ളരെ മുമ്പ് പാകാരിക്-തോംബോ എന്ന സ്ഥലത്ത് ഒരു കുന്നുണ്ടായിരുന്നു. താംബോ- തോകോ എന്നായിരുന്നു അതിന്റെ പേര്. കുന്നിനു മുകളില്‍ മൂന്നു കിളിവാതിലുകളുള്ള ഒരു ഗുഹയുമുണ്ടായിരുന്നു. കാപാക്-തോകോ എന്നായിരുന്നു നടുവിലത്തെ കിളിവാതിലിന്റെ പേര്. രാജകീയ ജാലകം എന്നാണ് അതിന്റെ അര്‍ത്ഥം. മറ്റു രണ്ടു ജാലകങ്ങളുടെയും പേരുകള്‍ സുതിക്-തോകോ എന്നും മരാസ്-തോകോ എന്നുമായിരുന്നു. അവയുടെ അര്‍ത്ഥമെന്താണെന്ന് ഇന്ന് ആര്‍ക്കുമറിയില്ല.

ഈ മൂന്നു ജാലകങ്ങളിലൂടെയും ആളുകള്‍ പുറത്തേക്കു വന്നു. നടുവിലത്തെ രാജകീയജാലകത്തിലൂടെ പുറത്തേക്കു വന്നത് നാലു പുരുഷന്മാരും നാലു സ്ത്രീകളുമായിരുന്നു. ഇന്‍കാ വര്‍ഗ്ഗക്കാരുടെ പൂര്‍വ്വികരായിരുന്നു അവര്‍. സൂര്യദേവനായ ഇന്‍തിയായിരുന്നു അവരുടെ അച്ഛന്‍; ചന്ദ്രദേവിയായ മാമാ ക്വിയ അമ്മയും.

രാജകീയ ജാലകത്തിലൂടെ പുറത്തേക്കു വന്നവര്‍ ആരൊക്കെയാണെന്നു നോക്കാം:
ആയാര്‍ മാന്‍കോ, അദ്ദേഹത്തിന്റെ ഭാര്യ മാമാ ഒക്യോ;
ആയാര്‍ ഔക, അദ്ദേഹത്തിന്റെ ഭാര്യ മാമാ റൗവ;
ആയാര്‍ കാചി, അദേഹത്തിന്റെ ഭാര്യ മാമാ ഹുവാകോ;
ആയാര്‍ ഉചു, അദ്ദേഹത്തിന്റെ ഭാര്യ മാമാ ക്യുറ.

അവരുടെ വസ്ത്രങ്ങള്‍ സ്വര്‍ണ്ണംകൊണ്ട് തൊങ്ങല്‍ പിടിപ്പിച്ചവയായിരുന്നു. പുരുഷന്മാരുടെ കൈയില്‍ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ ആയുധങ്ങളും സ്ത്രീകളുടെ പക്കല്‍ സ്വര്‍ണ്ണപ്പാത്രങ്ങളുമുണ്ടായിരുന്നു.

തുടര്‍ന്ന് ആ എട്ടു പേരും താമസിക്കാനും കൃഷി ചെയ്യാനും പറ്റിയ ഇടം അന്വേഷിച്ചു. ഒരു സ്ഥലവും അനുയോജ്യമായി തോന്നിയില്ല. അപ്പോള്‍ ആയാര്‍ കാചി ഒന്നു ചെയ്തു. അദ്ദേഹം തന്റെ കവിണയില്‍ ഒരു കല്ലു തൊടുത്ത് ഒരു കുന്നിലേക്കെറിഞ്ഞു. പൊടിപടലം അടങ്ങിയപ്പോള്‍ ആ കുന്ന് ഒരു താഴ് വരയായി രൂപാന്തരപ്പെട്ടത് അവര്‍ കണ്ടു. ഇങ്ങനെ ആയാര്‍ കാചി മൂന്നു കുന്നുകള്‍ കൂടി നിരപ്പാക്കി. എന്നിട്ടു പറഞ്ഞു: 'ഇതാ, നമുക്കെല്ലാവര്‍ക്കും താമസിക്കാന്‍ പറ്റിയ നാല് സ്ഥലങ്ങള്‍.

പക്ഷേ മറ്റുള്ളവര്‍ ആയാര്‍ കാചിയുടെ ശക്തി കണ്ട് ഭയപ്പെട്ടു. അയാള്‍ തങ്ങളെ അടിമകളാക്കുമെന്ന് കരുതിയ അവര്‍ ഗൂഢാലോചന നടത്തി. 'ശക്തനായ സഹോദരാ,' അവര്‍ പറഞ്ഞു.: നമ്മുടെ കുറേയേറെ സാധനങ്ങള്‍ താംബോ- തോകോ കുന്നിന്‍മുകളിലുള്ള ഗുഹയില്‍ വെച്ചു മറന്നു. നീ പോയി അതെല്ലാം എടുത്തു കൊണ്ടുവരണം.'

 ആയാര്‍ കാചി ഗുഹയ്ക്കകത്തു കയറിയയുടനെ അവരെന്തു ചെയ്തു? ഒരു വലിയ പാറകൊണ്ട് ഗുഹാമുഖം അടച്ചു കളഞ്ഞു. ആയാര്‍ കാചിയ്ക്ക് പുറത്തു കടക്കാനായില്ല. അയാള്‍ അവിടെക്കിടന്നു മരിച്ചു.

