിജിമോളെ സന്തോഷിപ്പിച്ചു. 'പാവം ആന്‍സി, ഇവളെ ഒന്ന് പൊക്കിയെടുത്ത് കറക്കാന്‍ പോലും പറ്റൂന്ന് തോന്നണില്ല.'അല്പം മെലിഞ്ഞ് കട്ടിമീശയുമില്ലാത്ത ഒരു സാധാരണ പയ്യനെ കെട്ടിയ ആന്‍സിയോട് ചെറിയ സഹതാപവും തോന്നാതിരുന്നില്ല. 

ആദായം കൂടുതലുള്ള കല്യാണങ്ങള്‍ ആദ്യം നടത്തി മൂന്നാന്മാരൊക്കെ അടുത്ത ഇരയെത്തേടി നടക്കുന്ന കൂട്ടത്തില്‍ ജിജിമോള്‍ടെ വീട്ടിലുമെത്തി. വീടും വീട്ടുകാരെയും പിന്നെ പെണ്ണിനെയും കണ്ട നടത്തിപ്പുകാര്‍ക്കൊക്കെ വലിയ പ്രതീക്ഷയ്ക്കുള്ള വകയില്ലെന്ന് തിരിച്ചറിവുണ്ടായി. കിട്ടിയതായെന്ന നിലയ്ക്ക് ചട്ടനും പൊട്ടനും എന്നു വേണ്ട കണ്ടവരെയൊക്കെ വിളിച്ച് ചായകൊടുപ്പിച്ചു. എന്നിട്ടും കാര്യങ്ങള്‍ക്കൊരു തീര്‍പ്പാകുന്നില്ല. അവള് അമ്മച്ചിയുടെയും വല്യമ്മച്ചിയുടെയും പച്ചയും ചൊമപ്പയും നീലയുമൊക്കെയുള്ള സാരികള്‍ മാറി മാറി പരീക്ഷിച്ചു. കുഴപ്പമേതിനാണെന്നന്ന് മാത്രം മനസ്സിലായില്ല. മൂന്നാലുകൊല്ലങ്ങനെ പിന്നിട്ടു. ഞായറാഴ്ച്ചകളില്‍ പള്ളീല്‍ പോക്കും ഇറച്ചി വെപ്പും കൂടാതെ പെണ്ണുകാണല്‍ കൂടി ശീലങ്ങളുടെ ഭാഗമായിത്തീര്‍ന്നു. ഓരോന്നും തിരസ്‌കരണത്തിന്റെ പുതിയ പുതിയ അദ്ധ്യായങ്ങളായി. പേടിസ്വപ്നമായി. അതിലുമുപരി സഹതാപത്തിന്റെയും പരിഹാസപദങ്ങളുടെയും ഉപദേശങ്ങളുടെയും നിറകുടമായ പള്ളിമുറ്റം അവളില്‍ അവശേഷിക്കുന്ന ആത്മവിശ്വാസത്തേയും തല്ലിക്കെടുത്തി. നാണക്കേടിന്റെ ഭാരം എടുത്താല്‍ പൊങ്ങാതെ തോളെല്ലുകള്‍ മുന്നോട്ട് കുനിഞ്ഞു തുടങ്ങി. സാരിത്തുമ്പ് ചുറ്റിപ്പിടിക്കാനുള്ളത് അവള്‍ക്ക് വലിയ ആശ്വാസമായി. 

'നീയാ ലഡ്ഡു തിരിച്ച് പാട്ടയിലിട്ടു വെക്ക്. 'ഒന്നുരണ്ടാഴ്ച്ച കൂടി അതുകൊണ്ടൊക്കെ അങ്ങ് ഓടിപ്പോട്ടെ'.അന്നത്തെ ആചാരങ്ങള്‍ കഴിഞ്ഞ് അമ്മച്ചി ജിജിമോളോട് പറഞ്ഞു. അമ്മച്ചിക്ക് മാത്രമല്ല, അവള്‍ക്കും പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങിയിരുന്നു. സോളമന്റെ രൂപസങ്കല്പങ്ങള്‍ക്ക് മങ്ങലേറ്റിരിക്കുന്നു.അവള്‍ക്കതില്‍ പരാതികള്‍ പോലും തോന്നാതായി. ആണായിപ്പിറന്ന ആരേലുമൊന്ന് വന്നെങ്കില്‍ രക്ഷപ്പെടായിരുന്നു എന്നതില്‍ കൂടുതല്‍ ആഗ്രഹങ്ങളില്ലാതായി. 

