ജയകൃഷ്ണൻ വിവർത്തനം ചെയ്ത് മാതൃഭൂമി ബുക്സ് ഉടൻ പ്രസിദ്ധീകരിക്കുന്ന ലാറ്റിനമേരിക്കൻ നാടോടിക്കഥകളുടെ സമാഹാരത്തിൽ നിന്നുള്ള വിവർത്തന കഥ വായിക്കാം. ഹോണ്ടുറാസ് നാടോടിക്കഥയാണ് അന്താരാഷ്ട്ര വിവർത്തനദിനത്തിൽ അവതരിപ്പിക്കുന്നത്.

ളരെ വളരെ വളരെ പഴയ കഥയാണിത്. എങ്കിലും ഇതിൽ പറഞ്ഞ കാര്യങ്ങൾ ഇന്നും ശരിയാണ്.
പുരുഷന്മാരുടെ ഉറ്റ ചങ്ങാതിമാരാണ് എലികൾ. ആണുങ്ങൾക്ക് ഇക്കാര്യം അറിഞ്ഞുകൂടാ എന്നേയുള്ളൂ. ആണുങ്ങളെ സൃഷ്ടിച്ചതിന് എലികൾ ദൈവത്തോട് നന്ദി പറയാറുണ്ട്. ഒരു സ്ത്രീക്ക് പ്രസവമടുത്തു എന്നിരിക്കട്ടെ, എലികൾ കൂടുതൽ ജാഗരൂകരാകും. അവർ ഗർഭിണിയുടെ കട്ടിലന്നടിയിൽ കയറി ഒളിച്ചിരിക്കും- ജനിക്കുന്നത് ആൺകുട്ടിയോ പെൺകുട്ടിയോ എന്നറിയാൻ! ആൺകുട്ടിയാണെങ്കിൽ എലികൾക്ക് വലിയ ആഘോഷമാണ്. എല്ലാ എലികളും ചേർന്ന് ഒരുഗ്രൻ സദ്യ നടത്തും. അവരുടെയിടയിൽ മന്ത്രവാദികളുണ്ട്. അവർ കുട്ടിയുടെ ആയുസ്സിനു വേണ്ടി പൂജകൾ നടത്തും. മരിംബ മുതലായ സംഗീതോപകരണങ്ങളുപയോഗിച്ചുള്ള ഗാനമേളയോടെയാണ് ആഘോഷങ്ങൾ അവസാനിക്കുക.

എന്നാൽ ജനിക്കുന്നത് പെൺകുട്ടിയാണെങ്കിലോ? എങ്കിൽ എലികളുടെ എല്ലാ സന്തോഷവും തീരും. അവർ നിശ്ശബ്ദരാകും. കാരണം സ്ത്രീകൾ എലികളുടെ ശത്രുക്കളാണ്. അവർ എല്ലാം സൂക്ഷിച്ചു വെക്കും: ചോളവും ബീൻസും മുളകുമെല്ലാം. അതൊന്നും തൊടാൻ പോലും അവർ എലികളെ അനുവദിക്കുകയില്ല. എന്നാൽ ആണുങ്ങൾ അങ്ങനെയല്ല. കൃഷി ചെയ്യുന്നത് അവരാണല്ലോ. കൃഷി സ്ഥലത്തെ ചോളവും കരിമ്പുമൊക്കെ എലികൾക്ക് തിന്നാൻ കിട്ടും. വിളവെടുപ്പ് കഴിഞ്ഞാലും മുഴുവനൊന്നും അവർ കൊണ്ടുപോകില്ല. കുറച്ചൊക്കെ ബാക്കി കാണും. അതും എലികൾക്കുള്ളതാണ്. കൂടാതെ കൃഷിപ്പണിക്കിടയിൽ, വയലിലിരുന്ന് അവർ ആഹാരം കഴിക്കുമ്പോൾ ബാക്കി വരുന്നതും എലികൾക്ക് തിന്നാൻ കിട്ടും.