 പിന്നെ അവര്‍ ഏഴുപേരും താമസിക്കാന്‍ പറ്റിയ ഇടം തേടി യാത്രയായി. ഒരു ദിവസം അവരൊരു കുന്നില്‍ കയറി താഴേക്കു നോക്കി. അപ്പോള്‍ ആകാശത്ത് ഒരു മഴവില്ല് പ്രത്യക്ഷപ്പെട്ടു. അതിന്റെ ഒരറ്റം തൊട്ടു നിന്നത് ക്യുസ്‌ക്കോ എന്ന സ്ഥലത്തായിരുന്നു. അവിടം താമസസ്ഥലമാക്കാന്‍ ആയാര്‍മാരും മാമാമാരും തീരുമാനിച്ചു.അപ്പോള്‍  ഒരത്ഭുതം സംഭവിക്കുകയുണ്ടായി: ആയാര്‍ ഉചുവിന് ചിറകുമുളച്ചു. ഭംഗിയേറിയ ചിറകുകള്‍. അതും വീശി അയാള്‍ മുകളിലേക്കു പറന്ന് അപ്രത്യക്ഷനായി.

 മറ്റുള്ളവര്‍ ആയാര്‍ ഉചുവിനെ കാത്തു നിന്നു. ഏറെനേരം കഴിഞ്ഞാണ് അയാള്‍ തിരിച്ചെത്തിയത്. ''ഞാന്‍ നമ്മുടെ പിതാവായ സൂര്യദേവന്റെയടുത്തേക്കാണ് പോയത്.' ആയാര്‍ ഉചു പറഞ്ഞു: ''അദ്ദേഹം അരുളിച്ചെയ്തതെന്തെന്നാല്‍ - . ക്യുസ്‌കോ ആസ്ഥാനമാക്കി നമ്മള്‍ വലിയൊരു സാമ്രാജ്യം പടുത്തുയര്‍ത്തും. നമ്മളില്‍ നിന്ന് അനേകം ആളുകള്‍ ഉത്ഭവിക്കും. അവരുടെ ഗോത്രനാമം ഇന്‍കാകള്‍ എന്നായിരിക്കും. ആയാര്‍ മാന്‍കോ അവരുടെ രാജാവായിത്തീരും. അദ്ദേഹം ഇനിമുതല്‍ മാന്‍കോ കാപാക് എന്നാവും അറിയപ്പെടുക.'

ഇതു പറഞ്ഞതും ആയാര്‍ ഉചു ശിലയായി മാറി. അയാളുടെ സഹോദരന്മാര്‍ക്ക് അത് പ്രശ്‌നമായിരുന്നില്ല. പക്ഷേ മറ്റാളുകള്‍ ഒരു കല്‍പ്രതിമ പറന്നുനടക്കുന്നതു കണ്ട് ഭയപ്പെട്ടു. അവര്‍ ആയാര്‍ ഉചുവിനെ കല്ലെറിഞ്ഞു. അയാളുടെ ചിറകിനു കേടുപറ്റി. നിലത്തുവീണ ആയാര്‍ ഉചു ഒരു വിഗ്രഹമായി മാറി. അവിടം ഇന്നും ഒരു ആരാധനാസ്ഥലമാണ്.

Jayakrishnan

ക്യുസ്‌ക്കോയിലെത്തിയപ്പോള്‍ അവിടെ ഒരു കൂട്ടം ആളുകള്‍ താമസിക്കുന്നുണ്ടെന് അവര്‍ കണ്ടു. അവര്‍ കൊക്കോച്ചെടികളും ചോളവും കൃഷിചെയ്തിരുന്നു. കൃഷിക്കാര്‍ അവരെ എതിര്‍ത്തു. ഉടനെ അതിശക്തയായ മാമാ ഹുവാകോ തന്റെ കവിണകൊണ്ട് അവരിലൊരാളെ കൊന്നുവീഴ്ത്തി. ഭയന്നുപോയ മറ്റുള്ളവര്‍ ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ടു.

മാന്‍കോ കാപാക് അപ്പോള്‍ ദൂരെ ഒരു കൂട്ടം കല്ലുകള്‍ കിടക്കുന്നതു കണ്ടു. ആ സ്ഥലത്തു പോയി നോക്കാന്‍ അദ്ദേഹം ആയാര്‍ ഔകയോടു നിര്‍ദേശിച്ചു. ഉടനെ ആയാര്‍ ഔകയ്ക്കും ചിറകുകള്‍ മുളച്ചു. അയാള്‍ കല്ലുകളുള്ളിടത്തേക്കു പറന്നു. അവിടെയെത്തിയപ്പോള്‍ ആയാര്‍ ഔകയും ശിലയായി മാറി.

 അത് സൂര്യദേവനില്‍ നിന്നുള്ള അടയാളമാണെന്ന് മാന്‍കോ കാപാക്കിനു മനസ്സിലായി. അദ്ദേഹം ആ കല്ലുകളുള്ളിടത്ത് ഒരു ക്ഷേത്രം നിര്‍മ്മിച്ചു. കൂടാതെ കാപാക്  റായ്മി എന്ന ഉത്സവവും തുടങ്ങിവെച്ചു. തുടര്‍ന്ന്, മാന്‍കോ കാപാക് ആ ക്ഷേത്രത്തിനു ചുറ്റുമായി വലിയൊരു സാമ്രാജ്യം പടുത്തുയര്‍ത്തി. അതാണ് കേള്‍വികേട്ട  ഇന്‍കാ സാമ്രാജ്യം.

Content Highlights: Translation of Latin American  peru Folktale Manco kapak