അന്ന് പതിവില്ലാതെ വൈകുന്നേരം ആനിച്ചേടത്തി വീട്ടിലെത്തി. തന്നെ കാണല്ലേന്ന് ആഗ്രഹിച്ച് ജിജിമോള് അടുക്കളവശത്തേയ്ക്ക് പിന്‍വാങ്ങി. 

'വളച്ചുകെട്ടില്ലാതെ അങ്ങ് പറയാലോ. എന്റെ ത്രേസ്യക്കുഞ്ഞേ, കാലം കൊറേ ആയില്ലെ അവള്‍ക്കീ ആലോചനകള് തുടങ്ങീട്ട്. നമ്മള് ചുമ്മ അമ്പിളിയമ്മാവനെ കിട്ടണോന്നൊക്കെ ആഗ്രഹിച്ചിട്ട് വല്ല കാര്യോണ്ടോ? നമുക്ക് നടത്താന്‍പറ്റുന്ന ഒരു കാര്യം കേട്ടപ്പോ ഞാനിങ്ങ് പോന്നതാ.' 

Art by Sreelal

'അങ്ങനെ നമ്മളായിട്ട് വേണ്ടാന്നൊന്നും പറഞ്ഞിട്ടല്ല എന്റെ ആനിച്ചേടത്തി, ഒന്നും അങ്ങട് വരുന്നോര്‍ക്ക് പിടിക്കണില്ല. അടുത്തോളേം കെട്ടിക്കാറായി. ചോദിക്കണത് എടുത്തു കൊടുക്കാന്‍ അതിനുമാത്രം ഇവിടെ എന്നാ ഒണ്ടായിട്ടാ? ഈ കുരുമുളകും കാപ്പിക്കുരുവും വിറ്റാല്‍ ഇതുവല്ലതും നടക്കുന്ന് എനിക്ക് തോന്നണില്ലാണ്ടായി. വിക്കാനൊട്ട് വേറെ പറമ്പും ഇല്ല.' 

'ആന്‍സിമോടെ കെട്ടിയോന്റെ കൂട്ടുകാരനാ. തെറ്റില്ലാത്ത വീട്ടുകാരാ. കാശിന് വല്യ ആര്‍ത്തിയൊള്ളോരൊന്നല്ല. വയസ്സ് ഇരുപത്തഞ്ച് ആയിട്ടേ ഉള്ളൂ. ആധാരമെഴുത്താപ്പീസില്‍ ജോലിയൊണ്ട്. പിന്നെ എന്നാന്നുവച്ചാ, അവന് ഒരു കൈയ്ക്ക് സ്വാധീനമില്ലാന്നാ പറഞ്ഞെ. നടക്കാനും ഒരിച്ചിരെ ഒരു വശത്തോട്ട് ചരിവാ. അതത്ര വല്യ കൊഴപ്പല്ലാന്നാ ആന്‍സീം പറഞ്ഞെ.' 