ഒരിടത്ത് സാക്-കുക് എന്നൊരു സ്ത്രീയുണ്ടായിരുന്നു. അവളുടെ വീട്ടിൽ നിന്ന് എലികൾക്ക് ഒന്നും കിട്ടുമായിരുന്നില്ല. ഒരു തരി ആഹാരം പോലും നിലത്തു വീഴാതെ അവൾ സൂക്ഷിച്ചു. വല്ലതും ബാക്കിവന്നാലോ? അവളത് അടുപ്പിലിട്ട് കത്തിക്കും. അവളുടെ വീട്ടിലെ എലികളുടെ കാര്യം തീർത്തും കഷ്ടമാണെന്ന് പറയേണ്ടതില്ലല്ലോ.

latin american story
വര: ജയകൃഷ്ണൻ

മടുത്തപ്പോൾ എലികൾ മന്ത്രവാദിയെ കൊണ്ടുവരാൻ തീരുമാനിച്ചു. മന്ത്രവാദിയെലി വന്ന് ആഭിചാരങ്ങൾ ചെയ്തപ്പോഴോ? സാക്-കുക്കിന് കാഴ്ചയില്ലാതായി!നല്ല തക്കമായല്ലോ എലികൾക്ക്. അവ കൂട്ടത്തോടെ സാക്-കുക്കിന്റെ വീട്ടിൽ പാഞ്ഞുകയറി. സകല പാത്രങ്ങളും തുറന്ന് ഇഷ്ടം പോലെ ഭക്ഷണം കഴിക്കാനും തുടങ്ങി. സാക്-കുക്കാകട്ടെ വിശന്നുവലയുകയാണ്. കണ്ണുകാണില്ലെങ്കിലും ആഹാരം സൂക്ഷിച്ച സ്ഥലമവൾക്കറിയാം. അവൾ അവിടേക്ക് ചെന്ന് ഒരു പാത്രത്തിൽ കൈയിട്ടു. ഒരെലി അതിനകത്തിരുന്ന് സുഖമായി ചോളം തിന്നുകയായിരുന്നു. സാക്-കുക് അതിനെ പിടികൂടി; കഴുത്തുഞെരിച്ചു കൊന്ന് നേരേ അടുപ്പിൽ കൊണ്ടിട്ട് ചുട്ടുതിന്നു.

അങ്ങനെ വിശക്കുമ്പോഴൊക്കെ സാക്-കുക് ഓരോ എലികളെയായി ചുട്ടുതിന്നാൻ തുടങ്ങി. ആഹാരം കഴിക്കുന്നതിൽ മുഴുകിയിരുന്ന മറ്റെലികൾ കൂട്ടുകാർക്ക് സംഭവിക്കുന്നതൊന്നുമറിഞ്ഞില്ല. കുറെ കഴിഞ്ഞപ്പോഴാണ് അവർക്ക് കാര്യം പിടികിട്ടിയത്. ഇനിയിപ്പോൾ എന്തു ചെയ്യും? സാക്-കുക് ചുട്ടുതിന്നവരുടെ കൂട്ടത്തിൽ മന്ത്രവാദിയെലിയുമുണ്ട്. ഒടുവിൽ അവളുടെ വീടുവിട്ടു പോവുകയല്ലാതെ എലികൾക്ക് ഗത്യന്തരമില്ലായിരുന്നു. അന്നു മുതലാണ് എലികൾ പെണ്ണുങ്ങളുടെ ശത്രുക്കളായത്.

ഒരു സ്ത്രീ മരിക്കുകയാണെങ്കിലോ? എലികൾക്ക് വലിയ സന്തോഷമായിരിക്കും. അവർ സദ്യ നടത്തും; മദ്യപിക്കും; പാട്ടുകൾ പാടും. കാരണം നോക്കാനാളില്ലാതെ കിടക്കുന്ന വീടുപോലെ അവരെ സന്തോഷിപ്പിക്കുന്ന മറ്റൊന്നുമില്ല. സ്ത്രീകളില്ലെങ്കിൽ വീട് താറുമാറാകുമെന്നും തങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യവും കിട്ടുമെന്നും അവർക്കറിയാം.

Content Highlights: Translation from Latin American Folktale by Jayakrishnan Mathrubhumi Books