ആ കുറവുകളൊന്നും ജിജിമോള്‍ക്ക് ഒരു കുറവായി തോന്നിയില്ല. ആര്‍ക്കും തോന്നിയില്ല. പിന്നെ എല്ലാം പെട്ടന്നായിരുന്നു. തലേയാഴ്ച്ചത്തെ ലഡ്ഡു പിന്നെയും പാത്രത്തില്‍ നിരന്നു. ചെക്കനും കൂട്ടരും, കൂട്ടത്തില്‍ ആനിച്ചേടത്തിയും പെണ്ണുകാണാനെത്തി. കുറച്ചു കാലങ്ങള്‍ക്കു ശേഷമാണ് ജിജിമോള് സന്തോഷവും പ്രതീക്ഷയും നിറഞ്ഞ ചായകപ്പുമായി എത്തുന്നത്. ആനിച്ചേടത്തീടെ പരിചയത്തിലായതിനാല്‍, അല്പം ആയാസം കുറഞ്ഞ വീട്ടുവര്‍ത്തമാനങ്ങളായി. പെണ്ണുകാണലിന്റെ ഔപചാരികതകള്‍ വിട്ട് രണ്ടുവീട്ടുകാരുടെ സൗഹൃദസംഭാഷണത്തിലേയ്ക്കും അല്പം ചിരി തമാശകളിലേയ്ക്കും കാര്യങ്ങള്‍ കടന്നു. ഭാവി അമ്മായിയമ്മ അടുക്കളവരെയെത്തി സ്‌നേഹം പങ്കുവച്ചു. പോകാനിറങ്ങുമ്പോള്‍ സോളമന്‍ തിരിഞ്ഞൊന്നുകൂടി അവളെ നോക്കി. അതൊരു മനസ്സമ്മതമായിരുന്നു. നാളുകള്‍ക്ക് ശേഷം അന്നു രാത്രി ആ വീട്ടില്‍നിന്ന് ചിരിയുടെ ശബ്ദമുയര്‍ന്നു. ജിജിമോള്‍ക്കും സന്തോഷമടക്കാനായില്ല. കൈകാലുകള്‍ക്ക് സ്വാധീനക്കുറവുള്ള സോളമനോട് അവള്‍ക്ക് ഒട്ടും മതിപ്പുക്കുറവ് തോന്നിയില്ല. ഒറ്റ രാത്രികൊണ്ട് അവനവളുടെ സ്വപ്നസഞ്ചാരങ്ങളിലെ സഹയാത്രികനായി. 
'ഒരു കൈക്കല്ലേ കുഴപ്പമുള്ളൂ. മറ്റേ കൈകൊണ്ട് കെട്ടിപ്പിടിക്കാലോ.... സ്‌കൂട്ടര്‍ ഓടിച്ചില്ലേലും കൊഴപ്പൂല, കൈപിടിച്ച് നടന്ന് പള്ളീല്‍ പോകാലോ'അന്നത്തെ രാത്രി ഉറക്കത്തെ പടികയറാന്‍ സമ്മതിക്കാതെ അവള്‍ മുന്തിരിത്തോപ്പില്‍ ഉലാത്തി നടന്നു. 

രണ്ടു ദിവസം കൊണ്ട് അവളാകെ മാറിയിരിക്കുന്നു. താഴ്ന്ന് തൂങ്ങിയ കണ്ണുകള്‍ അല്പം വിടര്‍ന്ന പോലെ. ശരീരത്തിനാകെ ഒരുണര്‍വ്. ആനിച്ചേടത്തിയുടെ മറുപടി സന്ദേശത്തിനായുള്ള കാത്തിരിപ്പിലായിരുന്നു അമ്മച്ചിയും വല്യമ്മച്ചിയും അനുജത്തിമാരുമൊക്കെ അപ്പോഴും. 

കാത്തിരിപ്പ് ഒരുപാട് നീണ്ടില്ല. രണ്ടു ദിവസത്തിനു ശേഷം സന്തോഷ വാര്‍ത്തയുമായി തന്നെയാണ് ആനിച്ചേടത്തി എത്തിയത്. 

'എത്ര നാളത്തെ കാത്തിരിപ്പാ ഈ മുറ്റത്തൊരു പന്തല് പൊങ്ങണത്. ദൈവാനുഗ്രഹാന്നങ്ങ് കരുതിയാ മതി. ഓരോന്നിനും ഒരോ സമയോണ്ട്, അതിപ്പൊ നമ്മള് വിചാരിക്കണ പോലെ വല്ലോം ആണോ?' 

ആനിച്ചേടത്തീടെ മുഖവുര കേട്ടതും നാണത്തില്‍ മുങ്ങിയ ജിജിമോള്‍ടെ മുഖം ചെങ്കല്ലോളം തന്നെ ചുമന്നു. അവള് പയ്യെ വാതില്‍പ്പടിയുടെ പിന്നിലേക്ക് അല്പം വലിഞ്ഞു. അനുജത്തിമാര് അവളെ നോക്കി കണ്ണിറുക്കി ഒരു കള്ളച്ചിരി കാട്ടി. ചമ്മല്‍ മറയ്ക്കാനാവാതെ അനുജത്തിമാരുടെ മുന്നില്‍ കൊച്ചായിപ്പോയെന്ന് അവള്‍ക്ക് തന്നെതോന്നി. 

'അല്ലേലും നീ ഒന്ന് ആലോചിച്ച് നോക്കിയേ ത്രേസൃക്കുഞ്ഞേ, മൂന്നുപേരാ പെരനിറഞ്ഞ് നിക്കണെ. ഒന്നിന് കൊടുക്കാനുള്ളത് പോലും കഷ്ടിയാ. എത്രനാളാന്ന് വച്ച് ഇങ്ങനെ? ഇതിപ്പോ ഭാഗ്യായീന്ന് കൂട്ടിക്കോ, പൊന്നും വേണ്ട പണവും വേണ്ട, പെങ്കൊച്ചിനെ മാത്രം മതീന്ന് ഇക്കാലത്ത് വല്ലോരും പറയുവോ. ആലോചിച്ചും പിടിച്ചും നിന്നാ ചെക്കനെ വല്ലോരും കൊത്തികൊണ്ടോവും.' 

ജിജിമോള്‍ക്ക് ഇതില്‍പരം എന്തു സന്തോഷമുണ്ടാവാനാ! പൊന്നും പണവും വേണ്ടാതെ തനിക്കായി മാത്രം വരുന്ന സോളമന്‍, അവന്റെ എല്ലാ പോരായ്മകളും അവള്‍ മനസ്സുകൊണ്ട് ഏറ്റുവാങ്ങി, സ്‌നേഹംകൊണ്ട് പരിഹരിച്ചു. 

മറുപടികള്‍ക്കുള്ള ഇടവേളയിടാതെ ആനിച്ചേടത്തി പിന്നേം തുടര്‍ന്നു. 

'ജീനമോള്‍ക്കിപ്പോ എത്രായി?' 

'അവളേം കെട്ടിക്കാറായി, അടുത്ത മാസം പതിനെട്ട് തികയും, ഓര്‍ക്കുമ്പോഴേ ഉള്ളില് ആധിയാണ്.' 

'അതാ പറഞ്ഞേ, എല്ലാം ദൈവനിശ്ചയാന്ന്. ചെക്കന്‍ അങ്ങനെ വലിയ ഇഷ്ടക്കൂടുതലും കുറവുമൊന്നും പറഞ്ഞില്ല. അമ്മച്ചിയ്ക്ക് പക്ഷേ, ജീനമോളെ ആണെങ്കി മതീന്നാ പറയണെ. ജിജിമോള് ഇത്തിരി മെലിഞ്ഞ് എല്ലുന്തിയിട്ടാത്രേ. ' 

'വച്ചോണ്ടിരുന്ന എല്ലാരും പൊരുന്തക്കോഴീടെ കൂട്ടായിപ്പോകത്തേയുള്ളൂ. ജിജിമോക്ക് പറ്റീത് വരുമ്പോ നമക്കതുമിങ്ങനൊക്കെ അങ്ങ് നടത്താന്നേ. അല്ലാതെ ചുമ്മാ ഇങ്ങനെ... ഞാന്‍ പറയാനുള്ളത് പറഞ്ഞു.' 
ആനിച്ചേടത്തി പറഞ്ഞുനിര്‍ത്തി. 

ഒരു മാസത്തിനപ്പുറം മുറ്റത്ത് പന്തലൊരുങ്ങി. അകത്ത് പിറ്റേന്നത്തേക്കണിയാന്‍ തയ്ച്ചുകൊണ്ടുവന്നചെങ്കല്ലു നിറത്തിലെ ബൗസണിഞ്ഞ് പാകംനോക്കുന്ന മണവാട്ടിക്ക് ചുറ്റുമായി പരിചയക്കാരത്രയും. വേനല്‍മഴ കനിയാതെ വാടിവീണ മാങ്ങകള്‍ മുറ്റമാകെ ചിതറിക്കിടന്നു. അനഭിമതമായതൊക്കെ പിന്നാമ്പുറത്തടിയണമെന്ന ബോധ്യത്തില്‍ ജിജിമോള് അവയെല്ലാം പെറുക്കിക്കൂട്ടുന്നത് കടമയായി ഏറ്റെടുത്തു. 

അടുക്കളയുടെ പിന്നാമ്പുറങ്ങളിലും ഒരുപറ്റം കുഞ്ഞുങ്ങളുടെ മൂത്രത്തുണികളിലും കാര്യക്കാരിയായി വല്യമ്മച്ചി സുഖമായി ജീവിച്ച് മരിച്ചുവെന്ന് സെമിത്തേരിയില്‍സാക്ഷ്യപ്പെടുത്താന്‍ കാലം കാത്തിരുന്നു.

Content Highlights: Vaadippazhuthath Malayalam Short Story Written by Elsamma Tharyan